കഴക്കൂട്ടത്ത് യുവതി നേരിട്ടത് ക്രൂരപീഡനം, ഗുരുതര പരിക്ക്, പീഡന ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി അതിക്രൂര പീഡനത്തിനിരയായ സംഭവത്തിൽ പ്രതി കിരണിനെ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത പീഡനദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും. ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പ്രതിയായ കിരൺ യുവതിക്കൊപ്പം ​ഗോഡൗണിലെത്തുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തിയും ബലമായിട്ടുമാണ് ഇയാൾ യുവതിയെ ഇവിടെയെത്തിച്ചത്. 

യുവതിയെ കൈ കാലുകൾ കെട്ടിയിട്ടായിരുന്നു പീഡനം. ഇന്നലെ രാവിലെ ആറ് മണിയോടെ കെട്ടഴിച്ച് രക്ഷപ്പെട്ട യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. വിവസ്ത്രയായ യുവതി നാട്ടുകാരോട് വസ്ത്രം ചോദിച്ചു. സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതോടെ നാട്ടുകാർ ​ഗോഡൗൺ വളഞ്ഞു. പൊലീസിനെ വിവരമറിയിച്ചു. കിരണിന്റെ അച്ഛനാണ് കാർഷികാവശ്യങ്ങൾക്കായി ​ഗോഡൗൺ പണയത്തിനെടുത്ത് നടത്തുന്നത്. പതിവായി കിരണാണ് ഇവിടെ വരാറുള്ളത്. കാടുപിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ പറമ്പിലേക്ക് പെട്ടെന്നാരുടെയും ശ്രദ്ധ പതിയാറില്ല. ഇത് കണക്ക് കൂട്ടി മനപൂർവ്വം യുവതിയെ ഇവിടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യഭാ​ഗങ്ങളിലും കൈക്കും തലക്കും മുഖത്തും പരിക്കുണ്ട്. വിശദമായ പരിശോധനക്ക് ശേഷം യുവതിയെ വീട്ടിലേക്ക് മാറ്റി. ഫോണിലെ പീഡനദൃശ്യങ്ങൾക്കൊപ്പം പ്രതിയുടെയും യുവതിയുടെയും ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലവും പ്രധാന തെളിവുകളാക്കും.