*പ്രഭാത വാർത്തകൾ_*```2023 | ജൂൺ 21 | ബുധൻ | 1198 | മിഥുനം 6 | പൂയം```

◾എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ തേടി കേരള പോലീസ് കലിംഗ സര്‍വകലാശാലയിലേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല ഡിജിപിക്കു പരാതി നല്‍കി. കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമെന്ന് കേരള സര്‍വകലാശാല. അന്‍സിലിനെതിരെയും പരീക്ഷ കണ്‍ട്രോളര്‍ ഡിജിപിക്കു പരാതി നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലറോടു റിപ്പോര്‍ട്ടു തേടിയിട്ടുമുണ്ട്.

◾കേരളം പനിച്ചു വിറയ്ക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക്. കഴിഞ്ഞയാഴ്ചയാണു പനി ബാധിതരുടെ എണ്ണം പതിനായിരം കടന്നത്. ഇന്നലെ സംസ്ഥാനത്ത് 12876 പേര്‍ പനിക്കു ചികിത്സ തേടി. മലപ്പുറം ജില്ലയിലാണു കൂടുതല്‍ പനി പകര്‍ച്ച. 2095 പേരാണ് മലപ്പുറം ജില്ലയില്‍ ചികിത്സ തേടിയത്. സംസ്ഥാനത്ത് 133 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ പകുതിയും എറണാകുളം ജില്ലയിലാണ്. എറണാകുളത്തു 64 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

◾സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

◾പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലന്‍സ് കേസില്‍ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. വിദേശത്തുനിന്നു പണം വാങ്ങിയിട്ടും പുനര്‍ജനി പദ്ധതിയിലൂടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയില്ലെന്നാണ് മൊഴി. പറവൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അബ്ദുള്‍ സമദിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി.

◾മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം. ജയിലില്‍നിന്ന് സുധാകരനെ മോന്‍സന്‍ വിളിച്ചിട്ടില്ലെന്നും പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും റസ്റ്റം പറഞ്ഞു. കെ സുധാകരനെതിരേ മൊഴി നല്‍കണമെന്ന് ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ ആരോപിച്ചിരുന്നു.

◾കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.


◾മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം എ കുട്ടപ്പന്‍ അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസതടസംമൂലം കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2001 ലെ ആന്റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു.

◾കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുഴുവന്‍ സീറ്റിലും വിജയം. തുടര്‍ച്ചയായ 24 -ാം തവണയാണ് എസ്എഫ്‌ഐ ജയിക്കുന്നത്. ചെയര്‍പേഴ്‌സണായി ടി പി അഖിലയും ജനറല്‍ സെക്രട്ടറിയായി ടി പ്രതികും തെരഞ്ഞെടുക്കപ്പെട്ടു.

◾വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കി.  

◾കര്‍ഷകര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കാര്‍ഷികോല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാന്‍ കല്ലിയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഇക്കോഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനു കോളജില്‍ പ്രവേശനത്തിനു സഹായിച്ചത് ആരാണെന്നു സിപിഎം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിന്‍ഡിക്കറ്റ് അംഗവുമായ കെ.എച്ച്. ബാബുരാജാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

◾ഉന്നത വിദ്യാഭ്യാസമേഖലയെ സിപിഎമ്മും ഇടതു സര്‍ക്കാരും സര്‍വനാശത്തിലേക്കാണ് നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ ലോകത്തിനു മുമ്പില്‍ നാണംകെടുത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

◾മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ടു ഭീഷണി സന്ദേശം അയച്ചയാളെ കാട്ടാക്കട പൊലീസ് പിടികൂടി. കാട്ടാക്കട അബലത്തിന്‍കാല സ്വദേശി അജയകുമാര്‍ (53) ആണ് പിടിയിലായത്. 100 കോടി രൂപ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ഈമെയില്‍ സന്ദേശം അയച്ചിരുന്നു.

◾സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തില്‍ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി ജയനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

◾തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് 'തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍' എന്നാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.  

◾അമിത പിഴപ്പലിശ ഈടാക്കിയതിന് ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിനു നേരെ പടക്കമെറിഞ്ഞു സ്ഫോടനമുണ്ടാക്കിയ പ്രതി പിടിയില്‍. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിയും എസി മെക്കാനിക്കുമായ രജീഷ് പ്രകാശാണു പിടിയിലായത്. തൃശൂര്‍ പാട്ടുരായ്ക്കലിലെ എടിഎമ്മിലാണു പടക്കമെറിഞ്ഞത്.

◾പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ മകളുടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അടച്ചിട്ട വീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.  

◾കണ്ണൂര്‍ ചെട്ടിപ്പീടികയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടിച്ചെടുത്തു. സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചവര്‍ ഓടി രക്ഷപ്പെട്ടു.

◾ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ പരിപാടിയില്‍ പങ്കെടുക്കും. ലോകമെങ്ങും വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

◾എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയോട് ക്രൂരമായി പെരുമാറിയെന്ന ഭാര്യയുടെ പരാതിയില്‍ തമിഴ്നാട് മനുഷ്യാവകാശ കമ്മീഷന്‍ ഇഡിക്ക് നോട്ടീസയച്ചു. ഇതേസമയം, ബാലാജിയുടെ ഹൃദയശസ്ത്രക്രിയ ഇന്നു നടക്കും.

◾അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 14 നു മകര സംക്രാന്തി ദിനത്തില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു.

◾ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉഷ്ണതരംഗങ്ങള്‍. ഹിമാലയത്തിലെ ഹിന്ദുകുഷ് മേഖലയില്‍ മഞ്ഞുരുകിയാല്‍ അവിടെനിന്ന് ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും.

◾പ്രായപൂര്‍ത്തിയാകാത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്ന ആന്ധ്രാപ്രദേശിലെ സ്വാമിക്കെതിരെ വീണ്ടും പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണു സ്വാമിക്കെതിരേ പരാതി നല്‍കിയത്. ആശ്രമത്തില്‍ നിന്ന് ഏതാനും നാള്‍മുമ്പു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പരാതിക്കാരി.

◾ബോംബെ ഐഐടിക്ക് പൂര്‍വ വിദ്യാര്‍ത്ഥിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി 315 കോടി രൂപ സംഭാവന ചെയ്തു. ബോംബെ ഐഐടിയില്‍ പഠിച്ചതിന്റെ 50 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് വലിയ തുക അദ്ദേഹം സംഭാവന ചെയ്തത്.

◾ദുബൈ വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്ക് ഉണ്ടാകുമെന്നു മുന്നറിയിപ്പ്. ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നാം തീയ്യതി വരെ 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ഫ്ളൈ ദുബൈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു.

◾സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ പണം തേടുന്ന പാക്കിസ്ഥാന്‍ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്കു വിറ്റു. ഐഎംഎഫില്‍നിന്നു വായ്പ ലഭിക്കാന്‍ ഉപാധികള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് തുറമുഖം കൈമാറാന്‍ ധാരണയുണ്ടാക്കിയത്.

◾പാക് പഞ്ചാബിലെ മിയാന്‍വാലിയില്‍ പാക്കിസ്ഥാന്‍ ചൈനയെക്കൊണ്ട് 1,200 മെഗാവാട്ട് ആണവ നിലയം സ്ഥാപിപ്പിക്കുന്നു. ഇതിനായി 480 കോടി ഡോളറിന്റെ കരാറില്‍ ചൈനയും പാക്കിസ്ഥാനം ഒപ്പുവച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ചൈനയുടെ വാഗ്ദാനം.

◾അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്ന ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി അപ്രത്യക്ഷമായ മുങ്ങിക്കപ്പലില്‍ പാക്കിസ്ഥാനിലേയും ബ്രിട്ടനിലേയും മൂന്നു കോടീശ്വരന്മാര്‍. ആഫ്രിക്കയിലെ നമീബിയയില്‍നിന്ന് ഇന്ത്യയിലേക്കു ചീറ്റകളെ എത്തിക്കാന്‍ സഹായിച്ച ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിംഗും ഇക്കൂട്ടത്തിലുണ്ട്. അഞ്ചു പേരുള്ള അന്തര്‍വാഹനിയില്‍ ഏതാനും മണിക്കൂറിനുള്ള ഓക്സിജന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാണാതായ മുങ്ങിക്കപ്പലിനായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

◾ആഷസ് പരമ്പരയിലെ ആവേശകരമായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ. ജയമുറപ്പിച്ച ഇംഗ്ലണ്ടില്‍ നിന്ന് വിജയം പിടിച്ചു വാങ്ങുകയായിരുന്നു ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 55 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സ് - നഥാന്‍ ലിയോണ്‍ സഖ്യം. പാറ്റ് കമ്മിന്‍സ് 44 റണ്‍സെടുത്തപ്പോള്‍ നഥാന്‍ ലിയോണ്‍ 16 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്സില്‍ 141 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുടെ രണ്ടാം ഇന്നിംഗ്സിലെ 65 റണ്‍സ് പ്രകടനവും ആസ്ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായി. ഉസ്മാന്‍ ഖവാജയാണ് കളിയിലെ താരം.

◾ഏവിയേഷന്‍ മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിനു പിന്നാലെ കുതിച്ചു പൊങ്ങി ഇന്‍ഡിഗോ ഓഹരികള്‍. എയര്‍ബസുമായി അഞ്ഞൂറ് എ320 വിമാനങ്ങള്‍ക്കുള്ള കരാര്‍ നല്‍കിയതോടെയാണ് വിപണിയില്‍ ഇന്‍ഡിഗോ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് എയറോസ്പേസ് കമ്പനിയായ എയര്‍ബസുമായി ഒറ്റയടിക്ക് 500 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഇന്‍ഡിഗോ നല്‍കിയത്. ഇതോടെ ആകെ 1330 ഓര്‍ഡറുകള്‍ കമ്പനി നല്‍കി കഴിഞ്ഞു. വാര്‍ത്ത വന്നതോടെ വിപണിയില്‍ മൂന്നു ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന 2490 രൂപ നിരക്കിലെത്തിയിരിക്കുകയാണ് ഓഹരി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഓഹരിയുടെ റിട്ടേണ്‍ 115% ആണ്. മൂന്നു വര്‍ഷത്തില്‍ 138.04% ഉയര്‍ന്ന ഓഹരി കഴിഞ്ഞ മൂന്നു മാസത്തിനിടെ 31.67% നേട്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച മാത്രം നിക്ഷേപകന്റെ ലാഭം 4.53% ആണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 3.01% ഉയര്‍ന്നപ്പോള്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരി 7.99% നേട്ടമുണ്ടാക്കി. മാര്‍ച്ച് മാസത്തില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ വിപണിമൂല്യത്തില്‍ (94,196 കോടി) മുന്നിലുള്ള ഇന്‍ഡിഗോയില്‍ മാത്രം മാര്‍ച്ചു മാസത്തില്‍ യാത്ര ചെയ്തത് 73.17 ലക്ഷം യാത്രക്കാരാണ്. നിലവില്‍ നേട്ടത്തില്‍ തുടരുന്ന ഓഹരിക്ക് വിവിധ ബ്രോക്കറേജുകള്‍ 3000 രൂപ ടാര്‍ജറ്റായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾ജൂണ്‍ 22 ന് ദളപതി വിജയുടെ ജന്മദിനത്തിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമായ 'ലിയോ'യുടെ ആദ്യ സിംഗിള്‍ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്തതുപോലെ, ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു. ലിയോയിലെ ആദ്യ സിംഗിള്‍ വിജയ്യുടെ 49-ാം ജന്മദിനമായ ജൂണ്‍ 22 ന് അവതരിപ്പിക്കുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഗാനത്തിന്റെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. 'നാ റെഡി' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവന്‍ ആണ്. അരുദ്ധിന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാല്‍ വിജയ് തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

