*_ പ്രഭാത വാർത്തകൾ_*```2023 | ജൂൺ 13 | ചൊവ്വ | 1198 | എടവം 30 | രേവതി```

◾മലപ്പുറത്തു നേരിയ ഭൂചലനം. രാത്രി 8.10 നാണ് കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്പ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്.

◾സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സര്‍ക്കാര്‍ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. കേരളത്തിന് 2,277 കോടി രൂപയാണു ലഭിക്കുക. ജൂണ്‍ മാസത്തെ വിഹിതത്തിനൊപ്പം അടുത്ത മാസത്തെ വിഹിതം മുന്‍കൂറായി നല്‍കിയെന്നു കേന്ദ്ര ധനമന്ത്രാലയം.

◾മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയപ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കഴിഞ്ഞദിവസം വിജിലന്‍സ് കേസെടുത്തിരുന്നു.

◾കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിനാണ് അന്വേഷണ ചുമതല. ഇതേസമയം, കൊവിന്‍ ആപ്പില്‍നിന്ന് മുന്‍ കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങളാണു പുറത്തായതെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

◾ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ടിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. കല്‍പ്പറ്റ സിജിഎസ്ടി സൂപ്രണ്ട് പര്‍വീന്തര്‍ സിംഗിനെയാണ് പിടികൂടിയത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി കേസില്‍ പിടികൂടാനുള്ള അധികാരം സിബിഐക്കാണ്. അധികാര പരിധി മറികടന്നുകൊണ്ടാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. നികുതിയായി ഒമ്പതു ലക്ഷം രൂപ അടച്ച കരാറുകാരനോട് പത്തു ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയിരുന്നു. അധിക തുക ചുമത്താതിരിക്കാനാണ് കൈക്കൂലി വാങ്ങിയത്.

◾മാസപ്പടിയായി 25,000 രൂപ വാങ്ങവേ ആര്‍ ടി ഒ ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. ഹരിപ്പാട് ഇന്റലിജന്‍സ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സതീഷാണ് പിടിയിലായത്. ദേശീയ പാത നിര്‍മാണത്തിനുള്ള വാഹനങ്ങളെ പിടിക്കാതിരിക്കാന്‍ ഉപകരാറുകാരനില്‍ നിന്ന് 25,000 രൂപ വാങ്ങവേയാണ് ഇയാളെ പിടികൂടിയത്.

◾കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിയമനങ്ങളില്‍ പരാതികളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എല്ലാവരുടെ ആഗ്രഹവും സഫലീകരിക്കുന്ന വിധത്തില്‍ ബ്ലോക്ക് പ്രസിഡന്റ് നിയമനം നടത്താനാവില്ല. പക്ഷേ, പരാതി ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും താരിഖ് അന്‍വര്‍ അറിയിച്ചു.

◾നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന സിപിഐയുടെ മുന്‍ വനിതാ എംഎല്‍എമാരുടെ ആവശ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേസിന്റെ വിചാരണ നീട്ടാനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് വാദിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

◾അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ ജോലി തരപ്പെടുത്താന്‍ കെ വിദ്യ വ്യാജരേഖയുമായി അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍. കാറില്‍ മറ്റൊരാളും ഉണ്ടായിരുന്നു. കറുത്ത ഫിലിം ഒട്ടിച്ച കാറിനകത്തെ ആളുടെ മുഖം വ്യക്തമല്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്കു ശേഷം തിരിച്ചെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

◾വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ഗോപു നെയ്യാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. വ്യാഴാഴ്ച വരെ എല്ലാം ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും ഇത്തരം പോസ്റ്റര്‍ പതിപ്പിക്കും.

◾തെരുവു നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ നിഹാല്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു.

◾മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദ് കൊല്ലപ്പെടാനിടായായത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

◾കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തീയതി ഈ മാസം 16 വരെ നീട്ടി.

◾തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണം. ആറു വീടുകള്‍ തകര്‍ന്നു. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീടുകളിലെയും കടലെടുക്കാന്‍ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

◾മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മതിലിടിഞ്ഞ് ഒമ്പതു പേര്‍ക്കു പരിക്കേറ്റു. ചാലക്കുടി അന്നനാട് മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില്‍ ഇടിഞ്ഞ് വീണത്. വേണുവിന്റെ അച്ഛന്‍ ശങ്കരന്‍ മരിച്ചതിന്റെ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം.

