◾പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുനര്‍ജനി പദ്ധതിക്കു വിദേശത്തുനിന്നു പണം പിരിച്ചതിനെക്കുറിച്ചാണ് അന്വേഷണം. പ്രളയത്തിനുശേഷം സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയതാണു പുനര്‍ജനി പദ്ധതി.
◾ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് 4.58 ലക്ഷം വിദ്യാര്‍ത്ഥികള്‍. എസ്എസ്എല്‍സി പാസായ 4.22 ലക്ഷം പേരും സിബിഎസ്ഇ സിലബസ് പഠിച്ച 25,350 പേരും ഐസിഎസ് സി സിലബസ് പഠിച്ച 2,627 പേരും ഇതില്‍ ഉള്‍പെടുന്നു.
◾കാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ റോഡ് അപകടങ്ങളും മരണങ്ങളും കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തില്‍ ദിവസേന ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് ഉണ്ടായിരുന്നത്. ക്യാമറ സ്ഥാപിച്ചതിനു ശേഷം എട്ടായി കുറഞ്ഞു. കാമറകള്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ കൂടുതല്‍ കാറിലെ മുന്‍സിറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ്. ഇത്തരം 7,896 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചത് 6,153 പേരാണ്. മന്ത്രി പറഞ്ഞു.
◾ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത.
◾കനത്ത മഴയ്ക്കിടെ മതില്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കോട്ടയം കാരാപ്പുഴ വെള്ളരിക്കുഴി സോമന്റെ ഭാര്യ വല്‍സല (64) യാണു മരിച്ചത്. ബേക്കര്‍ ജംഗ്ഷനിലെ മതില്‍ ഇടിഞ്ഞുവീണാണ് മരണം. തൃശൂര്‍ എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് വയോധികയ്ക്ക് പരിക്ക്. മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) യ്ക്കാണ് പരിക്കേറ്റത്. മനക്കൊടി ആശാരിമൂലയില്‍ മരം കടപുഴകി വീണ് തത്രത്തില്‍ പൊന്‍മാണിയുടെ ഹോട്ടല്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
◾സംസ്ഥാനത്തു കോണ്‍ഗ്രസില്‍ ചേരിപ്പോര്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ എ, ഐ ഗ്രൂപ്പു നേതാക്കള്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ യോഗം ചേര്‍ന്നു. ഗ്രൂപ്പ് പോര് ഒഴിവാക്കാന്‍ സമവായ ചര്‍ച്ചയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല എ ഗ്രൂപ്പു നേതാവ് എം.എം. ഹസന്‍ എന്നിവരുമായി കെപിസിസി ഓഫീസില്‍ ചര്‍ച്ച നടത്തി. കെപിസിസി പ്രസിഡന്റിനോടു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്. പരിഹാരമുണ്ടാകുമോ എന്ന് നോക്കാം. ചെന്നിത്തല പറഞ്ഞു.
◾കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം വെറും ചെറിയ കാറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീര്‍ക്കും. ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തെക്കുറിച്ച് അറിയില്ല. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ നിയമനങ്ങള്‍ ചര്‍ച്ച നടത്തിയാണു നടത്തിയതെന്നും സുധാകരന്‍.
◾കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരുടെ നിയമനത്തില്‍ നേതൃത്വത്തിനെതിരേ ഉമ്മന്‍ ചാണ്ടിയെ കരുവാക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എ ഗ്രൂപ്പിലെ ചില നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരില്‍ പോയി കണ്ടു ചര്‍ച്ച നടത്തിയിരുന്നു. രോഗാവസ്ഥയില്‍ അദ്ദേഹത്തെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.
◾കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകനായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.
◾കെ. വിദ്യ പിഎച്ച് ഡി പ്രവേശനം നേടിയതില്‍ കേസെടുത്ത് പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍. സംവരണം അട്ടിമറിച്ചാണോ പ്രവേശനം നേടിയതെന്നാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കാലടി സര്‍വ്വകലാശാല രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി.
◾കെ ഫോണ്‍ പദ്ധതിക്കായി ചൈനയില്‍ നിര്‍മ്മിച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വാങ്ങിയത് അസ്വാഭാവികവും ദുരൂഹവുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയില്‍ നിരവധി കമ്പനികള്‍ കേബിള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്തിനാണ് ചൈനയില്‍നിന്നു വാങ്ങിയതെന്ന് ഉത്തരവാദികള്‍ വിശദീകരിക്കണം. അദ്ദേഹം പറഞ്ഞു.
