*_പ്രഭാത വാർത്തകൾ_*```2023 | ജൂൺ 12 | തിങ്കൾ | 1198 | എടവം 29 | ഉത്രട്ടാതി```

◾സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അച്ചടക്ക നടപടിയെടുക്കും. ഇതിനായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തും. ഭേദഗതിയുടെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.

◾കെ റെയില്‍ യാഥാര്‍ഥ്യമാകുമെന്ന് ലോക കേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിമാനത്താവളത്തിനു കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു. നഗരവല്‍കരണം ഏറ്റവും വേഗത്തില്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റര്‍നെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോണ്‍ വഴി കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത 11 വയസുകാരനെ തെരുവുനായ കടിച്ചു കൊന്നു. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം താമസിക്കുന്ന നിഹാല്‍ നൗഷാദ് ആണ് മരിച്ചത്. വൈകുന്നേരം അഞ്ചിനു കളിക്കുന്നതിനിടെ കാണാതായ കുട്ടിയെ രാത്രി എട്ടരയോടെയാണ് അര കിലോമീറ്റര്‍ അകലെ മുഖത്തും ശരീരത്തിലും നായ കടിച്ച നിലയില്‍ കണ്ടെത്തിയത്.

◾അഞ്ചു ദിവസം മഴ തുടരുമെന്ന് അറിയിപ്പ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കേരള - കര്‍ണാടക -ലക്ഷദ്വീപ് തീരത്ത് മല്‍സ്യബന്ധനത്തിനു പോകരുതെന്നു ജാഗ്രതാ നിര്‍ദേശം.  

◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും ചേരിപ്പോര്. പാര്‍ട്ടിയില്‍ എ, ഐ ഗ്രൂപ്പുകള്‍ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരേ ഒന്നിക്കുന്നുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളെല്ലാം പോരാട്ടത്തിലാണ്. സംസ്ഥാന പ്രസിഡന്റാകാന്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. എ ഗ്രൂപ്പില്‍ ചര്‍ച്ച തുടരുകയാണ്. കെ സി വേണുഗോപാല്‍ പക്ഷവും വി ഡി സതീശന്‍- കെ സുധാകരന്‍ പക്ഷങ്ങളും രംഗത്തുണ്ട്. ഇതേസമയം, കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നു കേരളത്തിലെത്തും.

◾മാധ്യമ സ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതി അന്വേഷിക്കും. അതില്‍ ആര്‍ക്കും പൊള്ളേണ്ടതില്ലെന്നും ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾കേരളത്തില്‍ ആഭ്യന്തര വകുപ്പു ഭരിക്കുന്നത് എസ്എഫ്ഐ ഗുണ്ടകളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഎമ്മിന്റെ നിര്‍ദേശാനുസരണമാണു പോലീസ് കേസെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തോടെ വ്യക്തമായി. ഒരു ഡസനിലേറെ കേസുകളിലെ പ്രതിക്കുവേണ്ടിയാണ് ഗോവിന്ദനും പോലീസും അധ്വാനിക്കുന്നത്. മുരളീധരന്‍ പറഞ്ഞു.

◾നൈജീരിയയില്‍ തടവിലായ കപ്പല്‍ ജീവനക്കാരായ മലയാളികള്‍ സുരക്ഷിതരായി നാട്ടിലെത്തി. എണ്ണ മോഷണവും സമുദ്രാതിര്‍ത്തി ലംഘനവും ആരോപിച്ച് പത്തു മാസം മുന്‍പാണ് ഇവരെ തടവിലാക്കിയത്. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ് എന്നിവരടക്കമുള്ളവരാണ് തിരിച്ചെത്തിയത്.

◾ജോലിക്കു വ്യാജരേഖ ചമച്ചെന്ന കേസിലെ പ്രതി കെ. വിദ്യക്കും കാലടി മുന്‍ വിസി ഡോ. ധര്‍മരാജ് അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം. കാലടി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ കുഞ്ഞിമുഹമ്മദ്, റൈഫന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്.

◾ഫേസ് ബുക്ക് പോസ്റ്റിനു ലൈക്ക് നല്‍കിയതിന് നോര്‍ത്ത് പറവൂര്‍ എസ്എച്ച്ഒ ഷോജോ വര്‍ഗീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിജിലന്‍സ് അന്വേഷണ വാര്‍ത്തകള്‍ പത്രങ്ങളെ സ്വാധീനിച്ച് ഇല്ലാതാക്കിയെന്ന ഫേസ്ബുക്ക് കുറിപ്പിനു ലൈക്ക് നല്‍കിയെന്നാണ് ആരോപണം.

