ചേര്‍ത്തല: പനി ബാധിച്ച മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കുട്ടിയുമായി പോയ കാര്‍ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പില്‍ മുനീറിന്റെയും അസ്‌നയുടെയും മകള്‍ ഒന്നര വയസുള്ള ഹയ്‌സ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെ ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്. പനി കൂടിയതിനെത്തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ ചേര്‍ത്തല താലുക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് മുനീറിനും പരുക്കുണ്ട്.
സമാനമായ മറ്റൊരു സംഭവത്തില്‍ പനി ബാധിച്ച മകനെ ഡോക്ടറെ കാണിച്ച് മടങ്ങുമ്പോഴുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന്‍ ആദം ജോര്‍ജ് ആണ് മരിച്ചത്. വ്യാഴം ഉച്ചയോടെ ബൈപാസില്‍ കുതിരപ്പന്തി റോഡില്‍ ആയിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറിന്റെ ഇടതുവശം കൂടി അതിവേഗം വന്ന കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.