◾ത്യാഗസ്മരണകളോടെ മുസ്‌ലിം സമൂഹം ഇന്നു ബലിപെരുന്നാൾ ആഘോഷിക്കും. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമർപ്പണവുമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം. ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് പെരുന്നാൾ. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം.
◾സംസ്ഥാനത്തു പച്ചക്കറിക്കു വന്‍ വിലവര്‍ധന. കിലോയ്ക്ക് 20 രൂപ വിലയുണ്ടായിരുന്ന ഇനങ്ങള്‍ക്കെല്ലാം വില ഇരട്ടയിലധികമായി. തക്കാളി, കാരറ്റ്, ബീന്‍സ് എന്നിവയ്ക്ക് 80 മുതല്‍ 100 വരെ രൂപയാണു വില. പയര്‍, നേന്ത്രക്കായ, വെണ്ട, പടവലം, കാബേജ്, ബീറ്റ്റൂട്ട് തുടങ്ങിയവയ്ക്ക് അമ്പതു രൂപ. ഇഞ്ചിക്കും പച്ചമുളകിനും 200 രൂപ. തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി എത്തുന്നതു വന്‍തോതില്‍ കുറഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണം.
◾ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 2,22,377 പേര്‍ പ്രവേശനം നേടി. മൂന്നാം അലോട്മെന്റില്‍ 84,794 പേര്‍ക്കു കൂടി പ്രവേശനം നല്‍കും. സ്‌പോര്‍ട്സ് ക്വാട്ടയില്‍ 3,841 സീറ്റുണ്ട്. ജൂലൈ ഒന്നിനു മൂന്നാം അലോട്ട്മെന്റോടെ 3,11,012 പേര്‍ക്കു പ്രവേശനം ലഭിക്കും. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 23,914 സീറ്റും മാനേജ്‌മെന്റ് ക്വാട്ടയില്‍ 37,995 സീറ്റുമുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ 54,585 സീറ്റുണ്ട്. മൊത്തം 4,27,506 സീറ്റാണുള്ളത്. ഈ വര്‍ഷം എസ് എസ് എല്‍ സി പാസായത് 4,17,944 പേരാണ്. മന്ത്രി പറഞ്ഞു.
◾ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു വെടിയേറ്റു. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ഇദ്ദേഹവും അനുയായികളും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ അജ്ഞാതസംഘം വെടിവയ്ക്കുകയായിരുന്നു. ആസാദിന്റെ വയറിലാണു വെടിയേറ്റത്. വധശ്രമത്തിനു കാരണമെന്തെന്നും ആരെന്നും വ്യക്തമല്ല. ആരോഗ്യനിലയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍.
◾ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തില്‍ ധനകാര്യ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാക്കി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് എത്തുന്ന രബീന്ദ്രകുമാര്‍ ധനകാര്യ വകുപ്പ് സെക്രട്ടറിയാകും. സെക്രട്ടറിമാര്‍ക്കെല്ലാം അധികചുമതലായണു നല്‍കിയത്. ഷര്‍മിള മേരി ജോസഫിന് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെയും മൊഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും അധിക ചുമതല. കെഎസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെയും ഡോ രത്തന്‍ യു ഖേല്‍ക്കറിനു പരിസ്ഥിതി വകുപ്പിന്റെയും അധിക ചുമതല നല്‍കി. പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു ടൂറിസം വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഡോ എ കൗശിഗനെ ലാന്റ് റവന്യൂ കമ്മീഷണറാക്കി. ശ്രീറാം സാംബശിവ റാവുവിന് ക്ഷീര വികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. ബി അബ്ദുള്‍ നാസറിന് സംസ്ഥാന ഹൗസിങ് ബോര്‍ഡിന്റെ കൂടി ചുമതല നല്‍കി. കെ ഗോപാലകൃഷ്ണന് പിന്നോക്ക വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. കേരള ട്രാന്‍സ്പോര്‍ട് പ്രൊജക്ട് ഡയറക്ടറായി പ്രേം കൃഷ്ണനെ നിയമിച്ചു.