◾സവാരിക്കിടെ സൈക്കിള്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് പൊലീസുകാരന്‍ മരിച്ചു. കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് (47) ആണ് മരിച്ചത്.തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.

◾കുന്നംകുളത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂര്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അരുണാണ് (18) മരിച്ചത്.  

◾മരം മുറിക്കുന്നതിനിടെ വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്‍-സൗമിനി ദമ്പതികളുടെ മകന്‍ ഷിജുവാണ് (43) മരിച്ചത്.

◾തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്. ചികില്‍സാ പിഴവെന്ന് പരാതിയുമായി ബന്ധുക്കള്‍.

◾തൃശൂരില്‍ ഹോസ്റ്റലില്‍ ടെക്സ്‌റ്റൈല്‍ ഷോറൂം ജീവനക്കാരി തൂങ്ങി മരിച്ചു. തളിക്കുളം സ്വദേശിനി റിന്‍സി എന്ന 24 കാരിയാണു മരിച്ചത്.

◾കണ്ണൂര്‍ കരുവഞ്ചാല്‍ വായാട്ടുപറമ്പില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് (33)ആണ് മരിച്ചത്.

◾ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഗുജറാത്ത് - പാകിസ്ഥാന്‍ തീരത്തേക്ക് നീങ്ങുന്നു. ജൂണ്‍ 14 രാവിലെ വരെ വടക്കുദിശയിയില്‍ സഞ്ചരിച്ച് സൗരാഷ്ട്ര, കച്ച് മേഖലയിലൂടെ പാകിസ്ഥാന്‍ തീരത്ത് എത്തും. ജൂണ്‍ 15 ന് ഗുജറാത്തിലെ മണ്ഡവിക്കും കറാച്ചിക്കും ഇടയില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

◾തമിഴ്നാട്ടില്‍ ബിജെപി 25 ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കുമെന്നു കേന്ദ്രമന്ത്രി അമിത്ഷാ. അതേസമയം സീറ്റു വിഭജനം തങ്ങള്‍ നടത്തുമെന്നും ബിജെപിക്ക് എത്ര സീറ്റു നല്‍കുമെന്നു തങ്ങളാണു തീരുമാനിക്കുകയെന്നും ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച അണ്ണാ ഡിഎംകെ.

◾ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇതര സംസ്ഥാന സര്‍ക്കാരുകളുടേയും അധികാരം സമാന രീതിയില്‍ കവര്‍ന്നെടുക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹി രാംലീല മൈതാനത്ത് ആം ആദ്മി പാര്‍ട്ടി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജനങ്ങളെ മോദി - അമിത് ഷാ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും താന്‍ മല്‍സരിക്കുമെന്ന് ബലാല്‍സംഗക്കേസിലെ പ്രതിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിംഗ് എംപി. യുപിയിലെ കൈസര്‍ഗഞ്ജ് മണ്ഡലത്തില്‍തന്നെ മല്‍സരിക്കുമെന്ന് ശക്തി പ്രകടന റാലിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

◾പുതിയ പാര്‍ട്ടി പ്രഖ്യാപനമോ പാര്‍ട്ടി വിടുമെന്ന സൂചനയോ നല്‍കാതെ സച്ചിന്‍ പൈലറ്റ്. അച്ഛന്‍ രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ഞയാറാഴ്ച നയപ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കോണ്‍ഗ്രസില്‍തന്നെ സച്ചിന്‍ പൈലറ്റ് തുടരുമെന്നും അഴിമതിക്കെതിരായാണു പോരാട്ടമെന്നും സച്ചിനുമായി അടുപ്പമുള്ള നേതാക്കള്‍ പ്രതികരിച്ചു.

◾ബാലിയിലെ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍മാരായ നവദമ്പതികള്‍ സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് മരിച്ചു. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവരാണു മരിച്ചത്. ജൂണ്‍ ഒന്നിനാണ് ഇവര്‍ വിവാഹിതരായത്. തലകീഴായി മറിഞ്ഞ ബോട്ട് ഇരുവരേയും കടലിലേക്കു വലിച്ചുകൊണ്ട് പോകുകയായിരുന്നു.