◾കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്കു റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് നാലു വയസുകാരന്‍ മരിച്ചു. ആനക്കല്ല് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് (നാല്) ആണ് മരിച്ചത്.

◾ശബരിമല സന്നിധാനത്ത് 25 വര്‍ഷമായി പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സറായിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരിച്ചു. ബെഗളൂരുവില്‍ അദ്ദേഹം ഓടിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

◾സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചങ്ങരംകുളത്തെ സാംസ്‌കാരിക കേന്ദ്രമായ എകെജി സെന്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തില്‍ കൃഷ്ണകുമാര്‍ (47) ആണ് മരിച്ചത്. കാര്‍ഷിക സഹകരണ ബാങ്ക് താത്കാലിക ജീവനക്കാരനാണ്.

◾ഭാര്യയുടെ ക്വട്ടേഷനില്‍ ഭര്‍ത്താവിനെ കടയില്‍ കയറി വാടിവാള്‍ വീശി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി ആളൂര്‍ പൊന്‍മിനിശേരി വീട്ടില്‍ ജിന്റോയെ പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി. ഗുരുതിപ്പാലയില്‍ പലചരക്ക് കട നടത്തുന്ന കീഴിടത്തുപറമ്പില്‍ ജോണ്‍സനാണ് മര്‍ദനമേറ്റത്. ജോണ്‍സനും ഭാര്യ രേഖയും തമ്മില്‍ വഴക്കിട്ട് അകന്നു കഴിയുകയാണ്.

◾ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി നല്‍കാമെന്നു വിശ്വസിപ്പിച്ച് വിരമിച്ച ബാങ്ക് മാനേജരില്‍നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷകയുടേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ പരയ്ക്കാട് അരിമ്പൂര്‍ ചെന്നങ്ങാട്ട് ബിജു (40), ഭാര്യയും അഭിഭാഷകയുമായ ലിജി (35), വെങ്കിടങ്ങ് കണ്ണോത്ത് തയ്യില്‍ യദുകൃഷ്ണന്‍ (27), ജിതിന്‍ ബാബു (25), ശ്രീജിത് (22), വാടാനപ്പിള്ളി ഫവാസ് (28), എടക്കഴിയൂര്‍ നന്ദകുമാര്‍ (26), പാടൂര്‍ പണിക്കവീട്ടില്‍ റിജാസ് (28) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയത്. പൊലീസ് ചമഞ്ഞാണ് കൈമാറിയ അമ്പതു ലക്ഷം രൂപ തട്ടിയെടുത്തത്.

◾മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി നര്‍മ്മദ നദീ പൂജയോടെ തുടക്കമിട്ടു. സ്ത്രീകള്‍ക്കു മാസം 1,500 രൂപ, 500 രൂപയ്ക്കു ഗ്യാസ് സിലിണ്ടര്‍, നൂറു യൂണിറ്റ് വൈദ്യുതി സൗജന്യം, കാര്‍ഷിക കടം എഴുതിത്തള്ളും തുടങ്ങിയ അഞ്ച് വാഗ്ദാനങ്ങളാണു ജബല്‍പൂരിലെ മഹാകുശാല്‍ മേഖലയില്‍ നടന്ന ആദ്യ പ്രചാരണ റാലിയില്‍ പ്രിയങ്കാഗാന്ധി മുന്നോട്ടുവച്ചത്.

◾ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്ന ഭാര്യയെ അറസ്റ്റു ചെയ്തു. നിഷാന്ത് ഗാര്‍ഗിനെ വെടിവച്ചു കൊന്നതിനു ഭാര്യ സോണിയയെയാണ് അറസ്റ്റു ചെയ്തത്. കിടപ്പുമുറിയില്‍ നാടന്‍ തോക്കുപയോഗിച്ച് ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ നോക്കിയെന്നും പിടിവലിക്കിടെ അബദ്ധത്തില്‍ ഭര്‍ത്താവിനു വെടിയേല്‍ക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞതായി പൊലീസ് വെളിപെടുത്തി.

◾മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരില്‍ 22 കാരനായ കുക്കി യുവാവിനെ മെയ്തെയ് വിഭാഗക്കാര്‍ വെടിവച്ചുകൊന്നു. കാമന്‍ലോക്കില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

◾നിരവധി പ്രതിനായക വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. തമിഴിലും മലയാളത്തിലുമാണ് കസാന്‍ ഖാന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ ചെയ്തത്.

