എന്റെ തൊഴിൽ ജോബ് ഫെയർ:നൂറ്റിയിരുപത്തഞ്ച് പേർക്ക് സ്പോട്ട് സെലക്ഷൻ

കോരിചൊരിയുന്ന മഴയിലും കാര്യവട്ടം ക്യാമ്പസിലെ ജോബ് ഫെയറിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത് ആയിരകണക്കിന് ഉദ്യോഗാർത്ഥികൾ. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത 'എന്റെ തൊഴിൽ ' ജോബ് ഫെയറിനു കാര്യവട്ടം ക്യാമ്പസ് ഡയറക്ടർ പ്രൊഫസർ രാധാമണി നേതൃത്വം നൽകി. 
1200 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ജോബ് ഫെയറിൽ 125 പേർക്ക് സ്പോട്ട് സെലക്ഷൻ ലഭിച്ചു.874പേർ ജോലിക്കുള്ള ചുരുക്ക പട്ടികയിൽ സ്ഥാനം പിടിച്ചു.
മറ്റുള്ളവർ വിവിധ ഐ ടി കമ്പനികളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടെക്നോപാർക്ക് ആസ്ഥാനമായ ഐ ടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐടി- ഐടി ഇതര കമ്പനികളുമടക്കം മുപ്പത്തിയഞ്ച് സ്ഥാപനങ്ങളാണ് തൊഴിൽദായകരായത്.
കാര്യവട്ടം കാമ്പസിലും കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളേജുകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികളാണ് ജോബ് ഫെയറിൽ പങ്കെടുത്തത്. യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റേയും കഴക്കൂട്ടം എം.എൽ. എയുടെയുടെയും നേതൃത്വത്തിൽ ഐ.സി.റ്റി അക്കാദമിയും കേരള നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിച്ച ജോബ് ഫെയർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് , ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ
പ്രതിധ്വനി, ടെക്നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടന്നത്.
ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റം വൈസ് ചെയർമാൻ പ്രൊഫസർ ജയചന്ദ്രൻ ആർ , ടെക്നോപാർക്ക് റിക്രൂട്ട്മെന്റ് ആന്റ് മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ ആനി മോസസ്, ഐ.സി.റ്റി അക്കാദമി - നോളജ് എക്കണോമി മിഷൻ പ്രോജക്ട് തലവൻ ബിജു സോമൻ, കാര്യവട്ടം കാമ്പസ് പ്ലേസ്മെന്റ് ഓഫീസർ ക്രിസബെൽ പി ജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു..