*പ്രഭാത വാർത്തകൾ_*```2023 | ജൂൺ 4 | ഞായറാഴ്ച | 1198 | എടവം 21 | തൃക്കേട്ട```

◾ഒഡിഷയിലെ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 1,176 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. 382 പേര്‍ ചികില്‍സയില്‍ തുടരുകയാണ്.

◾ട്രെയിന്‍ ദുരന്ത പ്രദേശം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനാജനകം, വാക്കുകളില്ലെന്നു നരേന്ദ്ര മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലത്തും പരിക്കേറ്റവര്‍ ചികില്‍സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

◾ഒഡിഷ ട്രെയിന്‍ ദുരന്തത്തിനു കാരണം ഷാലിമാര്‍ - ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റി ഗുഡ്സ് ട്രെയിനില്‍ ഇടിച്ചുകയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തെറ്റായ സിഗ്നല്‍ ലഭിച്ചതിനാലാകാം കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാന്‍ കാരണമെന്നാണ് നിഗമനം.

◾ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമായ 'കവച്' ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ ഇല്ലാതിരുന്നെന്നു റിപ്പോര്‍ട്ട്. ട്രെയിനുകളുടെ യാത്ര ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകള്‍ക്കു ലഭ്യമാക്കാനും സഹായിക്കുന്ന സംവിധാനമാണ് 'കവച്'.

◾എഐ കാമറകളുടെ കൂട്ടവേട്ട നാളെ മുതല്‍. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കു ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കുമെന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

◾റോഡ് കാമറകള്‍ക്കു മുന്നില്‍ നാളെ പ്രതിഷേധ സമരം നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ്. കാമറകള്‍ക്കു നൂറു മീറ്റര്‍ അകലെ അപായ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാമറകള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ വൈകുന്നേരം അഞ്ചിനു പ്രതിഷേധിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

◾കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനസംഘടനയെച്ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മില്‍ കലഹം. കൂടിയാലോചനയില്ലാതെയാണ് 197 ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കി. ഉപസമിതി തീര്‍പ്പാക്കിയ പേരുകള്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്വന്തം നിലയില്‍ വെട്ടിത്തിരുത്തിയെന്നാണു പരാതി.

◾കെ-ഫോണ്‍ ഉദ്ഘാടനം നാളെ. ആദ്യഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരു മണ്ഡലത്തില്‍ നൂറു വീടുകള്‍ക്ക് എന്ന തോതില്‍ 14,000 വീടുകള്‍ക്കുമാണു കണക് ഷന്‍ നല്‍കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കമുള്ള 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം. നാളെ വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അഴിമതി ആരോപിച്ച പ്രതിപക്ഷം ഉദ്ഘാടന ചടങ്ങു ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

◾പ്രീ പ്രൈമറി, പ്രൈമറി വിദ്യാലയങ്ങളെ കൂടുതല്‍ ആധുനികവത്ക്കരിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണന്തല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച വര്‍ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  

◾ബ്രഹ്‌മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി കൊച്ചി കോര്‍പറേഷന്‍. സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും വിലക്കിയിരിക്കേയാണ് അനുമതി തേടിയിരിക്കുന്നത്. ഇതേസമയം, മാലിന്യ നീക്കം പരാജയപ്പെട്ടിരിക്കേ, മാലിന്യം നീക്കം ചെയ്യാന്‍ കൂടുതല്‍ സ്വകാര്യ കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.

◾ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ തീവയ്പു കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിക്കടി ഉണ്ടാകുന്ന തീവയ്പ് ദുരൂഹമാണെന്നും സുധാകരന്‍.

◾മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍. ഇറച്ചി കടയില്‍ എല്ലിന്‍ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ അപമാനകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിന്. സര്‍ക്കാര്‍ അനുവദിച്ച കമ്മീഷന്‍ യഥാസമയം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സൂചനാ സമരം നടത്തും.

◾കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചു. കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് സവാദ് ഇന്നലെ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിനു പിറകേയാണ് സ്വീകരണം ഒരുക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ യുവതി ഒരുക്കിയ കെണിയാണെന്നാണ് മെന്‍സ് അസോസിയേഷന്റെ ആരോപണം.

◾കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ചു ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ പീഡനത്തിന് ഇരയായ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തെളിവില്ലെന്നു പറഞ്ഞാണ് അഞ്ചു പേരേയും തിരിച്ചെടുത്തത്.

