ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 207 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍ - ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റി കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്കു മറിഞ്ഞു. പരിക്കേറ്റ അഞ്ഞൂറിലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
◾ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു പത്തു ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും ധനസഹായമായി നല്‍കുമെന്നു കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം പ്രകടിപ്പിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
◾കണ്ണൂരില്‍ ട്രെയിന്‍ കംപാര്‍ട്ടുമെന്റ് കത്തിച്ചത് ഭിക്ഷാടനം തടഞ്ഞതിലുള്ള വിരോധംമൂലമെന്ന് പ്രതി കൊല്‍ക്കത്ത സ്വദേശി പ്രസൂണ്‍ ജിത് സിക്ദര്‍. തന്നെ ഓടിച്ചുവിട്ട സുരക്ഷാ ജീവനക്കാരോടുള്ള വിരോധംമൂലമാണ് തീയിട്ടതെന്നാണ് നാല്‍പതുകാരനായ ഇയാള്‍ നല്‍കിയ മൊഴി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് സംഘം കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്തില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാള്‍ കുറച്ചുനള്‍ മുമ്പാണ് കേരളത്തിലെത്തിയതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാര്‍ ഗുപ്ത വിശദീകരിച്ചു.
◾സുപ്രീം കോടതി തടഞ്ഞ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന് കേന്ദ്ര നിയമ കമ്മീഷന്റെ ശുപാര്‍ശ. തടവു ശിക്ഷയുടെ കാലാവധി വര്‍ധിപ്പിക്കണം. കര്‍ശന വ്യവസ്ഥകളോടെ മാത്രമേ നിയമം നടപ്പാക്കാവൂവെന്നും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. സുപ്രീം കോടതി കഴിഞ്ഞവര്‍ഷം മെയില്‍ നിയമം താല്‍കാലികമായി മരവിപ്പിച്ചിരുന്നു.
◾മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷനിലെ ഒരു മാസത്തെ പെന്‍ഷന്‍ ഈ മാസം എട്ടു മുതല്‍ വിതരണം ചെയ്യും. 64 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
◾ആറാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നു പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരള തീരത്ത് ഒന്നേകാല്‍ മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകളുണ്ടാകുമെന്നു ജാഗ്രത നിര്‍ദ്ദേശം. കടലാക്രമണത്തിനും സാധ്യത.
◾മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം കോണ്‍ഗ്രസിന്റെ അനുഭവത്തില്‍നിന്നുള്ളതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്ലീം ലീഗാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി.
◾കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന യുവതിയുടെ പരാതി കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ഡിജിപിക്കു പരാതി നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ യുവതി കള്ളക്കെണി ഒരുക്കിയതാണെന്നാണ് പരാതി. പ്രതി സവാദ് ജയിലില്‍നിന്നു പുറത്തിറങ്ങിയാല്‍ സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ അറിയിച്ചു.
◾റബറിനു 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കേരള കര്‍ഷക സംഘം സമരത്തിന്. ആറാം തീയതി താമരശ്ശേരിയില്‍ സമരസായാഹ്നം സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷകസംഘം അറിയിച്ചു. തലശേരി ആര്‍ച്ച്ബിഷപ്പ് ഉന്നയിച്ച ആവശ്യം ഏറ്റെടുത്താണു സമരം.
◾കൊലക്കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ, തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട ജില്ലാ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടി. കൊല്ലം മൈലക്കാട് ജോസ് സഹായന്‍ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകളാണ് നശിപ്പിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ ഭാര്യ നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
◾പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന് സഹകരണവകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചു. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
◾പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മുന്‍ പ്രസിഡന്റ് കെ കെ എബ്രഹാം കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചു. ജയിലില്‍നിന്നാണ് കെപിസിസി പ്രസിഡന്റിനു രാജി കത്തയച്ചത്.
◾മലപ്പുറം പുളിക്കലില്‍ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്ക് ഇടയാക്കിയ പ്ലാസ്റ്റിക് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്. സ്റ്റോപ് മെമോ കൊടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
◾ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വമേറ്റ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കമെന്ന് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. സമ്പന്നര്‍ക്കുള്ള ആഡംബര ട്രെയിനുകളില്‍ മാത്രമാണ് റെയില്‍വേയ്ക്കു ശ്രദ്ധ. പാവപ്പെട്ടവര്‍ യാത്ര ചെയ്യുന്ന ട്രെയിനുകളെ അവഗണിച്ചതിന്റെ ഫലമാണു അപകടമെന്നും ബിനോയ് വിശ്വം.