◾ഭാര്യയെ അര്‍ധനഗ്നയാക്കി 120 പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും കടയിലെ സാധനങ്ങള്‍ പുറത്തേക്കു വലിച്ചെറിയുകയും ചെയ്തെന്ന സൈനികന്റെ വീഡിയോയിലെ ആരോപണം തെറ്റെന്നു തമിഴ്നാട് പോലീസ്. തമിഴ്നാട്ടിലെ തിരുവണ്ണാമൈലയില്‍ പടവേട് ഗ്രാമവാസിയും കാഷ്മീരില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാരുമായ പ്രഭാകരന്റെ പരാതിയാണു വൈറലായത്. പ്രഭാകരന്റെ ഭാര്യാപിതാവ് സെല്‍വമൂര്‍ത്തി ഒമ്പതര ലക്ഷം രൂപയ്ക്ക് അഞ്ചു വര്‍ഷത്തെ പാട്ടത്തിനെടുത്ത സ്ഥലത്തു നടത്തിവന്ന കട ഒഴിഞ്ഞുകൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആരോപണത്തിന് ആധാരമെന്നു പോലീസ്. പാട്ടസ്ഥലം തിരികെ വേണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ ഒപ്പിട്ടു. ജൂണ്‍ 10 -ന് പണം തിരിച്ചു നല്‍കിയ രാമുവിനെ സെല്‍വമൂര്‍ത്തിയുടെ മക്കളായ ജീവയും ഉദയും ചേര്‍ന്ന് ആക്രമിച്ചു. വിവരമറിഞ്ഞു നാട്ടുകാര്‍ എത്തി കടയിലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞു. ഹവീല്‍ദാര്‍ പ്രഭാകരന്റെ ഭാര്യ കീര്‍ത്തിയും അമ്മയും കടയില്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ ആരും മര്‍ദ്ദിച്ചില്ലെന്ന് പൊലീസ് പറയുന്നു.

◾ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. ഇന്ത്യയെ 209 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ചാമ്പ്യന്‍മാരായത്. 444 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി പൊരുതിയ ഇന്ത്യ 234 റണ്‍സിന് പുറത്താകുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. അതേസമയം ഈ വിജയത്തോടെ എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് ഓസ്‌ട്രേലിയ കരസ്ഥമാക്കിയത്.

◾ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പുതിയ ഫോര്‍മാറ്റ് നിര്‍ദേശിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയായിട്ട് നടത്തുന്നതാകും നല്ലതെന്ന നിര്‍ദേശമാണ് രോഹിത് ശര്‍മ മുന്നോട്ടുവെച്ചത്.

◾ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും ജോക്കോ വസന്തം. 2023ലെ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. നോര്‍വേ താരം കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഏറ്റവും കൂടുതല്‍ സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പുരുഷതാരമെന്ന നേട്ടമാണ് ജോക്കോവിച്ച് കരസ്ഥമാക്കിയത്. 22 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് താരം റാഫേല്‍ നദാലിനെ പിന്തള്ളിയാണ് ജോക്കോവിച്ച് 23 -ാമത് ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്.

◾ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ബാങ്കും എജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സംയുക്തമായി ചേര്‍ന്നാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാനിന് രൂപം നല്‍കിയിരിക്കുന്നത്. സമ്പാദ്യത്തിനൊപ്പം ജീവിത സുരക്ഷ ഉറപ്പുവരുത്തുക എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാനിലൂടെ കുടുംബത്തെ സുരക്ഷിതമാക്കാനും, വരുമാനം സൃഷ്ടിക്കാനും കഴിയുന്നതാണ്. ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്കായി മാത്രമായാണ് പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് പങ്കാളിയെ ഉള്‍പ്പെടുത്താന്‍ അവസരം ലഭിക്കുന്നതാണ്. കൂടാതെ, പോളിസിയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ പ്രീമിയം അലോക്കേഷന്‍ ചാര്‍ജ് ഉള്‍പ്പെടെയുള്ള എല്ലാ ചാര്‍ജുകളും തിരികെ നല്‍കുക തുടങ്ങിയ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക് സമ്പാദ്യശീലം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാന്‍.

◾'കാര്‍ത്തികേയ' എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷപ്രീതി നേടിയ നടന്‍ നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം 'സ്പൈ'യിലെ ഗാനം പുറത്തുവിട്ടു. മനോഹരമായ 'ഗാം ഝൂം ഝൂം' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍ക്കര്‍ണി, രമ്യ ബഹെറ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാരി ബി എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീചരണ്‍ സ്പൈയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പാന്‍ ഇന്ത്യന്‍ ചിത്രം 'സ്പൈ' ജൂണ്‍ 29ന് തീയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റര്‍ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'നിങ്ങള്‍ എനിക്ക് രക്തം തരു, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' എന്നുള്ള സുബാഷ് ചന്ദ്രബോസിന്റെ വാക്കുകളും അദ്ദേഹത്തിന്റെ മരണവും ഇപ്പോഴും നിഗൂഢമാണ്. ഈ കഥയാണ് സ്പൈ സംസാരിക്കുന്നത്. സാധാരണയായ സ്പൈ ത്രില്ലര്‍ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് സിനിമ ഒരുങ്ങുന്നത്. ആമസോണും സ്റ്റാര്‍ നെറ്റ് വര്‍ക്കും ചേര്‍ന്ന് 40 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ നോണ്‍ തീയേറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറില്‍ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ഐശ്വര്യ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷം ആര്യന്‍ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്.

