◾രാജ്യത്ത് പുതുതായി അമ്പതു മെഡിക്കല്‍ കോളജുകള്‍കൂടി അനുവദിച്ചു. ഇതോടെ രാജ്യത്തെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 702 ആകും. ഒരു ലക്ഷം മെഡിക്കല്‍ സീറ്റുകളും ഉണ്ടാകും. കേരളത്തിനു പുതിയ മെഡിക്കല്‍ കോളജ് അനുവദിച്ചിട്ടില്ല. വയനാട്ടില്‍ മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
◾ലോക കേരളസഭാ സമ്മേളനത്തിനു മുഖ്യമന്തി പിണറായി വിജയനും സംഘവും എത്തിയ ന്യൂയോര്‍ക്ക് നഗരം അപ്രതീക്ഷിതമായി പുകയില്‍ മുങ്ങി. കാനഡയിലെ കാട്ടുതീമൂലമാണ് പുക പരന്നത്. എന്‍ 95 മാസ്‌കുകള്‍ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. തീയണയ്ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ പരിപാടികളും ന്യൂയോര്‍ക്കില്‍ ആണ്.
◾പരീക്ഷ എഴുതാതെ ജയിച്ചത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആര്‍ഷോയുടെ പേര് എങ്ങിനെ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ വന്നെന്നു പരിശോധിക്കണം. അയാള്‍ക്ക് പങ്കില്ലാത്ത കാര്യത്തില്‍ അയാളെ പ്രതിക്കൂട്ടിലാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വിദ്യ എന്ന ഉദ്യോഗാര്‍ത്ഥിയുടെ വ്യാജരേഖ കേസില്‍ കോളേജോ പ്രിന്‍സിപ്പലോ കുറ്റക്കാരല്ല. വിദ്യയാണ് തെറ്റു ചെയ്തത്. മന്ത്രി വ്യക്തമാക്കി.
◾വ്യാജരേഖ കേസില്‍ കുറ്റാരോപിതയായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കാലടി സര്‍വകലാശാല മുന്‍ വിസി ധര്‍മ്മരാജ് അടാട്ട്. ജനറല്‍ അഡ്മിഷന്‍ ചട്ടം പിഎച്ച്ഡി അഡ്മിഷനും ബാധകമാണെന്നാണു ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾വ്യാജ പ്രവൃത്തിപരിചയരേഖ ഹാജരാക്കി ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത കെ വിദ്യക്കെതിരെ കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജ് പൊലീസില്‍ പരാതി നല്‍കും.
◾മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയതിനു മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു പോലീസെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രം തയാര്‍. കുറ്റപത്രം നിയമോപദേശത്തിനു നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവരാണ് പ്രതികള്‍.
◾വിമാനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കൈയേറ്റം ചെയ്തെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയില്‍ കഴമ്പില്ലെന്നു പറഞ്ഞ് പോലീസ് അന്വേഷണം അവസാനിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയവരെ തള്ളി താഴെയിട്ടെന്ന പരാതിയിലാണു കഴമ്പില്ലെന്ന് വലിയതുറ പൊലീസ് കോടതിയെ അറിയിച്ചത്.
◾രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്.
◾കെ - ഫോണ്‍ പദ്ധതിയില്‍ അക്കൗണ്ടന്റ് ജനറല്‍ ഗുരുതരക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കേ, കമ്പനികള്‍ക്ക് അധികമായി നല്‍കിയ തുക സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ കെ - ഫോണ്‍ ലംഘിച്ചെന്നതാണ് പ്രധാന കണ്ടെത്തല്‍. ചൈനയില്‍നിന്നുള്ള കേബിളുകളാണ് ഉപയോഗിച്ചതെന്ന കണ്ടെത്തല്‍ ഗുരുതരമാണ്. ചെന്നിത്തല പറഞ്ഞു.
