ഏജന്റ് പറ്റിച്ച് സീറ്റുപോയി, യാത്രക്കാരില്‍ നിന്ന് അപമാനമേറ്റ് മാറിനിന്നു, അഞ്ച് മിനിറ്റ് കഴിഞ്ഞ് അപകടം; തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ തൃശൂര്‍ സ്വദേശികളായ നാലുപേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ആണ് ഇന്നലെ ട്രെയില്‍ അപകടത്തില്‍ നടന്നത്. വന്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് രക്ഷപ്പെട്ടവരും കുടുംബവും. ഏജന്റ് തെറ്റിദ്ധരിപ്പിച്ച് സീറ്റ് ലഭിക്കാതെ വന്നപ്പോള്‍ മാറിയിരുന്നത് കൊണ്ടാണ് നാലുപേരും രാജ്യത്തെ നടുക്കിയ അപകടത്തില്‍ നിന്ന് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്.രണ്ടുദിവസം ഷാലിമാര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് ലഭിക്കാതെ കുടുങ്ങിക്കിടന്നതോടെയാണ് കിരണും ലിജേഷും വൈശാഖും രഘുവും ഏജന്റിന്റെ സഹായത്തോടെ ബ്ലാക്കില്‍ ടിക്കറ്റുകള്‍ വാങ്ങിയത്. 2000 രൂപ വീതം കൊടുത്ത് നാലു ടിക്കറ്റ് വാങ്ങി. വെയ്റ്റിംഗ് ലിസ്റ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ക്ക് ഏജന്റ് ടിക്കറ്റുകള്‍ കൈമാറിയത്. ഏജന്റ് കാണിച്ചുകൊടുത്ത സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റ് സീറ്റില്‍ ഇവര്‍ ഇരുന്നു. സമയം 7 മണിയോടെ അടുക്കുന്നു. സീറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്ത യാത്രക്കാര്‍ അവിടെ എത്തി. സീറ്റ് ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. വളരെ പരുഷമായാണ് ഇവര്‍ പെരുമാറിയതെന്ന് കിരണ്‍ പറയുന്നു. ഒടുവില്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായി.

ഇവള്‍ സീറ്റ് ഒഴിഞ്ഞുകൊടുത്ത് പകരം എഴുന്നേറ്റു നിന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞില്ല ട്രെയിന്‍ അപകടത്തില്‍പ്പെട്ടു. ഇവര്‍ക്ക് പകരം സീറ്റില്‍ ഇരുന്ന എല്ലാവരും മരണപ്പെട്ടു. ട്രെയിനിന്റെ തലകുത്തനെ മറിഞ്ഞു. വീണ്ടും തിരിച്ചു മറിഞ്ഞ ബോഗി താഴ്ചയിലേക്ക് വഴുതിയിറങ്ങുന്നതിനിടയില്‍ സംഘത്തിലെ മൂന്നുപേര്‍ രക്ഷപ്പെട്ടു. ഇതിനിടയില്‍ കിരണ്‍ എമര്‍ജന്‍സി വിന്‍ഡോ കൈകൊണ്ട് ഇടിച്ചു പൊട്ടിച്ചു. ആദ്യം തങ്ങളോട് പരുക്ഷമായി പെരുമാറിയ ആളുകള്‍ക്ക് കിരണ്‍ കൈത്താങ്ങായി. അവരെ മൂന്നു പേരെയും ഈ വിന്‍ഡോയിലൂടെ രക്ഷപ്പെടുത്തി.ട്രെയിന്‍ താഴ്ചയിലേക്ക് മറിഞ്ഞതോടെ കിരണ്‍ പുറത്തേക്ക് ചാടി. തുടര്‍ന്ന് ട്രെയിന്‍ അപകടത്തില്‍പ്പെട്ട പാടശേഖരത്തിന് എതിര്‍വശത്തുള്ള വീട്ടിലെത്തിയാണ് നാലുപേരും രക്ഷ തേടിയത്. തലനാരിഴയ്ക്ക് കിരണം സുഹൃത്തുക്കളും രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുടുംബവും. തൃശൂര്‍ ഇരിങ്ങാലക്കുട കാറളത്ത് വാടകവീട്ടിലാണ് കിരണിന്റെയും കുടുംബത്തെയും താമസം. ഒരു മാസം മുമ്പ് ഒരു ക്ഷേത്രത്തിന്റെ പണിക്കായാണ് കിരണും കൂട്ടുകാരും കൊല്‍ക്കത്തയില്‍ എത്തിയത്. സംഘത്തില്‍ ഉണ്ടായിരുന്ന നാലു പേര്‍ ആദ്യം മടങ്ങിയെങ്കിലും ടിക്കറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് കിരണും ബാക്കിയുള്ളവരും കൊല്‍ക്കത്തയില്‍ തുടരുകയായിരുന്നു.