◾സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരുടേയും വകുപ്പു മേധാവികളുടേയും ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പും മുന്‍ഗണന നിശ്ചയിക്കണം. പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതിലാണ് കല. വായ്പാ വിഹിതം വെട്ടിക്കുറച്ചതിനെക്കുറിച്ചു കേന്ദ്രത്തോടു വീണ്ടും വിശദീകരണം തേടും. പദ്ധതികളും ക്ഷേമ പെന്‍ഷനും മുടങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹയര്‍സെക്കന്‍ഡറി പ്രവേശനം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകള്‍ കൂടി കണക്കാക്കി ഹയര്‍ സെക്കന്‍ഡറിയില്‍ സീറ്റുകള്‍ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
◾മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് എഐ ക്യാമറയില്‍ ഇന്നലെ കുടുങ്ങിയത് 49,317 പേര്‍. അര്‍ദ്ധരാത്രി മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള കണക്കാണിത്. കൂടുതല്‍ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8,454 പേരാണ് നിയമം ലംഘിച്ചത്. കുറവ് ആലപ്പുഴയിലാണ്- 1252 നിയമലംഘനങ്ങള്‍.
◾എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘകര്‍ക്കു പിഴ ചുമത്തി നോട്ടീസ് അയക്കുന്നതു മുടങ്ങി. നിയമലംഘന വിവരം ആദ്യം കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ പരിവാഹന്‍ സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തിയശേഷമേ നോട്ടീസയക്കാനാവൂ. ഉച്ചമുതല്‍ സെര്‍വര്‍ തകരാറിലായതോടെ വാഹന്‍ പരിവാഹനിലേക്കു വിവരങ്ങള്‍ ചേര്‍ക്കാനായില്ല.
◾സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഇന്നും നാളേയും അടച്ചിടും '2018' സിനിമ ഒടിടിയില്‍ നേരത്തെ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തിയേറ്ററുകള്‍ അടച്ചിടുന്നത്.
◾കേരളത്തില്‍ അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റും സഹിതമുള്ള മഴയ്ക്കു സാധ്യത. തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ബിപോര്‍ജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്കോട്ടു സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറും.
◾ബ്രോയിലര്‍ ഇറച്ചി കോഴിക്കു റിക്കാര്‍ഡ് വില. കിലോയ്ക്ക് 250 രൂപ. ഭീമമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 14 നു വില്‍പ്പന നിര്‍ത്തിവച്ചു സമരം നടത്തുമെന്ന് ഇറച്ചിക്കോഴി വ്യാപാരികള്‍ അറിയിച്ചു.
◾മഹാരാജസ് കോളജിലെ പിജി വിദ്യാര്‍ത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് തിരുത്തി. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയത്. തിരുത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തിട്ടില്ല.
◾എഴുതാത്ത പരീക്ഷ ജയിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയില്‍ പ്രവേശിക്കാനാകുമായിരുന്നില്ല. പരീക്ഷാ ദിവസങ്ങളില്‍ തിരുവനന്തപുരത്തായിരുന്നു. ജയിച്ചത് എങ്ങനെയാണെന്നു പരീക്ഷ കണ്‍ട്രോളര്‍ക്കേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
◾സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ആപ്പ് 'ഈറ്റ് റൈറ്റ്' യാഥാര്‍ത്ഥ്യമാകുന്നു. ഗുണനിലവാരമുള്ള ഹോട്ടലുകളുടെ വിവരവും ലൊക്കേഷനും ഉള്‍പെടുന്ന ഈ ആപ്പില്‍ 1600 ഹോട്ടലുകളാണ് തുടക്കത്തില്‍ ഇടം നേടിയിട്ടുള്ളത്. ഓഡിറ്റിംഗ് നടത്തി കൂടൂതല്‍ സ്ഥാപനങ്ങളെ ആപില്‍ ഉള്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ ആപ്പിലൂടെ അറിയിക്കാനും കഴിയും.
◾കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കണിച്ചാര്‍ വില്ലേജില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ പ്രത്യേക ദുരന്തമായി കണക്കാക്കി വീടു നഷ്ടപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തില്‍ അനുവദിച്ചത് പോലെ വീടുകള്‍ക്ക് നാശനഷ്ടം നല്‍കും. പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നടക്കം ആകെ നാലു ലക്ഷം രൂപ നല്‍കും.
