ആഴിമല കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആഴിമല കാണാനെത്തി കടലില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടള അഴകം കാട്ടുവിള രാജേഷ് ഭവനില്‍ രാകേന്ദ് (27) ആണ് മരിച്ചത്. ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുകയായിരുന്ന തീരദേശ പൊലീസിന്റെ സംഘം ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സുഹൃത്തുക്കളായ അഞ്ചംഗ സംഘം ആഴിമല കാണാനായി എത്തിയത്. തൊട്ടടുത്ത പാറക്കൂട്ടത്തിലിരുന്ന് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം രാകേന്ദുവും സുഹൃത്ത് അനില്‍ കുമാറും കുളിക്കാനായി കടലില്‍ ഇറങ്ങി. ശക്തമായ കടല്‍ക്ഷോഭവും തിരയടിയും ശ്രദ്ധിക്കാതെ ഇറങ്ങിയത് അപകടം സൃഷ്ടിച്ചു. ശക്തമായ തിരയില്‍പെട്ട് ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അനില്‍ കുമാറിനെ രക്ഷപ്പെടുത്തിയെങ്കിലും രാകേന്ദുവിനെ കാണാതാവുകയായിരുന്നു. സന്ധ്യക്ക് ഏഴ് മണിയോടെ നടന്ന സംഭവം രാത്രി ഏട്ടരയോടെ കൂടെയുള്ളവര്‍ തീരദേശ സ്റ്റേഷനില്‍ എത്തി അറിയിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് വിഴിഞ്ഞം തീരദേശ പൊലീസ് എസ്.എച്ച്.ഒ പ്രദീപ്, എസ്.ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീണ്ടും ഇന്നലെ രാവിലെ നടത്തിയ തിരച്ചിലില്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.