ആശുപത്രി ലോബികൾക്കെതിരെ നിയമപോരാട്ടങ്ങളുമായി സജീവമാണ് ഡോ. എസ് ഗണപതി.
സ്വന്തം ക്ലിനിക്കിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലെത്തിയാൽ
കൈലിമുണ്ടുടുത്ത് ഷർട്ട് പോലും ധരിക്കാതെ ഡോക്ടറുടെ പൊങ്ങച്ചമില്ലാത്ത ഒരു
സാധാരണക്കാരനായി ടെറസിനു മുകളിലും പറമ്പിലുമായി കൃഷി ചെയ്യുന്നതിലാണ് ഡോ
ഗണപതിയുടെ താത്പര്യം. പച്ചക്കറികളുടെയും മുന്തിരി, പാഷൻ ഫ്രൂട്ട് തുടങ്ങി
വിവിധ ഇനം പഴവർഗ്ഗങ്ങളും ഇവിടെയുണ്ട്. വളർത്തുനായ്ക്കളെ പരിപാലിച്ചും
വിരുന്നുകാരായെത്തുന്ന മയിലുകൾക്കും മറ്റു പക്ഷികൾക്കും തീറ്റ നൽകിയും നന്മ
വറ്റാത്ത നല്ലൊരു പ്രകൃതി സ്നേഹിയായി ഡോ.എസ്. ഗണപതി കഴിയുന്നു. ഈ
ഗണപതിയാണ് കേരളത്തിലെ അവയവ ദാനത്തിന്റെ മുന്നണി പോരാളി.
മസ്തിഷ്‌ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്‌തെന്ന പരാതിയിൽ
കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ്
വരുന്നതും ഡോ ഗണപതിയുടെ പോരാട്ടത്തിലാണ്. 2009 നവംബർ 29 ന് നടന്ന അപകടത്തെ
ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്.
ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ്
കേസ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ
മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം
തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക
ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്റെ അവയവങ്ങൾ വിദേശിക്ക് ദാനം
ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് കോടതി
സമൻസ് അയച്ചു. ഗണപതിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം.
നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ
കാരണമുള്ള തകരാറുകൾ പലപ്പോഴും മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ പൂർണമായി
ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല. ശരീരത്തിലെ പല അവയവങ്ങളും വൃക്ക, കരൾ,
ശ്വാസകോശം, ഹൃദയം, ചെറുകുടൽ, ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്)- തുടങ്ങിയവ വിവിധ
തരത്തിലുള്ള രോഗങ്ങളാൽ ഇപ്രകാരം തകരാർ സംഭവിക്കാൻ സാധ്യതയുള്ളതാണ്. ഇതിൽ
മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കർമങ്ങൾ നിർവഹിക്കുന്നതിനാൽ തക്ക
സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണകാരണമായിത്തീരാവുന്നതാണ്.
ഈ സാഹചര്യത്തിൽ അവയവം മാറ്റിവയ്ക്കുക എന്നതാണ് പലപ്പോഴും സാധ്യയമായ ഒരേ
ഒരു വഴി. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളാണ് ഇപ്രകാരം
മാറ്റിവയ്ക്കാൻ സാധ്യമായവ. സാഹചര്യങ്ങൾക്കനുകൂലമായി മാറ്റി വയ്ക്കാൻ
സാധ്യമായ മറ്റു അവയവങ്ങൾ ഇവയാണ് കണ്ണുകൾ (കോർണിയ എന്ന നേത്രപടലം), ത്വക്ക്,
പാൻക്രിയാസ്, ചെറുകുടൽ, ഗർഭപാത്രം, കൈപ്പത്തി, ചില അസ്ഥികൾ,
രക്തക്കുഴലുകൾ, ചെവിക്കുള്ളിലെ അസ്ഥികൾ, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ
23-ഓളം അവയവങ്ങൾ ദാനം ചെയ്യാൻ പറ്റുന്നതാണ്.
ഒരാളുടെ ശരീരത്തിലെ അവയവങ്ങൾ പ്രവർത്തനസജ്ജമായിരിക്കണമെങ്കിൽ
അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയിൽ
പുറത്തെടുക്കുന്ന അവയവങ്ങൾ പ്രയോജനരഹിതമാവാനാണ് സാധ്യത. കണ്ണുകൾ,
ഹൃദയവാൽവുകൾ തുടങ്ങിയ അവയവങ്ങൾ മരണശേഷവും പരിമിതമായ മണിക്കൂറുകൾക്കുള്ളിൽ
നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളിൽ വച്ചു മരണം
സംഭവിക്കുന്നവർക്ക് പോലും സാധ്യമാണ്. പക്ഷെ ആന്തരിക അവയവങ്ങൾ മാറ്റി
വയ്ക്കണമെങ്കിൽ ജീവനോടെയുള്ള അവസ്ഥയിൽ ദാതാവിൽ നിന്നും അവ നീക്കം
ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്‌കമരണം എന്ന ആശയം തന്നെ
പ്രചാരത്തിലായത്.