◾തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജും തിരുവനന്തപുരം ഗവണ്‍മെന്റ് ഡെന്റല്‍ കോളേജും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിംഗില്‍ മികച്ച സ്ഥാനങ്ങള്‍ നേടി. തിരുവന്തപുരം മെഡിക്കല്‍ കോളജ് നാല്‍പത്തിനാലാം സ്ഥാനത്തും ഡെന്റല്‍ കോളജ് 25 ാം സ്ഥാനത്തുമാണ്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെടുന്നത്.
◾കേരളത്തിലെ 42 കോളജുകള്‍ രാജ്യത്തെ ഇരുന്നൂറ് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടം പിടിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എന്‍ഐആര്‍എഫ് റാങ്കിംഗില്‍ മികച്ച കോളജുകളുടെ ആദ്യത്തെ നൂറു റാങ്കില്‍ സംസ്ഥാനത്തെ 14 കോളജുകള്‍ ഇടം പിടിച്ചു.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി നാളെ യാത്ര തിരിക്കും. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 10 ന് രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ 9/ 11 മെമ്മോറിയല്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ജൂണ്‍ 11 ന് മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ ചേരുന്ന ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
◾കെഎസ്ആര്‍ടിസിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന പുന:ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏര്‍പ്പെടുത്തിയ പുരസ്‌കാരം. സ്പെയിനിലെ ബാര്‍സലോണയിലെ പൊതുഗതാഗത ഉച്ചകോടിയില്‍ കെഎസ്ആര്‍ടിസി സിഎംഡിയും സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
◾ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അംഗീകാരം തടഞ്ഞതിനാല്‍ കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നഷ്ടപ്പെടുന്ന 450 എംബിബിഎസ് സീറ്റുകളും 11 മെഡിക്കല്‍ പിജി സീറ്റുകളും വീണ്ടെടുക്കാന്‍ ഇടപെടുമെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍. സീറ്റ് പുനസ്ഥാപിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്നു മൂന്നു സ്വാശ്രയ മെഡിക്കല്‍ കോളേജുകളും അറിയിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍ലസര്‍ പറഞ്ഞു.
◾കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടന വേണ്ടത്ര കൂടിയാലോചന നടത്താതെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡിനെ വിവരം അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകേണ്ട സമയമാണിത്. വയനാട് ചേര്‍ന്ന ക്യാമ്പില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
◾എല്ലാ രാജ്യങ്ങളിലും നിയമം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമം നടപ്പാക്കുന്നത് ജനങ്ങളെ പിഴിഞ്ഞു ഖജനാവു നിറയ്ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. എഐ അഴിമതി ക്യാമറയില്‍ ആദ്യം ദിനം 38,520 ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുകയും ജനങ്ങളില്‍നിന്ന് നാലു കോടി രൂപയോളം രൂപ പിരിച്ചെടുക്കാന്‍ നോട്ടീസയക്കുകയും ചെയ്തു. ആവശ്യത്തിന് ട്രാഫിക് സിഗ്നലുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിക്കാതെയാണ് ഈ നടപടിയെന്നും കെ.സുധാകരന്‍.
◾അപ്പര്‍ കോടയാര്‍ വനത്തിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്. ദൗത്യം പൂര്‍ത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങിപ്പോയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. കുതിരവെട്ടി ഗസ്റ്റ് ഹൗസിലാണ് ഉദ്യോഗസ്ഥര്‍ തുടരുന്നത്.
◾എക്സൈസ് കമ്മീഷണറായി എഡിജിപി മഹിപാല്‍ യാദവിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. മഹിപാല്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു.
◾ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി സന്ദീപ് നായരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു.
◾രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഡെപ്യൂട്ടേഷനില്‍ ഒരു പിഎയെയും ഡ്രൈവറെയുമാണ് അനുവദിച്ചിരുന്നത്. എംപി സ്ഥാനം നഷ്ടമായതോടെയാണ് രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാന്‍ പൊതുഭരണ വകുപ്പ് ഉത്തരവിട്ടത്.
