കസ്റ്റംസ് ഉദ്യോ​ഗസ്ഥരും സ്വർണക്കടത്തുകാരും തമ്മിൽ പറഞ്ഞുതെറ്റി, വിവരം ചോർത്തി ഉദ്യോ​ഗസ്ഥർ; ഒടുവിൽ അറസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിൽ അറസ്റ്റിലായ കസ്റ്റംസ് ഇൻസ്പെക്ടർ അനീഷ് സ്വർണക്കടത്തിന് തടസം നിന്ന സഹപ്രവർത്തകരെയും കുരുക്കാൻ ശ്രമിച്ചുവെന്ന് മൊഴി. സ്വർണക്കടത്ത് സംഘവുമായി ഒത്തുകളിച്ചാണ് രണ്ട് ഉദ്യോഗസ്ഥരെ കുരുക്കാൻ ശ്രമിച്ചത്. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാലു കിലോ സ്വർണത്തെ കുറിച്ചുള്ള വിവരം കളളക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിആർഐക്ക് ചോർത്തി നൽകിതോടെയാണ് ഒത്തുകളികൾ പുറത്തായത്. കഴിഞ്ഞ ഒരു വർഷമായി സ്വർണ കടത്തുകാരുമായി ഒത്തു കളിച്ച് വിദേശത്തുനിന്നുമെത്തുന്ന സ്വർണം ഇൻസ്പെക്ടർമാരായ അനീഷും നിധിനും ചേർന്ന് പുറത്തേക്ക് കടത്തിയിരുന്നു, വിമാനത്താവളത്തിൽ പുതുതായ ജോലിക്കെത്തിയ രണ്ടു ഉദ്യോഗസ്ഥർ കള്ളക്കടത്ത് പിടിച്ചു. കള്ളകടത്ത് പിടികൂടിയതിൽ ഒരു വനിതാ ഉദ്യോഗസ്ഥയുമുണ്ടായിരുന്നു. ഈ രണ്ടു ഉദ്യോഗസ്ഥരെയും കുരുക്കാൻ സഹായം തേടിയെന്നാണ് കള്ളക്കടത്ത് സംഘം തന്നെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഡിഐആർക്കു നൽകിയ മൊഴി. ഇതിൻ്റെ തെളിവുകളും കൈമാറി. വിദേശത്തുനിന്നും വന്ന ഒരു ക്യരിയർ വഴി ഒരു മിശ്രിതം സംഘം കൊടുത്തുവിട്ടു. കള്ളകടത്ത് പിടികൂടുന്ന ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന സമയത്ത് ക്യരിയർ എത്തി. പരിശോധന നടത്തുമ്പോള്‍ മിശ്രമത്തിൽ സ്വർണമുണ്ടെന്ന് ക്യാരിയർ തന്നെ വെളിപ്പെടുത്തി. പ്രാഥമിക പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്തിയിരുന്നില്ല, പക്ഷേ ക്യാരിയറെ വിട്ടയച്ചുവെങ്കിലും മിശ്രിതം തടഞ്ഞുവച്ചു. തുടർന്ന് ഈ മിശ്രിതം കെമിക്കൽ പരിശോധനക്ക് അയക്കുകയും ചെയ്തു. ഈ മിശ്രിതം വിട്ടയച്ചിരുന്നെങ്കിൽ സ്വർണക്കടത്തുകാർക്ക് സഹായം നൽകിയെന്നുള്ള പരാതി ഉദ്യോഗസ്ഥനെതിരെ നൽകാനായിരുന്നു പദ്ധതി. മറ്റൊരു സംഭവത്തിൽ ക്യരിയറായി സ്ത്രീയെ അയച്ചു. സ്വർണം കടത്തിയതായി വിവരം ലഭിച്ചപ്പോള്‍ വനിതാ ഉദ്യോഗസ്ഥ സംശയം തോന്നിയ യാത്രക്കാരിയെ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഈ സ്ത്രീയെ കൊണ്ട് പരാതി നൽകാനായിരുന്നു മറ്റൊരു പദ്ധതി. രണ്ടും സംഭവങ്ങളിലും വിദേശത്തുള്ള സംഘം പരാതി നൽകിയില്ല. ഇതിൽ പ്രകോപിതനായ അനീഷ് സ്വർണ കടത്ത് സംഘത്തെ വിളിച്ച് അസഭ്യം പറയുന്ന ഓഡിയോ റിക്കോർഡ് ഡിആർഐക്ക് പരാതിക്കാർ കൈമാറി. ഇതേ തുടർന്നാണ് സ്വർണക്കടത്തുകാരും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി തെറ്റുന്നത്. അനീഷിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു നിധിൻ സ്വർണക്കടത്തുകാർക്കുവേണ്ടി പ്രവ‍‍ർത്തിച്ചിരുന്നത്. ഒടുവിൽ നാലു കിലോ സ്വർണം ദുബായിൽ നിന്നുള്ള സ്വർണം കഴിഞ്ഞ ‍ഞായറാഴ്ച കടത്തുന്ന കാര്യം അനീഷും നിധിനും അറിഞ്ഞു. മറ്റൊരാളെ മറയാക്കി ഈ വിവരം ഡിആർഐക്ക് ചോർത്തി. പിടിക്കുന്ന സ്വർണ വിലയിൽ 20തമാനം വിവരം നൽകുന്നവർക്ക് ലഭിക്കും. ഇത് തട്ടാനായിരുന്നു പദ്ധതി. വിവരം ചോർത്തിയതിന് പിന്നിൽ ഒപ്പം നിന്ന ഉദ്യോഗസ്ഥരാണെന്ന് വ്യക്തമാതോടെ കള്ളകടത്ത് സംഘത്തിലെ മൂന്നു പേർ വിമാനത്താവളത്തിലെത്തി എല്ലാ വിവരങ്ങളും കസ്റ്റംസ് ഉന്നതർക്ക് കൈമാറുകയായിരുന്നു. ഈ വിരം ഡിആർഐക്കും ലഭിച്ചതോടെയാണ് കളളക്കടത്ത് സംഘത്തിന് കൂട്ടുന്ന നിന്ന ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറികിയത്.