വിവിധ കാരണങ്ങളാൽ (പരുക്ക്, രക്തസ്രാവം, ചില മസ്തിഷ്‌ക ട്യൂമർ)
മസ്തിഷ്‌കത്തിന് ഏൽക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്‌കമരണം.
‘കോമ’യും കടന്നുള്ള അവസ്ഥ, അതായത്, തിരിച്ചുവരവ് സാധിക്കാത്ത രീതിയിൽ
മസ്തിഷ്‌കത്തിന് കേട് സംഭവിച്ച് നിർജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്‌കമരണം
എന്നു പറയുന്നത്. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള
ടെസ്റ്റുകൾ നിലവിലുണ്ട്. അപ്നിയ, സി.എൻ.എസ് എന്നിവയാണിത്. മസ്തിഷ്‌കമരണം
സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ ആരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.
ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവർത്തനം യന്ത്രസഹായത്താലും, മരുന്നിന്റെ
സഹായത്താലും വളരെ കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ
അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂർണ്ണമായി
മരണം സംഭവിച്ചാൽ അവയവദാനം സാധ്യമാവുകയില്ല.
അവയവദാനത്തെ പറ്റിയുള്ള ബോധവത്ക്കരണം സജീവമായി നടക്കുന്നതിനാൽ കേരളത്തിൽ
ഇപ്പോൾ പലരും ഇതിനായി സ്വമേധയാ മുന്നോട്ടുവരികയാണ്. ഇത് മുതലെടുക്കാനായി
കേരളത്തിലെ അവയവദാന ലൈസൻസുള്ളതും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാൻ
അനുമതിയുള്ളതുമായ സ്വകാര്യ ഹോസ്പ്പിറ്റലുകൾ മുൻപന്തിയിലാണ്. അവയവദാനത്തെ
കോടികളുടെ കച്ചവടമാക്കി മാറ്റുകയാണ് ഇവർ. മനുഷ്യജീവന് പുല്ലുവില കൽപ്പിച്ച്
പല ജീവനുകളും മസ്തിഷ്‌ക മരണമായി തള്ളി കൊന്നൊടുക്കുന്ന സ്വകാര്യ
ആശുപത്രികളുടെ കിരാതമായ പ്രവൃത്തികൾക്കെതിരെ പോരാടാൻ
മുന്നിട്ടുനിൽക്കുന്നതുകൊല്ലം മരുത്തടി സ്വദേശി ഡോ.എസ്.ഗണപതിയാണ്.
2016-ൽ തുടങ്ങിയ നിയമ പോരാട്ടങ്ങൾക്കിടയിൽ കേരളത്തിലെ മസ്തിഷ്‌ക
മരണനിരക്ക് കുത്തനെ കുറഞ്ഞു. ചട്ടങ്ങൾ ലംഘിച്ച് അവയദാനം നടത്തിയ ഒരു
ഹോസ്പിറ്റലിന്റെ അവയവദാനത്തിനുള്ള ലൈസൻസ് റദ്ദാക്കാനും അദ്ദേഹത്തിന്
കഴിഞ്ഞു. ഡോ. എസ്. ഗണപതിയുമായി നടത്തിയ അഭിമുഖ സംഭാഷണം(കുറച്ചു കാലം മുമ്പ്
മറുനാടന് അനുവദിച്ചതാണ് ഈ അഭിമുഖം. ഏറെ പ്രസക്തമായതു കൊണ്ട് ആ
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കുന്നു)
അവയവദാനത്തിന് പിന്നിലുള്ള കള്ളക്കളികൾക്കെതിരെ പോരാടാനുണ്ടായ കാരണം?
2016 ലാണ് അവയവദാനത്തിന്റെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന
കൊള്ളയ്ക്കെതിരെ ഞാൻ നിയമപോരാട്ടം ആരംഭിക്കുന്നത്. അവയവം മാറ്റിവച്ചതിനെ
പറ്റി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും കിട്ടിയത്.
