കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക്‌ ശേഷം പിടിയിൽ.

മാവേലിക്കര : മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊലചെയ്യപ്പട്ട കേസിൽ കേരള ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ കുറ്റവാളിയായ റെജി എന്ന അച്ചാമ്മ D/o. തങ്കച്ചൻ, ബിജു ഭവനം(പുത്തൻവേലിൽ ഹൗസ് ), അറുന്നൂറ്റിമംഗലം വീട്ടിൽ നിന്നും പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിളെ എന്ന വിലാസത്തിൽ മിനി രാജു എന്ന വ്യാജ പേരിൽതാമസിച്ചു വന്ന റെജി എന്ന അച്ചാമ്മയാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്.1990 ഫെബ്രുവരി 21 നാണ് മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) വീടിനുള്ളിൽ കൊലചെയ്യപ്പട്ട നിലയിൽ കാണപ്പെട്ടത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മാറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്.മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതിൽ നിന്നും കമ്മൽ ഊരി എടുത്തത് മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും തന്നെ വിശ്വസിച്ചില്ല തുടർന്നുള്ള അന്വേഷണത്തിൽ റെജി അറസ്റ്റിലാകുകയായിരുന്നു.1993-ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. ഇതിന്മേൽ പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11 ന് കേരളാ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു ഉത്തരവായിരുന്നു. എന്നാൽ വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു.അതിന് ശേഷം കാലാകാലങ്ങളായി റെജിയെ കണ്ടെത്താനായി പോലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്ര എന്നിവടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തിയെങ്കിലും റെജിയെ കണ്ടെത്താൻ കഴിഞ്ഞില്ല.മാവേലിക്കര പോലീസ് രജിസ്റ്റർ ചെയ്ത പ്രമാദമായ ചാക്കോ കൊലക്കേസിലെ പ്രതി പിടികിട്ടാപുള്ളിയായി ചരിത്രരേഖകളിൽ ഇടം നേടിയ സുകുമാരകുറുപ്പിന് ശേഷം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു നിന്ന കുറ്റവാളിയായിരുന്നു റെജി. കൊലപാതകം നടന്ന് മുപ്പത്തിമൂന്നു വർഷവും, ശിക്ഷവിധിച്ചിട്ട് ഇരുപത്തിയേഴ് വർഷവുമായ കേസിൽ കുറ്റവാളിയെ പിടികൂടികൂടണമെന്ന് ബഹു : മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി- II ജഡ്ജി. ശ്രീ.K.N. അജിത് കുമാർ കുറ്റവാളിക്കെതിരെ പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS ന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്പി. എം. കെ.ബിനുകുമാർ -ന്റെ നേതൃത്വത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്ത്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീക്ക്, അരുൺ ഭാസ്ക്കർ എന്നിവർ ഉൾപ്പെട്ട പ്രേത്യേക അന്വേഷണസംഘം രൂപീകരിച്ചു. അന്വേഷണ സംഘം കേസ് ഫയൽ പരിശോധിച്ചും, നാട്ടുകാരോടും ബന്ധുക്കകളോടും മറ്റും നേരിട്ട് റെജി എവിടെക്കാണ് ഒളിവിൽ പോയത് എന്ന് അന്വേഷണം നടത്തിയതിൽ പ്രാഥമിക ഘട്ടത്തിൽ റെജി മുംബൈയിൽ ഉണ്ടെന്നും, തമിഴ്നാട്ടിലോ, ഗുജറാത്തിലോ ആണെന്നും അതല്ല ഏതോ അനാഥാലയത്തിൽ ആണെന്നും മറ്റും നാട്ടുകാരിൽ നിന്നും അറിയാൻ കഴിയുകയും എന്നാൽ ബന്ധുക്കൾ ആരും തന്നെ റെജി ഒളിവിൽ പോയ ശേഷം പിന്നീട് കണ്ടിട്ടില്ല എന്നും,വേറെ വിവരങ്ങൾ ഒന്നും തന്നെ അറിയില്ല എന്നും പറയുകയും. പഴയ പത്ര കട്ടിങ്ങിൽ നിന്നും കിട്ടിയ ഫോട്ടോയും കേസിൽ എഴുതപ്പെട്ട അഡ്രസ്സും അല്ലാതെ മറ്റൊരു സൂചനയും ഇല്ലാതെ ഇവരെ കണ്ടെത്തുന്നത് വളരെ ശ്രമകരമായി.