◾അടുത്ത മാസംതന്നെ തൃശൂര്‍ മൃഗശാലയിലെ പക്ഷികളെ പത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. റവന്യൂ മന്ത്രി കെ രാജനൊപ്പം സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
◾മൂവായിരം രൂപ കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവര്‍സിയര്‍ അബ്ദുള്‍ ജബ്ബാര്‍ പിടിയിലായി. താത്കാലിക കണക്ഷന്‍ സ്ഥിരം കണക്ഷനാക്കിക്കിട്ടാനാണ് കൈക്കൂലി വാങ്ങിയത്. ഹോട്ടലിലേക്കു പണവുമായി എത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് പണം കൈമാറുന്നതിനിടെയാണ് അറസ്റ്റ്. ഹോട്ടലില്‍ ചായകുടിക്കാന്‍ എത്തിയവരെന്ന വ്യാജേനെ തൊട്ടടുത്ത സീറ്റുകളിലിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.
◾വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധ സമരം നടന്ന കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു.
◾അമല്‍ ജ്യോതി കോളജ് വിദ്യാര്‍ത്ഥിനി ശ്രദ്ധയുടേതെന്ന് കോട്ടയം എസ്പി ചൂണ്ടിക്കാണിക്കുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരന്‍. ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നു പറയുന്ന കുറിപ്പുണ്ടെന്നു പറയുന്നത് കോളജിനെ സഹായിക്കാനാണെന്നും വീട്ടുകാര്‍.
◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗിയെ പീഡിപ്പിച്ചെന്ന പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയില്‍ സമ്മര്‍ദം ചെലുത്തിയതിന് സസ്പെന്‍ഷനിലായ അഞ്ചു പേരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. മല്ലികാ ഗോപിനാഥ്.
◾പെറ്റി കേസെടുത്തു തീര്‍പ്പാക്കേണ്ട കേസുകളില്‍ വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും ഹനിക്കുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യരുതെന്ന് പോലീസിനു ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് സ്റ്റേഷനില്‍ ചെന്ന് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചതുമൂലം യുവാവിന് പി.എസ്.സി. പരീക്ഷയെഴുതാന്‍ സാധിച്ചില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഫറോക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിനു വീഴ്ച സംഭവിച്ചെന്നു കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
◾തിരുവനന്തപുരം എസ് എം വി ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ മിക്സഡ് സ്‌കൂളാക്കി. ഇതോടെ പെണ്‍കുട്ടികള്‍ക്കും സ്‌കൂളില്‍ പ്രവേശനം ലഭിക്കും.
◾പ്രവാസി വ്യവസായിയില്‍നിന്നു 108 കോടി രൂപ തട്ടിയെടുത്ത മരുമകന്‍ ഹാഫിസ് കുദ്രോളിയെ ഗോവ പൊലീസ് അറസ്റ്റു ചെയ്തു. ഇന്‍കം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കി ആലുവ സ്വദേശിയായ അബ്ദുള്‍ ലാഹിറില്‍ നിന്ന് പലപ്പോഴായി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരില്‍ വ്യാജ രേഖകള്‍ നല്‍കി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ വ്യവസായിയുടെ പണം തട്ടിയെടുത്തത്.
◾മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊന്ന അച്ഛന്‍ മഹേഷ് മാവേലിക്കര സബ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾വ്യാജ രേഖയുണ്ടാക്കി കോളേജില്‍ അധ്യാപക ജോലിക്കു ശ്രമിച്ച കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ്. കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് തട്ടിപ്പിനു വിദ്യക്കു സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.
◾ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിന് ആലത്തൂര്‍ സ്വദേശിയായ യുവതിയെ അറസ്റ്റു ചെയ്തു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ രാജപ്പന്‍ എന്ന 26 -കാരിയെയാണ് അറസ്റ്റു ചെയ്തത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ ആലത്തൂരിലെത്തിച്ച് അറസ്റ്റുചെയ്യുകയായിരുന്നു.
◾തിരുവനന്തപുരം വെള്ളറടയില്‍ ഹെല്‍മെറ്റു കൊണ്ട് മധ്യവയസ്‌കനെ തലക്കടിച്ച് കൊന്നു. മലയിന്‍കാവ് സ്വദേശി ശാന്തകുമാര്‍ (48) ആണ് മരിച്ചത്. പ്രതി അക്കാനി മണിയനെ പോലീസ് തെരയുന്നു.
◾തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍. മോസ്‌കോ പാലത്തിനു സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്.