◾സിനിമാ ഷൂട്ടിംഗിനിടെ പതിനൊന്നുകാരിയോടു ലൈംഗികാതിക്രമം നടത്തിയതിന് ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്നയാള്‍ കോട്ടയത്ത് അറസ്റ്റിലായി. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ എം കെ റെജി (51) യാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിച്ച പെണ്‍ക്കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണു കേസ്.
◾കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍. വായില്‍ ആഴത്തിലുള്ള മുറിവുണ്ട്. പടക്കം കടിച്ച് പൊട്ടിത്തെറിച്ചതുമൂലം ഉണ്ടായ മുറിവാണെന്നാണ് നിഗമനം.
◾അട്ടപ്പാടിയില്‍ മരത്തില്‍ ഡ്രോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഷോളയൂര്‍ കടമ്പാറ ഊരിനടുത്താണ് മരത്തില്‍ ഡ്രോണ്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
◾വയനാട്ടില്‍നിന്ന് 1090 ക്വിന്റല്‍ കുരുമുളക് പണം നല്‍കാതെ അപഹരിച്ച് മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടി. മുംബൈ സ്വദേശിയായ മന്‍സൂര്‍ നൂര്‍ മുഹമ്മദിനെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.
◾കരുനാഗപ്പള്ളിയില്‍ യാചകന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. ചവറ സ്വദേശി മണിലാലിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. യാചകനായ സുകുമാരന്‍ നായര്‍ രാത്രി ക്ഷേത്ര മണ്ഡപത്തിലാണ് കിടന്നുറങ്ങിയിരുന്നത്. സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പണം അപഹരിച്ചത്.
◾പതിമ്മൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയയാളെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തു വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെട്ടത്തൂര്‍ മല്ലശ്ശേരി കൃഷ്ണന്‍കുട്ടിയെയാണ് ശിക്ഷിച്ചത്.
◾തൃശൂര്‍ കട്ടിലപ്പൂവം സ്‌കൂളിനു മുന്നില്‍ മധുരം വിതരണം ചെയ്യാന്‍ എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഐ.എന്‍.ടി.യുസി പ്രവര്‍ത്തക മര്‍ദിച്ചു.
◾മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98. 310 പേര്‍ക്ക് പരിക്കേറ്റു. തീവയ്പിന് 4014 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആയുധങ്ങള്‍ താഴെവയ്ക്കണണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥനക്കു പിന്നാലെ 140 പേര്‍ ആയുധങ്ങള്‍ നല്കിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
◾മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഭാവി തുലാസില്‍. മണിപ്പൂര്‍ കലാപത്തെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് ബിജെപി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കു പരാതി നല്‍കി. കുകി മെയ്തി വിഭാഗക്കാരായ എംഎല്‍എമാരടക്കം മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്.
◾ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ സിംഗിനെ ഒമ്പതാം തിയതിക്കകം അറസ്റ്റു ചെയ്യണമെന്ന അന്ത്യശാസനവുമായി കര്‍ഷക സംഘടനാ നേതാക്കള്‍. ഇല്ലെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഷക സമരത്തിന് സമാനമായ സമരം വീണ്ടും ആരംഭിക്കും. ഖാപ് പഞ്ചായത്തിനു ശേഷമാണ് കര്‍ഷക സംഘടനാ നേതാക്കള്‍ സമരം പ്രഖ്യാപിച്ചത്.
◾ഗുസ്തി താരങ്ങളുടെ ആരോപണം നേരിടുന്ന ബിജെപി എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ യശസുയര്‍ത്തിയവര്‍ തെരുവില്‍ നീതിക്കായി യാചിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
◾ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങള്‍. കപില്‍ദേവ് അടക്കമുള്ള താരങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത്. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണ്. മെഡല്‍ ഗംഗയില്‍ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുതെന്നും ഇതിഹാസ താരങ്ങള്‍ ആവശ്യപ്പെട്ടു.
◾കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ അഞ്ച് ഗ്യാരന്റികളും നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായിരിക്കും. തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്കു മാസം 2000 രൂപ, ബിപിഎല്‍ കുടുംബങ്ങള്‍ക്കും അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കും 10 കിലോ ധാന്യം സൗജന്യം, സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കര്‍ണാടക ആര്‍ടിസി ബസില്‍ സൗജന്യ യാത്ര. തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കും.