◾ലൈംഗികാരോപണങ്ങള്‍ക്കിടെ ദേശീയ ഗുസ്തി ഫെഡറേഷനില്‍ അടുത്ത മാസം നാലിന് തെരഞ്ഞെടുപ്പ്. മുന്‍ ജമ്മുകാഷ്മീര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് മഹേഷ് കുമാര്‍ മിത്തലിനെ വരണാധികാരിയായി നിയമിച്ചു. നിലവിലെ ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുന്ന താരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് തെരഞ്ഞെടുപ്പ്. ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹരിയാനയില്‍ ബുധനാഴ്ച ഖാപ് പഞ്ചായത്ത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

◾കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവര്‍ത്തനത്തിനുമായി ചൈനയുടെ രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്റ്സ് വിഭാഗം. അമേരിക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപില്‍ ചാരപ്രവര്‍ത്തനത്തിനായി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാന്‍ ചൈന പദ്ധതിയിടുന്നതായി യുഎസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, അമേരിക്കയുടെ ആരോപണത്തെ ക്യൂബ നിഷേധിച്ചു.

◾ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലായ് മുതല്‍. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനമത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പര്യടനം. ജൂലായ് 12-ന് ടെസ്റ്റ് മത്സരങ്ങളോടെയാണ് തുടക്കം. ജൂലായ് 27ന് ഏകദിന പരമ്പരക്കും ഓഗസ്റ്റ് മൂന്നിന് ടി20 പരമ്പരയ്ക്കും തുടക്കമാകും.

◾ഉപഭോക്തൃവില (റീട്ടെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം മേയില്‍ 25 മാസത്തെ താഴ്ചയായ 4.25 ശതമാനമായി കുറഞ്ഞു. ഏപ്രിലില്‍ ഇത് 18 മാസത്തെ താഴ്ചയായ 4.7 ശതമാനമായിരുന്നു. മാര്‍ച്ചിലെ 5.66 ശതമാനത്തില്‍ നിന്നാണ് ഏപ്രിലില്‍ പണപ്പെരുപ്പം കുത്തനെ കുറഞ്ഞത്. 2022 മേയില്‍ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു. കഴിഞ്ഞമാസം ഭക്ഷ്യോത്പന്ന വിലപ്പെരുപ്പം ഏപ്രിലിലെ 3.84 ശതമാനത്തില്‍ നിന്ന് 2.91 ശതമാനത്തിലേക്ക് കുറഞ്ഞതും വലിയ ആശ്വാസമാണ്. ഏപ്രിലിലെ 5.63 ശതമാനത്തില്‍ നിന്ന് കേരളത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം മേയില്‍ 4.48 ശതമാനത്തിലേക്ക് താഴ്ന്നു. 5.76 ശതമാനവും 2022 മേയില്‍ 4.33 ശതമാനവുമായിരുന്നു. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ 4.53 ശതമാനവും നഗരങ്ങളില്‍ 4.33 ശതമാനവുമാണ് പണപ്പെരുപ്പം. ദേശീയ ശരാശരി കഴിഞ്ഞമാസം നഗരങ്ങളില്‍ 4.27 ശതമാനവും ഗ്രാമങ്ങളില്‍ 4.17 ശതമാനവുമാണ്. കഴിഞ്ഞവര്‍ഷം മേയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയ ശരാശരി 7.08 ശതമാനം വീതമായിരുന്നു. ഏപ്രിലില്‍ രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഉയരത്തിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. ഉത്തരാഖണ്ഡ്, തെലങ്കാന, ഹരിയാന എന്നിവ മാത്രമാണ് കേരളത്തിനേക്കാള്‍ കൂടിയ പണപ്പെരുപ്പം ഏപ്രിലില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മേയില്‍ ഹരിയാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പണപ്പെരുപ്പം കേരളത്തിനേക്കാള്‍ ഉയരത്തിലാണ്.

