*_പ്രഭാത വാർത്തകൾ_*```2023 | ജൂൺ 6 | ചൊവ്വ | 1198 | എടവം 23 | പൂരാടം```

◾എ ഐ ക്യാമറ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. കാമറകള്‍ രേഖപ്പെടുത്തിയ രാത്രിയിലെ നിയമലംഘനങ്ങളുടെ കണക്ക് ഇതിനു പുറമേയാണ്. നിയമലംഘനങ്ങളില്‍ ഇന്നു നോട്ടീസ് അയക്കും. പതിനാലു ദിവസത്തിനകം പിഴയടയ്ക്കണം. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കേസ് കോടതിക്കു കൈമാറും. പതിനഞ്ച് ദിവസത്തിനകം അപ്പീല്‍ നല്‍കാം. 726 കാമറകളില്‍ 692 എണ്ണമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. കാമറ സ്ഥാപിച്ച ആദ്യദിവസം നാലര ലക്ഷം നിയമലംഘനങ്ങളാണു കണ്ടെത്തിയത്. കാമറ ഉദ്ഘാടനം ചെയ്ത ദിവസം രണ്ടേമുക്കാല്‍ ലക്ഷവും രണ്ടു ദിവസം മമ്പ് 1.93 ലക്ഷം നിയമലംഘനങ്ങളും കാമറകള്‍ കണ്ടെത്തിയിരുന്നു.

◾അരിക്കൊമ്പന്റെ ആരോഗ്യനില മോശമായതിനാല്‍ ഉടന്‍ തുറന്നു വിടില്ലെന്നു തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചു. ആവശ്യമെങ്കില്‍ രണ്ടു ദിവസം കോതയാര്‍ എത്തിച്ചു ചികിത്സ നല്‍കും. അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടു എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. അതുവരെ ആനയെ സൂക്ഷിയ്ക്കണമെന്ന് ഇന്നലെ കോടതി തമിഴ്നാട് വനംവകുപ്പിനോടു നിര്‍ദേശിച്ചിരുന്നു.

◾കെ ഫോണ്‍ ജനകീയ ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ഫോണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ് ബാന്‍ഡ് കണക്ഷനാണ് കെ ഫോണ്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചതു കേരളം മാത്രമാണ്. വാഗ്ദാനം നടപ്പാക്കുക ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ജോലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾കെ ഫോണ്‍ താരിഫ് നിരക്കുകള്‍ പുറത്തുവിട്ടു. ആറു മാസത്തേക്കുള്ള ഒമ്പതു പ്ലാനുകളുടെ താരിഫാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തില്‍ മൂവായിരം ജിബി ഡാറ്റയ്ക്ക് മാസം 299 രൂപ നിരക്കില്‍ ആറു മാസത്തേക്ക് 1,794 രൂപ. 30 എംബിപിഎസിനാണെങ്കില്‍ മാസം 349 രൂപ നിരക്കില്‍ 2,094 രൂപയാണു നിരക്ക്.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്ത മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി. അപേക്ഷ നിരസിക്കുക വഴി കുഴിയാനയെ അരിക്കൊമ്പനാക്കാന്‍ ശ്രമിക്കരുതെന്നു പരാമര്‍ശിച്ചുകൊണ്ടാണ് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കേസ് മാറ്റിയത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട ലോകായുക്ത നടപടിക്കെതിരായ പരാതിക്കാരനായ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കുന്നതിനാലാണു കേസ് മാറ്റിവച്ചത്.

◾മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എല്‍. സുഷമയെ നിയമിച്ചു. എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സി.ടി. അരവിന്ദകുമാറിനു നല്‍കി. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍നിന്നാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്. ശ്രീ ശങ്കാരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ.

◾അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയതോടെ ഇന്ന് കേരളത്തില്‍ മഴ കനത്തേക്കും. വടക്ക്-വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമാകും.

◾കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചത് അര്‍ധരാത്രി വാട്സ്ആപിലൂടെയാണെന്ന് എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാന്‍. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിര്‍ദേശം നടപ്പായില്ല. ഈ പുനഃസംഘടന ജനാധിപത്യ പാര്‍ട്ടിക്കു യോജിച്ചതല്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചെന്ന് എം.എം ഹസന്‍.

◾ട്രെയിനില്‍ തീ കത്തിക്കാന്‍ ശ്രമിച്ച മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കൊയിലാണ്ടി കഴിഞ്ഞപ്പോഴായിരുന്നു സംഭവം. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു സംശയമുണ്ട്.

