മൊബൈല്‍ ഗെയിം കളിക്കാന്‍ ചൈനയിലെ 13 വയസുകാരി ചെലവഴിച്ചത് 52 ലക്ഷം രൂപ. നാലു മാസത്തിനുള്ളില്‍ 4,49,500 യുവാന്‍, അതായത് ഏകദേശം 52,19,809 രൂപയാണ് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് ഈ കുട്ടി
ചെലവാക്കിയത്.
മാതാപിതാക്കള്‍ കാര്യം അറിഞ്ഞു വന്നപ്പോള്‍ അക്കൗണ്ട് ബാലന്‍സ് വെറും അഞ്ച് രൂപയായി ചുരുങ്ങി.
സ്‌കൂള്‍ ടീച്ചറുടെ ഇടപെടലാണ് വിവരം രക്ഷിതാക്കള്‍ അറിയാന്‍ ഇടയാക്കിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ മൊബൈല്‍ ഉപയോഗം കൂടുതലാണെന്നും പണം മുടക്കി കളിക്കുന്ന ഗെയിമിലേര്‍പ്പെടുന്നുണ്ടാകുമെന്നും ടീച്ചര്‍ അമ്മയ്ക്ക് താക്കീത് നല്‍കി. തുടര്‍ന്ന് കുട്ടി ഉപയോഗിക്കുന്ന അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടമായത് അറിയുന്നത്. അമ്മ തന്നെയാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റ് സാമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തു.
സഹപാഠികള്‍ക്കു വേണ്ടിയും
അക്കൗണ്ടിലെ ഭൂരിഭാഗം തുകയും വിനിയോഗിച്ചിരിക്കുന്നത് മൊബൈല്‍ ഗെയിം വാങ്ങാനും ഗെയിം കളിക്കാനുമാണ്. 13,93,000 രൂപ ഗെയിം വാങ്ങാന്‍ ചെലവഴിച്ചപ്പോള്‍ 14,39,000 രൂപ ഗെയിമിനകത്തെ പര്‍ച്ചേസിനു വേണ്ടിയാണ് ചെലവഴിച്ചത്. ഇതുകൂടാതെ സഹപാഠികള്‍ക്ക് ഗെയിം വാങ്ങി നല്‍കാനായി 11,61,000 രൂപയും ചെലവവിച്ചു. അമ്മയുടെ ഡെബിറ്റ് കാര്‍ഡ് സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചാണ് പണം ചെലവഴിച്ചത്. മാതാപിതാക്കള്‍ അറിയാതിരിക്കാന്‍ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി ഡിലീറ്റും ചെയ്തിട്ടായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.
ചൈനയിലാണ് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ അഡിക്റ്റുകള്‍ ഉള്ളത്. കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് ഉപയോഗം കുറയ്ക്കാന്‍ ഗെയിമിംഗ് സമയം ആഴ്ചയില്‍ മൂന്നു മണിക്കൂര്‍ ആക്കികൊണ്ട് 2021 ല്‍ ചൈന ഒരു ശ്രമം നടത്തിയിട്ടുണ്ടായിരുന്നു.