◾ആറുവരി ദേശീയപാതയില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാം. റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ നിയമത്തിന് അനുസൃതമായി പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധി താഴെ. നാലുവരി ദേശീയ പാത- 100 കിലോമീറ്റര്‍, മറ്റു ദേശീയപാത, എം.സി. റോഡ്, നാലുവരി സംസ്ഥാന പാത- 90, സംസ്ഥാനപാതകള്‍, പ്രധാന ജില്ലാ റോഡുകള്‍- 80, മറ്റു റോഡുകള്‍ 70, നഗര റോഡുകളില്‍ 50 എന്നിങ്ങനെയാണ് ഒമ്പതു സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി. അതേസമയം ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
◾ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഭീഷണിയെ നേരിടാന്‍ മൂന്നു സേന വിഭാഗങ്ങളുടെയും തലവന്മാരുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തി. അടിയന്തര സാഹചര്യം നേരിടാന്‍ തയാറാകണമെന്നു നിര്‍ദ്ദേശിച്ചു. ഇന്നു കരയ്ക്കെത്തുന്ന ചുഴലിക്കാറ്റ് ഗുജറാത്തില്‍ വന്‍ നാശമുണ്ടാക്കുമെന്ന ഭീതിയിലാണ്. ഭുജ് വിമാനത്താവളം നാളെ വരെ അടച്ചിടും. കച്ചിലെ ആശുപത്രികളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 47,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
◾തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ പിഎ ഗോപാല്‍ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു. നിയമനങ്ങള്‍ക്കു കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു. സെന്തില്‍ ബാലാജി ആശുപത്രിയില്‍ തുടരും. ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ ശക്തിവേല്‍ പിന്മാറി.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പെട്ട മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പു കേസില്‍ എന്‍ഫോഴ്സമെന്റ് വിവരങ്ങള്‍ തേടി. മോണ്‍സന്റെ മൂന്നു ജീവനക്കാരില്‍നിന്നാണ് ഇഡി മൊഴിയെടുത്തത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന് എന്‍ഫോഴ്സ്മെന്റും നോട്ടീസ് നല്‍കും.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതിക്കാരുടേയും സാക്ഷികളുടേയും മൊഴിയുള്ളതുകൊണ്ടാണ് കേസെടുത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രതികാരമല്ലെന്നും അത്തരമൊരു സമീപനം ഇടതുമുന്നണിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍/പാഴ്സല്‍ കൈമാറുമെന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശവാദം.
◾പാലും പാലുല്‍പന്നങ്ങളുമായി നന്ദിനി ഔട്ട്ലെറ്റുകള്‍ കേരളത്തിലേക്കു വരുന്നത് സഹകരണ തത്വങ്ങളുടെ ലംഘനമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി. ഓരോ സംസ്ഥാനത്തേയും പാല്‍ അവിടെത്തന്നെയാണ് വില്‍ക്കേണ്ടത്. ഇക്കാര്യം ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
◾സംസ്ഥാനത്ത് പച്ചക്കറിയും ഇറച്ചിക്കോഴിയും അടക്കം അവശ്യസാധനങ്ങളുടെ വില വര്‍ദ്ധന നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദേശം നല്‍കി. കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരും, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും അടങ്ങുന്ന വില നിലവാര നിരീക്ഷണ സമിതി വിലക്കയറ്റം നിരീക്ഷിച്ച് ഇടപെടണമെന്നാണു നിര്‍ദേശം.
◾വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ കേന്ദ്ര ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മറ്റെല്ലാം മറന്ന് രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ്. കാനം തൃശൂരില്‍ പറഞ്ഞു.
◾കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ പരസ്യവിമര്‍ശനവുമായി മുസ്ലീം ലീഗ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗ്രൂപ്പ് തര്‍ക്കം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾ബിജെപി സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷിനെ മാറ്റി. സഹ സംഘടന സെക്രട്ടറി കെ സുഭാഷിനാണ് പകരം ചുമതല. തിരുവനന്തപുരത്ത് നടന്ന ആര്‍എസ്എസ് പ്രചാരക് ബൈഠക് ആണ് തീരുമാനമെടുത്തത്.
◾ലൈഫ് മിഷന്‍ കോഴക്കേസില്‍ സന്തോഷ് ഈപ്പന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. മാര്‍ച്ച് 27നാണ് സന്തോഷ് ഈപ്പന് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.
◾തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ചോദ്യം ചെയ്യാന്‍ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിളിപ്പിച്ചു. കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരായ അനീഷ് , നിധിന്‍ എന്നിവരെയാണ് വിളിപ്പിച്ചത്.
◾കൊച്ചി പനമ്പിള്ളി നഗര്‍ കല്ലൂപാലത്തിനു സമീപം കാര്‍ ഡിവൈഡറില്‍ ഇടിച്ചു കത്തി നശിച്ചു. മല്‍സരയോട്ടത്തെത്തുടര്‍ന്നാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചതെന്നു സംശയിക്കുന്നു.
◾സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ധനകോടി ചിറ്റ്സ് സാമ്പത്തിക തട്ടിപ്പു കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം യോഹന്നാന്‍ മറ്റത്തില്‍ പിടിയിലായി. ഒളിവില്‍ പോയ ഇയാളെ ബംഗളൂരുവില്‍ നിന്നാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
◾വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ മദ്യലഹരിയില്‍ മര്‍ദിച്ച രണ്ടു പേരെ വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുത്തിവയ്പിനായി ആശുപത്രിയില്‍ എത്തിയതായിരുന്നു രണ്ടുപേരും.
◾സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ടു ജോലി തേടിയിറങ്ങിയ മറയൂര്‍ സ്വദേശിയായ യുവാവിന്റെ നഗ്‌നവീഡിയോ പ്രചരിപ്പിച്ച് പണം തട്ടിയെന്ന് പരാതി. സമൂഹമാധ്യമത്തിലൂടെ ലഭിച്ച ലിങ്ക് വഴിയാണ് യുവാവ് ജോലിക്ക് അപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനിലൂടെ ഇന്റര്‍വ്യൂ നടത്തി. യുവാവിന്റെ ഇമെയില്‍ ഐഡി, വാട്‌സാപ് നമ്പര്‍, ഇന്‍സ്റ്റഗ്രാം ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് വാട്‌സാപ്പിലേക്ക് യുവാവിന്റെ മോര്‍ഫ് ചെയ്ത നഗ്‌നശ്യങ്ങള്‍ അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
◾പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ചില്ലു തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിറകേ ഓടി പോലീസ് കീഴ്പെടുത്തി. ഹെറോയിനുമായി ചാലക്കുടി പൊലീസ് പിടികൂടിയ ആസാംകാരന്‍ അബ്ദു റഹ്‌മാന്‍ (22) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലാത്.
◾കൊവിഡ് സെന്ററിലെ പീഡന കേസില്‍ മുന്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. മൂഴിയാര്‍ സ്വദേശി എംപി പ്രദീപിനെ ഡല്‍ഹിയില്‍നിന്നാണ് അറസ്റ്റു ചെയ്തത്. കോവിഡ് സെന്ററില്‍ ഒപ്പം സേവനം ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
◾ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തൃശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), ഇയാളുടെ പങ്കാളി അശ്വതി (25), കൊട്ടാരക്കര നെടുവത്തൂര്‍ സ്വദേശി അനൂപ് (23) എന്നിവരെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റു ചെയ്തത്.
◾മലപ്പുറം വളാഞ്ചേരിയില്‍ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ ആസാം സ്വദേശികളായ അമീന്‍, രാഹുല്‍ എന്നിവരാണ് മരിച്ചത്.
◾തൃശൂര്‍ ചേര്‍പ്പില്‍ സ്വന്തം വീട്ടിലെ ആള്‍മറയിലാത്ത കിണറ്റില്‍ വീണ 64 കാരന്‍ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി. പാണ്ടിയാടത്തു വീട്ടില്‍ പ്രതാപന്‍ (64) ആണു മരിച്ചത്. രക്ഷിക്കാന്‍ കിണറില്‍ ചാടിയ ഭാര്യ വല്‍സല (55) യെയാണു രക്ഷിച്ചത്.