◾വിദേശത്തേക്കു പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 500 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഏഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ പ്രദീപാണ് അറസ്റ്റിലായത്.

◾പുനലൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സന്തോഷ് (44) ആണ് മരിച്ചത്. കൊലക്കേസില്‍ നിതിന്‍, സജികുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

◾വയനാട്ടില്‍ ഇടിമിന്നലേറ്റു യുവതി മരിച്ചു. അലക്കി ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെ മിന്നലേറ്റ മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്.

◾മഞ്ചേശ്വരത്ത് ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. കളായിയിലെ പ്രഭാകര നോണ്ട (40)യാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ജയറാം നോണ്ടയെ പോലീസ് തെരയുന്നു.

◾കൊല്ലം കടയ്ക്കലില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾കൊല്ലം ആയൂര്‍ വഞ്ചിപ്പെട്ടിയില്‍ കാറുമായി കൂട്ടിയിടിച്ച് പെട്രോള്‍ നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഏറെ സമയം ഗതാഗതം തടസപ്പെട്ടു.

◾ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്തു വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍ കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തേണ്ടിയിരുന്ന ഗോവ- മുംബൈ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനം മാറ്റിവച്ചു. ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം മാറ്റിയത്. ഇതേസമയം, ആഡംബര ട്രെയിനുകളായ വന്ദേഭാരത് ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുന്ന പ്രധാനമന്ത്രി റെയില്‍വേയില്‍ അടിസ്ഥാന സുരക്ഷാ സംവിധാനം സജ്ജമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നു പ്രതിപക്ഷം.

◾ട്രെയിന്‍ ദുരന്തത്തില്‍ കണ്ടെടുത്ത മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്. മൃതദേഹങ്ങള്‍ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ശ്രീനിവാസ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചത്.

◾ഒഡിഷ ട്രെയിന്‍ ദുരന്തംമൂലം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. എന്നാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.

◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരേ പോലീസ് എടുത്ത എഫ്ഐആറിനു പിറകേ, സാക്ഷി മൊഴികളും പുറത്ത്. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന ലൈംഗിക ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴികളാണു പുറത്തുവന്നത്. ഏപ്രില്‍ 28 നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍ ഒളിമ്പ്യന്‍ അടക്കം 125 സാക്ഷികളുടെ മൊഴിയുണ്ടായിട്ടും മോദി സര്‍ക്കാരും പോലീസും ലൈംഗിക പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.

◾കല്യാണത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പടണമെന്ന ആവശ്യം നിരസിച്ച കാമുകിയെ കൊല്ലാന്‍ ശ്രമിച്ച കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ സബര്‍ബന്‍ ബാന്ദ്രയില്‍ നിരവധി പേര്‍ നോക്കി നില്‍ക്കെയാണ് ആക്രമണം. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 കാരനായ ആകാശ് മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

◾ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ അബ്ദുള്ളയും സൗദിയിലെ ആര്‍ക്കിടെക്ടായ റാജ്വ അല്‍ സെയ്ഫും തമ്മില്‍ വിവാഹിതരായി. ആഡംബര വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

◾മാഞ്ചസ്റ്റര്‍ സിറ്റിക്ക് എഫ്.എ. കപ്പ് ഫുട്‌ബോള്‍ കിരീടം. ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ 2-1 ന് കീഴടക്കിയാണ് സിറ്റി കിരീടമുയര്‍ത്തിയത്. 2022 -23 ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ സിറ്റിക്ക് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ കൂടി കീഴടക്കിയാല്‍ ഈ സീസണിലെ ഹാട്രിക്ക് കിരീടം നേടാം..