◾സമസ്ത- സിഐസി തര്‍ക്കം തീരുന്നു. തര്‍ക്ക പരിഹാര ഫോര്‍മുല സെനറ്റ് യോഗത്തില്‍ അവതരിപ്പിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ സെനറ്റ് അംഗീകരിച്ചു. സെനറ്റ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സമസ്ത ചര്‍ച്ച ചെയ്യുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
◾അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുന്ന കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
◾അമല്‍ജ്യോതി കോളജിലെ പ്രശ്നം പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സഹകരണ മന്ത്രി വിഎന്‍ വാസവനും കോളേജിലെത്തി അധികൃതരുമായി ഇന്ന് ചര്‍ച്ച നടത്തും. സാങ്കേതിക സര്‍വകലാശാലയില്‍നിന്നു രണ്ടംഗ അന്വേഷണ കമ്മീഷനും കോളേജിലെത്തി തെളിവെടുപ്പ് നടത്തും.
◾അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥി സമരത്തിനു പിന്നില്‍ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമര്‍ശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ശ്രദ്ധ 16 തിയറി പേപ്പറുകളില്‍ 13 എണ്ണത്തിലും തോറ്റിരുന്നു. ലാബില്‍ ഫോണ്‍ ഉപയോഗിച്ചതിനാലാണ് ഫോണ്‍ പിടിച്ചു വച്ചത്. ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നു. സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചിട്ടും സംസാരിക്കാന്‍ ശ്രദ്ധ തയാറായില്ലെന്നും രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.
◾പാലക്കാട് വടക്കഞ്ചേരി ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടറെയും ജീവനക്കാരെയും മര്‍ദിച്ചതിനു രോഗിയുടെ കൂടെ എത്തിയയാളെ അറസ്റ്റു ചെയ്തു. പന്നിയങ്കര അമ്പലപറമ്പ് സ്വദേശി അജീഷിനെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
◾റേഡിയോ ജോക്കി രാജേഷ് വധകേസിലെ മുഖ്യസാക്ഷി കുട്ടന്‍ കൂറുമാറി. രാജേഷിനെ വെട്ടുന്നത് കണ്ടെന്ന മൊഴിയാണു അക്രമത്തില്‍ പരിക്കേറ്റിരുന്ന കുട്ടന്‍ മാറ്റിയത്. പ്രതികള്‍ മുഖം മറച്ചതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണു ഇപ്പോള്‍ കോടതിയില്‍ മൊഴി നല്‍കിയത്.
◾മൂന്നാറില്‍ പത്തൊമ്പതാം തവണയും പലചരക്ക് കടക്കു നേരെ ഒറ്റയാന്‍ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതില്‍ ഒറ്റയാനായ പടയപ്പ തകര്‍ത്തു.
◾മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിംഗ് നിര്‍ത്തിവയ്പിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയശേഷമേ സര്‍വീസ് ആരംഭിക്കാവൂവെന്ന് മൂന്നാര്‍ പൊലീസ് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ബോട്ടില്‍ വെള്ളം കയറിയതിനാലാണ് നടപടി.
◾വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതികളില്‍ ബിജെപി എംപിയും റസലിംഗ് ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ഇതുവരെ ഇരുന്നൂറോളം പേരില്‍നിന്നു മൊഴിയെടുത്തു. പോലീസ് ഇന്നോ നാളെയോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
◾മണിപ്പൂരില്‍ വീണ്ടും കലാപം. 11 സ്‌കൂളുകളും 15 പള്ളികളുംകൂടി കത്തിച്ചു. ഗോത്രവര്‍ഗക്കാരുടെ മേഖലകളില്‍ മെയ്തെയ് വിഭാഗക്കാരാണ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റേയും പോലീസിന്റേയും പിന്തുണയോടെയാണു കലാപം തുടരുന്നതെന്നാണ് ആരോപണം.
◾ഇന്ത്യയിലെ 40 കോടി രൂപ വരുമാനത്തിന്റെ നികുതി അടച്ചിട്ടില്ലെന്നു ബിബിസിക്കെതിരേ റിപ്പോര്‍ട്ട്. പിഴയും പലിശയും ബിബിസി അടക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ മോദി വിരുദ്ധ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിനു പിറകേ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ റെയ്ഡ് നടത്തിയിരുന്നു.
◾ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്നു മുതല്‍. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് മത്സരം. ഇന്നലെ പരിശീലനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈവിരലിന് പരിക്കേറ്റിരുന്നു. എന്നാല്‍ രോഹിത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ആരംഭിക്കും.