◾മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂര്‍ സ്വദേശി സൗദി അറേബ്യയില്‍ കവര്‍ച്ചാസംഘത്തിന്റെ കുത്തേറ്റ് മരിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് മരിച്ചത്.
◾കഴക്കൂട്ടം മംഗലപുരത്ത് വ്യാപാരിയായ ഗൃഹനാഥന്‍ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ച നിലയില്‍. ശാസ്തവട്ടം ശാന്തിനഗര്‍ ചോതിയില്‍ രാജു (62) വിനെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടത്.
◾തമിഴ്നാട് കേരള അതിര്‍ത്തിയായ ചെങ്കോട്ടയില്‍ യുവാവിനെ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്.
◾സിങ്കപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തലവടി സ്വദേശിയുടെ കൈയ്യില്‍ നിന്ന് 90,000 രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. കരുവാറ്റ ചക്കിട്ടയില്‍ വീട്ടില്‍ ജയചന്ദ്രനാണ് (43) എടത്വാ പൊലീസിന്റെ പിടിയിലായത്.
◾ചാരുംമൂട് താമരക്കുളം ചത്തിയറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു. ചത്തിയറ തെക്ക് സ്വദേശിയായ അശോകന്റെ മകന്‍ സായി കൃഷ്ണയെയാണ് നായ കടിച്ചത്.
◾പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയ പതിനേഴുകാരിയെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ച രണ്ടുപേര്‍ പിടിയില്‍. പത്തനംതിട്ട ചന്ദ്രവേലിപ്പടിയില്‍ അയ്യപ്പന്‍, റിജിമോന്‍ എന്നിവരാണ് അറസ്റ്റിലായത്.
◾നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു മടങ്ങവേ അടിമാലിക്കു സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലു പേര്‍ക്കു പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ അബ്ദുള്‍ ഖാദര്‍, ഭാര്യ റജീന, അയല്‍വാസികളായ ബിജു, ലാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. 150 അടിയോളം താഴ്ചയിലേക്കാണ് കാര്‍ വീണത്.
◾മണിപ്പൂരില്‍ കുക്കി വംശജയായ ഏക വനിതാ മന്ത്രിയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു. വ്യവസായ മന്ത്രി നെംച കിപ്ഗെന്റെ വസതിയാണ് അക്രമികള്‍ കത്തിച്ചത്. അക്രമികളെ ഒഴിപ്പിക്കാന്‍ സുരക്ഷാസേന നിരവധി തവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. കുക്കി വംശജര്‍ക്കെതിരേ സര്‍ക്കാര്‍ പിന്തുണയോടെന്ന് ആരോപിക്കപ്പെടുന്ന വംശഹത്യയില്‍ ഇന്നലെ 11 പേരാണു കൊല്ലപ്പെട്ടത്.
◾സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തതിനു പിറകേയാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ കോടതി ഉത്തരവോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസെടുക്കാനാവില്ല. കേരളം അടക്കം 10 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിന്‍വലിച്ചിരുന്നു.
◾കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി ഒമ്പതിനു തീപിടുത്തം. സെക്യൂരിറ്റി ചെക് ഇന്‍ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു.
◾കര്‍ണാടകയിലെ കലബുറഗിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ നാടകത്തിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ച് റദ്ദാക്കി. കേസിന്റെ പേരില്‍ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത കര്‍ണാടക പൊലീസിന്റെ നടപടി വിവാദമായിരുന്നു.
◾മയക്കുമരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ അറസ്റ്റിലായ നടി ക്രിസന്‍ പെരേരയെ കോടതി കുറ്റവിമുക്തയാക്കി. ഏപ്രില്‍ ഒന്നിന് മുംബൈയില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് 27 കാരിയായ ക്രിസന്‍ പെരേര അറസ്റ്റിലായത്. നടിയെ കുടുക്കാന്‍ മയക്കമരുന്ന് അടങ്ങിയ മൊമെന്റോ കൈമാറിയ മുംബൈയിലുള്ള രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
◾ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കൂറ്റന്‍ പാലം തകര്‍ന്നുവീണു. തപി ജില്ലയിലെ മിന്ദോള നദിക്ക് കുറുകെ നിര്‍മിക്കുന്ന പാലമാണ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നുവീണത്.