◾സൈജു കുറുപ്പ്, സ്രിന്ദ, ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' എന്ന ചിത്രത്തിലെ 'കൈയെത്തും ദൂരത്ത്' എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഓസേപ്പച്ചന്റെ ഈണത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിന്റോ സണ്ണിയുടേതാണ് വരികള്‍. കൗമാര പ്രണയവും കുസൃതിയും കുറുമ്പുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഗാനം മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ടും സമ്പന്നമാണ്. സിധേന്ദ്രയും ശ്രീലക്ഷ്മിയും ഇവര്‍ക്കൊപ്പം സൈജു കുറുപ്പുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാപ്പച്ചനായെത്തുന്ന സൈജുവിന്റെ മകളാണ് അലീന (ശ്രീലക്ഷ്മി). അലീനയോട് ആന്റപ്പനുള്ള (സിധേന്ദ്ര) പ്രണയമാണ് ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ഈ സിനിമയില്‍ സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയില്‍ പാപ്പച്ചന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.

◾ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം സ്‌കൂട്ടര്‍ ഓടുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഓല. ഡിസ്പ്ലെയിലെ ക്യാമറ ഉപയോഗിച്ച് റൈഡര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ പരിശോധിക്കുക. ഹൈല്‍മറ്റ് ധരിച്ചിട്ടുണ്ട് എന്ന വിവരം വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് മോട്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനെ അറിയിച്ചാല്‍ മാത്രമേ വാഹനം ഡ്രൈവ് മോഡിലേക്ക് മാറു. ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ വാഹനം പാര്‍ക്ക് മോഡില്‍ തന്നെ തുടരുകയും ചെയ്യും. ഇനി വാഹനം ഓടിത്തുടങ്ങിയത് ശേഷം ഹെല്‍മറ്റ് ഊരാമെന്ന് കരുതിയില്‍ അതും നടക്കില്ല. ഹെല്‍മറ്റ് ഊരിമാറ്റിയാല്‍ വാഹനം പാര്‍ക് മോഡിലേക്ക് മാറും എന്നാണ് ഓല പറയുന്നത്. കൂടാതെ ഹെല്‍മറ്റ് ധരിക്കണം എന്ന നിര്‍ദ്ദേശവും സ്‌ക്രീനില്‍ ലഭിക്കും. നേരത്തെ ടിവിഎസും ക്യാമറ അടിസ്ഥാനമായ ഹെല്‍മറ്റ് റിമൈന്‍ഡര്‍ സിസ്റ്റവുമായി എത്തിയിരുന്നു. എന്നാല്‍ ടിവിഎസിന്റെ സിസ്റ്റത്തില്‍ ഹെല്‍മറ്റ് ധരിക്കണം എന്ന നിര്‍ദ്ദേശം വരിക മാത്രമേ ചെയ്യുകയുള്ളു. എന്നാല്‍ ഓല ഒരു പടിയും കൂടി കടന്ന് വാഹനം ഓടാത്ത സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുന്നു.

നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍, സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും. നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ചില്‍ കൈചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കുവയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെതന്നെ. 'ഈശ്വരാ വഴക്കില്ലല്ലോ. സലിംകുമാര്‍. മനോരമ ബുക്സ്. വില: 270 രൂപ.

