◾സംസ്ഥാനത്തെ എ ഐ ക്യാമറ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയില്‍. എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
◾എന്‍ജിനിയറിംഗ് കോളജുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്. സ്‌കോര്‍ 583. കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നിക്കു രണ്ടാം റാങ്കും കോട്ടയത്തെ ഫ്രെഡി ജോര്‍ജ് റോബിന് മൂന്നാം റാങ്കും ലഭിച്ചു. 49,671 പേരാണു റാങ്ക് പട്ടികയിലുള്ളത്. ആദ്യ അയ്യായിരം റാങ്കില്‍ സംസ്ഥാന സിലബസില്‍നിന്ന് 2,043 പേരും സിബിഎസ്ഇയില്‍നിന്ന് 2,790 പേരും യോഗ്യത നേടി.
◾സംസ്ഥാനത്ത് 15 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്.
◾പുതിയ പൊലിസ് മേധാവിക്കായി മൂന്നംഗ പാനല്‍ തയാര്‍. കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് പട്ടികയിലുള്ളത്. ഇവരില്‍ ഒരാളെ ഡിജിപിയായി നിയമിക്കാന്‍ ഇന്നു തിരുമാനമുണ്ടാകും. ഡി ജി പി അനില്‍ കാന്ത് ഈ മാസം വിരമിക്കും.
◾അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കേസ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ തുടര്‍ന്നെടുത്ത എന്‍ഫോഴ്സ്മെന്റ് കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി. സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കി.
◾യൂണിവേഴ്സിറ്റി ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളിലെ വ്യാജന്മാരെ തടയാന്‍ ഹോളോഗ്രാം പതിപ്പിക്കുന്നതു പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദു. സാമ്പത്തിക ചെലവു കൂടുമെങ്കിലും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.
◾വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ പ്രതിരോധിക്കാനെത്തി വെട്ടിലായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് താന്‍ പരിശോധിച്ചെന്നും ഒറിജിനലാണെന്നും രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ആര്‍ഷോ വൈകുന്നേരമായപ്പോഴേക്കും മലക്കം മറിഞ്ഞു. കലിംഗ യൂണിവേഴ്സിറ്റിയില്‍ പോയി പരിശോധന നടത്താന്‍ എസ്എഫ്ഐക്കാവില്ലെന്നാണു വൈകുന്നേരം പ്രതികരിച്ചത്.
◾സംസ്ഥാനത്തെ കോളജുകളില്‍ ഇന്നു കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ത്. നിഖില്‍ തോമസിന്റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകര്‍ത്തെന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ത് പ്രഖ്യാപിച്ചത്.
◾അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി.ദിവ്യയാണ് ഹര്‍ജി നല്‍കിയത്.
◾തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വെറുതേ വിടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ആരോപണത്തിനു പിറകില്‍ ഗൂഡാലോചനയുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെയും ഡി വൈ എസ് പി റസ്‌തോയുടെയും കുബുദ്ധിയിലുദിച്ചതാണ് വ്യാജ ആരോപണമെന്നും സുധാകരന്‍ ആരോപിച്ചു.
◾എസ്എഫ്ഐ വ്യാജന്മാരുടെ കൂടാരമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്. എസ്എഫ്ഐയെ പിരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
◾ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. മഞ്ചേരിയില്‍ ചികില്‍സയിലായിരുന്ന വണ്ടൂര്‍ പോരൂര്‍ സ്വദേശി സക്കീര്‍ (42) ആണു മരിച്ചത്.