◾ഗുജറാത്തിലെ കച്ച് മേഖലയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി.
◾കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കര്‍ണാടക പിസിസി പ്രസിഡന്റുമായ ഡികെ ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ബിജെപിയുടെ അപകീര്‍ത്തി കേസ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയതെന്ന് ആരോപിച്ചാണ് കേസ്.
◾കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരായ മാനനഷ്ടക്കേസ് പ്രത്യേക കോടതി തള്ളി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈക്കെതിരെ 'അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രി' എന്ന പരാമര്‍ശത്തിനെതിരെ ലിംഗായത്ത് സമുദായത്തിലെ രണ്ടു പേര്‍ നല്‍കിയ മാനനഷ്ടക്കേസാണ് തള്ളിയത്.
◾ലണ്ടനില്‍ ഇന്ത്യന്‍ സ്വദേശിയായ 27 കാരി കുത്തേറ്റുമരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബ്രസീലുകാരനടക്കം മൂന്നു പേര്‍ കസ്റ്റഡിയിലായി.
◾ഗ്രീസില്‍ ബോട്ട് മുങ്ങി 78 മരണം. അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി എത്തിയ ബോട്ടാണു മുങ്ങിയത്. നൂറോളം പേരെ രക്ഷപ്പെടുത്തി. നാനൂറിലേറെ പേര്‍ ബോട്ടിലുണ്ടായിരുന്നെന്നാണു റിപ്പോര്‍ട്ട്. പെലോപ്പൊന്നീസ് തീരത്തുനിന്ന് 47 നോട്ടിക്കല്‍ മൈല്‍ ദൂരെയാണു ബോട്ട് മുങ്ങിയത്.
◾ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി പിഎസ്ജി വിടുന്നത് സംബന്ധിച്ച് പ്രതികരണവുമായി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. 'നമ്മള്‍ സംസാരിക്കുന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെക്കുറിച്ചാണ്. മെസ്സിയെപ്പോലൊരാള്‍ വിട്ടുപോകുന്നത് ഒരിക്കലും സന്തോഷകരമായ വാര്‍ത്തയല്ല. അദ്ദേഹത്തിന് ബഹുമാനം കിട്ടേണ്ടതുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ നിന്ന് അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം ലഭിച്ചില്ല. ഇത് മോശം കാര്യമാണ്. പക്ഷേ അങ്ങനെയാണ് സംഭവിച്ചത്' - എംബാപ്പെ പറഞ്ഞു.
◾രാജ്യത്ത് അവശ്യവസ്തുക്കളുടെ മൊത്തവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും കുറഞ്ഞു. ഏപ്രിലില്‍ നെഗറ്റീവ് 0.92 ശതമാനമായിരുന്നത് മേയില്‍ നെഗറ്റീവ് 3.48 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞവര്‍ഷം മേയില്‍ ഇത് 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 16.63 ശതമാനമായിരുന്നു. മിനറല്‍ ഓയില്‍, ബേസിക് മെറ്റല്‍, ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, ക്രൂഡോയില്‍, പ്രകൃതിവാതകം, കെമിക്കല്‍, കെമിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയിടിവാണ് മേയിലും മൊത്തവില പണപ്പെരുപ്പം കുറയാന്‍ വഴിയൊരുക്കിയത്. രാജ്യത്ത് അവശ്യവസ്തുക്കളുടെ മൊത്തവില കുറയുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് വരും മാസങ്ങളില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പം കുറയാനും സഹായിച്ചേക്കും. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഏപ്രിലിലെ 3.54 ശതമാനത്തില്‍ നിന്ന് മേയില്‍ 1.51 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊര്‍ജ പണപ്പെരുപ്പം ഏപ്രിലിലെ 0.93 ശതമാനത്തില്‍ നിന്ന് മേയില്‍ നെഗറ്റീവ് 9.17 ശതമാനമായി കുറഞ്ഞു. മൊത്തവിലപ്പെരുപ്പം 3.37% ആയിരുന്ന 2020 മേയ് മാസത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് നെഗറ്റീവ് 3.48 എന്ന ഇത്തവണത്തെ നിരക്ക്. രാജ്യത്തിന്റെ റീറ്റെയ്ല്‍ (സി.പി.ഐ) പണപ്പെരുപ്പവും മെയ് മാസത്തില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനത്തിലെത്തിയിരുന്നു.