◾സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് താന്‍ നിര്‍മിച്ചതല്ലെന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. പോലീസിനു നല്‍കിയ മൊഴിയിലാണ് ഈ വിവരം. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ച അന്‍സില്‍ ജലീലിനോട് ജൂലൈ ഏഴിനു വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
◾കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇടപ്പളളി മുതല്‍ അരൂര്‍ വരെ ആറുവരി ആകാശപ്പാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി. 16.75 കിലോമീറ്റര്‍ ആകാശപാതയാണു വിഭാവനം ചെയ്യുന്നത്.
◾ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും ചേര്‍ന്ന് കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ 1500 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നുമുള്ള വാര്‍ത്തയ്ക്കു മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലാഭ വിഹിതമായ 552 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ലീഡ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നത്.
◾ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. ബിജെപി തെരഞ്ഞെടുപ്പു കാലത്ത് അജണ്ട സെറ്റ് ചെയ്യുകയാണ്. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
◾പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖത്തറില്‍നിന്ന് ബഹ്‌റിനിലേക്കു പോയ രണ്ടു മലയാളി യുവാക്കള്‍ അപകടത്തില്‍ മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്.
◾രണ്ടു കോടിയോളം രൂപ വില വരുന്ന പാമ്പിന്‍ വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡനന്റ് അടക്കം മൂന്നു പേര്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പിടിയില്‍. പത്തനംതിട്ട കോന്നി സ്വദേശി പ്രദീപ് നായര്‍, കോന്നി ഇരവോണ്‍ സ്വദേശിയും പത്തനംതിട്ട അരുവാപുലം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്ുമായ ടിപി കുമാര്‍, കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്.
◾മലപ്പുറം ചേളാരിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ കൊട്ടേഷന്‍ സംഘത്തിലെ ആറു പേര്‍ പിടിയിലായി. ഐഒസി പ്ലാന്റിനു സമീപം തിരൂര്‍ സ്വദേശികളായ യുവാക്കളെയാണ് കവര്‍ച്ച ചെയ്തത്. കൊണ്ടോട്ടി സ്വദേശികളായ സുജിന്‍, അഴിഞ്ഞിലം സ്വദേശി സുജിത്ത്, വാഴക്കാട് സ്വദേശി സുജീഷ്, സജിലേഷ്, രാമനാട്ടുകര സ്വദേശി മുഹമ്മദ്, ഇജാസ് എന്നിവരാണ് പിടിയിലായത്.
◾തൃശൂരില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും പിടിയില്‍. ജീവനക്കാരനായ കാണിപ്പയ്യൂര്‍ സ്വദേശി ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52), ഇയാളുടെ അനുജന്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍ വര്‍ഗ്ഗീസ് (52) എന്നിവരാണ് അറസ്റ്റിലായത്.
◾ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങിയ പ്രതി കളമശ്ശേരി പൊലീസിന്റെ പിടിയില്‍. ഇടപള്ളി സൗത്ത് വില്ലേ് വെന്നല സെന്റ് മാത്യൂസ് പള്ളിക്ക് സമീപം പുറകേരിതുണ്ടി വീട്ടില്‍ അല്‍ജു (45) ആണ് പിടിയിലായത്.
◾ഭര്‍ത്താവിന്റെ വീട്ടില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനു ഇരയാക്കിയെന്ന പരാതിയില്‍ ഭര്‍ത്താവിന്റെ പിതാവിനെ അറസ്റ്റു ചെയ്തു. അഞ്ചാലുമൂട് തൃക്കരിവ് ഇഞ്ചവിള കഴിയില്‍ വീട്ടില്‍ ഖാലിദ് (55) ആണു പിടിയിലായത്. ഭര്‍ത്താവ് സെയ്തലി, അമ്മ സീന എന്നിവര്‍ ഒളിവിലാണ്.
◾തടിയമ്പാട് ടൗണില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികന്‍ മരിച്ചു. കേശമുനി സ്വദേശി നെല്ലിക്കുന്നേല്‍ തോമസ് (86) ആണ് മരിച്ചത്.
◾കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ സ്വകാര്യ ബസ് മറിഞ്ഞു. നിരവധി യാത്രക്കാര്‍ക്കു പരിക്കേറ്റു. കോഴിക്കോടു നിന്ന് കുന്ദമംഗലം ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു.
