തിരുവനന്തപുരം പൊൻ‌മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു ; അപകടത്തിൽ പെട്ടത് കൊല്ലം അഞ്ചൽ സ്വദേശികൾ

തിരുവനന്തപുരം : തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊൻമുടിയിൽ ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ 500 മിറ്റർ താഴ്ചയിലേക്ക് മറിഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാർ അറിയിച്ചു. ഒരാളെ മുകളിലേക്ക് എത്തിച്ചു. മറ്റ് മൂന്ന് പേരെ കൊക്കയിൽ നിന്നും മുകളിലേക്ക് എത്തിക്കാനുളള ശ്രമം തുടരുകയാണ്. നാല് പേർക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. 

മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമാണെന്ന് നാട്ടുകാർ അറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബ്രേക്ക് നഷ്ടപ്പെട്ട് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന. സ്ഥിരം അപകടമേഖലയാണിതെന്നാണ് വിവരം.