ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ സഖ്യത്തിന് ചരിത്ര നേട്ടം. ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി ജോഡിക്ക് കിരീടം. പുരുഷ ഡബിൾസ് ഫൈനലിൽ മലേഷ്യൻ ജോഡിയായ ആരോൺ ചിയ-സോ വുയി യിക്ക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് ഇന്ത്യൻ സഖ്യം വിജയം നേടിയത്.43 മിനിറ്റ് നീണ്ടുനിന്ന പുരുഷ ഡബിൾസ് ഫൈനലിൽ 21-17, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യൻ ജോഡിയുടെ വിജയം. ഇന്തോനേഷ്യ ഓപ്പണിന്റെ ഡബിൾസ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്. നേരത്തെ സൂപ്പർ 100, സൂപ്പർ 300, സൂപ്പർ 500, സൂപ്പർ 750 എന്നീ കിരീടങ്ങൾ സാത്വിക്കും ചിരാഗും നേടിയിട്ടുണ്ട്. എല്ലാ സൂപ്പർ കിരീടങ്ങളും നേടുന്ന ആദ്യ ഇന്ത്യൻ ജോഡി കൂടിയാണ് ഇവർ.
ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള പുരുഷ ഡബിൾസ് ജോഡികളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്നു. ആരോൺ ചിയ-സോ വുയി യിക്ക് ജോഡിയാണ് പുരുഷ ഡബിൾസിൽ നിലവിലെ ലോക ചാമ്പ്യൻ. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 2017ൽ കിരീടം നേടിയിരുന്നു.