◾അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതു തടയണമെന്നും ചികില്‍സ നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ജൂലൈ ആറിലേക്കു മാറ്റി. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
◾തമിഴ്നാട്ടിലെ മധുരയില്‍ ബക്രീദ് നമസ്‌കാരം നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്തു സംഭവിക്കുമെന്നും കോടതി ചോദിച്ചു. മുരുക ക്ഷേത്രത്തോടു ചേര്‍ന്നുള്ള തിരുപറകുന്ദ്രം ദര്‍ഗയിലെ നമസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ടാണ് രാമലിംഗയെന്നയാള്‍ കോടതിയെ സമീപിച്ചത്.
◾കര്‍ണാടകത്തില്‍ അരിക്കു പകരം പണം നല്‍കാന്‍ തീരുമാനം. ഒരു കിലോ അരിക്ക് 34 രൂപ നിരക്കില്‍ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ അരി നല്‍കാത്തതിനാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ അരി സൗജന്യമായി നല്‍കുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാനാവാത്തതിനാലാണ് പണം ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാന്‍ തീരുമാനിച്ചത്.
◾ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന ബിജെപിയുടെ ആവശ്യത്തെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. ഭരണഘടന ഏക സിവില്‍ കോഡാണു വിഭാവനം ചെയ്യുന്നത്. വിപുലമായ ചര്‍ച്ചകള്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
◾ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിലെ കലഹം പരിഹരിക്കാന്‍ ടി എസ് സിങ്ദോയെ ഉപമുഖ്യമന്ത്രിയാക്കി. നിയമസഭ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ഹൈക്കമാന്‍ഡിന്റെ അനുനയനീക്കം. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷത്തിനുശേഷം പങ്കിടാമെന്ന ധാരണ പാലിക്കാത്ത ഭൂപേഷ് ബാഗലിനെതിരെ സിങ്ദോ വിമത നീക്കം ശക്തമാക്കിയിരിക്കേയാണ് ഒത്തുതീര്‍പ്പ്.
◾ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ജൂലൈ 13 ന്. ഉച്ചയക്കു രണ്ടരയ്ക്ക് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരിക്കും വിക്ഷേപണം. ക്രോയജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേര്‍ക്കുന്ന ജോലികള്‍ അടുത്ത ദിവസങ്ങളിലായി പൂര്‍ത്തിയാക്കും.
◾അറ്റ്ലാന്റിക് സമുദ്രത്തിനടിയില്‍ തകര്‍ന്ന ടൈറ്റന്‍ എന്ന സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കെത്തിച്ചു. നൂറ്റാണ്ടു മുമ്പു തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് 1,600 അടി അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ടൈറ്റന്‍ പൊട്ടിത്തെറിച്ച് മൂന്നു കോടീശ്വരന്മാര്‍ അടക്കം അഞ്ചു പേര്‍ മരിച്ചിരുന്നു.
◾യുഎഇയിലെ അജ്മാനിലെ അപാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തംമൂലം 256 താമസക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. അജ്മാന്‍ വണ്‍ റെസിഡന്‍ഷ്യല്‍ ടവറിലെ ടവര്‍ രണ്ടിലാണ് തീപിടിച്ചത്. 64 അപ്പാര്‍ട്ട്മെന്റുകളും 10 വാഹനങ്ങളും കത്തിനശിച്ചു.
◾സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ലെബനനും തമ്മില്‍ ഏറ്റുമുട്ടും. മാലദ്വീപിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന ലെബനന്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സെമിയിലെത്തിയത്. ശനിയാഴ്ച തന്നെ നടക്കുന്ന ആദ്യ സെമിയില്‍ കുവൈത്ത്, ബംഗ്ലാദേശിനെ നേരിടും.
