വൈദ്യുതി മോഷണം: കെഎസ്ഇബി പിഴ ചുമത്തിയത് 40 കോടി രൂപ

തിരുവനന്തപുരം: കെഎസ്ഇബിയുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യാപകമായ തോതില്‍ ക്രമക്കേടുകളും വൈദ്യുതി മോഷണവും കണ്ടെത്തി. 2022 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെ നടത്തിയ 37,372 പരിശോധനകളിലായി 43 കോടിയില്‍പ്പരം രൂപയുടെ പിഴയാണ് ചുമത്തിയതെന്ന് കെഎസ്ഇബി അറിയിച്ചു.

ശക്തമായ പരിശോധനകള്‍ സംസ്ഥാന വ്യാപകമായി നടത്താനും ക്രമക്കേടുകളോ വൈദ്യുതി മോഷണമോ കണ്ടെത്തിയാല്‍ കര്‍ശനമായ നടപടികളുമായി മുന്നോട്ടു പോകുവാനുമാണ് തീരുമാനമെന്ന് കെ.എസ്.ഇ.ബി. വിജിലന്‍സ് വിഭാഗം അറിയിച്ചു. കെഎസ്ഇബി അറിയിപ്പ്: വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ന്റെ സെഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ്സ് എടുക്കുകയും ചെയ്യും. വൈദ്യുതി മോഷണം നടത്തുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്നും അറിയുക. വൈദ്യുതി മോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ പതിനാല് ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിനേയോ 1912 എന്ന ടോള്‍ ഫ്രീ നമ്പരിലോ അറിയിക്കാവുന്നതാണ്. 1912 ല്‍ വിളിച്ച് കോള്‍ കണക്റ്റാകുമ്പോള്‍ വീണ്ടും 19 ഡയല്‍ ചെയ്ത് വിവരം അറിയിക്കാവുന്നതാണ്.