ഹെല്‍മെറ്റ് ധരിക്കാതെ ഓടുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത് വധു; പിഴ ചുമത്തി പോലീസ്,

ഓടുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത വധുവിന് പിഴ ചുമത്തി പോലീസ്. വിവാഹ വേഷത്തില്‍ സ്‌കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതി റീല്‍ ഷൂട്ട് ചെയ്തത്.

  ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5000 രൂപയും ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് യുവതിക്കെതിരെ ആയിരം രൂപയും ഡല്‍ഹി പോലീസ് പിഴ ചുമത്തി. ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്റെ ചിത്രവുമടങ്ങുന്ന വീഡിയോ പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ സോഷ്യല്‍ മീഡിയയിലെല്ലാം വീഡിയോ വൈറലായിട്ടുമുണ്ട്.

'സജ്‌നാ ജി വാരി വാരി' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ഈ റീല്‍ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസിനെ അനുമോദിച്ച്‌ വലിയ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. ജീവനെടുക്കുന്ന ഇത്തരം സാഹസിക പ്രകടനങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടി മാതൃകാപരവും സ്വാഗതാര്‍ഹവുമാണെന്ന് ട്വിറ്റര്‍ ഒന്നടങ്കം പറയുന്നുണ്ട്.