◾ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി ജോയി (31) ആണ് മരിച്ചത്. നെടുമങ്ങാട് - വെമ്പായം റോഡില്‍ ഇരിഞ്ചയത്ത് ടിപ്പര്‍ ലോറിയില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി ടിപ്പറിനടിയിലേക്കു വീഴുകയായിരുന്നു.
◾പന്ത്രണ്ടു വര്‍ഷം മുന്‍പ് കാണാതായ തിരുവനന്തപുരം കല്ലറ പാങ്ങോട് പഴവിള സ്വദേശി ശ്യാമില കൊല്ലപ്പെട്ടതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന തുടങ്ങിയത്. മലപ്പുറത്ത് ഹോം നേഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് ശ്യാമിലയെ കാണാതായത്.
◾വ്യവസായിയില്‍ നിന്ന് തട്ടിയെടുത്ത ഒന്നരക്കോടിയുമായി കേരളത്തിലേക്ക് മുങ്ങിയ മലയാളി യുവാക്കളെ തിരുനെല്‍വേലി പോലീസ് പിടികൂടി. സിനിമാ സ്റ്റൈലിലുള്ള ചെയ്സിനൊടുവിലാണ് ചാലക്കുടി സ്വദേശികളായ പ്രതികളെ പിടികൂടിയത്. ഫെബിന്‍ സാജു (26), എഡ്വിന്‍ തോമസ് എന്നിവരെയാണ് പിടികൂടിയത്. നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച യുവാക്കളുടെ വാഹനം റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിന്നതോടെയാണ് പിടികൂടാനായത്.
◾മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് കോളേജ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. റാഗിങിന് ഇരയായെന്നാണ് പ്ലസ് ടു വിദ്യാര്‍ഥികളായ ടി സ്വാലിഹ്, സി അസ്ലം എന്നിവര്‍ പറയുന്നത്.
◾ബ്രിജ് ഭൂഷണെതിരെ നല്‍കിയത് വ്യാജ പീഡന പരാതിയെന്ന് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടാത്ത മകളോട് നീതി പൂര്‍വമല്ല ബ്രിജ് ഭൂഷണ്‍ ഇടപെട്ടത്. ഇതിന് പ്രതികാരമായാണ് വ്യാജപരാതി നല്‍കിയതെന്നും പിതാവ് വെളിപ്പെടുത്തി.
◾അഞ്ചു വര്‍ഷത്തിനകം ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം ഏഴര ലക്ഷം കോടി രൂപയുടേതാണെന്നും നാലര കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
◾പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മൂന്നാമത്തെ പുനരുജ്ജീവന പാക്കേജ് നല്‍കുന്നതോടെ ബി.എസ്.എല്‍.എല്ലിന്റെ മൂലധനം ഒന്നര ലക്ഷം കോടി രൂപയില്‍നിന്ന് 2.10 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.
◾രണ്ടായിരം രൂപ നോട്ടുകളില്‍ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് 20 ദിവസത്തിനകമാണ് 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്.
◾ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 145 സ്ത്രീ തീര്‍ഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്റെ എല്ലാ നിര്‍ണായക ഫ്ളൈറ്റ് ഓപ്പറേഷന്‍ റോളുകളും നിര്‍വഹിച്ചത് വനിതകളായിരുന്നു.
◾കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. മറ്റു രണ്ടു പേര്‍ക്കു പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.സിദ്ധി ജില്ലയിലെ ബാരം ബാബ ഗ്രാമപഞ്ചായത്തിനു സമീപമാണ് അപകടമുണ്ടായത്.
◾ഇറ്റലിയിലെ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടി ചരിത്രത്തില്‍ ഇടം നേടി വനിതാ സഭാംഗം ഗില്‍ഡ സ്പോര്‍ട്ടീല്ലോ. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്താണു മുലയൂട്ടിയത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍.
◾ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിള്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. 29 റണ്‍സോടെ അജിങ്ക്യാ രഹാനെയും അഞ്ച് റണ്ണുമായി ശ്രീകര്‍ ഭരതുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. 48 റണ്‍സെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നേരത്തെ 327 ന് 3 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിന്നാലെ 469ന് ഓള്‍ ഔട്ടാവുകയായിരുന്നു.