◾വടക്കാഞ്ചേരിയിലെ വീടിന്റെ ടെറസില്‍ കണ്ടെത്തിയ യുവാവ് തൃശൂര്‍ നായ്ക്കനാല്‍ സ്വദേശിയായ ഡോക്ടര്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ ബന്ധുക്കളെത്തി ഏറ്റെടുത്തു. വീടിന്റെ ടെറസില്‍ രണ്ടു ദിവസം തങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
◾കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് വീണ്ടും തെരുവുനായ ആക്രമണം. മൂന്നു വയസുള്ള ജാന്‍വി എന്ന പെണ്‍കുട്ടിയുടെ കയ്യിലും കാലിലും മൂന്നു നായ്ക്കള്‍ വട്ടമിട്ട് കടിച്ചു പറിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്തൊക്കെയോ ഭയക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറ്റബോധത്തില്‍ നിന്നുണ്ടാകുന്ന അസ്വസ്ഥത മൂലമാണ് കെ സുധാകരന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അശ്ലീലമായി മാറിയെന്നു ആക്ഷേപിച്ചതെന്നും ശിവന്‍കുട്ടി.
◾ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആറന്മുളയില്‍ അനീഷ് എന്ന യുവാവിനെ പുലര്‍ച്ചെ വീട് വളഞ്ഞ് പ്രായമായ അച്ഛന്റേയും അമ്മയുടേയും മുമ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോലീസ് സിപിഎമ്മിന്റെ ശിങ്കിടികളായാണ് പെരുമാറുന്നതെന്നും അനീഷിന്റെ അമ്മയെ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
◾മലയാളി യുവാവ് അര്‍മേനിയയില്‍ കുത്തേറ്റു മരിച്ചു. കൊരട്ടി കട്ടപ്പുറം പറപ്പറമ്പില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
◾കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലുണ്ടായ സംഭവങ്ങള്‍ ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സീറോ മലബാര്‍ സിനഡ്. ഈ ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് സിനഡ് പറഞ്ഞു.
◾എറണാകുളത്ത് ഗുഡ്സ് ട്രെയിനിന്റെ ലോക്ക് തകരാറിലായതുമൂലം രണ്ടു ബോഗികള്‍ വേര്‍പ്പെട്ടു. എറണാകുളത്തു നിന്നും പാലക്കാട് പോകുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികളാണ് രാത്രി എട്ടരയോടെ വേര്‍പ്പെട്ടത്.
◾മലപ്പുറം മമ്പാട് താളിപൊയില്‍ ഐസ്‌കുണ്ടില്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.
◾ആലപ്പുഴ പുന്നപ്രയില്‍ യുവതിയെ മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സിനിമാതാരം ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. സിനിമാതാരം കൊല്ലം എസ്എസ്എല്‍ വീട്ടില്‍ രാജാസാഹിബ്, പുന്നപ്ര സ്വദേശി ബിനു കൃഷ്ണ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
◾പാലക്കാട് കൂടല്ലൂരില്‍ ഇലക്ട്രിക്ക് കട്ടറില്‍നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. കൂടല്ലൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ സഞ്ജയ് (21) ആണ് മരിച്ചത്.
◾ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്ത് കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പള്ളിക്കാനം കുന്നേല്‍ സിജിയുടെ മകന്‍ ജിസ് (13) ആണ് മരിച്ചത്. വീടിനു സമീപത്തെ കാപ്പിച്ചെടിയില്‍ കയറിയപ്പോള്‍ തെന്നി വീണ് കഴുത്തില്‍ കയര്‍ കുടുങ്ങുകയായിരുന്നു.
◾തൃശൂര്‍ അരിമ്പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകള്‍ അനുപമ (15)യാണ് മരിച്ചത്.
◾ഇന്ത്യ അമേരിക്കയില്‍നിന്നു കൂടുതല്‍ പ്രതിരോധ ആയുധങ്ങള്‍ വാങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അമേരിക്കന്‍ കോണ്‍ഗ്രസിനെ മോദി അഭിസംബോധന ചെയ്യും. വ്യാഴാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍.
◾2021 ലെ മഹാത്മാ ഗാന്ധി പുരസ്‌കാരത്തിനു ഗീതാ പ്രസിനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ തീരുമാനം 'അപഹാസ്യ'മാണ്. സവര്‍ക്കറിനും മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയ്ക്കും അവാര്‍ഡ് നല്‍കുന്നതിന് തുല്യമാണ് ഗീതാ പ്രസിന് പുരസ്‌കാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾കര്‍ണാടകത്തില്‍ മദ്യത്തിന്റെ വില പത്തു ശതമാനം വര്‍ധിപ്പിക്കുന്നു. ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്താനാണു നികുതി വര്‍ധിപ്പിക്കുന്നത്. ക്ഷേമപദ്ധതികള്‍ക്കായി പ്രതിവര്‍ഷം 60,000 കോടി വേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്.
