*പ്രഭാത വാർത്തകൾ*```2023 | ജൂൺ 18 | ഞായർ | 1198 | മിഥുനം 3 | മകയിരം```

◾പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും നേരിടാന്‍ കേരളത്തിന് ലോക ബാങ്ക് 1,228 കോടി രൂപയുടെ വായ്പ അനുവദിച്ചു. മുമ്പ് അനുവദിച്ച 1250 ലക്ഷം ഡോളറിന്റെ വായ്പയ്ക്കു പുറമേയാണിത്. വെള്ളപ്പൊക്കം, പ്രളയം, തീരശോഷണം തുടങ്ങിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ മേഖലയിലും ഈ തുക വിനിയോഗിക്കാം.

◾മണിപ്പൂരില്‍നിന്ന് എത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കു കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളടങ്ങിയ സംഘം മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി വിദേശ പര്യടനത്തിനു പോകും. നൂറ്റിഇരുപതോളം പേര്‍ കൊല്ലപ്പെടുകയും ഇരുപതിനായിരത്തിലേറെ വീടുകളും കെട്ടിടങ്ങളും കത്തിക്കുകയും എണ്‍പതിനായിരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാകുകയും ചെയ്ത മണിപ്പൂര്‍ വംശീയ കലാപം അവസാനിപ്പിക്കാന്‍ മോദി ഇടപെടുന്നില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.

◾മണിപ്പൂരിലെ കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ എന്‍പിപി സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷ സേനയും അക്രമി സംഘങ്ങളും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി.

◾മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വഞ്ചനകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഇടനിലക്കാരന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാര്‍. കൊച്ചി വൈറ്റിലയിലെ ഹോട്ടലില്‍ സുധാകരന്റെ അടുപ്പക്കാരന്‍ എബിന്‍ എബ്രഹാം ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പരാതിക്കാര്‍ പുറത്തു വിട്ടു. കരാര്‍ജോലി വാഗ്ദാനം ചെയ്തെന്നാണ് പരാതിക്കാരില്‍ ഒരാളായ ഷെമീര്‍ ആരോപിച്ചത്.

◾കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് എബിന്‍ എബ്രഹാം. ഇടനിലക്കാരനായിട്ടില്ലെന്നും ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും എബിന്‍ എബ്രഹാം പ്രതികരിച്ചു. അവരുമായി കൂടിക്കാഴ്ച നടത്തിയ ഘട്ടത്തില്‍ സുധാകരനെതിരെ വഞ്ചനാ കേസോ പരാതിയോ ഇല്ലായിരുന്നെന്നും എബിന്‍.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനും ഒപ്പമുണ്ട്. ഇന്നു ദുബായില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നാളെ മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തും.

◾മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കീമില്‍ അപേക്ഷ സമര്‍പ്പിച്ചതിലെ തെറ്റുകള്‍ തിരുത്താനായി പോര്‍ട്ടല്‍ തുറന്നുകൊടുക്കാന്‍ മന്ത്രി ആര്‍ ബിന്ദു നിര്‍ദേശം നല്‍കി.

◾പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന്‍ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജന്‍.

◾കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മൂന്നു മാസമായി കേടായിക്കിടക്കുന്ന ലിഫ്റ്റ് നന്നാക്കാന്‍ തുടങ്ങി. പണി പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലിഫ്റ്റ് ഇല്ലാത്തതിനാല്‍ ആറാം നിലയില്‍നിന്ന് കിടപ്പു രോഗികളെയും മറ്റും ചുമന്നാണ് ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നത്.

◾തൃശൂര്‍ അത്താണി ഫെഡറല്‍ ബാങ്കില്‍ ജീവനക്കാര്‍ക്കുനേരേ പെട്രോള്‍ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കുമെന്നു ഭീഷണിപ്പെടുത്തിയയാളെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

◾കള്ളുഷാപ്പു നടത്തിപ്പിനു സിപിഎം കായംകുളം ഏരിയാ സെക്രട്ടറി അഞ്ചര ലക്ഷം രൂപ വാങ്ങിയെന്നു പരാതി. പണം തരാതെ ഷാപ്പു നടത്താന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോടതി ഉത്തരവു മാനിക്കുന്നുവെന്ന് പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. കേസിനെക്കുറിച്ച് കൂടുതല്‍ ഒന്നും തത്കാലം പറയുന്നില്ലെന്നും മോന്‍സന്‍ പറഞ്ഞു.

◾വിദേശത്തെ പണമിടപാടു തര്‍ക്കത്തിന്റെ പേരില്‍ താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലായി. മലപ്പുറം രണ്ടത്താണി സ്വദേശികളായ കുന്നക്കാട്ട് മുഹമ്മദ് കുട്ടി എന്ന ഫവാസ്, തിരുനിലത്ത് സാബിത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾കൊല്ലം കുണ്ടറയില്‍ പതിനഞ്ചു വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും ട്രെയിനിടിച്ചു മരിച്ച നിലയില്‍. കോളശ്ശേരി സ്വദേശി കാര്‍ത്തിക്, പുത്തന്‍കുളങ്ങര സ്വദേശിനി മാളവിക എന്നിവരാണു മരിച്ചത്.

◾അടൂരില്‍ ബൈക്കിലെത്തി മധ്യവയസ്‌കന്റെ മാല പൊട്ടിച്ച യുവതി പിടിയില്‍. ആലപ്പുഴ കൃഷ്ണപുരം സ്വദേശി 27 കാരി സരിതയാണ് അറസ്റ്റിലായത്. ആണ്‍സുഹൃത്ത് അന്‍വര്‍ ഷാ രക്ഷപ്പെട്ടു. മാല പൊട്ടിക്കുന്നതു തടയാന്‍ ശ്രമിച്ച തങ്കപ്പനെ മര്‍ദിക്കുന്നതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അന്‍വര്‍ഷാ ഓടിരക്ഷപ്പെടുകയായിരുന്നു.

◾ലൈംഗിക പീഡനത്തിനു ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരേ സമരം നയിച്ച ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. താരങ്ങള്‍ക്കു പരിശീലനത്തിനു സാവകാശം ലഭിക്കാന്‍ ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരങ്ങള്‍ നീട്ടിവയ്ക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ സംഘാടകരായ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യക്കു കത്തയച്ചു.

◾കോണ്‍ഗ്രസില്‍ ചേര്‍ന്നുകൂടെയെന്ന് ഒരു നേതാവു തന്നോടു ചോദിച്ചപ്പോള്‍, അതിലും ഭേദം കിണറ്റില്‍ ചാടുന്നതാണെന്നാണു താന്‍ മറുപടി നല്‍കിയതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുംബൈയില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.

◾ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ചുഴലിക്കാറ്റില്‍ 47 പേര്‍ക്ക് പരിക്കേറ്റു. 234 മൃഗങ്ങള്‍ ചത്തു. ഗുജറാത്തില്‍ തകരാറിലായ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ പുനസ്ഥാപിച്ചെന്നും അദ്ദേഹം അറിയിച്ചു.

◾ഗ്രീന്‍ കാര്‍ഡ് യോഗ്യതാ മാനദണ്ഡങ്ങളില്‍ അമേരിക്ക ഇളവു വരുത്തി. ജോലി ചെയ്യുന്നതിനും യുഎസില്‍ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലാണ് ഇളവ്. നിരവധി ഐടി പ്രഫഷണലുകളാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്.

◾ഉഗാണ്ടയില്‍ ഭീകരര്‍ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ 38 വിദ്യാര്‍ത്ഥികള്‍ അടക്കം 41 പേര്‍ കൊല്ലപ്പെട്ടു. സെക്കന്‍ഡറി സ്‌കൂളിനുനേരെ ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന ഭീകര സംഘടനാ പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തുകയായിരുന്നു.

◾അഫ്ഗാനിസ്താനെ 546 റണ്‍സിന് പരാജയപ്പെടുത്തിയ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയം. റണ്‍സടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയവും ടെസ്റ്റ്് ചരിത്രത്തിലെ മൂന്നാമത്തെ വിജയവുമാണ് ബംഗ്ലാദേശ് നേടിയത്. 662 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്താന്‍ 115 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 1928-ല്‍ ഓസ്‌ട്രേലിയയെ 675 റണ്‍സിന് ഇംഗ്ലീഷ് പട തകര്‍ത്തതും 1934-ല്‍ ഓസീസ് ഇംഗ്ലണ്ടിനെ 562-റണ്‍സിന് കീഴടക്കിയതുമാണ് ടെസ്റ്റ് ചരിത്രത്തിലെ ഇതിനു മുമ്പുള്ള മികച്ച വിജയങ്ങള്‍.

◾ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 311 ന് 5 എന്ന നിലയിലാണ് ഓസ്ട്രേലിയ. 126 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ഉസ്മാന്‍ഖവാജയാണ് ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗസിന് കരുത്തുപകര്‍ന്നത്.