◾രണ്‍ബിര്‍ കപൂര്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആനിമല്‍'. ഇതിന്റെ പ്രീടീസര്‍ ഇറങ്ങി. ടീസര്‍ ഇറങ്ങുന്നു എന്നതിന്റെ അറിയിപ്പാണ് പ്രീടീസര്‍. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'ആനിമലി'ന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഗോള്‍ഡന്‍ കളറുള്ള ഹെല്‍മറ്റുമായി നില്‍ക്കുന്നവരെ കോടാലികൊണ്ട് വെട്ടി വീഴ്ത്തുന്ന രണ്‍ബീറിനെ ടീസറില്‍ കാണാം. അതിനൊപ്പം തന്നെ പഞ്ചാബി ഗാനവും പാശ്ചത്തലത്തില്‍ മുഴങ്ങുന്നുണ്ട്. 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്നു എന്നതിനാല്‍ 'ആനിമലി'ല്‍ വലിയ പ്രതീക്ഷകളുമാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന 'ആനിമല്‍' പ്രദര്‍ശനത്തിന് എത്തുന്നത്. രണ്‍ബിര്‍ കപൂറിന്റെ നായികാ വേഷത്തില്‍ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നു.

◾ഇടവേളയ്ക്ക് ശേഷം 100സിസി സെഗ്മെന്റിലേക്ക് ജനപ്രിയ ഇരുചക്ര വാഹന ബ്രന്‍ഡായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ജനപ്രിയ ബൈക്കായ പാഷന്‍ പ്ലസ് പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. ഏകദേശം മൂന്നു വര്‍ഷത്തിന് ശേഷമാണ് പാഷന്‍ പ്ലസ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. 2020 ന്റെ തുടക്കത്തില്‍, ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ കമ്പനി പാഷന്‍ പ്ലസിന്റെ ഉല്‍പ്പാദനം നിര്‍ത്തുകയായിരുന്നു. ബിഎസ് 6 ഫേസ്-2 മാനദണ്ഡങ്ങള്‍ക്കനുസൃതമായി കമ്പനി ഇപ്പോള്‍ പാഷന്‍ പ്ലസില്‍ പുതുക്കിയ എഞ്ചിന്‍ നല്‍കിയിട്ടുണ്ട്. ബൈക്ക് ഇനി ഇ20 പെട്രോളിലും പ്രവര്‍ത്തിക്കും. പുതിയ ഹീറോ പാഷന്‍ പ്ലസിന്റെ ദില്ലി എക്‌സ് ഷോറൂം വില 75,131 രൂപയാണ്. പുതിയ ഹീറോ പാഷന്‍ പ്ലസ് 97.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍, 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 7.9 ബിഎച്പി കരുത്തും 8.05 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൂന്ന് നിറങ്ങളിലാണ് (ഷേഡ്‌സ് സ്‌പോര്‍ട്‌സ് റെഡ്, ബ്ലാക്ക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് ഹെവി ഗ്രേ) ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

◾ഒരു ദേശചരിത്രത്തിന്റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്ര തരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ രചന. കിഴക്ക് ഉദയമാന പര്‍വ്വം ധ്യാനിച്ച്, പടിഞ്ഞാറ് അസ്തമാന പര്‍വ്വതം ധ്യാനിച്ച്. തെക്ക് ശ്രീകൂട പര്‍വ്വതം ധ്യാനിച്ച്, വടക്ക് മഹാമേരു പര്‍വ്വതം ധ്യാനിച്ച്, ആണ്ടിപൂശാരിയുടെ തീയ്യാട്ട് കര്‍മ്മത്തിലേയ്ക്കുള്ള ആണ്ടവന്റേ തേരേറ്റുകര്‍മ്മത്തിലേക്കുള്ള അക്ഷരപൂജ. 'ആണ്ടവന്റെ ലീലാവിലാസങ്ങള്‍'. സുധീര്‍ പറൂര്. ഗ്രീന്‍ ബുക്സ്. വില 294 രൂപ.