◾നമ്മുടെ ഭക്ഷണത്തില്‍ ഉപ്പിന്റെ അമിത ഉപയോഗം മൂലം നമുക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. ഉപ്പിന്റെ അംശം കൂടിയാല്‍ ശരീരം പല തരത്തിലുള്ള അടയാളങ്ങള്‍ അറിയിക്കാം. അതിലൊന്നാണ് വയറു പെരുകുന്നത്. അമിതമായി ഉപ്പ് കഴിക്കുന്നതിലൂടെ വയറു വീര്‍ക്കുന്ന അഥവാ പെരുകുന്ന അവസ്ഥ നേരിടേണ്ടി വരാം. നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ സോഡിയം ഉണ്ടായാല്‍ വൃക്കകള്‍ക്ക് കൂടുതല്‍ വെള്ളം നിലനിര്‍ത്തേണ്ടിവരും. ശരീരത്തില്‍ ഉപ്പിന്റെ അളവ് കൂടുമ്പോള്‍ വെള്ളം അമിതമായി അടിഞ്ഞു കൂടുന്നു. ഇത് അസ്വസ്ഥതകള്‍ക്ക് കാരണമാകാം. ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വായ വരണ്ടതാക്കുന്നു. ഇത് നിങ്ങള്‍ക്ക് വീണ്ടും വീണ്ടും ദാഹം തോന്നിപ്പിക്കുകയും വെള്ളം കുടിക്കുകയും ചെയ്യേണ്ടിവരും. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന പ്രശ്‌നം നേരിടേണ്ടിവരാം. അമിതമായി ഉപ്പ് കഴിക്കുന്നത് വൃക്കകള്‍ക്ക് ദ്രാവകം പുറന്തള്ളുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഉറങ്ങുന്നതിന് മുമ്പ് ഉയര്‍ന്ന സോഡിയം ഉള്ള വസ്തുക്കള്‍ കഴിച്ചാല്‍ ഉറക്കമില്ലായ്മയുടെ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉറക്കമില്ലായ്മ, അസ്വസ്ഥത, രാത്രിയില്‍ ഇടയ്ക്കിടെ ഉണരല്‍ എന്നിവയ്ക്ക് കാരണമാകാം. ഉപ്പ് അമിതമായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍, ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് സന്തുലിതമാക്കുക. ഭക്ഷണത്തിലെ അമിതമായ ഉപ്പ് നിങ്ങളുടെ വയറ്റില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കും. അതിനാല്‍ നിങ്ങള്‍ക്ക് ഓക്കാനം ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കൂടാതെ നിങ്ങളുടെ ശരീരം ജലാംശം നിലനിര്‍ത്തുന്നതിന് ആവശ്യമായ അളവില്‍ വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്.

*ശുഭദിനം*

ഒരു കാറ് വാങ്ങണം എന്നത് അവന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്‍ അവന്റെ ആഗ്രഹപ്രകാരം ഒരു കാറ് വാങ്ങി. ലൈസന്‍സ് എടുത്തതിന് ശേഷം മാത്രമേ കാറെടുത്ത് പുറത്ത് പോകാവൂ എന്ന് അച്ഛന്‍ പറഞ്ഞു. വീട്ടില്‍ അച്ഛനില്ലാത്ത സമയത്ത് അമ്മയോട് കെഞ്ചി സമ്മതം വാങ്ങി മകന്‍ കാറോടിച്ചു. തിരിച്ചു കയറ്റിയപ്പോള്‍ കാര്‍ തൂണില്‍ ഉരയുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ അച്ഛന് കാര്യം മനസ്സിലായി. അയാള്‍ അമ്മയോട് വഴക്കുകൂടി. മകനെ അടിച്ചു. ഇനി ഒരിക്കലും കാര്‍ ഓടിക്കില്ലെന്ന് പറഞ്ഞ് മകന്‍ തന്റെ മുറിയില്‍ കയറി വാതിലടച്ചു. രാത്രി അച്ഛന് നെഞ്ചുവേദന വന്നപ്പോഴും മകന്‍ വാതില്‍ തുറക്കുവാനോ കാറെടുക്കുവാനോ തയ്യാറായില്ല. പിന്നീട് അടുത്ത വീട്ടിലെ കാറില്‍ അച്ഛനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്താണ് തെറ്റ്, ആരാണ് യഥാര്‍ത്ഥ ഉത്തരവാദി എന്ന് കണ്ടെത്തുക എല്ലാ സംഭവങ്ങളിലും സാധ്യമല്ല. എല്ലാ കര്‍മ്മങ്ങളിലും ശരിയും തെറ്റും കണ്ടേക്കാം. പൂര്‍ണ്ണമായി ശരിയെന്നോ തെറ്റെന്നോ വ്യാഖ്യാനിക്കുന്ന കര്‍മ്മങ്ങളുണ്ടാകണമെന്നുമില്ല. ശരിതെറ്റുകളുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രമേ അവിടെയുണ്ടാകൂ. ഫലദായകത്വം നോക്കിവേണം ഒരു പ്രവൃത്തി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍- *ശുഭദിനം.*