◾സംസ്ഥാനത്തെ സ്‌കൂളുകളെ മാലിന്യമുക്ത ക്യാമ്പസുകളാക്കുമെന്ന് ലോകപരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിജ്ഞ. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിച്ചു.

◾റോഡ് കാമറകള്‍ക്കെതിരേ കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണയും നടത്തി. കാമറകള്‍ സ്ഥാപിച്ചിരിക്കുന്നതിനു നൂറു മീറ്റര്‍ അകലെ മൂന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്.

◾കാമുകിയുടെ ഭര്‍ത്താവിനെയും നാലു വര്‍ഷത്തിനുശേഷം കാമുകിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) ആണ് മരിച്ചത്. കാമുകി സൗജത്തിന്റെ ഭര്‍ത്താവ് സവാദിനെ 2018 ലും കഴിഞ്ഞ നവംബറില്‍ സൗജത്തിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

◾നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാവില്ലെന്നു ഹൈക്കോടതി. തന്റെ നഗ്‌ന ശരീരത്തില്‍ മക്കളെകൊണ്ടു ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണം. സമൂഹത്തിന്റെ ധാര്‍മികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരേ കുറ്റം ചുമത്തി വിചാരണ നടത്താനാവില്ലെന്നും കോടതി.

◾വീടിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ രണ്ടായിരം രൂപ കോഴ വാങ്ങിയ തൃശൂര്‍ കോര്‍പറേഷനിലെ റവന്യൂ ഇന്‍സ്പെക്ടര്‍ കെ നാദിര്‍ഷയെ വിജിലന്‍സ് അറസ്റ്റു ചെയ്തു. പനമുക്ക് സ്വദേശി സന്ദീപിന്റെ കൈയില്‍നിന്നാണു കോഴ വാങ്ങിയത്.

◾അരിക്കൊമ്പനെ തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് എത്തിക്കുന്നതിനെതിരേ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ കളക്കാട് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.  

◾തിരുവനന്തപുരം ആര്യശാലയില്‍ തീപിടുത്തം. കെമിക്കല്‍ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്.

◾കാസര്‍കോട് ഉദുമ പാലക്കുന്ന് പുഴയില്‍ 15 വയസുകാരന്‍ മുങ്ങി മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകന്‍ റാഷിദ് ആണ് മരിച്ചത്. കൂട്ടുകാരുമൊന്നിച്ചു കുളിക്കുന്നതിനിടെയാണ് അപകടം.

◾കോഴിക്കോട് വെള്ളയില്‍ 74 കാരിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. അയല്‍വാസിയായ രാജനെ കസ്റ്റഡിയിലെടുത്തു.

◾വയനാട്ടില്‍ സസ്പെന്‍ഷനിലായ അംഗന്‍വാടി ടീച്ചര്‍ തൂങ്ങി മരിച്ചു. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയാണ് ജീവനൊടുക്കിയത്. ജലജയും അംഗന്‍വാടിയിലെ സഹപ്രവര്‍ത്തകയും തമ്മില്‍ വഴക്കുണ്ടായതിന്റെ പേരില്‍ ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

◾കണ്ണൂരില്‍ മോഷണ ശ്രമം ചെറുത്ത ലോറി ഡ്രൈവര്‍ ജിന്റോയെ കുത്തിക്കൊന്ന രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി സ്വദേശി അല്‍ത്താഫ്, കതിരൂര്‍ സ്വദേശി ഷബീര്‍ എന്നിവരാണ് പിടിയിലായത്.

◾ഇടപ്പള്ളിയിലെ ഹോട്ടലില്‍ പാലക്കാട് തിരുനെല്ലായി സ്വദേശിനി ലിന്‍സിയെ (26) കൊലപ്പെടുത്തിയതിനു ഒപ്പം താമസിച്ചിരുന്ന വാടാനപ്പിള്ളി തൃത്തല്ലൂര്‍ സ്വദേശി ജെസില്‍ ജലീലിനെ (36) അറസ്റ്റു ചെയ്തു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് അടിച്ചു വീഴ്ത്തിയും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്.

◾എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വര്‍ഷം തടവ്. പുളിങ്ങോം പാലാന്തടം സ്വദേശി രമേശനെ (32) യാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആര്‍. രാജേഷ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും വിധിച്ചു.