◾ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഫ്‌ളാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ നഷ്ടം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 80 ശതമാനം ഉയര്‍ന്നതായി ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ്. സ്വിഗ്ഗിയുടെ 33 ശതമാനം ഓഹരികള്‍ പ്രോസസിന്റെ കൈവശമാണ്. സ്വിഗിയുടെ നഷ്ടം ഉയര്‍ന്നതു മൂലം പ്രോസസിന് 18 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10 കോടി ഡോളറായിരുന്നു. സ്വിഗ്ഗിയുടെ അതിവേഗ ഇ-കൊമേഴ്‌സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടിലെ നിക്ഷേപമാണ് നഷ്ടത്തിനിടയാക്കിയത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ സ്വിഗ്ഗിയുടെ നഷ്ടം 54.5 കോടി ഡോളറാണ് (4,470 കോടി രൂപ). 2021-22 സാമ്പത്തിക വര്‍ഷത്തിലിത് 30 കോടി ഡോളറായിരുന്നു (2,460 കോടി രൂപ). സ്വിഗ്ഗിയില്‍ നിന്ന് പ്രോസസിന് ലഭിച്ച വരുമാന വിഹിതം 2023 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനം വര്‍ധിച്ച് 29.7 കോടി ഡോളറായി. സ്വഗ്ഗിയുടെ വരുമാനം ഇക്കാലയളവില്‍ 90 കോടി ഡോളറാണ്. അതേ സമയം സ്വിഗ്ഗിയുടെ മൊത്ത വിപണന മൂല്യം 260 കോടി ഡോളറായി ഉയര്‍ന്നു. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തിലിത് 230 കോടി ഡോളറായിരുന്നു. ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇന്‍വെസ്‌കോ സ്വിഗ്ഗിയുടെ മൂല്യം ഏപ്രില്‍ 30 ന് 550 കോടി ഡോളറാക്കി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് തവണയാണ് ഇന്‍വെസ്‌കോ മൂല്യം കുറയ്ക്കുന്നത്. ജനുവരിയില്‍ 1,070 കൊടി ഡോളറായും ഒക്ടോബറില്‍ 820 കോടി ഡോളറായുമാണ് കുറച്ചത്. ഇതോടെ സ്വിഗ്ഗിയുടെ വിപണി മൂല്യം മുഖ്യ എതിരാളിയായ സൊമാറ്റോയുടെ വിപണി മൂല്യത്തേക്കാള്‍ താഴെയായി.
◾ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'കിങ് ഓഫ് കൊത്ത' ടീസര്‍. ടീസര്‍ പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം വ്യൂസാണ് ലഭിച്ചിരിക്കുന്നത്. ഇതു ഗാന്ധിഗ്രാമം അല്ല..! കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോ പകല്‍, ഞാന്‍ പറയുമ്പോ രാത്രി എന്ന ദുല്‍ഖറിന്റെ മാസ് ഡയലോഗും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ്. ചിത്രത്തിന്റെ ടീസര്‍ മലയാളത്തില്‍ മമ്മൂട്ടിയും തെലുങ്കില്‍ മഹേഷ്ബാബുവും കന്നഡയില്‍ രക്ഷിത് ഷെട്ടിയും തമിഴില്‍ സിലമ്പരശനുമാണ് പുറത്തിറക്കിയത്. കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തില്‍ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകന്‍, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. ഓണം റിലീസായി ആഗസ്റ്റില്‍ ചിത്രം എത്തും.
◾ഷൈന്‍ ടോം വില്ലനായെത്തുന്ന തെലുങ്ക് ചിത്രം രംഗബലിയുടെ ട്രെയിലര്‍ പുറത്തുവിട്ടു. നാനി നായകനായ ദസറയ്ക്കു ശേഷം ഷൈന്‍ ടോം അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. നാഗ ശൗര്യ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് പവന്‍ ബസമെട്ടിയാണ്. യുക്തി രരേജയാണ് നായിക. ശരത്കുമാര്‍ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. സംഗീതം പവന്‍. ഛായാഗ്രഹണം ദിവാകര്‍ മണി. ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും.
