ന്യൂയോര്‍ക്ക്: ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനായി അറ്റ്ലാൻ്റിക് സമുദ്രത്തിലേയ്ക്ക് ഊളിയിട്ട മുങ്ങിക്കപ്പല്‍ കാണാതായ വാര്‍ത്ത പുറത്ത് വന്നതോടെ ഞെട്ടലിലാണ് ആളുകള്‍.
വിവിധ രാജ്യങ്ങള്‍ ചേര്‍ന്നു മുങ്ങിക്കപ്പല്‍ കണ്ടു പിടിക്കാനായി നടത്തുന്നത് ലോകചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യം ആണ്. അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ വടക്കൻ മേഖലയിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ നാലുകിലോമീറ്റര്‍ അടിയില്‍ അടിത്തട്ടിലാണ് ഒരു വലിയ വാനിൻ്റെ വലുപ്പമുള്ള പേടകമുള്ളത്. നാലുദിവസത്തേയ്ക്കുള്ള ഓക്സിജൻ പേടകത്തില്‍ ശേഷിക്കുന്നുണ്ടെങ്കിലും ന്യൂഫൗണ്ട്ലാൻഡിനു സമീപത്തെ ആഴക്കടലില്‍ എവിടെയാണ് പേടകം കുടുങ്ങിക്കിടക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒരു വ്യക്തതയുമില്ല.
ബ്രിട്ടീഷ് ശതകോടീശ്വരൻ അടക്കമുള്ള അഞ്ചംഗസംഘമാണ് കനേഡിയൻ കമ്ബനിയായ ഓഷ്യൻഗേറ്റിൻ്റെ ഉടമസ്ഥതയിലുള്ള ടൈറ്റണ്‍ പേടകത്തിലുള്ളത്. 70 മണിക്കൂറിനുള്ളില്‍ പേടകം കണ്ടെത്തി കടല്‍പ്പരപ്പിലെത്തിക്കുക എന്നതാണ് വെല്ലുവിളി. ഇതാദ്യമായാണ് ഇത്രയും ആഴത്തില്‍ ഒരു മുങ്ങിക്കപ്പല്‍ കുടുങ്ങുന്നത്. കേപ് കോഡ് തീരത്തു നിന്ന് 1450 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്. ഇവിടെയാണ് 1912ല്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങളുള്ളത്. ഈ പരിസരത്ത് എവിടെയെങ്കിലും അടിത്തട്ടില്‍ മുങ്ങിക്കപ്പല്‍ സുരക്ഷിതമായി കിടക്കുന്നുണ്ടാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
4000 മീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലെ ജലസമ്മര്‍ദ്ദമാണ് ഏറ്റവും വലിയ വെല്ലുവിളി. മുങ്ങിക്കപ്പലുകളുടെയോ പേടകങ്ങളുടെയോ സഹായമില്ലാതെ മുങ്ങല്‍വിദഗ്ധര്‍ക്ക് ഇവിടേയ്ക്ക് എത്താനാകില്ല. ഇത്രയും ആഴത്തില്‍ സഞ്ചരിക്കാൻ ശേഷിയുള്ള അന്തര്‍വാഹിനികള്‍ തന്നെ വിരളമാണ്. നിലവില്‍ യുഎസ്, കനേഡിയൻ നാവികസേനകളുടെയും സ്വകാര്യ ഡീപ്പ് സീ അഡ്വഞ്ചര്‍ കമ്ബനികളുടെയും സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. 6000 മീറ്റര്‍ വരെ ആഴത്തില്‍ സഞ്ചരിക്കുന്ന ആളില്ലാ അന്തര്‍വാഹിനിയുടെ സഹായം തേടാനും അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്ന് ഓഷ്യൻഗേറ്റ് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് നാവികസേനയുടെ പ്രതികരണം.
ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഈ ചെറു അന്തര്‍വാഹിനി ഉപയോഗിച്ച് 2019 മുതല്‍ സാഹസികയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. കടലിൻ്റെ അടിത്തട്ടില്‍ തകര്‍ന്നുകിടക്കുന്ന ടൈറ്റാനിക് കപ്പല്‍ കാണാനുള്ള യാത്രയ്ക്ക് രണ്ടര ലക്ഷം ഡോളര്‍ അഥവാ ഏകദേശം രണ്ട് കോടി ഇന്ത്യൻ രൂപയാണ് നിരക്ക്. ഒരു പൈലറ്റും മൂന്ന് ജീവനക്കാരും യാത്രക്കാരനുമാണ് പേടകത്തിലുണ്ടാകുക. ഈ വര്‍ഷം ഇതാദ്യമായാണ് കമ്ബനി ടൈറ്റാനിക് കപ്പല്‍ കാണാനുള്ള വിനോദസഞ്ചാരം നടത്തുന്നത്.
