വ്യാജ വാര്‍ത്ത; അഭിഭാഷകന്റെ പരാതിയിൽ ഷാജന്‍ സ്കറിയ അടക്കമുള്ള 5 പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വള്ളക്കടവ് മുരളീധരനെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രസിദ്ധീകരിച്ചെനന്നായിരുന്നു കേസ്. ഓൺലൈൻ ചാനല്‍ മാനേജിങ് ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻ മേരി ജോർജ്, കൊല്ലം സബ് എഡിറ്റർ ലക്ഷ്മി കെ.എല്‍, റിപ്പോർട്ടർ വിനോദ് വി നായർ, കൊല്ലത്തെ ഫിനാക്ട് സൊലൂഷന്‍സ് എന്ന സ്ഥാപന ഉടമയും മയ്യനാട് സ്വദേശിയുമായ സന്തോഷ്‌ മഹേശ്വർ എന്നിവരാണ് കേസിലെ പ്രതികള്‍.

നേരത്തെ പരാതിയില്‍ കേസെടുത്ത കോടതി പ്രതികള്‍ 2021 ഏപ്രിൽ 27ന് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരായ ഷാജന്‍ സ്കറിയയുടെ ഹര്‍ജിയില്‍ ഉത്തരവ് ഹൈക്കോടതി പിന്നീട് സ്റ്റേ ചെയ്തു. ഈ സ്റ്റേ നീങ്ങിയതോടെയാണ് പ്രതികള്‍ ഓഗസ്റ്റ് 5ന് നേരിട്ട് ഹാജരാകാന്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഷാജന്‍ സ്കറിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന ഹര്‍ജിയും കോടതി ഉടന്‍ പരിഗണിയ്ക്കും. അഡ്വ. വള്ളക്കടവ് മുരളീധരന്‍ തന്നെയാണ് ഈ ഹര്‍ജിയും നല്‍കിയിരിയ്ക്കുന്നത്.