◾യുവാക്കളും ജോലി തേടുന്നവരും മാത്രമല്ല അതിസമ്പന്നരായവരും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയാണെന്ന് കണക്കുകള്‍. ലോകത്തെ കുടിയേറ്റ ട്രെന്‍ഡുകള്‍ നിരീക്ഷിക്കുന്ന പെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023 പ്രകാരം ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം മാത്രം പാലായനം ചെയ്യുന്നത് 6,500 അതിസമ്പന്നരാണ്. സമ്പന്നര്‍ നാടുവിട്ടുപോകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 13,500 അതിസമ്പന്നരെയാണ് ഈ വര്‍ഷം ചൈനയ്ക്ക് നഷ്ടമാവുക. ഇന്ത്യ രണ്ടാം സ്ഥാനത്താണെങ്കിലും മുന്‍ വര്‍ഷവുമായി നോക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യ വിടുന്ന സമ്പന്നരുടെ എണ്ണം കുറവാണ്. കഴിഞ്ഞ വര്‍ഷം 7,500 കോടീശ്വരന്മാരാണ് രാജ്യം വിട്ടത്. പത്ത് ലക്ഷം ഡോളറോ(ഏകദേശം 8.2 കോടി രൂപ) അതിലധികമോ നിക്ഷേപിക്കാന്‍ ശേഷിയുള്ള ആളുകളെയാണ് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ എന്ന് വിളിക്കുന്നത്. ആഗോളതലത്തില്‍ ഈ വര്‍ഷം 1,22,000 അതിസമ്പന്നരും 2024 ല്‍ 1,28,000 അതിസമ്പന്നരും നാട് വിട്ട് മറ്റ് രാജ്യങ്ങളില്‍ കുടിയേറുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളുടെ പ്രിയപ്പെട്ട രാജ്യങ്ങള്‍ ദുബൈയും സിംഗപ്പൂരുമാണ്. എന്നാല്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ (5,200) പേര്‍ ചേക്കേറി പാര്‍ക്കുന്നത് ഓസ്‌ട്രേലിയയിലേക്കാണ്. 4,500 പുതിയ സമ്പന്നര്‍ യു.എ.ഇയിലും 3,200 അതിസമ്പന്നര്‍ സിംഗപ്പൂരിലും താമസമാക്കും. അമേരിക്കയിലേക്ക് പുതുതായി 2,100 പേര്‍ കൂടി ചേര്‍ക്കപ്പെടും. അതിസമ്പന്നര്‍ കുടിയേറി പാര്‍ക്കാന്‍ ആഗ്രഹിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസ്ലന്‍ഡ് എന്നിവയുമുണ്ട്.

◾ആഗോളതലത്തില്‍ ഷാരൂഖ് ഖാന്‍ ചിത്രം പഠാനെ കടത്തിവെട്ടി പ്രഭാസ് ചിത്രം ആദിപുരുഷ്. 140 കോടിയാണ് ആദ്യദിനം ചിത്രം ആഗോളതലത്തില്‍ നിന്ന് നേടിയതെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് ആണ് ഇത്. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഓം റൗട്ട് ആണ് സംവിധാനം ചെയ്തത്. 500 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രത്തിനെതിരെ റിലീസ് ദിനത്തില്‍ വലിയ രീതിയിലുള്ള നെഗറ്റീവ് പബ്ലിസിറ്റി നേരിട്ടിരുന്നു. സമീപകാല ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്ന ഷാരൂഖ് ഖാന്‍ ചിത്രം പഠാന്റെ ആദ്യദിന കളക്ഷന്‍ 106 കോടി ആയിരുന്നു. അതേസമയം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി ചിത്രം ഇതിനോടകം 247 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്. 60 ലക്ഷമാണ് കേരളത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍. തെലുങ്കില്‍ നിന്നും 58.50 കോടി രൂപയും, ഹിന്ദിയില്‍ നിന്നും 35 കോടി രൂപയും, തമിഴില്‍ നിന്നും ഒരുകോടി രൂപയും, കന്നഡയില്‍ നിന്നും 4 ലക്ഷം രൂപയുമാണ് ചിത്രം ആദ്യദിനം നേടിയത്. ത്രിഡി സാങ്കേതികയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൃതി സനണ്‍ ആണ് നായിക. ചിത്രത്തില്‍ വില്ലനായെത്തുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. നടന്‍ സണ്ണി സിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

◾മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ജോജു ജോര്‍ജ്. ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' സിനിമയുടെ തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തിനായി ജോജു നടത്തിയ മേക്കോവറാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. ശരീരഭാരം കുറച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. നീല ഷര്‍ട്ടും ജീന്‍സും ധരിച്ച് നില്‍ക്കുന്ന ജോജുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ടൈറ്റില്‍ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് എഴുപത്തിയഞ്ച് ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ തമിഴ്നാട്ടില്‍ ആരംഭിക്കും. ജോജു ജോര്‍ജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് 'ആന്റണി'. പൊറിഞ്ചു മറിയം ജോസില്‍ അഭിനയിച്ച നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, എന്നിവര്‍ക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദര്‍ശനും ആന്റണിയില്‍ എത്തുന്നു.