◾യു.പി.ഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി രാജ്യത്തെ പ്രമുഖ ബാങ്കുകള്‍. എന്‍.പി.സി.ഐ 2016 ല്‍ യു.പി.ഐ അവതരിപ്പിച്ചതു മുതല്‍ ഇതു വഴിയുള്ള പണമിടപാടുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസത്തില്‍ മാത്രം 14.89 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു. ഇപ്പോള്‍ എച്ച്.ഡി.എഫ്.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐസി തുടങ്ങിയ ബാങ്കുകള്‍ യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്. എന്‍.പി.സി.ഐയുടെ നിര്‍ദേശ പ്രകാരം നിലവില്‍ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാല്‍ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ട്. പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എന്‍.പി.സി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശ പ്രകാരം ഒരു വ്യക്തിക്ക് പരമാവധി 20 ഇടപാടുകളാണ് നടത്താനാകുക. വീണ്ടുമൊരിടപാട് നടത്തണമെങ്കില്‍ 24 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും. ഇതിലും വിവിധ ബാങ്കുകള്‍ക്ക് അനുസരിച്ച് വ്യത്യാസമുണ്ട്. യു.പി.ഐ ആപ്പുകള്‍യു.പി.ഐ ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും നിയന്ത്രണമുണ്ട്. വിവിധ യു.പി.ഐ ആപ്ലിക്കേഷനുകളും ബാങ്ക് ആപ്പുകളും വഴി ഒരു ദിവസം 10 ഇടപാടുകള്‍ മാത്രമാണ് നടത്താനാകുക. യു.പി.ഐ ആപ്ലിക്കേഷനുകള്‍ വഴി ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ജി-പേ വഴി ആരെങ്കിലും 2,000 രൂപയോ അതില്‍ കൂടുതലോ തുക അഭ്യര്‍ത്ഥിച്ചാല്‍ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോണ്‍ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറില്‍ പുതിയ ഉപയോക്താക്കള്‍ക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.
◾ഷംന കാസീമിന്റെ, സൂപ്പര്‍ ഹിറ്റ് തെലുങ്ക് ഹൊറര്‍ ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ 'ബ്രഹ്‌മരാക്ഷസി' ഉടന്‍ കേരളത്തിലെ തീയേറ്ററിലെത്തുന്നു. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പന്നറായല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഗ്രാഫിക്‌സിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന വ്യത്യസ്തമായൊരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. ഗുരുദേവന്‍ ഫിലിംസും, അലന്‍ മെഗാ മീഡിയയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം, തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ശേഷമാണ് കേരളത്തിലെത്തുന്നത്. സമ്പന്ന കുടുംബത്തോട് പ്രതികാരം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് ഷംന കാസീം എത്തുന്നത്. സ്വന്തം മകളിലൂടെ പ്രതികാരത്തിന് തുടക്കം കുറിക്കുന്ന ഇവര്‍ കുടുംബത്തെ ഞെട്ടിച്ചു കൊണ്ട് പിന്നീട് നേരിട്ടെത്തുന്നു. ഷംനകാസിം മികച്ച പ്രകടനം നടത്തിയ ചിത്രമാണിത്.
◾ശക്തിമാന്‍ സിനിമയാകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് നടന്‍ മുകേഷ് ഖന്ന. തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ ഇന്റര്‍നാഷണലിലെ വീഡിയോയിലൂടെയാണ് മുകേഷ് അപ്‌ഡേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ''കരാര്‍ ഒപ്പിട്ടു. വളരെ വലിയ രീതിയിലായിരിക്കും ഈ ചിത്രം നിങ്ങളിലേക്കെത്തുക. 200-300 കോടി രൂപ ചെലവിലായിരിക്കും ചിത്രമെത്തുക. സ്‌പൈഡര്‍മാന്‍ പോലെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച സോണി പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശക്തിമാന്റെ ഗെറ്റപ്പില്‍ ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ല. ഒരു താരതമ്യവും വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അത് നിര്‍ത്തുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞാന്‍ തീര്‍ച്ചയായും സിനിമയുമായി ബന്ധപ്പെട്ടിരിക്കും. ഇതൊരു ഇന്റര്‍നാഷ്ണല്‍ സിനിമയായിരിക്കുമെന്ന് മനസിലാക്കുക''- മുകേഷ് പറഞ്ഞു. അധികം വൈകാതെ തന്നെ താരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ മസെരാട്ടി എംസി20 സ്‌പോര്‍ട്‌സ് കാറിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിലെ ഉപഭോക്താവിന് കൈമാറി. രണ്ട് സീറ്റുകളുള്ള മോഡല്‍ മാര്‍ച്ച് അവസാനത്തോടെ ഇവിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 3.69 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ എക്സ്-ഷോറൂം വില. