സിനിമയിൽ ജോലിയും വീടു വെയ്ക്കാൻ സഹായവും, യുവതിയിൽ നിന്ന് 25 ലക്ഷം തട്ടി; പിടിയിലായ പ്രതിയുടെ പേരില്‍ നിരവധി കേസുകള്‍

കട്ടപ്പന: സിനിമാ മേഖലയിൽ ജോലിയും വീട് വെക്കാൻ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയ പ്രതി പിടിയിൽ. തിരുവനന്തപുരം മഞ്ഞമല മേൽ തോന്നയ്ക്കൽ താറാവിള വീട്ടിൽ സുരേഷ് കുമാറി (49) നെയാണ് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോഴിമല സ്വദേശിയായ യുവതിക്ക് സിനിമയിൽ ജോലി വാങ്ങിക്കൊടുക്കാമെന്നും വീട് വയ്ക്കാൻ സഹായം വാഗ്ദാനം ചെയ്യാമെന്ന് പറഞ്ഞു പറ്റിച്ചാണ് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.ഇയാളെ ഇതിനുമുമ്പും തിരുവനന്തപുരം പാറശ്ശാല, പോത്തൻകോട്, തൃശൂർ ഈസ്റ്റ്, എറണാകുളം ചേരാനല്ലൂർ എന്നീ ഭാഗങ്ങളിൽ നിരവധി യുവതികളെ സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്തതിന് കേസുകൾ നിലവിലുള്ളതാണ്. കൃത്യത്തിനു ശേഷം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി കറങ്ങി നടന്ന് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിവരികയാണ് രീതി. ഇനിയും കേരളത്തിലുള്ള വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ സുരേഷിനെതിരെ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.കേസിൽ കൂടുതൽ കുറ്റവാളികളുടെ പങ്കാളിത്വം ഉണ്ടോയെന്ന് അന്വേഷണം നടത്തും. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതി അപേക്ഷ നൽകുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ അറിയിച്ചു. പ്രതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയതായി ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന എസ്ഐമാരായ മോനിച്ചൻ എം.പി., ഡിജു ജോസഫ്, സീനിയർ സി.പി.ഒ. സുമേഷ് തങ്കപ്പൻ എന്നിവർ അടങ്ങിയ സംഘമാണ് തിരുവനന്തപുരത്തുള്ള പ്രതിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.