◾ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരും നാഷണല്‍ പേയേമെന്റ് കോര്‍പ്പറേഷനും ചേര്‍ന്ന് 2021ല്‍ അവതരിപ്പിച്ച ഇ-റുപ്പി വൗച്ചര്‍ ഇനി ബാങ്ക്-ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. നിലവില്‍ പൊതു-സ്വകാര്യ ബാങ്കുകളാണ് ഈ ഡിജിറ്റല്‍ വൗച്ചര്‍ ലഭ്യമാക്കുന്നത്. കറന്‍സിരഹിതമായ ഡിജിറ്റല്‍ വൗച്ചറാണ് ഇ-റുപ്പി. ക്യു.ആര്‍ കോഡ് അല്ലെങ്കില്‍ എസ്.എം.എസ് ആയാണ് ലഭിക്കുക. നിലവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഇത് ഉപയോഗിക്കുന്നത്. ചില കമ്പനികളും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇ-റുപ്പി വൗച്ചര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇനി മുതല്‍ ബാങ്ക്-ഇതര സ്ഥാപനങ്ങളില്‍ നിന്നും ഇവ നേടാം. വ്യക്തികള്‍ക്കും ഇവ പ്രയോജനപ്പെടുത്താം. സാധാരണ വൗച്ചര്‍ പോലെ ഇവ മറ്റുള്ളവര്‍ക്കും കൈമാറാം. മൊബൈല്‍ഫോണില്‍ ക്യു.ആര്‍ കോഡ് ആയോ എസ്.എം.എസ് ആയോ ആകും ഇ-റുപ്പി ലഭിക്കുക. കോണ്ടാക്ട്‌ലെസ് ആയി തന്നെ ലളിതമായി ഇത്തരത്തില്‍ പണം കൈമാറാം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പ്, ബാങ്ക് എക്കൗണ്ട് എന്നിവ ആവശ്യമില്ല.
◾നന്ദമുറി ബാലകൃഷ്ണ നായകനാവുന്ന അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഭഗവന്ത് കേസരി' എന്നാണ്. ബാലയ്യയുടെ കരിയറിലെ 108-ാം ചിത്രമാണിത്. ടൈറ്റില്‍ പോസ്റ്ററില്‍ ബാലയ്യയുടെ നായക കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. സ്ഥിരം മാസ് ആക്ഷന്‍ പരിവേഷത്തിലാണ് ഭഗവന്ത് കേസരിയിലും അദ്ദേഹം എത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സുപ്രീം, എഫ് 3 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനില്‍ രവിപുഡി. സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐ ഡോണ്‍ട് കെയര്‍ എന്നാണ് ടൈറ്റില്‍ പോസ്റ്ററിലെ ടാഗ് ലൈന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക. ബ്രൌണ്‍ നിറത്തിലുള്ള കുര്‍ത്തയും ഫോര്‍മല്‍ പാന്റ്സുമാണ് ടൈറ്റില്‍ പോസ്റ്ററിലെ ബാലയ്യയുടെ വേഷം. എല്ലാ ചിത്രങ്ങളിലെയും പോലെ കൈയില്‍ ഒരു ആയുധവും പിടിച്ചിട്ടുണ്ട് അദ്ദേഹം. കാജല്‍ അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം അര്‍ജുന്‍ രാംപാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ടോളിവുഡ് അരങ്ങേറ്റമാണ് ഇത്.
◾രാമായണത്തെ ആസ്പദമാക്കിയുള്ള പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 16ന് സിനിമ തിയറ്ററില്‍ എത്തും. ഇതിനിടെ രാമയണവുമായി ബന്ധപ്പെടുത്തി ഒരുങ്ങുന്ന മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'രാമായണം' എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് വിവരം. ചിത്രത്തില്‍ ആലിയ ഭട്ട് ആണ് നായിക കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്. രണ്‍ബിര്‍ ആണ് രാമനാകുന്നത്. ചിലപ്പോള്‍ രാവണനായി എത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം യാഷ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. യാഷുമായി ചര്‍ച്ച നടക്കുക ആണെന്നാണ് വിവരം. നേരത്തെ സായ് പല്ലവി ആകും ചിത്രത്തില്‍ സീത ആകുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മഹേഷ് ബാബു, ഹൃത്വിക് റോഷന്‍, ദീപിക പദുക്കോണ്‍, യാഷ് തുടങ്ങിയ പ്രമുഖരെയും ചിത്രത്തിനായി സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. സീതയുടെ വേഷം ചെയ്യാന്‍ ആദ്യം ദീപിക പദുക്കോണിനെ സമീപിച്ചതായും രാവണന്റെ വേഷത്തിനായി ഹൃത്വിക് റോഷനെയും സമീപിച്ചിരുന്നുവെന്നും വിവരമുണ്ട്.