◾മുകേഷ് അംബാനി കുടുംബം കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ മൂന്നാമത്തെ റോള്‍സ് റോയ്‌സ് കള്ളിനന്റെ പെയിന്റിനു മാത്രം ഒരു കോടിയിലേറെ ചെലവായെന്ന് റിപ്പോര്‍ട്ട്. ടസ്‌കന്‍ സണ്‍ കളറാണ് പുതിയ റോള്‍സ് റോയ്‌സിന് നല്‍കിയിരിക്കുന്നത്. പ്രത്യേകം കസ്റ്റമൈസേഷനും ഇഷ്ട നമ്പറുമൊക്കെ ചേര്‍ന്നതോടെ വലിയ തുകയാണ് ഈ കാറിനു മുടക്കേണ്ടി വന്നത്. പ്രത്യേകം നിര്‍മിച്ച 21 ഇഞ്ച് വീലുകളാണ് കള്ളിനനില്‍ ഉള്ളത്. വാര്‍ത്താ ഏജന്‍സി പിടിഐയുടെ റിപ്പോര്‍ട്ടു പ്രകാരം അംബാനിയുടെ റോള്‍സ് റോയ്‌സ് കള്ളിനന് 13.14 കോടി രൂപയാണ് വില. അടിസ്ഥാന വില 6.8 കോടി രൂപയാണെങ്കിലും വാഹനത്തിന്റെ കസ്റ്റമൈസേഷനുകളാണ് വില പിന്നെയും കൂട്ടിയത്. വാഹനത്തിന് 0001 എന്ന നമ്പറാണുള്ളത്. ഇതിനുവേണ്ടി മാത്രം റീജനല്‍ ട്രാസ്‌പോര്‍ട്ട് ഓഫീസ് 12 ലക്ഷം രൂപ ഈടാക്കി. 20 ലക്ഷം രൂപയാണ് നികുതി അടച്ചിട്ടുള്ളത്. 2037 ജനുവരി വരെയുള്ള റജിസ്‌ട്രേഷനും റോഡ് സുരക്ഷാ നികുതിയായി 40,000 രൂപയും അടച്ചിട്ടുണ്ട്. റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്‌ഹെഡ് കൂപ്പെ, 13 കോടി വിലയുള്ള പുതു തലമുറ ഫാന്റം എക്‌സ്റ്റെന്‍ഡഡ് വീല്‍ബേയ്‌സ് എന്നിവക്കു പുറമേയാണ് മൂന്ന് റോള്‍സ് റോയ്‌സ് കള്ളിനന്‍ എസ്.യു.വികളുമുള്ളത്.
◾പെട്ടെന്ന് വെള്ളിടിവെട്ടുന്നപോലെ ഒരോര്‍മ അയാളുടെ ബുദ്ധിയില്‍ മിന്നി. ഇവിടെ ഞാന്‍ വന്നിട്ടുണ്ട്. ഈ വായു ശ്വസിച്ചിട്ടുണ്ട്. ഈ കുന്നും കമ്പിവേലിയും കെട്ടിടവും എന്റെ തലച്ചോറില്‍ നിറംമങ്ങിയ ചിത്രങ്ങളായി കിടപ്പുണ്ട്. എന്നായിരുന്നു...? എന്തിനായിരുന്നു...? ഓരോരുത്തര്‍ക്കും വേണ്ടി എന്നോ തയ്യാറാക്കപ്പെട്ട മുറികളിലേക്ക് എന്തിനെന്നറിയാതെ തങ്ങളുടെ നിയോഗവും പേറി എത്തിച്ചേരുന്ന എട്ടുപേര്‍. ആരുടെയോ കൈകളിലെ അദൃശ്യമായ ചരടുകള്‍ അവരെ നിയന്ത്രിക്കുന്നു. നിശ്ചയിക്കപ്പെട്ട അന്ത്യവുമായി വരാനിരിക്കുന്ന ഒമ്പതാമനെ കാത്തിരിക്കുകയാണ്. എല്ലാറ്റിനും സാക്ഷിയും കാരണവുമായ കണിയാന്‍കോട്ട. സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ചേര്‍ന്നെഴുതിയ നോവല്‍. 'നവഗ്രഹങ്ങളുടെ തടവറ'. രണ്ടാം പതിപ്പ്. മാതൃഭൂമി. വില 204 രൂപ.