◾മലയാള സിനിമയിലെ അത്ഭുത പരീക്ഷണമായ 'വാലാട്ടി' ട്രെയ്‌ലര്‍ പുറത്ത്. മലയാള സിനിമയിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് 'വാലാട്ടി'. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 'വാലാട്ടി' വളര്‍ത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്. നായകള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാനിധ്യം കൊണ്ടും 'വാലാട്ടി' ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇപ്പോള്‍ റീലീസ് ആയിട്ടുണ്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങളുടെ ട്രൈനിങ്ങിനും വേണ്ടി മൂന്നിലേറെ വര്‍ഷങ്ങളാണ് ഫ്രൈഡേ ഫിലിം ഹൗസ് ചിലവഴിച്ചത്. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് അയൂബ് ഖാന്‍. മലയാളമുള്‍പ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രമെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മലയാളത്തിനു പുറമേ ഈ ചിത്രം റിലീസ് ചെയ്യുക.
◾സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ബോളിവുഡില്‍ പ്രതീക്ഷിക്കുന്ന വിജയം നേടാത്ത സാഹചര്യത്തില്‍ ചില ചിത്രങ്ങള്‍ മാത്രമാണ് തിയറ്ററുകളില്‍ നന്നായി ഓടിയത്. ഇപ്പോഴിതാ ജൂണ്‍ 2 ന് തിയറ്ററുകളില്‍ എത്തിയ വിക്കി കൌശല്‍ ചിത്രം 'സര ഹട്കെ സര ബച്ച്കെ' മികച്ച പ്രതികരണവും കളക്ഷനുമായി തിയറ്ററുകളില്‍ തുടരുകയാണ്. ചിത്രം ഇതിനകം നേടിയിരിക്കുന്നത് 58.77 കോടിയാണ്. മികച്ച മൌത്ത് പബ്ലിസിറ്റിയുമായി തുടരുന്ന ചിത്രത്തിന് ഇക്കഴിഞ്ഞ വാരാന്ത്യത്തിലും തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഞായറാഴ്ച മാത്രം 7.02 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കുകളാണ് ഇതൊക്കെ. ലുക്കാ ചുപ്പി, മിമി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ലക്ഷ്മണ്‍ ഉടേകര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൌശല്‍ നായകനായി എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് സര ഹട്കെ സര ബച്ച്കെ.
◾ബൈക്ക് പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍, എച്ച്-ഡി എക്‌സ് 440 ജൂലൈ മൂന്നിന് ഔദ്യോഗികമായി പുറത്തിറങ്ങും. അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ ഹീറോ മോട്ടോകോര്‍പുമായി സഹകരിച്ചാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 നിര്‍മിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണിന്റെ എക്‌സ് 350, എക്‌സ് 500 മോഡലുകള്‍ക്ക് ഇരട്ട സിലിണ്ടറാണെങ്കില്‍ എക്‌സ് 440ക്ക് ഒറ്റ സിലിണ്ടര്‍ എന്‍ജിനായിരിക്കും. പ്രധാന എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യേക്കാള്‍ കരുത്തുള്ള എന്‍ജിനാണ് എക്‌സ് 440ല്‍ പ്രതീക്ഷിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350യും ബജാജ് ട്രയംഫ് 400 മാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440യുടെ പ്രധാന എതിരാളികള്‍. ജൂലൈ മൂന്നിന് പുറത്തിറങ്ങുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440യുടെ വില 2.5 ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350(1.9 ലക്ഷം-2.2 ലക്ഷം രൂപ)നേക്കാള്‍ വില കൂടുതലാവും ഹാര്‍ലി ഡേവിഡ്‌സണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ജൂണ്‍ 27ന് പുറത്തിറങ്ങാനിരിക്കുന്ന ബജാജ് ട്രയംഫിനേക്കാള്‍ വില കുറവാകും എക്‌സ് 440 എന്നും കരുതാം.