◾ഇന്ത്യന്‍ സംഗീത ലോകത്ത് ഏറ്റവും ആരാധകരുള്ള സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ സംഗീത സംവിധാന രംഗത്തേക്ക്. 'മിന്‍മിനി' എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഖദീജ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. ചിത്രത്തിന്റെ സംവിധായിക ഹലിദ ഷമീമിന് നന്ദി കുറിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്. ഖദീജ മിന്‍മിന്‍ എന്ന സിനിമയ്ക്കായി ഒരുക്കിയ ഗാനങ്ങളെ പ്രശംസിച്ചുകൊണ്ട് സംവിധായിക ഹലിദ ഷമീം എത്തി. ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഖദീജ. സ്വന്തം മ്യൂസിക് വിഡിയോയും ഖദീജ പുറത്തിറക്കിയിട്ടുണ്ട്. സംഗീത മാന്ത്രികന്റെ കുടുംബത്തില്‍ മറ്റൊരാള്‍ കൂടി എത്തുന്നത് സിനിമാ ആസ്വാദകരെ ആവേശത്തിലാക്കുകയാണ്. അടുത്തിടെ സംഗീതസംവിധാനത്തിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നതായി സൂചന നല്‍കിക്കൊണ്ട് ഖദീജ എത്തിയിരുന്നു. എസ്തര്‍ അനിലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ഗൗരവ് കലൈ, പ്രവീണ്‍ കിഷോര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സില്ലു കരിപ്പാട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് ഹലിദ.

◾ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആയിഷ സുല്‍ത്താന ആദ്യമായി സംവിധാനം ചെയ്ത 'ഫ്ലഷ്' തിയറ്ററുകളിലേക്ക്. ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ബീനാ കാസിം വ്യക്തമാക്കി. നിര്‍മാതാവ് സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായി ആയിഷ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. യൂട്യൂബിലൂടെ ചിത്രം പുറത്തെടുക്കുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ ഉള്ളത് കൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിര്‍മ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നുവെന്നാണ് ആയിഷ ആരോപിച്ചത്. അതിനുള്ള മറുപടിയും ബീനാ കാസിം വാര്‍ത്താ സമ്മേളനത്തില്‍ നല്‍കി. ലക്ഷദ്വീപില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ തന്റെ സിനിമയില്‍ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതക്കളെ തനിക്ക് ഉണ്ടാക്കി കൊണ്ട് മനപൂര്‍വ്വം ഉപദ്രിവിക്കാന്‍ അയിഷ ശ്രമിച്ചിരിക്കുന്നു. ആയിഷയുമായി പ്രശ്നമുണ്ടാകുന്നത് അതിന്റെ പേരിലാണെന്നും ബീനാ കൂട്ടിച്ചേര്‍ത്തു. അയിഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തില്‍ എന്തെങ്കിലുമുണ്ടോ എന്ന് ഈ സിനിമ കണ്ട് ജനം തീരുമാനിക്കട്ടെ.- ബീനാ കാസിം പറഞ്ഞു.

◾എസ്യുവികളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 2023 മെയ് മാസത്തില്‍ കമ്പനി ആഭ്യന്തര വിപണിയില്‍ 143,708 കാറുകളും എസ്യുവികളും വിറ്റു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വില്‍പ്പനയേക്കാള്‍ വളരെ കൂടുതലാണ്. കഴിഞ്ഞ മാസം മാരുതി സുസുക്കി ബ്രെസ്സ, ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര എന്നിവയുടെ 33,000 യൂണിറ്റുകള്‍ വിറ്റു. 2023 മെയ് മാസത്തില്‍ മാരുതി സുസുക്കി ഫ്രോങ്കസിന്റെ 9,683 യൂണിറ്റുകള്‍ വിറ്റു. ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്ക്‌സ് എസ്യുവിയെ ഈ മാര്‍ച്ച് അവസാനത്തോടെയാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. 7.56 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ എത്തിയ വാഹനത്തിന് ആദ്യ മാസത്തില്‍ തന്നെ 8,000 ത്തില്‍ അധികം ബുക്കിംഗുകളാണ് ലഭിച്ചത്. ഇപ്പോഴും ഈ എസ്യുവിക്കുള്ള ഡിമാന്‍ഡുകള്‍ കുതിച്ചുയരുകയാണ്. വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍, 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ മാരുതി സുസുക്കി ഫ്രോങ്ക്സ് ലഭ്യമാണ്. ആദ്യത്തേത് 100 ബിഎച്ച്പിയും 147.6 എന്‍എം ടോര്‍ക്കും മികച്ചതാണെങ്കില്‍, പിന്നീടുള്ളത് 90 ബിഎച്ച്പിയും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

◾കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളില്‍ കണ്ടെത്താം. എന്നാല്‍ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടന്‍ ഭാഷയും സംസ്‌കാരവും കലര്‍ന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകള്‍ പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കഥകള്‍ നല്കുന്ന അനുഭവം നൂറുശതമാനം 'കേരളീയം' ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്‌കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തില്‍കൂടി സമീപിക്കുകയെന്നത് പ്രധാനമാണ്. 'പാതിരാലീല'. കെ.എന്‍ പ്രശാന്ത്. ഡിസി ബുക്സ്. വില 162 രൂപ.

