മലപ്പുറം: വിഷക്കൂണ്‍ കഴിച്ച് 3 ദിവസത്തിനിടെ 7 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പറമ്പില്‍ പൊങ്ങി വരുന്ന കൂണ്‍ പാകം ചെയ്തു കഴിച്ചതാണ് എല്ലാവര്‍ക്കും വിനയായത്. തുടര്‍ച്ചയായ ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടാണു ചികിത്സ തേടിയത്. മഞ്ചേരി വട്ടപ്പാറ സ്വദേശിനികളായ സൗമിനി (76), പേരക്കുട്ടി നിരഞ്ജന (13) എന്നിവരെ ഇന്നലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.വീട്ടുവളപ്പില്‍ കണ്ട കൂണ്‍ പാകം ചെയ്തു കഴിച്ചിരുന്നു. വീട്ടിലെ മറ്റുള്ളവര്‍ കൂണ്‍ കഴിച്ചിരുന്നില്ല. ഛര്‍ദിയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. വെള്ളിയാഴ്ച ജംഷീന (30), ജസീല (39) എന്നിവരെയും വ്യാഴാഴ്ച രാത്രി 2 കുട്ടികള്‍ ഉള്‍പ്പെടെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ 2 പേരെ വാര്‍ഡിലേക്കു മാറ്റി.
മഴ പെയ്ത് ഇടിവെട്ടുന്നതോടെയാണു പറമ്പുകളില്‍ കൂണുകള്‍ പൊങ്ങുന്നത്. എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. ചിതമ്പലുകളും നിറവും നോക്കിയാണ് വിഷം ഉള്ളതാണോ അല്ലയോ എന്നു തിരിച്ചറിയുന്നത്. ചിലത് ആരോഗ്യ പ്രശ്‌നത്തിനു വരെ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.