കഴിഞ്ഞദിവസം രാത്രിയാണ് വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) കൊല്ലപ്പെട്ടത്. ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. രണ്ട് വര്‍ഷം മുന്‍പ് രാജുവിൻെ മകള്‍ ശ്രീലക്ഷ്മിയോട് അയല്‍വാസിയായ ജിഷ്ണു പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പിന്നീട് ജിഷ്ണുവിന്റെ വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ രാജു എതിര്‍ത്തു. ഇന്റര്‍കാസ്റ്റ് മാര്യേജിന് താത്പര്യമില്ലെന്നും എം.എസ്.സി ജിയോളജിക്കാരിയായ ശ്രീലക്ഷ്മിയെ ക്രിമിനല്‍ പശ്ചാത്തലമുള്ള ജിഷ്ണുവിന് വിവാഹം കഴിച്ച് നല്‍കാനാവില്ലെന്നും രാജു അറിയിച്ചു.
ആലോചന നിരസിച്ചപ്പോള്‍ ജിഷ്ണുവിന്റെ കുടുംബം ഭീഷണിമുഴക്കി. അതിനിടെയാണ് മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണത്തലേന്നത്തെ തിരക്കുകള്‍ ഒതുക്കി മിക്ക ആളുകളും വീടുകളിലേക്ക് പോയ സമയത്താണ് രാജുവിന്റെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷമുണ്ടായത്. രാത്രിയില്‍ അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികളെത്തിയത്. ഈ സമയത്ത് രാജവുന്റെ മകന്‍ കാറ്ററിംഗ് ജീവനക്കാരെ കൊണ്ടുവിടാന്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയിരുന്നു. ഈ തക്കം നോക്കിയാണ് പ്രതികളായ നാലംഗ സംഘം വീട്ടില്‍ വന്നത്.