◾എഴുതാത്ത പരീക്ഷ ജയിച്ച സംഭവം എസ്എഫ്ഐയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. വിഷയത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിരപരാധിയാണെന്ന് യോഗം വിലയിരുത്തി.
◾പ്രണയത്തില്‍നിന്നു പിന്മാറാത്തതിന് അമ്പൂരി രാഖിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നീ മൂന്നു പ്രതികളും നാലു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണം. 2019 ജൂണ്‍ 21 നായിരുന്നു കൊലപാതകം.
◾പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നു കുടുംബം. ഒരു ഡയറിയില്‍നിന്ന് കണ്ടെത്തിയ കുറിപ്പില്‍ കെ കെ എബ്രഹാം, സജീവന്‍ കൊല്ലപ്പള്ളി, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണു വിവരം. വീട്ടുകാര്‍ കുറിപ്പ് പോലീസിനു കൈമാറി.
◾സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് നേതാക്കളേയും വേട്ടയാടാന്‍ കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ദ്രോഹിച്ചതിന്റെ കഥയാണ് എഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിലൂടെ പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്നത്തെ സോളാര്‍ അന്വേഷണ സംഘം തലവന്‍ എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് അപ്രധാനമായ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തേക്കു പിണറായി വിജയന്‍ മാറ്റിയത് സോളാര്‍ കേസില്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടാണെന്ന് സുധാകരന്‍ പറഞ്ഞു.
◾കണ്ണൂരില്‍ ട്രെയിനില്‍ തീവയ്പു നടത്തിയ പ്രതി കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ശ്രമിച്ചിരുന്നെന്നു മൊഴി. പ്രതി പ്രസൂണ്‍ ജിത് സിക്ദറാണ് ട്രെയിനിന്റെ 19 ാം കോച്ചും കത്തിക്കാന്‍ ശ്രമിച്ചിരുന്നന്നെന്നും പ്ലാസ്റ്റിക് കുപ്പി കത്തിച്ച് സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും മൊഴി നല്‍കിയത്.
◾തിരുവനന്തപുരം ആര്യന്‍കോട് മരം വീണ് അഞ്ചു തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഒരാളെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
◾കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിന് സംരക്ഷണം നല്‍കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവര്‍ക്കാണ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട കേസില്‍ എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വിശാഖിന്റെ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ഒന്നാം പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ഷൈജുവിനെ അറസ്റ്റു ചെയ്യരുതെന്നു കോടതി ഉത്തരവിട്ടിരുന്നു.
◾അബ്കാരി കേസുകളിലെ സ്ഥിരം കുറ്റവാളിയില്‍നിന്ന് 20,000 രൂപ വാങ്ങിയെന്ന പരാതിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. വയനാട് കല്‍പ്പറ്റ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ പി.സി സജിത്തിനെയാണ് സസ്പെന്‍ഡു ചെയ്തത്.
◾ലെസ്ബിയന്‍ പങ്കാളി ഹഫീഫയെ കുടുംബം തടങ്കലില്‍ വച്ചിരിക്കുകയാണെന്ന പരാതിയുമായി സുമയ്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. മലപ്പുറം കൊണ്ടോട്ടിയിലെ സുമയ്യയ്ക്കും കൂട്ടുകാരി ഹഫീഫയ്ക്കും ഒന്നിച്ച് ജീവിക്കാന്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നതാണ്.
◾പോക്‌സോ കേസില്‍ അറുപതുകാരന് അഞ്ചു ജീവപര്യന്തം തടവുശിക്ഷ. ബലാല്‍സംഗ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പുതുശേരി സ്വദേശി അജിതനെയാണ് മറ്റൊരു ബലാത്സംഗ കേസില്‍ അഞ്ചു ജീവപര്യന്ത്യവും അഞ്ചേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. കുന്നംകുളം പോക്‌സോ കോടതിയാണു ശിക്ഷ വിധിച്ചത്.