◾പാക്കിസ്ഥാന്റെ പണപ്പെരുപ്പം 38 ശതമാനമായി. പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും ശ്രീലങ്കയെ മറികടന്നിരിക്കുകയാണ് പാക്കിസ്ഥാന്‍. അന്താരാഷ്ട്ര നാണ്യനിധി നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതെയാണ് ഷെഹ്ബാസ് ഷെരീഫിന്റെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
◾കേരള ബ്ലാസ്റ്റേഴ്‌സ് 4 കോടി രൂപയും പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് 5 ലക്ഷം രൂപയും പിഴയടക്കേണ്ടി വരും.
ഇവര്‍ നല്‍കിയ അപ്പീല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ തള്ളിയ സാഹചര്യത്തിലാണിത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിയ്‌ക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനും പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിനും അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ പിഴയിട്ടിരുന്നു.
◾തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ സ്വപ്നക്കുതിപ്പ് നടത്തിയ മലയാളി താരം കിരണ്‍ ജോര്‍ജ് ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനോട് പരാജയപ്പെട്ടു. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ ലക്ഷ്യ സെന്‍ സെമി ഫൈനലിലെത്തി. മലേഷ്യയുടെ ലിയോങ് ജുന്‍ ഹാവോയെ തകര്‍ത്താണ് ലക്ഷ്യ സെന്‍ സെമി ഫൈനലിലെത്തിയത്.
◾90 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൂടി 2022-23ല്‍ ആകെ വിതരണം ചെയ്ത മൊത്തം ലാഭവിഹിതം ഒരുലക്ഷം കോടി രൂപയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ലാഭവിഹിതത്തില്‍ 61,000 കോടി രൂപയും സ്വന്തമാക്കിയത് കേന്ദ്രമാണ്. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച 87,416 കോടി രൂപയുടെ ലാഭവിഹിതത്തിന് പുറമേയാണിത്. കോള്‍ ഇന്ത്യയാണ് 14,945 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കഴിഞ്ഞവര്‍ഷം മുന്നിലുള്ളത്. 14,151 കോടി രൂപയുമായി ഒ.എന്‍.ജി.സി രണ്ടാമതാണ്. പവര്‍ഗ്രിഡ് 10,289 കോടി രൂപയും എസ്.ബി.ഐ 10,085 കോടി രൂപയും പ്രഖ്യാപിച്ചു. എന്‍.ടി.പി.സി നല്‍കുന്ന ലാഭവിഹിതം 7,030 കോടി രൂപ. കഴിഞ്ഞവര്‍ഷത്തെ മൊത്തം ലാഭവിഹിതത്തില്‍ 56,000 കോടി രൂപയും ഈ അഞ്ച് കമ്പനികളില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. ഓഹരി പങ്കാളിത്തം കണക്കാക്കിയാല്‍ ഈ 5 കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ മാത്രം നേടുന്ന ലാഭവിഹിതം 32,890 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാരിന്റെ ഓഹരികോള്‍ ഇന്ത്യയില്‍ 66.13 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം. ഇതുവഴി 9,883 കോടി രൂപയുടെ ലാഭവിഹിതം സര്‍ക്കാരിന് ലഭിക്കും. ഒ.എന്‍.ജി.സിയിലെ ഓഹരിപങ്കാളിത്തം 58.89 ശതമാനം; ലാഭവിഹിതം 8,335 കോടി രൂപ. പവര്‍ഗ്രിഡില്‍ 51.34 ശതമാനവും എസ്.ബി.ഐയില്‍ 57.49 ശതമാനവും ഓഹരികളാണ് സര്‍ക്കാരിനുള്ളത്. ഇവയില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം യഥാക്രമം 5,282 കോടി രൂപയും 5,798 കോടി രൂപയും. എന്‍.ടി.പി.സിയില്‍ നിന്ന് ലഭിക്കുക 3,592 കോടി രൂപയാണ്; ഓഹരിപങ്കാളിത്തം 51.1 ശതമാനം.
