വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെൺകുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പൊലീസ് കായംകുളം സ്വദേശിയായ ആൽഫിയയെ ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.തുടർന്ന് ആൽഫിയയെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. ഈ സമയം അഖിലും ഇവിടെയെത്തി. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. ആൽഫിയയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി എന്നാണ് കായംകുളം പൊലീസിൻ്റെ വിശദീകരണം.
കായംകുളം സ്വദേശിനി അൽഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽഫിയ അഖിലിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് കോവളത്ത് എത്തി. മധ്യസ്ഥ ചർച്ചകളെ തുടർന്ന് അൽഫിയയുടെ ഇഷ്ടപ്രകാരം അഖിലിനോപ്പം പോകാൻ അനുവദിക്കുകയായിരുന്നു. ഞായറാഴ്ച കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു.ഇതിന് ശേഷമാണ് കായംകുളത്ത് നിന്നുള്ള പൊലീസ് സംഘം ക്ഷേത്രത്തിൽ എത്തി അൽഫിയയെ ബലമായി പിടിച്ചുകൊണ്ട് പോയത്.