അതേസമയം ദില്ലിയിലും ഹിമാചൽ പ്രദേശിലും ഇന്ന് ശക്തമായി മഴ പെയ്യുന്നുണ്ട്. പ്രളയ സാഹചര്യമാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നേരിടുന്നത്. ഇവിടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിശക്തമായ മഴയെ തുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ കരേരി തടാകത്തിൽ കുടുങ്ങിയ 26 പേരെ ദുരന്ത നിവാരണ സംഘം രക്ഷപ്പെടുത്തി. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സമ്മർദ്ദ ഫലമായി പെയ്ത ശക്തമായ മഴയിൽ രാജസ്ഥാനിലെ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ വെള്ളം കയറി. രാജസ്ഥാന്‍റെ കിഴക്കൻ മേഖലയില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇവിടെ ഇന്ന് 40 കി.മീ വേഗതയില്‍ കാറ്റും വീശുമെന്നാണ് അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ പടിഞ്ഞാറൻ മേഖലയില്‍ ഇന്നും നാളെയും കനത്ത മഴക്കും കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഉത്തർപ്രദേശും ബിഹാറും അടക്കം ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കടുക്കുന്ന സ്ഥിതിയാണ്. ആകെ മരണം നൂറ് കടന്നതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഉത്തർ പ്രദേശിലും ബിഹാറിലും 100 പേരോളം കഴിഞ്ഞ 3 ദിവസത്തിനിടെ ചൂട് താങ്ങാതെ മരിച്ചു. നൂറ് കണക്കിനുപേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഉത്തർ പ്രദേശിലെ ബലിയ ജില്ലാ ആശുപത്രിയിലാണ് 42.2 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. ഇവിടെ മാത്രം മൂന്ന് ദിവസത്തിനിടെ 54 മരണം റിപ്പോർട്ട് ചെയ്തു. ദിവസവും നൂറുകണക്കിനുപേർ ആശുപത്രിയിലെത്തുന്നുണ്ട്. ഭൂരിഭാഗവും 60 വയസിന് മുകളിലുള്ളവരാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ ദിവാകർ സിംഗ് പറഞ്ഞു. വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചതിന് പിന്നാലെ സൂപ്രണ്ടിനെ സ്ഥാനത്തു നിന്നും നീക്കി. മരണത്തിന്റെ കാരണമന്വേഷിക്കാൻ ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്ക് രണ്ടംഗ സംഘത്തെ നിയോഗിച്ചു.
ബിഹാറിൽ 18 ഇടങ്ങളിൽ കടുത്ത ചൂട് രേഖപ്പെടുത്തി. 35 പേർ പറ്റ്നയി മാത്രം മരിച്ചു. 11 ജില്ലകളിൽ 44 ഡിഗ്രിക്ക് മുകളിലാണ് ചൂട്. ഈ മാസം 24 വരെ പറ്റ്നയിലെ എല്ലാ സ്കൂളുകളും അടച്ചു. ഉയർന്ന ചൂട് തുടരുന്നതിനാൽ മധ്യപ്രദേശിലും ഒഡീഷയിലും സ്കൂളുകളിൽ വേനലവധി ഈമാസം 30 വരെ നീട്ടി. ജാർഖണ്ഡ്, ബിഹാർ, കിഴക്കൻ ഉത്തർ പ്രദേശ്, പശ്ചിമബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ഉയർന്ന ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.