◾കര്‍ണാടകത്തില്‍ ബിജെപിയില്‍നിന്നെത്തി മല്‍സരിച്ചു തോറ്റ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ കോണ്‍ഗ്രസ് എംഎല്‍സി സ്ഥാനത്തേക്ക് മത്സരിപ്പിക്കും. അദ്ദേഹത്തെ മന്ത്രിയാക്കാനും സാധ്യതയുണ്ട്.
◾മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ റോ മേധാവിയായി നിയമിച്ചു. സാമന്ത ഗോയല്‍ വിരമിക്കുന്നതിനാലാണ് പുതിയ നിയമനം. ഛത്തീസ്ഗഡ് കേഡറിലെ ഉദ്യോഗസ്ഥനാണ് രവി സിന്‍ഹ.
◾ഇന്‍ഡിഗോ അഞ്ഞൂറ് എ 320 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങുന്നു. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ ഇടപാടാണിത്. എയര്‍ ഇന്ത്യ നേരത്തെ 470 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവച്ചിരുന്നു.
◾ലുധിയാനയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എട്ടുകോടി രൂപ കൊള്ളയടിച്ച ദമ്പതികള്‍ പൊലീസിന്റെ പിടിയിലായി. മന്‍ദീപ് കൗറും ഭര്‍ത്താവ് ജസ്വീന്ദര്‍ സിംഗുമാണ് ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിനു സമീപം പിടിയിലായത്. ക്യാഷ് മാനേജ്‌മെന്റ് സ്ഥാപനം കൊള്ളയടിച്ചാണ് ഇവര്‍ മുങ്ങിയത്.
◾ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഒരു ദിവസവും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കേ ഓസ്ട്രേലിയക്ക് ഇനി ജയിക്കാന്‍ വേണ്ടത് 174 റണ്‍സ്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 273 റണ്‍സിന് അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 281 റണ്‍സായിരുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തിട്ടുണ്ട്.
◾ഓഹരി വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് എന്ന പദവി സ്വന്തമാക്കി ബാങ്ക് ഓഫ് ബറോഡ. ഓഹരി വില വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 3 ശതമാനം ഉയര്‍ന്ന് 194 രൂപയായി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിനുമുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്. എസ്.ബി.ഐ ഓഹരികളുടെ വിപണി മൂല്യം 5.07 ലക്ഷം കോടി രൂപയാണ്. മാര്‍ച്ച് 28 ന് ശേഷം ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില 20 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. മാര്‍ച്ച് 31 ന് അവസാനിച്ച 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം കാഴ്ചവച്ചിരുന്നു. ബാങ്കിന്റെ ലാഭം 2021-22 സാമ്പത്തിക വര്‍ഷത്തെ 7,272 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,110 കോടി രൂപയായി ഉയര്‍ന്നു. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ബാങ്കിന്റെ ലാഭം 168 ശതമാനം വര്‍ധിച്ച് 4,775 കോടി രൂപയുമായി. ബാങ്കിന്റെ മൊത്തം നിക്ഷേപം 10.47 ലക്ഷം കോടി രൂപയാണ്. വായ്പകള്‍ 7.95 ലക്ഷം കോടി രൂപയുമായി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളിലും കുറവുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മള്‍ട്ടിബാഗര്‍ ആയി മാറിയ ഓഹരികളില്‍ ഒന്നാണ് ബാങ്ക് ഓഫ് ബറോഡ. ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ളത് റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ്. 17.29 ലക്ഷം കോടി രൂപ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് രണ്ടാം സ്ഥാനത്ത്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐ.ടി.സി, ഇന്‍ഫോസിസ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എട്ടാം സ്ഥാനത്താണ്. എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍.