◾യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകളില്‍ പുത്തന്‍ റെക്കോഡ്. മേയില്‍ ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ആദ്യമായാണ് ഒരുമാസം ഇടപാടുകള്‍ 900 കോടി കടക്കുന്നത്. ഏപ്രിലിലെ 889.81 കോടി ഇടപാടുകളുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. മാര്‍ച്ചില്‍ 868.53 കോടിയും ഫെബ്രുവരിയില്‍ 753.34 കോടിയുമായിരുന്നു. മേയില്‍ യു.പി.ഐ വഴി കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തുക 14.89 ലക്ഷം കോടി രൂപയാണ്. ഇതും റെക്കോഡാണ്. മാര്‍ച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. ഏപ്രിലില്‍ മൂല്യം 14.07 ലക്ഷം കോടി രൂപയായിരുന്നു. 2022 മേയിലെ ഇടപാടുകളെ അപേക്ഷിച്ച് കഴിഞ്ഞമാസം മൂല്യം 58 ശതമാനവും എണ്ണം 43 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. 2022 മേയില്‍ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞമാസത്തെ അവസാന 10 ദിവസങ്ങളിലായി മാത്രം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്ന് എന്‍.പി.സി.ഐ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലാകെ 8,376 കോടി ഇടപാടുകള്‍ യു.പി.ഐ വഴി നടന്നു; ഇടപാട് മൂല്യം 139 ലക്ഷം കോടി രൂപ. 2021-22ല്‍ ഇടപാടുകള്‍ 4,597 കോടിയും മൂല്യം 84 ലക്ഷം കോടി രൂപയുമായിരുന്നു.

◾ജനപ്രിയ ഫിലിം 'ട്രാന്‍സ്‌ഫോര്‍മേഴ്‌സ്' ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. 'ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: റൈസ് ഓഫ് ദി ബീറ്റ്സി'ന്റെ ട്രെയിലര്‍ ആണ് പുറത്തുവന്നിരിക്കുന്നത്. 'ട്രാന്‍സ്‌ഫോര്‍മേഴ്‌സ്' ഫ്രാഞ്ചൈസിയുടെ ഏഴാം ഭാഗവും 2018-ല്‍ പുറത്തിറങ്ങിയ ബംബിള്‍ബീ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയുമാണിത്. ഫ്രാഞ്ചൈസിക്ക് ഒരു പുതിയ ട്വിസ്റ്റില്‍, ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: റൈസ് ഓഫ് ദി ബീറ്റ്സ് സിനിമയുടെ പ്രധാന എതിരാളിയായി യൂണിക്രോണിനെ അവതരിപ്പിക്കും. ചാവോസിന്റെ പ്രഭു എന്നറിയപ്പെടുന്ന യുണിക്രോണ്‍, ഗ്രഹങ്ങളെ വിഴുങ്ങുകയും ട്രാന്‍സ്ഫോര്‍മറുകളുടെ നിലനില്‍പ്പിന് കാര്യമായ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ഒരു ഭീമാകാരമായ സ്ഥാപനമാണ്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ് സീരിസിലെ ഏറ്റവും പുതിയ ഇന്‍സ്റ്റാള്‍മെന്റ് ഓട്ടോബോട്ടുകളുടെ സഖ്യകക്ഷികളായ മാക്‌സിമലുകള്‍ ഉള്‍പ്പെടെയുള്ള പുതിയ പ്രതീകങ്ങളും അവതരിപ്പിക്കും. ജൂണ്‍ 9ന് കേരളത്തില്‍ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.

◾ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചാട്ടുളി'. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍. അട്ടപ്പാടിയില്‍ ചാട്ടുളിടയുടെ ചിത്രീകരണം പൂര്‍ത്തിയായി. 'ചാട്ടൂളി' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാല്‍, ജസ്റ്റിന്‍ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു. നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവരാണ് 'ചാട്ടുളി' എന്ന ചിത്രം നിര്‍മിക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിലാണ് 'ചാട്ടൂളി' എന്ന ചിത്രത്തിന്റെ നിര്‍മാണം. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ആന്റണി പോളുമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