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ അനുസരിച്ച് ഇത് വര്‍ദ്ധിക്കും. എംസി 12 സ്‌പോര്‍ട്‌സ് കാറിന്റെ പിന്‍ഗാമിയായി പുതിയ മോഡലിനെ കണക്കാക്കാം. 630 കുതിരശക്തിയും 730 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന മസെരാട്ടി എഞ്ചിനീയര്‍മാര്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത മൂന്ന് ലിറ്റര്‍, മിഡ്-മൗണ്ടഡ് വി6 എഞ്ചിനാണ് മസെരാട്ടി എംസി 20ല്‍ ഉള്ളത്. 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. അത് പിന്‍ ചക്രങ്ങളിലേക്ക് മാത്രം പവര്‍ കൈമാറുന്നു. മൂന്ന് സെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ കാര്‍ പൂജ്യം മുതല്‍ 100 കിമീ/മണിക്കൂര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 325 കിലോമീറ്ററിലധികം വേഗതയുണ്ട് ഈ കാറിന്. എംസി 20 ന് 100 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് 33 മീറ്ററില്‍ താഴെയായി നിശ്ചലമാകും.
◾ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകള്‍ ഓര്‍മ്മിച്ചെടുക്കുന്ന നോവലാണ് 'ഇസ്താംബുളിലെ ഹറാംപിറപ്പുകള്‍'. വേദനാജനകമായ ഭൂതകാലവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് തുര്‍ക്കി-അര്‍മേനിയന്‍ കുടുംബങ്ങളുടെ ഈ കഥ, തുര്‍ക്കിയുടെയും അര്‍മേനിയയുടെയും സങ്കരചരിത്രമാണ്. അപ്രതീക്ഷിതമായി തന്റെ വേരുകള്‍ തേടി ഇസ്താംബുള്‍ നഗരത്തിലേക്ക് എത്തുന്ന അര്‍മനുഷ് എന്ന പെണ്‍കുട്ടി, ആ നഗരത്തിന്റെ നിറങ്ങളിലും മണങ്ങളിലും ശബ്ദങ്ങളിലും മനോഹരവും സമ്പന്നവും ഉദ്വേഗജനകവുമായ ഒരു ഓര്‍മ്മപ്പെയ്ത്താണ് കാണുന്നത്. അതിമനോഹരമായ കഥാതന്തുവിനൊപ്പം ഇഴചേര്‍ന്നുപോകുന്ന രുചിക്കൂട്ടാണ് ഇവിടെ ചരിത്രം. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന അര്‍മേനിയന്‍ വംശഹത്യയുടെ സ്ത്രീ വിചാരണകൂടിയാണ് ഈ നോവല്‍. എലിഫ് ഷഫാക്ക്. വിവര്‍ത്തനം: ഇന്ദു രമ വാസുദേവന്‍. ഡിസി ബുക്സ്. വില 427 രൂപ.
◾മലയാളികള്‍ അധികവും വെളിച്ചെണ്ണയിലാണ് പാചകം ചെയ്യുന്നത്. മിക്ക വിഭവങ്ങളിലും നമ്മള്‍ ചേര്‍ക്കുന്നത് വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ദോഷമാണെന്നും അതേസമയം വെളിച്ചെണ്ണ നല്ലതാണെന്ന് വാദിക്കുന്നവരുമുണ്ട്. സത്യത്തില്‍ വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കാരണം ഇതുകൊണ്ട് ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ട്. ശരീരത്തിലെ കൊളസ്ട്രോള്‍ നില നിയന്തിക്കുന്നതിനും ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായകമായിട്ടുള്ള ലോറിക് ആസിഡ് 50 ശതമാനത്തോളം വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിനാണ് മെച്ചമായി വരിക. ദഹനം സുഗമമാക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കും. അതിനാല്‍ തന്നെ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പ് അടിയുന്നത് തടയാനും ഇത് സഹായിക്കുന്നു. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും യോജിച്ച കുക്കിംഗ് ഓയിലാണിത്. നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലുള്ള ലോറിക് ആസിഡ്, പോളിഫിനോള്‍സ് എന്നിവയാണിതിന് സഹായകമാകുന്നത്. പ്രമേഹമുള്ളവര്‍ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം ഇത് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെളിച്ചെണ്ണ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ട പല പോഷകങ്ങളുടെയും സ്രോതസാണ്. വൈറ്റമിന്‍-ഇ, വൈറ്റമിന്‍-കെ, അയേണ്‍ തുടങ്ങിയവ ഇതിനുദാഹരണമാണ്. ഇവയെല്ലാം തന്നെ നമുക്ക് പല ശരീരധര്‍മ്മങ്ങള്‍ക്കും ഉപയോഗപ്പെടുന്നവയാണ്.
