അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ ഭീതി ഒഴിയുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെ തീവ്രന്യൂനമർദ്ദമായി മാറിയ ബിപോർജോയ് വരുന്ന 6 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും. ഗുജറാത്തിൽ നിന്നും രാജസ്ഥാനിന്റെ തെക്കുപടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപോർജോയ് നിലവിൽ 10 കിമീ വേഗതയിലാണ് സഞ്ചരിക്കുന്നത്.രാജസ്ഥാനിൽ വിവിധയിടങ്ങളിൽ നിലവിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറിൽ 65 കിമീ വരെ വേഗതയിൽ കാററടിക്കുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ രാജസ്ഥാനിൽ അതിശക്തമായ മഴയ്ക്കും, ഗുജറാത്തിലും കച്ചിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെ സ്ഥലങ്ങൾ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിക്കും.