◾ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാരം കുറയാന്‍ മികച്ച മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ കത്തിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവും കൂട്ടും. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം ഉണ്ടാകും. വിശപ്പാണെന്നു തെറ്റിദ്ധരിച്ച് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാല്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ ഇതിനു പരിഹാരമായി. വിശക്കുന്നു എന്നു തോന്നിയാല്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അത് വയറു നിറയ്ക്കുകയും വിശപ്പടക്കുകയും ചെയ്യും. ദിവസം എട്ടു ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ശരീരത്തില്‍നിന്ന് വിഷാംശങ്ങളെ നീക്കാനുമെല്ലാം ഇത് ആവശ്യമാണ്. ശരീരത്തില്‍ ജലാംശം ഉണ്ടെങ്കില്‍ അത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. അതുകൊണ്ട് ഭക്ഷണത്തിനും ലഘുഭക്ഷണത്തിനും മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കില്‍ പെട്ടെന്ന് ക്ഷീണിക്കുകയും ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യും. എവിടെപ്പോയാലും വെള്ളക്കുപ്പി കൈയില്‍ കരുതാം. ഓരോ തവണ വാഷ്റൂമില്‍ പോയിവരുമ്പോഴും വെള്ളം കുടിക്കാം. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങാം. വിഷാംശങ്ങള്‍ നീക്കാനും ദിവസം മുഴുവനും ഊര്‍ജ്ജമേകാനും ഇത് സഹായിക്കും. നിശ്ചിത ഇടവേളയില്‍ വെള്ളം കുടിക്കാന്‍ ഒരു അലാറം വയ്ക്കുകയോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആവാം. ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ക്ഷീണം തോന്നുന്നത് ഡീഹൈഡ്രേഷന്റെ സൂചനയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു.
*ശുഭദിനം*
അന്നും പതിവുപോലെ അമ്മയ്ക്കുള്ള മണിയോഡറുമായി അയാള്‍ എത്തി. ആയിരം രൂപ കൈമാറിയ ശേഷം പണമയക്കുന്ന മകനുമായി സംസാരിക്കാന്‍ സ്വന്തം ഫോണും നല്‍കി. ഫോണ്‍ ചാര്‍ജ്ജായി അമ്മ നൂറ് രൂപ നല്‍കിയെങ്കിലും അയാള്‍ അത് വാങ്ങിയില്ല. മൊബൈല്‍കട നടത്തുന്ന സുഹൃത്ത് അയാളോട് ചോദിച്ചു: നിങ്ങളെന്തിനാണ് എല്ലാ മാസവും ഈ അമ്മയ്ക്ക് സ്വന്തം കയ്യില്‍ നിന്നും പണം നല്‍കുന്നത്. മാത്രമല്ല, ആ അമ്മയുടെ മകനെന്ന പേരില്‍ സംസാരിക്കാന്‍ എനിക്ക് നൂറ് രൂപ നല്‍കുന്നത്. അയാള്‍ പറഞ്ഞു: ആ അമ്മയുടെ മകന്‍ വിദേശത്ത് നിന്ന് സ്ഥിരമായി ആയിരം രൂപ അയക്കുമായിരുന്നു. ഒന്നരവര്‍ഷം മുമ്പ് മകന്‍ മരിച്ചു. ഇത് അമ്മ അറിഞ്ഞിട്ടില്ല. എന്റെ അമ്മ ഞാന്‍ ചെറുതായിരിക്കുമ്പോള്‍ മരിച്ചതാണ്. ഇപ്പോള്‍ എനിക്കൊരുഅമ്മയായി. ഇത് കേട്ടപ്പോള്‍ അയാള്‍ മകനായി അഭിനയിച്ചതിന് വാങ്ങിയ പണമെല്ലാം അയാള്‍ക്ക് തിരികെ കൊടുത്തു... അന്യന്റെ ജീവിതത്തിലെ സൂര്യോദയങ്ങള്‍ നിഷേധിക്കാത്തവരാണ് അനുഗ്രഹീതര്‍. അവനനവന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയ പലരേയും നമ്മള്‍ കണ്ടുമുട്ടിയേക്കാം. തങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടുപോയെന്ന ചിന്തയില്‍ ജീവിതം തള്ളിനീക്കുന്നവരായിരിക്കും അവരില്‍ പലരും. ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചമെങ്കിലും കിട്ടിയാല്‍ ചിലപ്പോള്‍ അവര്‍ സുഗമമായി നീങ്ങുമായിരുന്നു. അത്തരം യാത്രികരുടെ സഞ്ചാരപഥങ്ങളിലെ പ്രകാശമാകാന്‍ നമുക്ക് സാധിക്കട്ടെ.. - ശുഭദിനം.