◾എറണാകുളം വടക്കന്‍ പറവൂരില്‍ വീടു വാടകയ്ക്കെടുത്ത് ലഹരിവില്പന നടത്തിയ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. 20 കിലോ കഞ്ചാവു സഹിതം വൈപ്പിന്‍ നായരമ്പലം സ്വദേശി ജോസ്, ഭാര്യ ജയ, സുഹൃത്ത് കളമശ്ശേരി സ്വദേശി ജഗന്‍ എന്നിവരാണ് പിടിയിലായത്.

◾തൃശൂരില്‍ 7.34 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എരുമപ്പെട്ടി സ്വദേശി അമീര്‍ (25), കാണിപ്പയ്യൂര്‍ സ്വദേശി സുബിന്‍ (28) എന്നിവരെയാണ് പിടികൂടിയത്.

◾എം.എഡി.എം.എയും ത്രാസുമായി യുവാവിനെ പൊലീസ് പിടികൂടി. കമ്പളക്കാട് സ്വദേശിയായ മുണ്ടോളന്‍ വീട്ടില്‍ അര്‍ഷല്‍ അമീന്‍ (26) ആണ് പിടിയിലായത്.

◾ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍നിന്നു പട്ടാപ്പകല്‍ ഓട്ടുരുളി ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ മോഷ്ടിച്ച നാലംഗ സംഘത്തെ പിടികൂടി. മുട്ടം മണിണ്ഠന്‍ (27), ഇയാളുടെ സഹോദരന്‍ കണ്ണന്‍ (37), മണ്ണാര്‍ക്കാട് ഷെമീര്‍ (31), വെങ്ങല്ലൂര്‍ അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്. മദ്യപിക്കാനുള്ള പണത്തിനായാണു മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു..

◾നീതി കിട്ടാന്‍ തടസമാണെങ്കില്‍ ജോലി രാജിവയ്ക്കുമെന്ന് ഗുസ്തി താരം സാക്ഷി മാലിക്. റെയില്‍വേയിലെ ജോലി കാണിച്ച് പേടിപ്പിക്കരുതെന്നും സാക്ഷി മാലിക് പറഞ്ഞു. ബ്രിജ് ഭൂഷണെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി അമിത്ഷായെ കണ്ടതിനു പിറകേ സാക്ഷി മാലിക് അടക്കമുള്ള ഗുസ്തി താരങ്ങള്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. വിനേഷ് ഫോഗട്ടും, ബജ്റംഗ് പൂനിയയും ജോലിക്കു കയറിയെങ്കിലും സമരം തുടരുമെന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് പറഞ്ഞു.

◾വിദേശകാര്യ മന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില്‍ തീപിടുത്തം. ജവഹര്‍ലാല്‍ നെഹ്റു ഭവനിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാം നിലയിലെ ബി സെക്ഷനിലുള്ള സെര്‍വര്‍ റൂമിലാണ് തീപിടിച്ചത്.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തു ഹിന്ദു - മുസ്ലീം വര്‍ഗീയത പറഞ്ഞ് വെറുപ്പിന്റെ മെഗാ മാള്‍ തുറന്നിരിക്കുകയാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങള്‍ രാഹുലിന് ദഹിക്കുന്നില്ലെന്നും നദ്ദ വിമര്‍ശിച്ചു.

◾ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ മമത ബാനര്‍ജി എത്തിയിരുന്നു. ആശുപത്രികളില്‍ കഴിയുന്ന പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

◾ബിഹാറിലെ ഭഗല്‍പൂരില്‍ ഗംഗാനധിക്കു കുറുകേ പണിതുകൊണ്ടിരിക്കുന്ന പാലം തകര്‍ന്നു വീണതല്ല, തകര്‍ത്തതാണെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. രൂപകല്‍പനയില്‍ ഗുരുതര പിഴവു കണ്ടെത്തിയതിനാലാണ് 1,700 കോടി രൂപ മടക്കി നിര്‍മിക്കുന്ന പാലം തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.