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയിലുള്ള സെൻ്റ് ജോണ്‍സ് തീരത്തുനിന്നാണ് സാഹസികയാത്ര ആരംഭിക്കുന്നത്. ഒരു മദര്‍ഷിപ്പിൻ്റെ സഹായത്തോടെ ഉള്‍ക്കടലിലെത്തിയ ശേഷമാണ് അന്തര്‍വാഹിനി സഞ്ചാരികളെയും വഹിച്ച് സമുദ്രത്തിനുള്ളിലേയ്ക്ക് ഊളിയിടുക. കടലിൻ്റെ അടിത്തട്ടിലേയ്ക്ക് എത്താൻ ഏകദേശം രണ്ട് മണിക്കൂര്‍ സമയമെടുക്കും. തുടര്‍ന്ന് ഒരു മണിക്കൂറോളം തകര്‍ന്ന കപ്പലിൻ്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിക്കാം. ഇതിനു ശേഷമായിരിക്കും മടക്കയാത്ര. മൊത്തം പത്ത് മണിക്കൂര്‍ സമയം യാത്രയ്ക്കായി വേണ്ടിവരും.
സാധാരണ മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് ഭാരക്കുറവുള്ള ടൈറ്റൻ കാര്‍ബണ്‍ ഫൈബറിലാണ് നിര്‍മിച്ചിട്ടുള്ളത്. ഉള്ളില്‍ യാത്രക്കാക്കായി കൂടുതല്‍ സ്ഥലവും കാഴ്ചകള്‍ കാണാനായി മുന്നിലൊരു ജനലുമുണ്ടാകും. അതേസമയം, കടലിൻ്റെ ആഴത്തില്‍ ഇൻ്റര്‍നെറ്റോ ജിപിഎസോ അടക്കമുള്ള യാതൊരുവിധ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാകില്ല. ഞായറാഴ്ച യാത്ര പുറപ്പെട്ട അന്തര്‍വാഹിനിയില്‍ നിന്ന് ഒന്നര മണിക്കൂറിനു ശേഷം യാതൊരു സിഗ്നലും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പാക് സ്വദേശികളും ഓഷ്യൻഗേറ്റ് കമ്ബനി സ്ഥാപകനും അടക്കമുള്ളവര്‍ അന്തര്‍വാഹിനിയില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
എന്നാല്‍ സാധാരണ മുങ്ങിക്കപ്പലുകളെപ്പോലെ തനിയെ ഉയര്‍ന്ന് ജലോപരിതലത്തില്‍ എത്താനും തുറമുഖത്തേയ്ക്ക് അടുക്കാനുമുള്ള സംവിധാനങ്ങള്‍ ഈ പേടകത്തിലില്ല.
സാധ്യതകള്‍
സാങ്കേതികത്തകരാര്‍ നേരിട്ട പേടകം കടലിൻ്റെ അടിത്തട്ടില്‍ ഇടിച്ചിറങ്ങാനുള്ള സാധ്യതയുണ്ട്. പേടകത്തില്‍ പ്രത്യേക അറയ്ക്കുള്ളില്‍ സജ്ജീകരിച്ച വെള്ളം നീക്കം ചെയ്തും അകത്തേയ്ക്ക് പ്രവേശിപ്പിച്ചുമാണ് അന്തര്‍വാഹിനികള്‍ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നത്. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ പെട്ടെന്ന് ഉയര്‍ന്നുവരാനായി പേടകത്തില്‍ ക്രമീകരിച്ചിട്ടുള്ള ഭാരക്കട്ടകള്‍ നീക്കം ചെയ്ത് ടൈറ്റണ് ജലോപരിതലത്തിലെത്താം. ഇങ്ങനെ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാണ്. ജലോപരിതലത്തില്‍ പേടകം എവിടെയെങ്കിലും കിടക്കുന്നുണ്ടോ എന്ന് വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
അതേസമയം, ഇപ്പോഴും മുങ്ങിക്കപ്പല്‍ അടിത്തട്ടില്‍ തുടരുകയാണെങ്കില്‍ രക്ഷാദൗത്യം ദുഷ്കരമാകും. മുങ്ങിക്കപ്പല്‍ കണ്ടെത്തിയാലും നാലുകിലോമീറ്റര്‍ ആഴത്തില്‍ നിന്ന് അന്തര്‍വാഹിനി യന്ത്രസഹായത്താല്‍ ഉയര്‍ത്തി ജലോപരിതലത്തില്‍ എത്തിക്കുക എന്നത് എളുപ്പമായിരിക്കില്ല.
1973ല്‍ അയര്‍ലൻഡില്‍ അപകടത്തില്‍പ്പെട്ട മുങ്ങിക്കപ്പലിലെ യാത്രക്കാരെ രക്ഷിച്ച ചരിത്രം രക്ഷാപ്രവര്‍ത്തകര്‍ക്കു മുന്നിലുണ്ട്. എന്നാല്‍ അന്ന് സെല്‍റ്റിക് കടലില്‍ അര കിലോമീറ്റര്‍ മാത്രം ആഴത്തിലായിരുന്നു മുങ്ങിക്കപ്പല്‍. 76 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനുള്ള ജീവവായുവുമായി മുങ്ങിപ്പോയ അന്തര്‍വാഹിനിയില്‍ ഉള്ളവരെ ജീവനോടെ പുറത്തെത്തിക്കുമ്ബോള്‍ 12 മിനിട്ടിനുള്ള ഓക്സിജൻ മാത്രമായിരുന്നു അവശേഷിച്ചത്.