ട്രാൻസ്പ്ലാന്റേഷൻ നടത്തിയ ഭൂരിഭാഗം പേരും ജീവിച്ചിരിപ്പില്ല. ഇന്റർനാഷണൽ
സൊസൈറ്റി ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാന്റേഷന്റെ കണക്കനുസരിച്ച് ഹൃദയം
മാറ്റിവെച്ചവരിൽ ഒരു വർഷത്തിലേറെ ജീവിച്ചവർ 84.5 ശതമാനമാണ്. അഞ്ച്
വർഷത്തിലേറെ ജീവിച്ചവർ 72.5 ശതമാനവും 20 വർഷത്തിലേറെ ജീവിച്ചവർ 21 ശതമാനവും
ആണ്. എന്നാൽ, കേരളത്തിൽ 2016 ഒക്ടോബർ വരെ നടന്ന 43 ഹൃദയം മാറ്റിവയ്ക്കൽ
ശസ്ത്രക്രിയകളിൽ ഒരു വർഷത്തിലേറെ കാലം ജീവിച്ചവർ വെറും രണ്ടുപേർ മാത്രമാണ്.
ഈ സമയങ്ങളിൽ മസ്തിഷ്‌ക മരണങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ഇതോടെയാണ്
നിയമ പോരാട്ടങ്ങൾക്കായി ഇറങ്ങിത്തിരിച്ചത്.
കോടികളുടെ കച്ചവടം എങ്ങനെ?
ഓരോ ട്രാൻസ്പ്ലാന്റേഷനും സ്വകാര്യ ആശുപത്രികൾ വാങ്ങുന്നത്
ലക്ഷങ്ങളാണ്. മരുന്നു കമ്പനികൾ വേറെയും. കിഡ്‌നി ഒന്നിന് 10 ലക്ഷം രൂപ മുതൽ
20 ലക്ഷം വരെയും പാൻക്രിയാസിന് 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുമാണ്
അവയവദാനത്തിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന സ്വകാര്യ ആശുപത്രികൾ
ഈടാക്കുന്നത്. തലച്ചോർ മാറ്റി വയ്ക്കലാണങ്കിൽ 15 – 20 ലക്ഷം, കരൾ
മാറ്റിവയ്ക്കലിന് 20 മുതൽ 40 ലക്ഷം. ഹൃദയമാണെങ്കിൽ 40 – 70 ലക്ഷം വരെയാണ് ഈ
കച്ചവടത്തിൽ ഈടാക്കുന്ന അവയവങ്ങളുടെ വില. അങ്ങനെ ഒന്നര മുതൽ രണ്ടുകോടിയോളം
രൂപ മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ വഴി സ്വകാര്യ ആശുപത്രികൾ
ഉണ്ടാക്കുന്നുണ്ട്. ഹർജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഹൈക്കോടതി
ജഡ്ജി വരെ അതിശയം പ്രകടിപ്പിച്ചു, ഒരു മനുഷ്യ ശരീരത്തിന്റെ വില കേട്ട്.
മസ്തിഷ്‌ക മരണത്തിന് പിന്നിലെ കഥ?
ഏറ്റവും കൂടുതൽ രോഗികൾ വഞ്ചിക്കപ്പെടുന്നതിവിടെയാണ്. ചെറിയൊരപകടം
സംഭവിച്ചെത്തിയാലും മസ്തിഷ്‌കമരണം സംഭവിച്ചു എന്ന് വരുത്തിത്തീർത്ത്
അവയവങ്ങൾ കച്ചവടം ചെയ്യലാണ് അവയവദാന മാഫിയ ബന്ധമുള്ള ആശുപത്രികളുടെ പ്രധാനഅജണ്ട. ഇതിൽ ഇരകളാകുന്നത്
സാധാരണക്കാരാണ്. ചികിത്സയുടെ പേരിലുള്ള ബില്ലുകൾ കാട്ടിയാണ് ഇവരെ
വീഴ്‌ത്തുന്നത്. ലക്ഷങ്ങളുടെ ബില്ല് കണ്ട് എന്തു ചെയ്യണമെന്നറിയാതെ
നിൽക്കുമ്പോൾ ഇവരുടെ തന്നെ ഏജന്റുമാർ രോഗിയുടെ ബന്ധുക്കളുടെ
അടുത്തുകൂടുകയും അവയവദാനം ചെയ്താൽ ബില്ല് അടക്കേണ്ട എന്നു പറഞ്ഞ്
വശത്താക്കുകയും ചെയ്യും. ചട്ടം ലംഘിച്ച് മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്ന
ഡോക്ടർക്ക് 25000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് ആശുപത്രികൾ നൽകുന്നത്.