ബിസ്കറ്റ് വാങ്ങാനെത്തിയ പെൺകുട്ടിയെ കടയിൽ കയറ്റി 70 കാരന്റെ പീഡനശ്രമം, കുതറിഓടി രക്ഷപ്പെട്ടു; പ്രതി പിടിയിൽ

തിരുവനന്തപുരം: കടയിൽ ബിസ്കറ്റ് വാങ്ങാൻ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് (70) പിടിയിലായത്.

ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നായർ നടത്തിവരുന്ന കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് ചിതറ പൊലീസിൽ പരാതി നൽകി.

കൊട്ടാരക്കര ഡി വൈ എസ് പി വിജയകുമാർ ജി ഡിയുടെ നിർദേശപ്രകാരം ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗോപാലകൃഷ്ണൻ നായരെ മടത്തറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് സി / എസ് ടി, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.