*ശുഭദിനം*
അവന്‍ കുതിരകളുടെ പരിശീലനം കാണാന്‍ എത്തിയതാണ്. അവന്റെ സംശയങ്ങള്‍ ഓരോന്നും പരിശീലകന്‍ തീര്‍ക്കുന്നുണ്ട്. വേഗം കുറഞ്ഞ കുതിരയാണോ, വേഗം കൂടിയ കുതിരയാണോ നല്ലത്? വേഗം കൂടിയ കുതിര. പരിശീലകന്‍ മറുപടി നല്‍കി. കാരണം എന്താണ്? പത്തിരട്ടികൂടുതല്‍ വേഗം ഉത്പാദിപ്പിക്കാനുളള ശക്തി വേഗത്തിലോടുന്ന കുതിര നേടിയെടുക്കുന്നുണ്ട്. ഉടനെ അടുത്ത ചോദ്യം വന്നു. കുതിര തെറ്റായ ദിശയിലാണ് ഓടുന്നതെങ്കിലോ? വേഗം കുറഞ്ഞ കുതിരയേക്കാള്‍ പത്തിരട്ടി വേഗത്തില്‍ അതിന്റെ ശ്രമങ്ങള്‍ പാഴാകും. മറ്റുകുതിരകളും അതിനെ പിന്തുടര്‍ന്നാല്‍ എന്ത് ചെയ്യും? അവരും തെറ്റായ വഴിയിലെത്തും. പിന്നെന്തിനാണ് എല്ലാവരും വേഗത്തിലോടുന്ന കുതിരയെ പിന്തുടരുന്നത്? വേഗത്തില്‍ ലക്ഷ്യത്തിലെത്താനുള്ള അതിന്റെ കഴിവ് മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. അവന്‍ തന്റെ അവസാന ചോദ്യം ചോദിച്ചു: ഓരോ കുതിരയും ശ്രദ്ധിക്കേണ്ട കാര്യമെന്താണ്? പരിശീലകന്റെ ഉത്തരവും പെട്ടന്ന് തന്നെ വന്നു: സ്വന്തമായ വേഗവും ദൂരവും കണ്ടെത്തുക. അതെ, ഓരോന്നിനും അതിന്റതായ വേഗമുണ്ട്. ഒച്ചിന്റെ വേഗമല്ല ഒട്ടകത്തിന്, പുലിയുടെ വേഗമല്ല പരുന്തിന്. ജീവിതം മന്ദഗതിയിലാണെങ്കില്‍ സഞ്ചരിക്കുന്ന ലക്ഷ്യത്തിനും സ്വന്തം ശേഷിക്കുമനുസരിച്ച് വേഗം കൂട്ടണം. എന്നാല്‍ അമിതവേഗവും അപടകരമാണ്. അരമണിക്കൂര്‍ മുമ്പ് എവിടെയെങ്കിലും എത്തിയാല്‍ പോരാ.. എത്തേണ്ടിടത്തു തന്നെ എത്തണം. തന്റെ ഉത്തമവേഗം കണ്ടെത്തുക എന്നതാണ് യാത്ര സന്തോഷകരവും സംതൃപ്തവുമാകാന്‍ നാം സ്വീകരിക്കേണ്ട മാര്‍ഗ്ഗം. എന്നാല്‍ യാത്രയില്‍ എവിടെയങ്കിലും വഴിമാറിയെന്നറിഞ്ഞാല്‍ അപ്പോള്‍ അവിടെ വെച്ചെടുക്കുന്ന യുടേണിനും വേഗം കൂട്ടാന്‍ നമുക്ക് സാധിക്കട്ടെ - *ശുഭദിനം.*