◾ഹീറോ മോട്ടോകോര്‍പ്പ് ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയമായ ഉല്‍പ്പന്നങ്ങളിലൊന്നാണ് അടുത്തിടെ ഒരു അപ്‌ഡേറ്റ് ലഭിച്ച ഹീറോ എച്ച്എഫ് ഡീലക്‌സ്. പുതിയ 2023 ഹീറോ എച്ച്എഫ് ഡീലക്‌സ് കിക്ക്-സ്റ്റാര്‍ട്ട്, സെല്‍ഫ്-സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വരുന്നു . ഇവയ്ക്ക് യഥാക്രമം 60,760 രൂപയും 66,408 രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ഇത്തവണ നിങ്ങള്‍ക്ക് ഹീറോ എച്ച്എഫ് ഡീലക്‌സിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പും ലഭിക്കും. സ്‌പോര്‍ട്ടി ഓള്‍-ബ്ലാക്ക് തീം ഫീച്ചര്‍ ചെയ്യുന്ന പുതിയ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ കമ്പനി ചേര്‍ത്തിട്ടുണ്ട്. കറുത്ത ഹെഡ്‌ലാമ്പ് കൗള്‍, ഫ്യുവല്‍ ടാങ്ക്, ലെഗ് ഗാര്‍ഡ്, എന്‍ജിന്‍, അലോയ് വീലുകള്‍, ഗ്രാബ് റെയിലുകള്‍, എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവ പുതിയ പതിപ്പിലുണ്ട്. ബൈക്കിലെ എഞ്ചിന്‍ അതേപടി തുടരുന്നു. ബിഎസ്6 ഫേസ് 2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 97.2 സിസി, 4-സ്ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് പുതിയ 2023 ഹീറോ എച്ച് എഫ് ഡീലക്‌സ് വരുന്നത്. മോട്ടോര്‍ അതിന്റെ മൊത്തത്തിലുള്ള പ്രകടനവും ഇന്ധനക്ഷമതയും വര്‍ധിപ്പിച്ചുകൊണ്ട് 'എക്സ്സെന്‍സ്' ടെക്നോളജി' ഉപയോഗിച്ച് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്നോളജി പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഇത് പരമാവധി 8.02പിഎസ് കരുത്തും 8.05എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. നിലവിലെ അതേ നാല് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ജോലി ചെയ്യുന്നത്.

◾കേരളത്തിന്റെ നൂറു വര്‍ഷത്തെ സംഗീതചരിത്രമാണ് ഈ പുസ്തകം. പ്രാദേശികവും ഗോത്രപരവുമായ നമ്മുടെ സംഗീതപാരമ്പര്യത്തെ സംക്ഷിപ്തമായി അടയാളപ്പെടുത്തുന്നു ഈ ഗ്രന്ഥം. സംഗീത കേരളമെന്നത് ക്ഷേത്രകലയുമായും നടനകലയുമായും ബന്ധപ്പെട്ടിരിക്കുന്നു. സംഗീതത്തിന്റെ ഗോത്ര പാരമ്പര്യം ക്ലാസ്സിക്കല്‍ സംഗീതത്തില്‍ എങ്ങനെ ഉള്‍ചേര്‍ന്നിരിക്കുന്നു ലയിച്ചിരിക്കുന്നുവെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഭക്തിനിര്‍ഭരമായ സംഗീതത്തിന്റെ താളം ഇതിലുണ്ട്. സോപാനസംഗീതം, കര്‍ണാടിക് സംഗീതം, പോപ്പുലര്‍ സംഗീതം, രബീന്ദ്രസംഗീതം, റേഡിയോസംഗീതം, സിനിമനാടക സംഗീതം ഇവയൊക്കെ ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയമാണ്. സംഗീത വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനകരമാണ് ഈ ഗ്രന്ഥം. 'സംഗീതകേരളം'. രമേശ് ഗോപാലകൃഷ്ണന്‍. കറന്റ് ബുക്സ് കോട്ടയം. വില 140 രൂപ.

◾പതിവായി വ്യായാമം ചെയ്യുന്നത് 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുന്നത് രാത്രി നന്നായി ഉറങ്ങാന്‍ മാത്രമല്ല, ശരീരം ആരോഗ്യത്തോടെയിരിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്ന ഹോര്‍മോണുകളെ പുറത്തുവിടാന്‍ ഇതിലൂടെ കഴിയും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. ഇത് കൂടുതല്‍ ശാന്തമായ അവസ്ഥയിലേക്ക് നിങ്ങളെ നയിച്ചേക്കും. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉറക്കം അത്യാവശ്യമാണ്. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍, അസ്വസ്ഥതയും ക്ഷീണവും ഉത്കണ്ഠയും അനുഭവപ്പെടാം. ഉറക്കക്കുറവ് കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും, ഇത് സമ്മര്‍ദ്ദത്തിന് കാരണമാകും. അതിനാല്‍ രാത്രി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം നമ്മുടെ ശരീരത്തിന് മാത്രമല്ല, മനസ്സിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. മധുരമുള്ളതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ എന്നിവ പോലുള്ള വിവിധതരം ഭക്ഷണങ്ങള്‍ കഴിക്കുക. പലപ്പോഴും മൊബൈല്‍ ഫോണിന്റെയും മറ്റും അമിത ഉപയോഗം ആണ് ഉറക്കമില്ലായ്മയിലേയ്ക്കും മാനസിക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നത്. അതിനാല്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ മുതലായവ ഉപയോഗിക്കുന്ന ശീലം പരിമിതപ്പെടുത്തുക. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സാമൂഹിക പിന്തുണ സഹായകമാകും. വൈകാരിക പിന്തുണ നല്‍കുന്നതിനും ഒറ്റപ്പെടലിന്റെ വികാരങ്ങള്‍ കുറയ്ക്കുന്നതിനും സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സംസാരിക്കുക. ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് നെഗറ്റീവ് ചിന്തകള്‍ ഉപേക്ഷിക്കാനും സമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.