◾വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ബവാല്‍'. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. വരുണ്‍ ധവാന്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ് പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നുമാണ് റിപ്പോര്‍ട്ട്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബവാല്‍' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. വരുണ്‍ ധവാന്റേതായി 'ഭേഡിയ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രത്തില്‍ 'ഭാസ്‌കര്‍' ആയിട്ടായിരുന്നു വരുണ്‍ ധവാന്‍ ഭേഡിയ എന്ന ചിത്രം വേഷമിട്ടത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദിനേശ് വിജന്‍ ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് വരുണ്‍ ധവാന്‍ നായകനായി എത്തിയ 'ഭേഡിയ' നിര്‍മിച്ചിരിക്കുന്നത്. വരുണ്‍ ധവാന്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 89.97 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.
◾റിലീസിന് മുമ്പും ശേഷവും ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കളക്ഷന്റെ കാര്യത്തില്‍ വന്‍ കുതിപ്പാണ് പ്രഭാസ് ചിത്രം 'ആദിപുരുഷ്' നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. സിനിമയുടെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 140 കോടി രൂപയാണ് ചിത്രം നേടിയത്. സിനിമയുടെ ക്വാളിറ്റിയെ കുറിച്ചും തിരക്കഥയെ കുറിച്ചും ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ബോക്‌സോഫീസില്‍ ചിത്രം കുതിപ്പ് തുടരുകയാണ്. രണ്ടാം ദിവസം 100 കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നത്. രണ്ടു ദിവസങ്ങള്‍ കൊണ്ട് 37 കോടി നേടി ഹിന്ദി ബോക്‌സോഫിസിലും ചിത്രം കുതിക്കുകയാണ്. തെലുങ്കില്‍ 26 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിര്‍മാണച്ചെലവില്‍ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം.
◾മിഡില്‍ വെയ്റ്റ് നേക്കഡ് സ്ട്രീറ്റ് ട്രിപ്പിള്‍ ബൈക്കുകള്‍ ട്രയംഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ വേരിയന്റിന് 10.17 ലക്ഷം രൂപയും ആര്‍എസ് വേരിയന്റിന് 11.81 ലക്ഷം രൂപയുമാണ് വില. പരിഷ്‌കരിച്ച ലിക്വിഡ് കൂള്‍ഡ്, 765 സിസി, ത്രീ സിലിണ്ടര്‍ എന്‍ജിനാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ബൈക്കിന് കരുത്തേകുന്നത്. ഏറ്റവും പുതിയ അപ്‌ഡേറ്റുകളില്‍ പുതിയ പിസ്റ്റണുകള്‍, കോണ്‍ റോഡുകള്‍, ഷോര്‍ട്ട് ഇന്‍ടേക്ക് ട്രമ്പറ്റുകള്‍, പുതിയ ക്യാംഷാഫ്റ്റ്, വര്‍ദ്ധിച്ച വാല്‍വ് ലിഫ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. പുതുക്കിയ 765 സിസി എഞ്ചിന്‍ ആര്‍ ല്‍ 120എച്പി വരെയും ആര്‍എസ് ല്‍ 130എച്പി വരെയും കരുത്ത് നല്‍കുന്നു. രണ്ട് മോഡലുകള്‍ക്കും ഇത് 80 എന്‍എം ടോര്‍ക്ക് നല്‍കുന്നു. റെയിന്‍, റോഡ്, സ്‌പോര്‍ട്ട്, റൈഡര്‍ (പൂര്‍ണ്ണമായി കസ്റ്റമൈസ് ചെയ്യാവുന്നത്) എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളുമായാണ് ട്രിപ്പിള്‍ ആര്‍ വരുന്നത്. സൂചിപ്പിച്ച നാല് റൈഡിംഗ് മോഡുകള്‍ക്കൊപ്പം ഒരു അധിക ട്രാക്ക് റൈഡിംഗ് മോഡും ട്രിപ്പിള്‍ ആര്‍എസിനുണ്ട്. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ബൈക്കിന് ആര്‍ ന് 10.17 ലക്ഷം രൂപയും ആര്‍എസ് ന് 11.81 ലക്ഷം രൂപയുമാണ് വില.
