നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരനെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. തമിഴ്നാട്ടിലെ കാരൈക്കുടി ജില്ലയിൽ നടന്ന സംഭവത്തിൽ മധുര സ്വദേശി വിനീത് എന്ന അറിവഴകനാണ് കൊല്ലപ്പെട്ടത്.
വിനീത് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കാറിലെത്തിയ അഞ്ച് പേര്‍ വിനീതിനെ വളയുന്നതായും പിന്തുടരുന്നതായും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആളുകള്‍ നോക്കിനില്‍ക്കെ നിലത്തേക്ക് വീണ വിനീതിനെ ഇവര്‍ വടിയും മറ്റും ഉപോയോഗിച്ച് നിഷ്‌കരുണം മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇതിനിടെ, നീല നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ വിനീതിനെ രക്ഷിക്കാന്‍ വരുന്നതായും തുടര്‍ന്ന് അഞ്ചുപേരും കാറില്‍ കയറി രക്ഷപ്പെടുന്നതായും വീഡിയോയില്‍ കാണാം. അവശനായി റോഡരികില്‍ കിടക്കുകയായിരുന്ന വിനീതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു. സംഭവത്തിന് പിന്നാലെ, വിനീതിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു. കൊലപാതകക്കേസിൽ സോപാധിക ജാമ്യത്തില്‍ പുറത്തിറങ്ങിയ വിനീത് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലോഡ്ജില്‍ താമസിച്ചിരുന്നത്.