◾2023 മെയ് മാസത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൊത്തം 61,415 വാഹനങ്ങള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. 2022 മെയ് മാസത്തെ കണക്കുകളേക്കാള്‍ 14 ശതമാനം വളര്‍ച്ച. ഇതില്‍ 32,883 എണ്ണം മഹീന്ദ്രയുടെ എസ്യുവി മോഡലുകളാണ്. ഥാര്‍, എക്സ്യുവി700, സ്‌കോര്‍പ്പിയോ ക്ലാസിക്ക്, സ്‌കോര്‍പ്പിയോ എന്‍, ബൊലേറോ എന്നിവ മികച്ച വില്‍പ്പന നേടി. മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍, എക്‌സ്യുവി700 എന്നിവ ഫീച്ചറുകളുടെയും സ്‌പെസിഫിക്കേഷന്റെയും കാര്യത്തില്‍ വളരെയധികം സമാനതകള്‍ പങ്കിടുന്നു. രണ്ടിന്റെയും വില ഏതാണ്ട് സമാനമായ ശ്രേണിയിലാണ്. മഹീന്ദ്രയുടെ മൊത്തം കയറ്റുമതി കഴിഞ്ഞ മാസം 2,616 യൂണിറ്റായിരുന്നു. 2022 മെയ് മാസത്തിലെ 2,028 യൂണിറ്റില്‍ നിന്ന് 29% വര്‍ധിച്ചു. കാര്‍ഷിക ഉപകരണ മേഖലയില്‍, മൊത്തം ട്രാക്ടര്‍ വില്‍പ്പന 35,722 യൂണിറ്റില്‍ നിന്ന് നാല് ശതമാനം കുറഞ്ഞ് 34,126 യൂണിറ്റിലെത്തി. അതേസമയം ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന 3 ശതമാനം ഇടിഞ്ഞ് 33,113 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ ഇത് 34,153 യൂണിറ്റായിരുന്നു.
◾മഹാ സങ്കടല്‍ നീന്തി കടക്കുവാന്‍ വിവിധ വഴികള്‍ തേടി അലയുന്ന മനുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകതയും ശൂന്യതയും ആവിഷ്‌ക്കരിക്കുകയാണ് അപരിചിതന്‍ എന്ന നോവല്‍. എവിടെ നിന്നോ വന്നു തന്റെ കര്‍മ്മ ഫലങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന മനുഷ്യന്റെ മാറാദുഃഖവും തമസ്സില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പലായ നമാണ് ഒരു ചെറിയ സമയത്തെ പ്രകൃതിയില്‍ മനുഷ്യജീവിതമെന്ന് ഓര്‍മ്മപ്പെടുത്തുന്ന കൃതി. 'അപരിചിതന്‍'. ടി.വി രാംദാസ്. കറന്റ് ബുക്സ് തൃശൂര്‍. വില 128 രൂപ.
◾നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് നേന്ത്രപ്പഴം. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്ന് തുടങ്ങി നമ്മുടെ ശരീരത്തിന് വേണ്ട ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നേന്ത്രപ്പഴം ഉത്തമം തന്നെ. ഇത് നിങ്ങളുടെ ദഹനത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തുന്നു. അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ നിന്നുള്ള ആസിഡ് റിഫ്‌ളക്‌സ് വളരെ കുറവാണ്. അതിനാല്‍ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചതിന് ശേഷം വേണം നേന്ത്രപ്പഴം കഴിക്കാന്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്, കൂടാതെ നിങ്ങളുടെ മാനസികാവസ്ഥ മികച്ചതാക്കാനും ഇവ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും. ദിവസം ഒരു ഏത്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താം. നേന്ത്രപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിളര്‍ച്ച തടയാനും കണ്ണിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനുമൊക്കെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നേന്ത്രപ്പഴം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
*ശുഭദിനം*