ഗുരുവായൂരിൽ പൊതുഅവധി ദിനങ്ങളിലും ശനിയാഴ്ചകളിലും കണ്ണനെ കാണാൻ ഇനി കൂടുതൽ സമയം.

ഗുരുവായൂരിൽ പൊതുഅവധി ദിനങ്ങളിലും ശനിയാഴ്ചകളിലും കണ്ണനെ കാണാൻ ഇനി കൂടുതൽ സമയം. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം പൊതുഅവധി ദിനങ്ങളിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ ശുപാർശ കത്ത് പരിഗണിച്ചാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി സമയക്രമം പുതുക്കി നിശ്ചയിച്ചത്. പുതിയ മാറ്റം ഇന്ന് മുതൽ നടപ്പാകും.

എല്ലാ ശനിയാഴ്ചകളിലും, ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതുഅവധി ദിവസങ്ങളിലും, ഓണം, ക്രിസ്തുമസ് എന്നീ അവധിക്കാലത്തും ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30ന് തുറന്ന് ശീവേലി കഴിഞ്ഞതിനുശേഷം, ഭക്തരെ പ്രവേശിപ്പിക്കുന്നതാണ്. നിലവിലെ സമയക്രമം അനുസരിച്ച്, വൈകിട്ട് 4.30നാണ് നട തുറക്കുന്നത്. തുടർന്ന് ശീവേലി കഴിഞ്ഞായിരുന്നു ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച്, ഭക്തർക്ക് ദർശന സമയം ഒരു മണിക്കൂർ കൂടി അധികമായി ലഭിക്കുന്നതാണ്. ഇതിലൂടെ കൂടുതൽ ഭക്തർക്ക് ഭഗവദ് ദർശനം സാധ്യമാക്കാൻ കഴിയും. ചെയർമാൻ ഡോ. വി.കെ വിജയന്റെ അധ്യക്ഷതയിലാണ് ഭരണസമിതി യോഗം ചേർന്നത്.