◾മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും കാണിച്ചുതരുന്നവയാണ് ഈ കൃതിയിലെ കുറിപ്പുകള്‍. ഇതിന്റെ വായന ഞാനെന്ന മനുഷ്യനിലെ കാപട്യത്തെയും അഹങ്കാരത്തെയും ഒരു പരിധിയോളം ഇല്ലായ്മ ചെയ്യുന്നു. ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം. 'വിശപ്പ് പ്രണയം ഉന്മാദം'. മുഹമ്മദ് അബ്ബാസ്. മാതൃഭൂമി. വില 202 രൂപ.
◾ഡെങ്കിപ്പനി കാരണം രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അപകടകരമായ അവസ്ഥയാണ്. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികള്‍ ധാരാളം പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിക്കും. ഈ പ്ലേറ്റ്‌ലെറ്റുകള്‍ ശരീരത്തിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ പ്രധാനമായതിനാല്‍ അവ വേഗത്തില്‍ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. രക്തത്തിലെ ചെറിയ നിറമില്ലാത്ത കോശ ശകലങ്ങളാണ് പ്ലേറ്റ്‌ലെറ്റുകള്‍ അഥവാ ത്രോംബോസൈറ്റുകള്‍. ശരീരത്തില്‍ ചെറുതോ വലുതോ ആയ മുറിവുകളുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. അവയവ മാറ്റിവയ്ക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകളെ അതിജീവിക്കാനും, കാന്‍സര്‍, വിട്ടുമാറാത്ത രോഗങ്ങള്‍, പരിക്കുകള്‍ എന്നിവയോട് പൊരുതാനുമെല്ലാം പ്ലേറ്റ്‌ലെറ്റുകള്‍ അത്യാവശ്യമാണ്. ഇലക്കറികള്‍ കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് കൂട്ടാന്‍ സഹായിക്കും. അതുപോലെതന്നെ രക്തം കട്ടപിടിക്കാതിരിക്കാന്‍ വിറ്റാമിന്‍ കെ പ്രധാനമാണ്. ചീര, ബ്രൊക്കോളി, കാബേജ് എന്നിവയും വിറ്റാമിന്‍ കെ ലഭിക്കാന്‍ നല്ലതാണ്. സൊയാബീന്‍ കഴിക്കുന്നതും വിറ്റാമിന്‍ കെ കൂട്ടും. കൊഴുപ്പുള്ള മീനില്‍ വിറ്റാമിന്‍ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കള്‍ ഉണ്ടാകാന്‍ (ആര്‍ബിസി) ഈ വിറ്റാമിന്‍ പ്രധാന പങ്ക് വഹിക്കുന്നതാണ്. വിറ്റാമിന്‍ ബി 12 കുറയുമ്പോള്‍ പ്ലേറ്റ്‌ലെറ്റ് കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫോളിക് ആസിഡ് വിറ്റാമിന്‍ ബിയുടെ മറ്റൊരു രൂപമാണ്. ഇതും പ്ലേറ്റ്‌ലെറ്റിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. സപ്‌ളിമെന്റ് കഴിച്ച് ഫോളേറ്റ് കൂട്ടുന്നതിനേക്കാള്‍ നല്ലത് ഭക്ഷണം കഴിച്ചുതന്നെ നേടുന്നതാണ്. ബീന്‍സ്, ബ്രൊക്കോളി എന്നവ കഴിക്കുന്നത് നല്ലതാണ്. ബിയര്‍ ആണെങ്കിലും വൈന്‍ ആണെങ്കിലും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട് മദ്യം ഒഴിവാക്കിയാല്‍ മജ്ജ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പ്ലേറ്റ്‌ലെറ്റ് അളവ് കൂട്ടാന്‍ പ്രധാനമായ മറ്റൊന്ന് വിറ്റാമിന്‍ സി ആണ്. നാരങ്ങ, മുന്തിരി, ഓറഞ്ച് തുടങ്ങി സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.