◾കോണ്‍ഗ്രസില്‍ പുനഃസംഘടന. കേരളത്തില്‍ നിന്നുള്ള പി.സി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാനും തെലങ്കാനയുടെ ചുമതല നല്‍കി. ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക് ബാബരിയക്കാണ്. ശക്തിസിംഗ് ഗോഹിലിനെ ഗുജറാത്ത് പിസിസി അധ്യക്ഷനാക്കി. വി. വൈത്തിലിംഗം പുതുച്ചേരി പിസിസി അധ്യക്ഷനാവും.
◾ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നിയമ വിദഗ്ധരുടെ അഭിപ്രായം തേടി. ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി സര്‍വകലാശാല ചാന്‍സലര്‍ ആകണം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ കാരണം ബിരുദദാന ചടങ്ങുപോലും മുടങ്ങിയെന്നും സ്റ്റാലിന്‍ പറഞ്ഞു.
◾മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കന്‍ ഗ്രാമത്തിലെ വെടിവയപിലാണു മരണം. മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
◾പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യം. 75,000 ത്തില്‍ പരം സീറ്റുകളിലേക്കാണ് മത്സരം. 2016 ലും 2021 ലും പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ധാരണയോടെയാണ് മത്സരിച്ചത്.
◾തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയിലെ കെ കെ നഗറില്‍ മറ്റൊരു നടനായ പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
◾ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ. ഇനി പരിശീലനമടക്കമുള്ള കാര്യങ്ങള്‍ നന്നായി മുന്നോട്ട് പോകട്ടെ. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പിടി ഉഷ.
◾ഷവോമി ടെക്‌നോളജി ഇന്ത്യ 5,551 കോടി രൂപയുടെ വിദേശപ്പണവിനിമയത്തില്‍ ചട്ട ലംഘനം നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.
◾താന്‍ എച്ച്ഐവി ബാധിനതാണെന്നും മരിച്ച 32 കാരി സരസ്വതി മകളെപ്പോലെയായിരുന്നെന്നും മുംബൈയില്‍ ലിവ് ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തിയ പ്രതി മനോജ് സാനെ എന്ന 56 കാരന്‍. അവളെ കൊന്നിട്ടില്ല. വീട്ടിലെത്തുമ്പോള്‍ സരസ്വതി അബോധാവസ്ഥയിലായിരുന്നു. മരിച്ചെന്നു സംശയിച്ചു. വായില്‍ കൃത്രിമശ്വാസം നല്‍കിയെങ്കിലും രക്ഷപ്പെട്ടില്ല. അറസ്റ്റ് ഭയന്ന് മൃതദേഹം വെട്ടിനുറുക്കിയതെന്നും പ്രതി പറഞ്ഞു.
◾വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്തി പോലീസില്‍ പരാതി നല്‍കിയ വിവാഹിതനായ പൂജാരി അറസ്റ്റിലായി. തെലങ്കാന സ്വദേശിയായ അപ്സരയെ കൊലപ്പെടുത്തി മാന്‍ ഹോളില്‍ തള്ളിയ വെങ്കിടസൂര്യ സായ് കൃഷ്ണ എന്ന ബില്‍ഡര്‍ കൂടിയായ പൂജാരിയെയാണു പോലീസ് അറസ്റ്റു ചെയതത്.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിക്കും. ദീര്‍ഘകാല ബോണ്ടുകളോ ബേസല്‍ ബോണ്ടുകളോ പോലുള്ള കടപ്പത്രങ്ങള്‍ ഇറക്കിയാണു ധനസമാഹരണം നടത്തുക.
◾ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രണ്ടു വര്‍ഷത്തിനകം മനുഷ്യരെ കൊല്ലുമെന്ന മുന്നറിയിപ്പുമായി യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകന്‍. സൈബര്‍, ജൈവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ എഐയ്ക്ക് കഴിവുണ്ടെന്നാണ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെന്‍ഷന്‍ ഏജന്‍സിയുടെ ചെയര്‍മാന്‍ കൂടിയായ മാറ്റ് ക്ലിഫോര്‍ഡ് പറയുന്നത്.
◾പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. ഡയമണ്ട് ലീഗില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായ എം. ശ്രീശങ്കര്‍ 8.09 മീറ്റര്‍ ചാടിയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. . ജാവലിന്‍ത്രോ താരം നീരജ് ചോപ്ര, ഡിസ്‌കസ്ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് ഈ നേട്ടം മുന്‍പ് കൈവരിച്ചിട്ടുള്ളത്.
