ഭാഷയുടെ അതിർവരമ്പുകൾ മുറിക്കുന്ന ‘സംഗീതം’; ഇന്ന് ലോക സംഗീത ദിനം

ഈ ലോകത്തെ മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സംഗീതം. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗം കൂടിയാണിത്. സന്തോഷമോ സങ്കടമോ സ്‌ട്രെസ്സോ എന്നുവേണ്ട എല്ലാത്തിനുമുള്ള ഉത്തരവും ആശ്രയവുമായി സംഗീതം മാറാറുണ്ട്. ഏതൊരു കലാരൂപത്തെയും പോലെ, സംഗീതം ഭാഷയുടെ വേലിക്കെട്ടുകൾക്കപ്പുറത്തേക്ക് ഓരോ സംഗീത പ്രേമിയെയും കൊണ്ടുപോകുന്നു. അതുതന്നെയാണ് സംഗീതത്തെ കൂടുതൽ മനോഹരമാക്കുന്നത്. ഇന്ന് ജൂൺ 21. ലോക സംഗീത ദിനം.ലോകമെമ്പാടുമുള്ള ആളുകൾക്ക് ഒത്തുചേരാനും സംഗീതത്തിന്റെ ശക്തി ആഘോഷിക്കാനും ഈ ദിവസം സഹായിക്കുന്നു. ഈ ദിവസം സംഗീത പ്രേമികൾ സൗജന്യ കച്ചേരികളും മറ്റ് സംഗീത പരിപാടികളും സംഘടിപ്പിക്കുന്നു. ഈ മനോഹരമായ കലയുടെ വിവിധ പതിപ്പുകൾ നമുക്ക് സമ്മാനിക്കുന്ന, സംഗീതജ്ഞരെയും ആദരിക്കുന്നതിനായി ലോക സംഗീത ദിനം കൊണ്ടാടുന്നു.ലോക സംഗീത ദിനം 2023: ചരിത്രം

1982-ൽ ഫ്രഞ്ച് സാംസ്കാരിക മന്ത്രി ജാക്ക് ലാങ് ആണ് ലോക സംഗീത ദിനം ആചരിക്കാനുള്ള ആശയം നിർദ്ദേശിച്ചത്. എങ്കിലും ചരിത്രങ്ങളിൽ 1976 മുതൽ ലോക സംഗീത ദിനം ആചരിച്ചുവരുന്നു എന്നും പറയുന്നുണ്ട്.

1982-ൽ പാരീസിലാണ് ആദ്യത്തെ ലോക സംഗീത ദിനാഘോഷം നടന്നത്. ഈ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 1,000-ത്തിലധികം സംഗീതജ്ഞർ പരിപാടികൾ അവതരിപ്പിച്ചു. അതിനുശേഷം, സംഗീതജ്ഞർ തെരുവുകളിലും പാർക്കുകളിലും കച്ചേരി വേദികളിലും ഉപകരണങ്ങൾ വായിക്കാനും പാട്ടുകൾ പാടാനും സംഗീതത്തോടുള്ള ഇഷ്ടം പങ്കിടാനും ഈ ദിവസം ഉപയോഗിച്ചു.