◾കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിലൂടെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം രോഗപ്രതിരോധശേഷിയെയും ബാധിക്കാം. ഉയര്‍ന്ന തോതില്‍ മധുരം ശരീരത്തിലെത്തുന്നത് വയറില്‍ കൊഴുപ്പ് അടിയാനും ഇടയാക്കും. കലോറി കൂടാനും ഇത് കാരണമാകും. ഭക്ഷണം ഒഴിവാക്കുകയോ ഭക്ഷണക്രമം നിയന്ത്രിക്കുകയോ ചെയ്യുന്നതും രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കും. ഇത് ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാതെയാക്കും. അതിനാല്‍ ഒരു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കരുത്. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും സോഡിയം, പ്രിസര്‍വേറ്റീവുകള്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഉറക്കമില്ലായ്മയും രോഗപ്രതിരോധശേഷിയെ മോശമായി ബാധിക്കും. കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. വെള്ളം കുടിക്കാതിരിക്കരുത്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളില്‍ അവശ്യ പോഷകങ്ങള്‍ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കാം.

*ശുഭദിനം*
എങ്ങനെയാണ് വലുതാകുമ്പോള്‍ വിജയിക്കേണ്ടത്? അവന്‍ മുത്തച്ഛനോട് ചോദിച്ചു. മുത്തച്ഛന്‍ അവനെയും കൊണ്ട് ഒരു നേഴ്‌സറിയിലെത്തി. അവിടെ നിന്ന് രണ്ടു ചെടികള്‍ വാങ്ങി. ഒന്ന് വീട്ടുമുറ്റത്തും, മറ്റേത് ചട്ടിയിലാക്കി മുറിക്കകത്തും വെച്ചു. ഏതു ചെടിയാണ് ഇതില്‍ നന്നായി വളരുക എന്ന മുത്തച്ഛന്റെ ചോദ്യത്തിന് അവന്‍ പറഞ്ഞത് മുറിക്കുളളിലെ ചെടിയാണെന്നാണ്. അതിന് വെയിലും മഴയും കൊള്ളേണ്ടല്ലോ.. സമയാമയത്ത് വെള്ളവും വളവും കിട്ടും. മാസങ്ങള്‍ കടന്നപോയി. മുത്തച്ഛന്‍ രണ്ടു ചെടികളും കാണിച്ച് അവനോട് ചോദിച്ചു: ഏതാണ് കൂടുതല്‍ വളര്‍ന്നത്? മുറ്റത്തെ ചെടിയുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ട കുട്ടി ചോദിച്ചു. ഇതെങ്ങനെ സംഭവിച്ചു. മുത്തച്ഛന്‍ പറഞ്ഞു: വെല്ലുവിളികള്‍ നേരിടാത്തതൊന്നും വളരേണ്ടയത്രയും വളരില്ല. സുരക്ഷിതത്വവും സംരക്ഷണവും നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം. ഒന്നിനും എക്കാലവും സംരക്ഷണവലയം ആവശ്യമില്ല. അങ്ങനെ വളര്‍ന്നവയൊന്നും സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടുണ്ടാകില്ല. തണലില്‍ മാത്രം വളരുന്നവ തളിരിടുമെങ്കിലും തന്റേടത്തോടെ വളരില്ല. ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത മഴയും വെയിലും ഒരിക്കല്‍ അവയെ കീഴ്‌പെടുത്തും. അതതു കാലത്തെ പ്രതിസന്ധികളിലൂടെ വേണം വരാന്‍. അതില്‍ ഉള്‍പ്പെടുന്ന വേദനയും വിലാപവും വളര്‍ച്ചയുടെ തെളിവാണ്. എല്ലാ മഴയത്തും കുട നിവര്‍ത്തണമെന്നില്ല. ചില മഴയെങ്കിലും നനയണം. ആ മഴയില്‍ അതുവരെ തളിര്‍ക്കാത്ത ചില പുതുനാമ്പുകള്‍ മുളയക്കും. ആ നാമ്പില്‍ നിന്നാകും മറ്റൊരു തണല്‍ മരം രൂപപ്പെടുക.. അതിനാല്‍ നമുക്ക് വെല്ലുവിളികള്‍ നേരിടാന്‍ ശ്രമിക്കാം - *ശുഭദിനം.*