◾ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയക്ക് 296 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം കളി ആരംഭിക്കുമ്പോള്‍ 151 ന് 5 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി 296 റണ്‍സിന് പുറത്തായി. 89 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടേയും 51 റണ്‍സെടുത്ത ശാര്‍ദുല്‍ ഠാക്കൂറിന്റേയും 109 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. തുടര്‍ന്ന രണ്ടാമിന്നിംഗ്സ ആരംഭിച്ച ഓസ്ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 123 ന് 4 എന്ന നിലയിലാണ്.
◾രാജ്യത്ത് മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഏപ്രിലനേക്കാള്‍ 3.8 ശതമാനം ഉയര്‍ന്ന് 43.20 ലക്ഷം കോടി രൂപയായെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപം റെക്കോഡിലാണ്. ഏപ്രിലിലെ 13,728 കോടി രൂപയില്‍ നിന്ന് 14,749 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 14276 കോടി രൂപയായിരുന്നു. അതേ സമയം കഴിഞ്ഞ മാസം ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായി. 2023 ഏപ്രിലിലെ 5,257 കോടി രൂപയില്‍ നിന്ന് മേയില്‍ നിക്ഷേപം 2,906 കോടി രൂപയായി. 2022 നവംബറിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 2,224 കോടി രൂപയായിരുന്നു നവംബറിലെ നിക്ഷേപം. ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിന്ന് 1,362 കോടി രൂപയോളം നിക്ഷേപകര്‍ തിരികെയെടുത്തതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. അതേ സമയം സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മേയില്‍ 3,283 കോടി രൂപയാണ് സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കത്തിയത്. ഏപ്രിലില്‍ ഇത് 2,182 കോടി രൂപയായിരുന്നു. മിഡ്ക്യാപ്, ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളില്‍ യഥാക്രം 1,196 കോടി രൂപ, 289 കോടി രൂപ എന്നിങ്ങനെയാണ് ഇക്കാലയളവിലെ നിക്ഷേപം. കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകളിലേക്കെത്തിയത് 622 കോടി രൂപയാണ്. ഡെറ്റ് മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേം 1.1 ലക്ഷം കോടി രൂപയില്‍ നിന്ന് 45,959 കോടി രൂപയായി കുറഞ്ഞു. ഹൈബ്രിഡ് ഫണ്ടുകളിലെ നിക്ഷേപം 3,317 കോടി യില്‍ നിന്നും 6,093 കോടിയായി ഉയര്‍ന്നു. അതേസമയം, ലിക്വിഡ് ഫണ്ടുകളിലെ നിക്ഷേപം 63,219 കോടിയില്‍ നിന്ന് 45,234 കോടിയായി കുറഞ്ഞു. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപത്തിലും കുറവുണ്ട്. ഏപ്രിലിലെ 6,790 കോടിയില്‍ നിന്ന് 4,524 കോടി രൂപയായി.
◾ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'റാണി' എന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകര്‍ക്കരികിലെത്തി. മേന മേലത്ത് പാട്ടിനു സംഗീതം പകര്‍ന്നാലപിച്ചിരിക്കുന്നു. 'വാഴേണം വാഴേണം വാഴേണം ദൈവമേ' എന്നു തുടങ്ങുന്ന ഗാനം ഒരു വാഴ്ത്തു പാട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് രാത്രിയില്‍ അരങ്ങേറുന്ന കലാവിരുന്നിന്റെ ഭാഗമായാണ് പാട്ട് അവതരിപ്പിക്കപ്പെടുന്നത്. അരുണ്‍ നന്ദകുമാര്‍ പാട്ടിനു വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നു. വേറിട്ട ആവിഷ്‌കാര മികവു കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്. മഞ്ജരി, പ്രാര്‍ഥന ഇന്ദ്രജിത്, ഗുരു സോമസുന്ദരം എന്നിവര്‍ 'റാണി'ക്കു വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഉര്‍വശി, ഭാവന, ഹണി റോസ്, അനുമോള്‍, മാല പാര്‍വതി, ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍പിള്ള രാജു, കൃഷ്ണന്‍ ഗോപിനാഥ്, അശ്വന്ത് ലാല്‍, അംബി, സാബു ആമി പ്രഭാകരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'റാണി'. സിനിമ റിലീസിനു തയ്യാറെടുക്കുകയാണ്.