◾ഇന്നത്തെക്കാലത്ത് പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ് തൈറോയ്ഡ്. തൈറോക്‌സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണം. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും കഴിച്ചു കൊണ്ടിരിക്കണം. അതുകൊണ്ടുതന്നെ, വീട്ടുവൈദ്യങ്ങള്‍ ആദ്യം പരീക്ഷിയ്ക്കുന്നതു നല്ലതാണ്. സവാള കൊണ്ട് തൈറോയ്ഡ് അകറ്റാന്‍ സാധിക്കും. ഇതു ചെയ്യാന്‍ വളരെ എളുപ്പവുമാണ്. ചുവന്ന സവാളയാണ് തൈറോയ്ഡ് ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്നത്. ഒരു സവാള രണ്ടു പകുതിയായി നടുവേ മുറിയ്ക്കുക.. ഇതില്‍ നിന്നുള്ള ജ്യൂസെടുത്ത് കഴുത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്തായി മസാജ് ചെയ്യുക. മൃദുവായി സര്‍ക്കുലാര്‍ മോഷനിലാണ് മസാജ് ചെയ്യേണ്ടത്. ഈ സവാള കഴുത്തിന്റെ ഭാഗത്തു കെട്ടി വച്ച് ഉറങ്ങുകയും ചെയ്യാം. രാത്രി സമയത്ത് ഇതു ചെയ്യുന്നതാണ് ഏറെ നല്ലത്. രാവിലെ വരെ മസാജ് ചെയ്യുന്ന ജ്യൂസ് കഴുകുകയുമരുത്. ഇത് അടുപ്പിച്ചു ചെയ്യുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സഹായിക്കും. തൈറോയ്ഡ് ക്യാന്‍സറിനുള്ള പ്രധാന മരുന്നുകളിലൊന്നായി സവാള ഉപയോഗിക്കുന്നുമുണ്ട്.

*ശുഭദിനം*

ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു. ഗുരോ, ആരാണ് വഴികാട്ടികള്‍? ഇല്ലാത്തതൊന്നും നല്‍കാനാകില്ല. ഇല്ലാതവയെല്ലാം ഉണ്ടെന്നു ഭാവിച്ച് അവയുടെ മൊത്തവിതരണം നടത്തുന്നവരിലൂടെയാണ് അജ്ഞതയും അനാചാരവും പെരുകുന്നത്. എല്ലാ വഴികാട്ടികള്‍ക്കും അറിവും അനുഭവവും നിര്‍ബന്ധമാണ്. കാലം കൊണ്ടും പ്രയത്‌നം കൊണ്ടും ഓരോരുത്തരും സ്വാംശീകരിക്കേണ്ട പരിചയവും പക്വതയുമുണ്ട്. അത്തരം സമ്പാദനവഴികളിലൂടെ സഞ്ചരിക്കുന്നവര്‍ മാത്രമാണ് വളരുന്നത്. എല്ലാ മാര്‍ഗ്ഗദര്‍ശികള്‍ക്കും ഉണ്ടാകേണ്ട ചില അടിസ്ഥാന സവിശേഷതകളുണ്ട്. ഒരു തവണയെങ്കിലും ആ വഴിയിലൂടെ അവര്‍ സഞ്ചരിച്ചിട്ടുണ്ടാകണം. ഇല്ലെങ്കില്‍ നിര്‍ദ്ദിഷ്ടപാതയിലെ അപകടങ്ങളും ആകസ്മികതകളും മുന്‍കൂട്ടി കാണാനാകില്ല. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചിട്ടുളളവരാണകണം വഴികാട്ടികള്‍. പലതവണ തോറ്റിട്ടുള്ളവര്‍ പരിശീലകരായാല്‍ തോല്‍വിയെ എങ്ങിനെ നേരിടണമെന്നു പഠിപ്പിക്കും. സ്വയം ബലപ്പെടാനും തെളിയാനും ശീലിക്കുകയാണ് വഴികാട്ടിയാകാന്‍ ആദ്യം പരിശീലിക്കേണ്ടത്. തന്റെ മുന്‍പില്‍ വരുന്നത് തന്നേക്കാള്‍ കഴിവ് കുറഞ്ഞവരാണെന്ന ചിന്തക്ക് പകരം തന്നേക്കാള്‍ വ്യത്യസ്തരാണ് ഇവര്‍ എന്ന് ചിന്തിക്കാന്‍ കൂടി ശീലിച്ചാല്‍ നല്ല വഴികാട്ടികളാകാം - *ശുഭദിനം.*