◾കാറിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡ് സിഗ്നലുകള്‍ കൂടി തെളിയുന്ന സാങ്കേതികവിദ്യയുമായി ഹ്യുണ്ടേയ് മൊബിസ്. ഹ്യുണ്ടേയ് കമ്പനിക്ക് വാഹനങ്ങളുടെ ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന ഉപകമ്പനിയാണ് ഹ്യുണ്ടെയ് മൊബിസ്. ട്രാഫിക് സിഗ്നലുകള്‍ക്കൊപ്പം കാല്‍നട യാത്രികരെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനും ശേഷിയുള്ളതാവും ഈ ഹെഡ്‌ലൈറ്റ്. വാഹനത്തിന്റെ ജിപിഎസും ഓണ്‍ബോര്‍ഡ് ക്യാമറയുമായി ബന്ധിപ്പിക്കുന്ന ലൈറ്റിങ് സംവിധാനമാണിത്. ഇതുവഴിയാണ് റോഡ് സിഗ്നലുകളെക്കുറിച്ചും കാല്‍നടയാത്രക്കാരെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ തല്‍സമയം ലൈറ്റിങ് സംവിധാനത്തിന് ലഭിക്കുക. ഉദാഹരണത്തിന് മുന്നിലെ പാതയില്‍ എവിടെയെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കില്‍ അത് മുന്നറിയിപ്പായി ഹെഡ്‌ലൈറ്റിലൂടെ ഡ്രൈവര്‍ക്ക് മുന്നിലെ റോഡില്‍ തെളിയും. നിരവധി ചെറു എല്‍ഇഡികളുടേയും ചെറു കണ്ണാടികളുടേയും സഹായത്തിലാണ് ഈ ലൈറ്റിങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 25,000 എല്‍ഇഡികളാണ് ഓരോ ഹെഡ്‌ലൈറ്റിലും ഉണ്ടാവുക. അതേസമയം തങ്ങളുടെ ഉല്‍പന്നം ഏതെങ്കിലും വാഹനത്തില്‍ ഹ്യുണ്ടേയ് ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഹ്യുണ്ടേയ് മൊബിസിന് ഇതുവരെ ഉറപ്പു ലഭിച്ചിട്ടില്ല.

◾ഈ പുസ്തകത്തിലെ ഓരോ കഥയും മലയാള കഥാലോകത്തിനുതന്നെ മുതല്‍ക്കൂട്ടാണ്. കഥകളില്‍ കഥകള്‍ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. സമീപകാലത്ത് നമ്മള്‍ വായിക്കുന്ന പല കഥകളും എഴുത്തുകാരന്റെ അറിവിന്റെ ആഴം വായനക്കാരനില്‍ അടിച്ചേല്‍പ്പിക്കുന്നതായി തോന്നാറുണ്ട്.എന്നാല്‍ ഇവിടെ കഥാകൃത്ത് ഒരോ വാക്കും ആ കഥയ്ക്ക് മിഴിവേകുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്. 'ഇരുള്‍മാളങ്ങളുടെ ഉള്ളം'. ഷിബു എസ് ബി. ഗ്രീന്‍ ബുക്സ്. വില 123 രൂപ.

