ഹജ്ജ് ക്യാമ്പ് നാളെ സമാപിക്കും; ഇന്നും നാളെയുമായി ഒൻപത് വിമാനങ്ങൾ; ഇത്തവണ കേരളത്തിൽ നിന്ന് ആകെ 69 വിമാനങ്ങൾ

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടന യാത്ര നാളെ സമാപിക്കും. ജൂൺ നാലിനാണ് ആദ്യവിമാനം പുറപ്പെട്ടത്. കണ്ണൂരിൽനിന്ന് നാളെ വൈകീട്ട് 3.30- നുള്ള ഐ.എക്സ് 3021 വിമാനമാണ് കേരളത്തിൽനിന്നുള്ള ഇത്തവണത്തെ അവസാന ഹജ്ജ് വിമാനം. സൗദി സമയം രാത്രി 7.30-ന് വിമാനം ജിദ്ദയിലെത്തും.ബുധനാഴ്ച കരിപ്പൂരിൽനിന്ന് മൂന്നു വിമാനങ്ങളിലായി 435 പേരും കണ്ണൂരിൽനിന്ന് 145 പേരും കൊച്ചിയിൽനിന്ന് 413 പേരും യാത്രയാകും. ചൊവ്വാഴ്ച നാലു വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് സർവീസ് നടത്തിയത്. രാവിലെ 5.40-ന് പുറപ്പെട്ട വിമാനത്തിൽ 74 പുരുഷൻമാരും 71 സ്ത്രീകളും രാവിലെ 8.19- നു പുറപ്പെട്ട വിമാനത്തിൽ 75 പുരുഷൻമാരും 70 സ്ത്രീകളും യാത്രയായി. ഒൻപതിനും രാത്രി 7.20-നും പുറപ്പെട്ട വിമാനങ്ങളിൽ 75 പുരുഷൻമാരും 70 സ്ത്രീകളും വീതം യാത്രയായി. കണ്ണൂരിൽനിന്ന് ചൊവ്വാഴ്ച 12.30-ന് പുറപ്പെട്ട വിമാനത്തിൽ 76 പുരുഷൻമാരും 69 സ്ത്രീകളുമാണ് യാത്രയായത്.