അനശ്വരനാദം കേട്ട് കൊതിതീരുന്നതിന് മുന്‍പ് വിടപറഞ്ഞുപോയ തെന്നിന്ത്യയിലെ പ്രിയ ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ 77 -ാം ജന്മവാര്‍ഷിക ദിനമാണിന്ന്. പാടിയ എല്ലാ ഭാഷകളിലും ആരാധരെ ഉണ്ടാക്കിയ ആ പ്രതിഭ ഉയരങ്ങളിലെത്തുമ്പോഴും വിനയം ഒരിക്കലും കൈവിട്ടിരുന്നില്ല. ഇന്ത്യന്‍ സംഗീത ലോകത്ത് കൊവിഡ് ഉണ്ടാക്കിയ തീരാ നഷ്ടമാണ് എസ്പിബിയുടെ വിയോഗം. മരണമില്ലാത്ത എസ്ബിയുടെ വിസ്മയ സംഗീതത്തെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയം കൊണ്ട് പുണരുകയാണ് ആരാധകര്‍.അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ട സംഗീത യാത്രയില്‍ ആസ്വാദകരുടെ മനസു കവര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍ നല്‍കിയ അസാമാന്യ പ്രതിഭയാണ് എസ് പി ബാലസുബ്രഹ്മണ്യം. സംഗീത പശ്ചാത്തലമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും എസ് പി ബി ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലായിരുന്നു. ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് എസ് പി ബാല സുബ്രമണ്യം ജനിക്കുന്നത്.മകനെ എഞ്ചിനീയര്‍ ആക്കാനായിരുന്ന പിതാവിന്റെ മോഹത്തിന് വിരുദ്ധമായി എസ് പി ബി സംഗീതം തെരഞ്ഞെടുത്തു. പതിഞ്ചാം വയസ്സ് മുതല്‍ സംസ്ഥാനതലത്തില്‍ ഉള്ള മത്സരങ്ങളില്‍ പങ്കെടുത്ത എസ് പി ബി പത്തൊന്‍പതാം വയസ്സില്‍ ആണ് ആദ്യമായി സിനിമ പിന്നണി ഗായകനാകുന്നത്. 1966 ല്‍ ശ്രീ ശ്രീ ശ്രീ മര്യാദരാമണ്ണ എന്ന ചിത്രത്തിലാണ് അദ്ദേഹത്തിന്റെ ഏറെ പ്രത്യേകതകളുള്ള ശബ്ദം ആദ്യമായി വെളളിത്തിരയില്‍ കേള്‍ക്കുന്നത്.
ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയ ഗിന്നസ് റെക്കോര്‍ഡ് കൂടാതെ ഒറ്റ ദിവസം 21 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തും എസ് പി ബി വിസ്മയിപ്പിച്ചിട്ടുണ്ട്. 1981 ഫെബ്രുവരി എട്ടിനായിരുന്നു അത്. കടല്‍പ്പാലം എന്ന ചിത്രത്തിലൂടെ ദേവരാജന്‍ മാസ്റ്ററാണ് എസ് പി ബി യെ മലയാളത്തിന് പരിചയപ്പെടുത്തിയത്. എന്നാല്‍ നിരന്തരം മലയാളത്തില്‍ ഹിറ്റ് ഗാനങ്ങളുമായി കളം നിറയാന്‍ എസ് പി ബി ശ്രമിച്ചില്ല. എസ് പി ബി യുടെ തമിഴ് ഗാനങ്ങളെ സ്‌നേഹിച്ച മലയാളിക്ക് ഇടക്ക് മാത്രമേ ആ ശബ്ദം മലയാളത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു. ശ്രദ്ധേയമായ മെലഡികളും തട്ടുപൊളിപ്പന്‍ ഗാനങ്ങളും എസ് പി ബി മലയാളത്തില്‍ പാടിയിട്ടുണ്ട്.