◾മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക'. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കകയാണ്. ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് 'ബസൂക്ക'യുടെ അവതരണം. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളത്തില്‍ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് മമ്മൂട്ടിയെ നായകനാക്കി 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡീനോ ഡെന്നിസ്. കൊച്ചി, കോയമ്പത്തൂര്‍, ബാംഗ്ളൂര്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
◾കഴിഞ്ഞ വര്‍ഷം ടോളിവുഡില്‍ നിന്നും വന്ന് അപ്രതീക്ഷിത ഹിറ്റായ ചിത്രമായിരുന്നു കാര്‍ത്തികേയ 2. ഭാരതീയ മിത്തിനെ അടിസ്ഥാനമാക്കിയ ഈ ചിത്രം 200 കോടിയോളം നേടി. ഇതിലെ നായകന്‍ നിഖില്‍ വീണ്ടും ഒരു പീരിയിഡ് ആക്ഷന്‍ ത്രില്ലറുമായി എത്തുന്നു. 'സ്വയംഭൂ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു യോദ്ധാവിന്റെ റോളാണ് നിഖിലിന് എന്നാണ് സൂചന. നിഖിലിന്റെ ജന്മദിനത്തിലാണ് സിനിമയുടെ ഫസ്റ്റലുക്ക് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഒരു യുദ്ധകളത്തില്‍ കുന്തവും, പരിചയുമായി യുദ്ധ സന്നദ്ധനായി നില്‍ക്കുന്ന പോര്‍വീരനായി നിഖിലിനെ ഇതില്‍ കാണാം. കടുവയുടെ ചിഹ്നമുള്ള കൊടിയും പാശ്ചാത്തലത്തിലുണ്ട്. ഭരത് കൃഷ്ണമാചാരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സ്വയംഭൂ എന്നാല്‍ 'സ്വയം ജനിച്ചത്' അല്ലെങ്കില്‍ 'ബാഹ്യ ശക്തിയില്ലാതെ ജനിച്ചത്' എന്നാണ് അര്‍ത്ഥമാക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. അതേ സമയം നിഖില്‍ ഇപ്പോള്‍ സ്പൈ എന്ന ഒരു ചിത്രം ചെയ്യുകയാണ്. അതിനൊപ്പം തന്നെ രാം ചരണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന ദ ഇന്ത്യ ഹൌസില്‍ ഒരു പ്രധാന വേഷത്തില്‍ നിഖില്‍ എത്തുന്നുണ്ട്.
◾റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്വിആറിന്റെ പകരക്കാരന്‍ എത്തി. കൂടുതല്‍ ശക്തവും പുതിയതുമായ എഞ്ചിന്‍, 23 ഇഞ്ച് കാര്‍ബണ്‍ ഫൈബര്‍ വീലുകള്‍, മറ്റ് ഒന്നിലധികം നവീകരണങ്ങള്‍ എന്നിവയുള്ള പുതിയ തലമുറ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്വിയാണെത്തിയത്. ഉയര്‍ന്ന-പ്രകടനമുള്ള എസ്യുവി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഒരു പുതിയ ട്വിന്‍-ടര്‍ബോ 4.4 എല്‍ വി8 എഞ്ചിന്‍ സഹിതമാണ് എത്തുന്നത്. ബിഎംഡബ്ല്യുവില്‍ നിന്നാണ് ഈ എഞ്ചിന്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇത് 626 കുതിരശക്തിയും 800 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്നു. പുതിയ 2024 റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്വി എക്കാലത്തെയും ശക്തവും വേഗതയേറിയതുമായ ലാന്‍ഡ് റോവര്‍ കാറാണ്.
◾സര്‍പ്പക്കാവും പൂത്തിരുവാതിരയും തെങ്ങിന്‍പറമ്പും തോടുകളും പുഴകളും കടുംപച്ചയായി വിടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വന്‍മരങ്ങളും ഇടവഴികളിലൂടെ കടന്നുപോകുന്ന മനുഷ്യരും ഇന്ന് കേരളത്തിന്റെ നൊസ്റ്റാള്‍ജിയയായി മാറിപ്പോയിയെങ്കിലും പ്രിയ വിജയന്‍ ശിവദാസിന്റെ 'മാറുന്ന മുഖങ്ങള്‍' എന്ന സമാഹാരത്തിലെ കഥകളുടെ പശ്ചാത്തലത്തില്‍ ഇവയെല്ലാം വീണ്ടും ജനിക്കുകയാണ്. നാഗരിക ജീവിതാഘോഷങ്ങളില്‍ മുങ്ങി ജീവിതത്തിന്റെ മുഖങ്ങള്‍ മാറിയെങ്കിലും നമ്മുടെ സ്വത്വമെന്നത് ഉള്ളില്‍ പതിഞ്ഞ ഈ ബിംബങ്ങളാണ് ഇതിന്റെ ഊര്‍ജ്ജമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കഥകള്‍. കേരളത്തിന്റെ അറുപതുകളില്‍ കണ്ടുമറിഞ്ഞ പല കഥാപാത്രങ്ങളും നമുക്കിതില്‍ കണ്ടുമുട്ടാനാവും. 'മാറുന്ന മുഖങ്ങള്‍'. പ്രിയ വിജയന്‍ ശിവദാസ്. കറന്റ് ബുക്സ് തൃശൂര്‍, വില 104 രൂപ.