◾ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ഇന്റര്‍ബ്രാന്‍ഡ് 2023ലെ ഇന്ത്യയിലെ മൂല്യമേറിയ 50 ബ്രാന്‍ഡുകളുടെ പട്ടിക പുറത്തുവിട്ടു. ലിസ്റ്റുചെയ്ത ബ്രാന്‍ഡുകളുടെ സഞ്ചിത മൂല്യം ആദ്യമായി 100 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. പ്രമുഖ ടെക്നോളജി ബ്രാന്‍ഡായ ജിയോ, 490,273 ദശലക്ഷം രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി അഞ്ചാം സ്ഥാനത്തെത്തി. 10,95,766 ദശലക്ഷം രൂപയുടെ മൂല്യമുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 653,208 ദശലക്ഷം രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദശകത്തില്‍ 121% വളര്‍ച്ച കമ്പനി കൈവരിച്ചു. 53,323 കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്താണ്. എച്ച്.ഡി.എഫ്.സിയാണ് നാലാം സഥാനത്ത്. മൂന്ന് ടെക്നോളജി ബ്രാന്‍ഡുകള്‍ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംനേടിയത്. എയര്‍ടെല്‍, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍, മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ എന്നിവയാണ് ആദ്യ പത്ത് പേരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച മറ്റ് ബ്രാന്‍ഡുകള്‍. മികച്ച പത്ത് ബ്രാന്‍ഡുകളുടെ ക്യുമുലേറ്റീവ് ബ്രാന്‍ഡ് മൂല്യം പട്ടികയിലെ ശേഷിക്കുന്ന 40 ബ്രാന്‍ഡുകളുടെ സംയുക്ത മൂല്യത്തേക്കാള്‍ കൂടുതലാണ്.

◾മൂന്നാം ബോളിവുഡ് അങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്. അക്ഷയ് കുമാര്‍ നായകനാകുന്ന 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുണ്ട്. താരത്തിന്റെ കഥാപാത്രത്തിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കബീര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന നേരത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. എഐ, റോബോട്ടിക്‌സ്, ഡ്രോണ്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് എത്തുക. ആക്ഷന്‍ വിഭാഗത്തിലൊരുക്കുന്ന ചിത്രത്തില്‍ ടൈഗര്‍ ഷെറോഫും പ്രധാന വേഷത്തിലെത്തും. അലി അബ്ബാസ് സഫറാണ് സംവിധാനം. അടുത്ത വര്‍ഷം ഈദ് റിലീസായാകും ചിത്രം തിയേറ്ററില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1998ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ സിനിമ ബഡേ മിയാന്‍ ചോട്ടെ മിയാന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രമെന്നാണ് സൂചന. അതേസമയം, 'ആടുജീവിതം', 'സലാര്‍' എന്നീ ചിത്രങ്ങളാണ് ഇനി പൃഥ്വിരാജിന്റെതായി റിലീസിനൊരുങ്ങുന്നത്.

◾മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജൂണ്‍ പത്തിന് ചെന്നൈയില്‍ പാക്കപ്പ് ആകും. ഇപ്പോള്‍ പോണ്ടിച്ചേരിയില്‍ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ക്ളൈമാക്സില്‍ മറ്റൊരു വേഷപ്പകര്‍ച്ചയില്‍ മോഹന്‍ലാല്‍ എത്തുന്നതാണ് വാലിബന്റെ ഹൈലൈറ്റ്. ഈ വേഷത്തിലേക്ക് കമല്‍ഹാസനെയോ ഋഷഭ ഷെട്ടിയെയോ കൊണ്ടു വരാന്‍ അണിയറ പ്രവര്‍ത്തകര്‍ നീക്കം നടത്തിയെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ക്ളൈമാക്സില്‍ ആരാധകരെ ആവേശഭരിതരാക്കുന്ന വേഷപ്പകര്‍ച്ചയിലാണ് മോഹന്‍ലാല്‍ എത്തുക. എന്നാല്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തില്‍ എത്തുന്നില്ല. മറാത്തി നടി സൊണാലി കുല്‍കര്‍ണിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് വാലിബന്‍. ബംഗാളി അഭിനേത്രി കദ നന്ദി, മലയാളത്തില്‍നിന്ന് ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവുമുണ്ട്. ക്രിസ്മസ് റിലീസായി പ്ളാന്‍ ചെയ്യുന്ന വാലിബനിന്റെ ചിത്രീകരണം ജനുവരി പത്തിന് രാജസ്ഥാനിലാണ് ആരംഭിച്ചത്. പി.എസ്. റഫീഖിന്റേതതാണ് തിരക്കഥ.