◾ഒരാളെ മാത്രം പ്രണയിച്ച്, ഒരാള്‍ക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരാള്‍ക്ക് വേണ്ടി ലോകത്തെ സമര്‍പ്പിച്ച് മുന്നോട്ടു പോകുന്ന കഥാപാത്രങ്ങളാണ് ഈ നോവലിന്റെ ആനന്ദം. സ്വാര്‍ത്ഥത എന്ന അനുഭവം ഇതിലെ പ്രണയങ്ങളില്‍ ഒരിടത്തും കാണാനില്ല. എന്നാല്‍ ഓരോ പ്രേമാനുഭവവും ഏകത്വമെന്ന, അദ്വൈതമെന്ന പരമാനന്ദത്തെ പുല്‍കുന്നതുമാണ്. പ്രണയം - നിസ്വാര്‍ത്ഥത, പ്രണയം - ദര്‍ശനം, പ്രണയം - ആത്മീയത എന്നിങ്ങനെ പ്രണയത്തിന്റെ ഓരോ തലത്തെയും സസൂക്ഷ്മം ആവിഷ്‌കരിക്കാനും വിശകലനം ചെയ്യാനും ഈ നോവലിന് കഴിയുന്നു. അതുതന്നെയാണ് ചാതകപ്പക്ഷികളുടെ സാഫല്യവും. 'ചാതകപ്പക്ഷികള്‍'. സോജി ഭാസ്സ്‌കര്‍. ഗ്രീന്‍ ബുക്സ്. വില 218 രൂപ.
◾മിതമായ അളവില്‍ മദ്യം കഴിച്ചാല്‍ പോലും തിമിരം, കുടല്‍വ്രണം ഉള്‍പ്പെടെ അറുപതില്‍പരം രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഒരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് ഓരോ വര്‍ഷവും മുപ്പതു ലക്ഷം പേരാണ് മദ്യപാനം മൂലം മരിക്കുന്നത്. യുകെയിലെ ഓക്സ്ഫഡ് സര്‍വകലാശാലയിലെയും ചൈനയിലെ പെക്കിങ്ങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ 12 വര്‍ഷക്കാലം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നഗര ഗ്രാമപ്രദേശങ്ങളിലെ 5,12,000 പേരിലാണ് മദ്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പഠനം നടത്തിയത്. 200 ല്‍ അധികം രോഗങ്ങള്‍ക്ക് മദ്യപാനവുമായുള്ള ബന്ധം പഠനം പരിശോധിച്ചു. 207 രോഗങ്ങള്‍ പഠിച്ചതില്‍ മദ്യപാനം പുരുഷന്മാരില്‍ 61 രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നതായി കണ്ടു. പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും പുരുഷന്മാരായിരുന്നു. 2 ശതമാനം സ്ത്രീകള്‍ മാത്രമാണ് പതിവായി മദ്യപിക്കുന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന മുന്‍പ് പറഞ്ഞിട്ടുള്ള ലിവര്‍ സിറോസിസ്, പക്ഷാഘാതം, ഉദരത്തിലെയും കുടലിലെയും ചില കാന്‍സറുകള്‍ തുടങ്ങിയ 28 രോഗങ്ങളും തിമിരം, സന്ധിവാതം, ചില ഒടിവുകള്‍, ഗ്യാസ്ട്രിക് അള്‍സര്‍ തുടങ്ങിയ മദ്യപാനവുമായി ബന്ധമുണ്ടെന്ന് മുന്‍പ് സ്ഥാപിക്കപ്പെടാത്ത 33 രോഗങ്ങളും വരാന്‍ ഉള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. ദിവസവും കുടിക്കുക, അല്‍പാല്‍പമായി കൂടുതല്‍ തവണ കുടിക്കുക, ഭക്ഷണസമയങ്ങളില്‍ മദ്യപിക്കുക തുടങ്ങിയ മദ്യപാന