◾പതിവായി ചിക്കന്‍ കഴിക്കുന്നത് അത്ര ഗുണകരമല്ലെന്ന് ലോകാരോഗ്യ സംഘടന. സ്ഥിരമായി ചിക്കന്‍ കഴിക്കുന്നത് 'ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്' (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ 'എഫക്ട്' കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം. ഇത് തീര്‍ച്ചയായും വലിയ സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക. 2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതില്‍ പത്തര ലക്ഷത്തിലധികം പേര്‍ നേരിട്ട് തന്നെ എഎംആര്‍ അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. എങ്ങനെയാണ് ചിക്കന്‍ കഴിക്കുന്നതും എഎംആറും തമ്മില്‍ ബന്ധപ്പെടുന്നത് എന്ന സംശയം നിങ്ങളില്‍ സ്വാഭാവികമായും വരാം. ഇതെക്കുറിച്ചും വിശദമാക്കാം. ചിക്കന്‍ ഫാമുകളില്‍ നിലവില്‍ കോഴികളില്‍ ആന്റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത് പതിവാണ്. കോഴികളുടെ ആരോഗ്യവും സൈസും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണത്രേ ആന്റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത്. ഇങ്ങനെ കുത്തിവയ്ക്കപ്പെട്ട കോഴികളുടെ ഇറച്ചി കഴിക്കുമ്പോള്‍ അതില്‍ നിന്ന് മനുഷ്യരിലേക്കും ഈ മരുന്നിന്റെ അംശങ്ങളെത്തുന്നു. ക്രമേണ ഇത് എഎംആറിലേക്ക് നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇക്കാരണം കൊണ്ടാണ് ചിക്കന്‍ പ്രേമം കുറയ്ക്കാന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ദിവസം ചക്രവര്‍ത്തി രാജഗുരുവിനോട് ചോദിച്ചു: ഒരു മഹാനായ ഭരണാധികാരിക്ക് മരണശേഷം എന്താണ് സംഭവിക്കുക? രാജഗുരു പറഞ്ഞു: എനിക്കറിയില്ല. പുച്ഛത്തോടെ രാജാവ് ചോദിച്ചു: ഇതൊന്നും അറിയാതെ താങ്കളെങ്ങിനെ ഗുരുവായി? അപ്പോള്‍ രാജഗുരു പറഞ്ഞു: ഞാന്‍ മരിച്ച ഗുരുവല്ല.. ജീവിച്ചിരിക്കുന്ന ഗുരുവാണ്.. അധികാരം ആസ്വദിച്ചുതുടങ്ങിയാല്‍ പിന്നെ പദവികള്‍ നല്‍കുന്ന സവിശേഷാനുകൂല്യങ്ങളിലൂടെ മാത്രമായിരിക്കും യാത്ര. ലഭിച്ച പദവിയിലൂടെ താന്‍ വ്യത്യസ്തനായെന്ന് വരുത്തിതീര്‍ക്കാനുള്ള തീവ്രശ്രമമാണ് പിന്നെ. അടിസ്ഥാനവശ്യങ്ങളും കര്‍മ്മങ്ങളും എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് തിരിച്ചറിവില്ലാത്ത ഭരണാധികാരികള്‍ പ്രജകളുടെ അവകാശങ്ങള്‍ക്ക് മുകളില്‍ തങ്ങളുടെ അതിമോഹങ്ങളുടെ കൊടിനാട്ടും. സഞ്ചരിക്കുന്ന വാഹനത്തിന്റെ പദവിസൂചക ബോര്‍ഡുകള്‍ സ്ഥാപിച്ചതുകൊണ്ട് വാഹനത്തിന്റെ പ്രവര്‍ത്തന മികവ് കൂടില്ല. തലവന്‍ വരുന്നു എന്നതിന്റെ പേരില്‍ മഴ പെയ്യാതിരിക്കുകയോ വെയില്‍ തെളിയുകയോ ഇല്ല. സ്വന്തം ജീവിതാവസ്ഥയെ ഏറ്റവും വിനയാന്വിതമായി അഭിമുഖീകരിക്കന്നവരാണ് സിംഹാസനങ്ങള്‍ അലങ്കരിക്കേണ്ടത്. ഒരാള്‍ക്ക് മരണശേഷം എന്ത് സംഭവിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം അയാള്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതാണ്. ഓരോ നിമിഷത്തിലും നമുക്ക് ജീവിക്കാന്‍ സാധിക്കട്ടെ