◾ഇപ്പോഴിതാ ഒരു പുതിയ ഇലക്ട്രിക് കോംപാക്റ്റ് എസ്യുവി കൂടി ഉപയോഗിച്ച് ഇന്ത്യയിലെ ഇവി ഉല്‍പ്പന്ന ശ്രേണി കൂടുതല്‍ വിപുലീകരിക്കാന്‍ എംജി ലക്ഷ്യമിടുന്നു. ചൈനീസ് വിപണിയില്‍ അടുത്തിടെ അരങ്ങേറ്റം കുറിച്ച റീബാഡ്ജ് ചെയ്ത 'ബയോജുന്‍ യെപ് ഇവി' ആയിരിക്കും ഇത്. ഈ മോഡല്‍ 2025ല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എംജിയില്‍ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് ഓഫറായിരുന്നു എം ജി കോമറ്റ് ഇവി. കോമറ്റ് ഇവിക്ക് സമാനമായി, ഗ്ലോബല്‍ സ്മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമിന് അടിവരയിടുന്നതാണ് ബയോജുന്‍ യെപ്. ബയോജുന്‍ യെപ് കോംപാക്റ്റ് ഇലക്ട്രിക് എസ്യുവിയുടെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ 28.1കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ഫോസ്ഫേറ്റ് ബാറ്ററിയും 68ബിഎച്പി, ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്നു. ഇതിന് 303 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കോമറ്റ് ഇവിയില്‍ നിന്ന് വ്യത്യസ്തമായി, യെപ്പിന്റെ ബാറ്ററി പായ്ക്ക് ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 30 മുതല്‍ 80 ശതമാനത്തില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ 35 മിനിറ്റ് എടുക്കും. 8.5 മണിക്കൂറിനുള്ളില്‍ ബാറ്ററി 20 മുതല്‍ 80 ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ എസി ചാര്‍ജും ഉപയോഗിക്കാം. മാരുതി സുസുക്കി ജിംനിയുടെ എതിരാളിയായ എസ്യുവിയാണ് ചൈനയില്‍ അരങ്ങേറ്റം കുറിച്ച എംജി ഓള്‍-ഇലക്ട്രിക് ബയോജുന്‍ യെപ്പ്.  

എല്ലാ മനുഷ്യരിലും വ്യക്തിപ്രഭാവത്തിലേക്ക് എത്തിച്ചേരാനുള്ള വിത്തുകളുണ്ട്. ആ വിത്തുകളെ മുളപ്പിക്കാനും വളര്‍ത്താനും ചിലപ്പോള്‍ ദിശ മാറ്റാനും ഉള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ജീവിത വിജയം എന്നത് ഉന്നതസ്ഥാനമോ വലിയ ബിരുദങ്ങളോ മാത്രമല്ല, സമൂഹത്തിനും അവനവനും പ്രയോജനകരമായ വ്യക്തിയാവുന്നതും മനസമാധാനത്തോടെ ജീവിക്കാനാ കുന്നതും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പക്വത ആര്‍ജ്ജിക്കുന്നതും എല്ലാം ജീവിതവിജയമാണ്. അതിലേക്ക് എത്തുവാന്‍ ചില അറിവുകളും ഓര്‍മ്മ പ്പെടുത്തലുകളും ചില അനുവര്‍ത്തനങ്ങളും ആവശ്യമാണ്. അത്തരം അറിവിലേക്കാണ് ഈ പുസ്തകം വെളിച്ചം വീശുന്നത്. 28 വര്‍ഷത്തെ വിവിധ മേഖലകളിലെ ട്രെയിനിംഗ് രംഗത്തെ പരിചയവും ഈ മേഖലയിലെ അക്കാഡമിക് പഠനങ്ങളും, പല നിരീക്ഷണങ്ങളും വിവിധ ഗ്രന്ഥാന്വേഷണങ്ങളും ചേര്‍ത്താണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. 'വ്യക്തി വ്യക്തിത്വം വ്യക്തിപ്രഭാവം'. പേളി ജോസ്. കറന്റ് ബുക്സ് തൃശൂര്‍. വില 214 രൂപ.