ശീലങ്ങള്‍ ചില രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ലിവര്‍സിറോസിസ് വരാനുള്ള സാധ്യത കൂട്ടും. അമിതമദ്യപാനം പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ ഇസ്‌കെമിക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുന്നില്ല. പക്ഷേ മിതമായി മദ്യപിക്കുന്നതുകൊണ്ട് (ദിവസം ഒന്നോ രണ്ടോ ഡ്രിങ്ക്സ്) ഇസ്‌കെമിക് ഹൃദ്രോഗത്തില്‍ നിന്ന് ഒരു സംരക്ഷണവും ലഭിക്കുന്നില്ല എന്നും പഠനം പറയുന്നു. മദ്യപാനം മിതമാണെങ്കില്‍ പോലും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് ക്ലാസ്സില്‍ നിന്നും അവള്‍ കരഞ്ഞുകൊണ്ടാണ് എത്തിയത്. അമ്മ അവളോട് കാരണമന്വേഷിച്ചു. ടീച്ചര്‍ അവളെ വഴക്ക് പറയുകയും ക്ലാസ്സിനു പുറത്ത് നിര്‍ത്തുകയും ചെയ്തത്രേ.. അമ്മ കാരണമന്വേഷിച്ചു. അവള്‍ പറഞ്ഞു: ഡ്രോയിങ്ങ് ക്ലാസ്സില്‍ ആകാശം വരച്ചപ്പോള്‍ ഞാന്‍ പിങ്ക് നിറമാണ് നല്‍കിയത്. ആകാശത്തിന്റെ യഥാര്‍ത്ഥനിറമെന്താണമ്മേ? അമ്മപറഞ്ഞു: ടീച്ചര്‍ക്ക് തെറ്റിയതാണ്.. നിന്റെ ആകാശത്തിന് നിനക്ക് ഇഷ്ടമുള്ള നിറം നല്‍കാം. അവള്‍ വീണ്ടും കരഞ്ഞു: കൂട്ടുകാര്‍ പറഞ്ഞു ആകാശത്തിന്റെ നിറം നീലയാണെന്ന്. പിന്നെ അവര്‍ എന്നെ മണ്ടിയെന്നും വിളിച്ചു. അമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ആര്‍ക്ക് വേണ്ടിയും നീ നിന്റെ ആകാശത്തിന്റെ നിറം മാറ്റേണ്ടതില്ല.. എല്ലാവര്‍ക്കും അവരവരുടേതായ ആകാശമുണ്ട്. നിന്റെ ആകാശം പിങ്കാണെന്ന് നീ തീരുമാനിച്ചാല്‍ അത് അങ്ങിനെ തന്നെയാണ്.. ആ കുഞ്ഞ് മുഖത്ത് പുഞ്ചിരി വിരിഞ്ഞു.. ശീലിച്ചവയിലേക്ക് മാത്രം ചിന്തകളും പ്രവൃത്തികളും കേന്ദ്രീകരിക്കപ്പെടുന്നതില്‍ നിന്നാണ് പരിമിതികള്‍ സൃഷ്ടിക്കപ്പെടുന്നത്. ആ പരിമിതിയാണ് ഒരാളുടെ തനിമയും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നതും. ട്രാഫിക് സിഗ്നലിനോ മഴവില്ലിനോ നിറഭേദങ്ങല്‍ സാധ്യമല്ലെങ്കിലും സ്വന്തം ചുവരിലെ ചായക്കൂട്ടുകള്‍ക്ക് വൈവിധ്യങ്ങള്‍ സാധ്യമാണ്. അതിനു സ്വന്തമായ ചുവരും കാന്‍വാസും വേണം. അവിടെ മുന്‍ധാരണകള്‍ക്കു വഴങ്ങാത്ത സ്വയനിര്‍മ്മിതികളെ വിളക്കിച്ചേര്‍ക്കുന്ന തീരുമാനം വേണം. എന്റെ ആകാശം എനിക്കുള്ളതാണെന്നും അതിന് എനിക്കിഷ്ടപ്പെട്ട നിറമാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് പുതിയ ആകാശവും പുതിയ മണ്ണും രൂപപ്പെടുന്നത്.. നമ്മുടെ ആകാശത്തിലും മണ്ണിലും പുതുമകള്‍ വിരിയട്ടെ - ശുഭദിനം.