ഇതിനിടയിൽ റെജി കോവിഡ് വന്നു മരണപ്പെട്ടു പോയെന്നു കിംവദന്തി കേട്ടു .അന്വേഷണ വഴിയിൽ എന്ത് വിവരം കിട്ടിയാലും പരിശോധിച്ചു നിജസ്ഥിതി ബോധ്യപ്പെടുന്നതിനായി ഇവർ ജീവിച്ചിരിപ്പുണ്ടോ എന്നറിയനായി കോവിഡ് വന്നു മരണപ്പെട്ടവരുടെ വിവരങ്ങൾ,വാക്സിൻ എടുത്തവരുടെ വിവരങ്ങൾ , ഊരും പേരും ഇല്ലാതെ മരണപ്പെട്ടവരുടെ വിവരങ്ങൾ, എന്നിവ ശേഖരിച്ചു എങ്കിലും ഫലമുണ്ടായില്ല. ഒളിവിൽ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലർത്താതെ കഴിഞ്ഞു വന്ന റെജിയെ കേസിൽ ഹൈക്കോടതി വിധി വന്ന ശേഷം കാണാതായ അവസാന സമയത്ത് അവർ എവിടെ ആയിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു ആദ്യ ലക്ഷ്യം അത് കണ്ടെത്തുന്നതിനുള്ള അക്ഷീണ പരിശ്രമ ഫലമായി റെജി ഒളിവിൽ പോകുന്നതിന് മുൻപ് കോട്ടയം ജില്ലയിൽ അയ്മനത്തും, ചുങ്കം എന്ന സ്ഥലത്തും മിനി എന്ന പേരിൽ വീടുകളിൽ അടുക്കളപണിയ്ക്കായി നിന്നിരുന്നു എന്നും, ഒരു കെട്ടിട നിർമ്മാണതൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്നാടിന് പോയി എന്ന് കിട്ടിയ ചെറിയ വിവരത്തിൽ നിന്നും ശാസ്ത്രീയമായും,സാങ്കേതികമായുമുള്ള അന്വേഷണം നടത്തുകയും, അന്വേഷണത്തിനൊടുവിൽ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തി.കഴിഞ്ഞ 27 വർഷമായി പോലീസിന് പിടികൊടുക്കാതെ തന്നിലേക്ക് പോലീസ് അന്വേഷിച്ചു എത്താൻ ഒരു സാഹചര്യവും ഉണ്ടാക്കാതെയും മറ്റൊരു പേരിൽ ആർക്കും താൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നു സംശയം തോന്നാൻ ഇട വരുത്താതെയും ഒളിവിൽ കഴിയുകയായിരുന്ന കുറ്റവാളിയാണ് ഇപ്പോൾ പിടിയിലാകുന്നത് .1996 ൽ ഹൈക്കോടതി വിധി വന്നശേഷം ഒളിവിൽ പോയ റെജി കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മിനി എന്ന പേരിൽ വീട്ടുജോലി ചെയ്ത് വരുകയും ആ കാലയളവിൽ തമിഴ്നാട് തക്കല സ്വദേശിയുമായി പരിചയത്തിലാകുകയും 1999 വർഷം ഇവർ വിവാഹിതരാകുകയും ചെയ്തു .കുറച്ചുനാൾ തക്കലയിലും പിന്നീട് കോതമംഗലത്ത്‌ പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് വന്നു മിനി രാജു എന്ന പേരിൽ കുടുംബസമേതം ജീവിച്ചു വരികയായിരുന്നു.കഴിഞ്ഞ അഞ്ചു വർഷമായി അടിവാട് ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് നിന്ന മിനി രാജു എന്ന റെജി എന്ന അച്ചാമ്മയെ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്ത്‌, എസ്. ഐ. പ്രഹ്ളാദൻ. C, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മുഹമ്മദ്‌, സുഭാഷ് N. S, സജുമോൾ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീക്ക്, അരുൺ ഭാസ്കർ, സി. പി. ഓ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. റെജിയെ തിങ്കളാഴ്ച മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി-II ൽ ഹാജരാക്കും.