◾മഴക്കാലം തുടങ്ങിയാല്‍ പിന്നെ രോഗങ്ങള്‍ പിടിമുറുക്കിത്തുടങ്ങും. അതുകൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണം. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ ദഹനവ്യവസ്ഥ മന്ദഗതിയിലാകും. അതുകൊണ്ട് എളുപ്പം ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാന്‍, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവ ഒഴിവാക്കുകയും വേണം. ചെറുചൂടോടെ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. കഞ്ഞി, ആവിയില്‍ വേവിച്ച ആഹാരങ്ങള്‍, സൂപ്പ് എന്നിവ നല്ലതാണ്. ഇലക്കറികള്‍ തയ്യാറാക്കുമ്പോള്‍ അവ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം പാചകം ചെയ്യാന്‍ ശ്രദ്ധിക്കണം. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നല്ല ചൂട് ചായയോ കാപ്പിയോ ഒക്കെ കുടിച്ച് വറുത്ത പലഹാരങ്ങള്‍ കഴിച്ചിരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാലിത് അമിതമാകരുത്. ജ്യൂസ് കുടിക്കുന്നതിന് പകരം പഴങ്ങള്‍ മുറിച്ച് ഫ്രൂട്ടായി തന്നെ കഴിക്കുന്നതാണ് നല്ലത്. ദഹനപ്രശ്‌നം ഉണ്ടാക്കുന്ന മൈദ പോലുള്ളവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മണ്‍സൂണ്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷത്തില്‍ തണുപ്പായതുകൊണ്ടും താരതമ്യേന ശാരീരിക പ്രവര്‍ത്തനം കുറവായതിനാലും മഴക്കാലത്ത് ശരീരം അധികം വിയര്‍ക്കാറില്ല. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്ന കാര്യം പലരും മറന്നുപോകാറുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാനും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനും ഓര്‍ക്കണം. കുരുമുളക്, ചുക്ക്, ഇഞ്ചി, മല്ലി, വെളുത്തുള്ളി തുടങ്ങിയവ മഴക്കാലത്ത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ തന്റെ പരീക്ഷണശാലയിലെ വലിയ ടാങ്കില്‍ ഒരു സ്രാവിനെയും കുറെ ചെറുമത്സ്യങ്ങളേയും നിക്ഷേപിച്ചു. ഒരു മണിക്കൂറിനുള്ളില്‍ സ്രാവ് ചെറുമത്സ്യങ്ങളെയെല്ലാം തിന്നുതീര്‍ത്തു. പിന്നീട് അയാള്‍ ടാങ്കിനെ ഫൈബര്‍ ഗ്ലാസ്സുകൊണ്ട് രണ്ടായി പകുത്തു. ഒരു പകുതിയില്‍ സ്രാവും മറുപകുതിയില്‍ ചെറുമത്സ്യങ്ങളെയും ഇട്ടു. സ്രാവ് ഇരപിടിക്കാനുളള ശ്രമം തുടര്‍ന്നു. പക്ഷേ, ഗ്ലാസ്സില്‍ തട്ടി പിന്നോട്ട് തെറിച്ചു. പല തവണ ശ്രമിച്ചെങ്കിലും സ്രാവ് പരാജയപ്പെട്ടു. ചെറു മത്സ്യങ്ങള്‍ പേടിയില്ലാതെ നീന്തിക്കളിച്ചു. ആഴ്ചകള്‍ നീണ്ട പരീക്ഷണത്തില്‍ സ്രാവ് ക്ഷീണിതനും നിരാശനുമായി. അവസാനം അയാള്‍ ഇടയിലുള്ള ഗ്ലാസ്സ് നീക്കം ചെയ്തു. ചെറുമത്സ്യങ്ങള്‍ സ്രാവിനരികിലൂടെ പേടിയില്ലാതെ നീന്തിക്കളിച്ചു. സ്രാവ് അവയെ പിടക്കാന്‍ ശ്രമിച്ചതുമില്ല. സ്വയം രൂപപ്പെടുത്തുന്ന വിശ്വാസചിന്തകള്‍ക്കനുസരിച്ചായിരിക്കും ഓരോരുത്തരും തങ്ങളുടെ വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നതും ഭാവിയെ സജ്ജമാക്കുന്നതും. ശൈശവത്തില്‍ എന്തും എളുപ്പത്തില്‍ ലഭിക്കും. ആദ്യമായി പലതും ചെയ്യുമ്പോള്‍ എല്ലാവരും പ്രോത്സാഹിപ്പിക്കും, ചിലപ്പോള്‍ തോറ്റു തരും. പക്ഷേ, ഇതാണ് ജീവിതത്തിന്റെ പരിച്ഛേദം എന്ന് കരുതുന്നതാണ് അപകടം. ജീവിതത്തില്‍ തോല്‍വികള്‍ സംഭവിക്കാം.. ആ തോല്‍വികളെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോഴാണ് ഒരാളുടെ പോരാട്ടവീര്യവും ഇച്ഛാശക്തിയും വെളിപ്പെടുന്നത്. ജീവിതത്തിന്റെ തുടര്‍പരാജയങ്ങള്‍ നമ്മെ തളര്‍ത്താതിരിക്കട്ടെ.. നമ്മുടെ ആത്മവീര്യത്തെ കെടുത്താതിരിക്കട്ടെ - *ശുഭദിനം.*