*ശുഭദിനം*

അന്ന് രാജാവിന്റെ മുറി വൃത്തിയാക്കിയപ്പോള്‍ ഭൃത്യന്റെ കയ്യില്‍ നിന്നും ഒരു പിഴവ് പറ്റി. രാജാവിന്റെ പ്രിയപ്പെട്ട സ്ഫടികപാത്രം താഴെ വീണ് പൊട്ടി. രാജാവ് ഇത് കണ്ടുപിടിച്ചെങ്കിലും ഭൃത്യന്‍ നുണപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. ദേഷ്യം വന്ന രാജാവ് ഭൃത്യനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. നിസ്സാരകാര്യത്തിന് രാജാവ് വധശിക്ഷ വിധിച്ചതില്‍ മന്ത്രിക്ക് നിരാശതോന്നി. മന്ത്രി അയാളെ രക്ഷപ്പെടുത്താന്‍ ആഗ്രഹിച്ചു. പിറ്റേന്ന് മന്ത്രി സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച നെല്‍ക്കതിരുകള്‍ കൊണ്ടുവന്ന് പറഞ്ഞു: ഇത് അന്യദേശത്തുനിന്ന് വന്ന ഗുരു കൊണ്ടുവന്നതാണ്. ഇത് വിതറിയാല്‍ സ്വര്‍ണ്ണക്കതിരുകള്‍ വിളയും. സന്തുഷ്ടനായ രാജാവ് പിറ്റേദിവസം പരിവാരങ്ങളുമായി എത്തി. മന്ത്രി പറഞ്ഞു: ഇതുവരെ ഒരു നുണപോലും പറയാത്ത ആള്‍വേണം ഇതു വിതയ്ക്കാന്‍. ആളുകള്‍ ഓരോരുത്തരായി പിന്മാറിയപ്പോള്‍ മന്ത്രി വിത്ത് രാജാവിനെ ഏല്‍പിച്ചു വിതച്ചുകൊള്ളാന്‍ പറഞ്ഞു. പക്ഷേ, രാജാവും ഇവിടെ നിസ്സഹായനായി. അത് അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിച്ചു. ഭൃത്യന്‍ വധശിക്ഷയില്‍ നിന്നും മുക്തനായി. എല്ലാ തെറ്റുകളും തിരുത്തപ്പെടേണ്ടതാണെങ്കിലും ശിക്ഷാര്‍ഹമാകണമെന്നില്ല. തെറ്റുകള്‍ പല രീതിയില്‍ സംഭവിക്കാം. അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ക്ക് പോലും കഠിനമായി ശിക്ഷിക്കപ്പെടാന്‍ തുടങ്ങിയാല്‍ ആത്മാര്‍ത്ഥതയോടെ കടമകള്‍ നിര്‍വ്വഹിക്കാന്‍ ആരും മെനക്കെടില്ല. ശരി ചെയ്യുമ്പോള്‍ ലഭിക്കുന്ന അഭിനന്ദനത്തേക്കാള്‍ അറിയാതെ തെററു പറ്റുമ്പോള്‍ ലഭിക്കുന്ന പിന്തുണയാണ് ഒരാളെ ആത്മധൈര്യത്തിന്റെ നെറുകയിലെത്തിക്കുന്നത്. തളര്‍ന്നുകിടക്കുമ്പോള്‍ താങ്ങാകാനുള്ള മനസ്സ് നമുക്കും ഉണ്ടാകട്ടെ - *ശുഭദിനം.*