താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍, ആശുപത്രി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചെമ്മരുതി കോവൂര്‍ പൊയ്കവിള വീട്ടില്‍ മനു(19), പാളയം കുന്ന് വണ്ടിപ്പുര ചരുവിളവീട്ടില്‍ സുജിത്ത്(25) എന്നിവരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റ് അജയ്, സെക്യൂരിറ്റി ജീവനക്കാരായ സാബു, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സാബുവിന്റെ വലത് കൈവിരലുകള്‍ക്കു ഒടിവുണ്ട്. ശ്രീജിത്തിനും അജയിനും കൈക്ക് ചതവുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് കയ്യിലെ രണ്ടു ദിവസം പഴക്കമുള്ള മുറിവുമായി മനുവും സുജിത്തും ആശുപത്രിയില്‍ എത്തിയത്. ഒപി ടിക്കറ്റ് എടുക്കാന്‍ കൂട്ടാക്കാതെ അത്യാഹിതവിഭാഗം ഡ്യൂട്ടി ഡോക്ടറോട് പരിശോധന വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും ടിക്കറ്റെടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു. പ്രതികളിലൊരാളായ സുജിത്ത് ഓപി ടിക്കറ്റ് എടുത്തു മടങ്ങിവന്നു.
പരിശോധനയ്ക്ക് ശേഷം മുറിവ് വച്ചുകെട്ടാന്‍ ഡ്രെസിങ് റൂമില്‍ എത്തിയ മനു, നഴ്‌സിങ് അസിസ്റ്റന്റ് അജയിനോട് ഇന്‍ജക്ഷന്‍ എടുക്കുന്ന സമയം വേദനിക്കുന്നുണ്ടെന്നു പറഞ്ഞു അസഭ്യം വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരായ സാബുവിനെയും ശ്രീജിത്തിനെയും ഇരുവരും ചേര്‍ന്നു മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു സ്റ്റേഷനില്‍ എത്തിച്ച വേളയിലും പ്രതികള്‍ അക്രമാസക്തരായെന്നു പൊലീസ് പറഞ്ഞു. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു, പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.