◾നാല്‍പതുകള്‍ പിന്നിട്ട സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്വാഭാവിക ഹൃദയാഘാതമാണ് സ്പൊണ്ടേനിയസ് കൊറോണറി ആര്‍ട്ടറി ഡിസ്സക്ഷന്‍ അഥവാ സ്‌കാഡ്. രക്തക്കുഴലിന് മുറിവുണ്ടാകുന്നത് മൂലം ഹൃദയമിടിപ്പ് താളംതെറ്റാനും പെട്ടെന്നുള്ള മരണം സംഭവിക്കാനും ഇടയാകും. രക്തധമനികളുടെ മൂന്ന് പാളികളില്‍ ഏതെങ്കിലും ഒരു പാളിയില്‍ പൊട്ടലുണ്ടാകുമ്പോള്‍ രക്തപ്രവാഹം സാവധാനത്തിലാകുകയും പൊട്ടലിനിടയിലൂടെ രക്തമൊഴുകി പാളികള്‍ക്കിടയില്‍ കട്ടപിടിക്കുകയോ ചെയ്യും. ഇതൊരു മുഴ പോലെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി ഹൃദയാഘാതത്തിന് കാരണമാകും. സാധാരണ ഹൃദയാഘാതത്തെ പോലെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നതും വെല്ലുവിളിയാണ്. നെഞ്ചുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അമിതമായി വിയര്‍ക്കുക, കാലുകളിലും താടിയിലും വേദന, ക്ഷീണം, ഓക്കാനം, തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകളെല്ലാം സ്‌കാഡിന്റെ ലക്ഷണങ്ങളാണ്. രക്തധമനികളുടെ ഭിത്തിയില്‍ ഉണ്ടാകുന്ന അസാധാരണ കോശ വളര്‍ച്ച മൂലമുണ്ടാകുന്ന ഫൈബ്രോമാസ്‌കുലാര്‍ ഡിസ്പ്ലാസിയ എന്ന അവസ്ഥയും സ്‌കാഡുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ഒരിക്കല്‍ വന്നവര്‍ക്ക് സ്‌കാഡ് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. അതുകൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുളള അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കണം.

*ശുഭദിനം*

ആ നാട്ടില്‍ അവനെ ആര്‍ക്കും ഇഷ്ടമല്ല. കാരണം എപ്പോഴും അവന്റെ മുഖത്ത് വലിയ ഗൗരവമാണ്. അതുകൊണ്ട് തന്നെ അവനോട് ആരും കൂട്ടുകൂടാറുമില്ല. ഒരു ദിവസം അവന്റെ വീടിനടുത്തുളള മരത്തെ ഓലകൊണ്ട് മറച്ചിരിക്കുന്നത് കണ്ട് അവന്റെ അമ്മാവന്‍ കാരണമന്വേഷിച്ചു. അവന്‍ പറഞ്ഞു: ആ മരത്തിന് കണ്ണുകള്‍ പോലെ രണ്ടു പൊത്തുണ്ട്. അത് കണ്ടാല്‍ മരം നമ്മെളെ ദേഷ്യത്തോടെ നോക്കുകയാണെന്നേ തോന്നൂ. അമ്മാവന്‍ ഓല മാറ്റി നോക്കി. ശരിയാണ്. ആ മരത്തില്‍ കണ്ണുകള്‍ പോലെ വലിയ രണ്ട് പൊത്ത്. പുരികം പോലെ ഒരു ചുള്ളിക്കമ്പ് അതിനു മുകളില്‍ വീണുകിടക്കുന്നുമുണ്ട്. അതോടെ മരത്തിന് ഒരു ക്രൂരഭാവം.. അമ്മാവന്‍ ആ ചുള്ളിക്കമ്പെടുത്ത് തലകുത്തനെ വെച്ചു. ഇപ്പോള്‍ നോക്കുമ്പോള്‍ മരത്തിന്റെ ഭാവം തന്നെ മാറി! മരം ഇപ്പോള്‍ സന്തോഷത്തോടെ നില്‍ക്കുകയാണെന്നേ തോന്നൂ.. അമ്മാവന്‍ അവനോട് പറഞ്ഞു: എത്ര എളുപ്പത്തിലാണ് മരത്തിന്റെ മുഖഭാവം മാറിയത്. ഇതുപോലെ തന്നെയാണ് നമ്മുടെ കാര്യവും. നമ്മെ എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ പെരുമാറ്റത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതി... നമ്മുടെ ജീവിത സാഹചര്യങ്ങള്‍ പലപ്പോഴും പലവിധ ടെന്‍ഷനുകള്‍ പകര്‍ന്നുതരാറുണ്ട്. പലപ്പോഴും ചിരി ഒരു മരുന്നാണ്. മറ്റുള്ളവര്‍ക്ക് സന്തോഷം തോന്നാനും സ്വയം ആ സന്തോഷം അനുഭവിക്കാനും ചിരി നമുക്ക് വരമായി സ്വീകരിക്കാം - *ശുഭദിനം.*