◾ഹോളിവുഡ് 'ട്വന്റി ട്വന്റി' എക്സ്പെന്‍ഡബിള്‍സ് നാലാം ഭാഗം ട്രെയിലര്‍ എത്തി. സ്‌കോട്ട് വോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സില്‍വെസ്റ്റര്‍ സ്റ്റാലന്‍, ജേസണ്‍ സ്റ്റാഥം, ഡോള്‍ഫ് ലന്‍ഡ്ഗ്രൈന്‍, റാന്‍ഡി കോച്ചര്‍ എന്നിവര്‍ മുന്‍ഭാഗങ്ങളിലേതുപോലെ അതേ കഥാപാത്രങ്ങവായി എത്തുന്നു. ഇന്തൊനേഷ്യന്‍ താരം ഇകോ ഉവൈസ്, ടോണി ജാ, ഫിഫ്റ്റി സെന്റ്, മെഗാന്‍ ഫോക്സ്, ആന്‍ഡി ഗാര്‍ഷ്യ എന്നിവരാണ് ഈ ഭാഗത്തിലെ പുതിയ താരങ്ങള്‍. റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവായുധ ഇടപാടും അതിലെ നിഗൂഢതകളുമാണ് ഈ സിനിമയുടെ പ്രമേയം. ചിത്രം സെപ്റ്റംബര്‍ 22ന് റിലീസ് ചെയ്യും.
◾ഇന്ത്യയിലെ മുന്‍നിര യൂറോപ്യന്‍ വാഹന ബ്രാന്‍ഡായ റെനോ, ബിഎസ്6 രണ്ടാം ഘട്ട കംപ്ലയിന്റ് എന്‍ജിനോടുകൂടിയ കിഗര്‍, ട്രൈബര്‍ എഎംടി എന്നിവയുടെ ഡെലിവറി ആരംഭിച്ചു. ഹ്യൂമന്‍ ഫസ്റ്റ് ഇനീഷ്യേറ്റീവിന് കീഴില്‍ മെച്ചപ്പെട്ട ക്ലാസ് ലീഡിംഗ് സുരക്ഷാ ഫീച്ചറുകളോടെയാണ് റെനോ കൈഗര്‍ എഎംടി, ട്രൈബര്‍ എഎംടി ശ്രേണി വരുന്നത്. സെഗ്മെന്റ് മുന്‍നിര സുരക്ഷാ ഫീച്ചറുകളുമായി വരുന്ന ഈ കാറുകള്‍ക്ക് 8.47 ലക്ഷം രൂപ മുതല്‍ 8.12 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. കൈഗര്‍, ട്രൈബര്‍ എന്നിവയുടെ മുഴുവന്‍ വകഭേദങ്ങളും അപകടസാധ്യത കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൂതനമായ സുരക്ഷാ സവിശേഷതകളുമായാണ് വരുന്നത്. ഡ്രൈവറുടെയും ഫ്രണ്ട് യാത്രക്കാരുടെയും സുരക്ഷയ്ക്കായി, റെനോ കൈഗറില്‍ നാല് എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 7-സീറ്റര്‍, റെനോ ട്രൈബര്‍, മികച്ച നിലവാരം, മോഡുലാരിറ്റി, ആകര്‍ഷകമായ ഡിസൈന്‍ തുടങ്ങിയ സവിശേഷതകളാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധ നേടി. എല്ലാ ഫീച്ചറുകള്‍ക്കും പുറമേ, എല്ലാ വരികളിലും മികച്ച ലെവല്‍ സീറ്റിംഗ് സ്പേസ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ അതിന്റെ വിഭാഗത്തില്‍ 625 ലിറ്ററിന്റെ ഏറ്റവും വലിയ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഉടനീളമുള്ള 9,00,000-ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളെ നേടുക എന്ന സുപ്രധാന നാഴികക്കല്ല് റെനോ കൈവരിച്ചിട്ടുണ്ട്.
◾മുപ്പത്തിനാലു വര്‍ഷം നീണ്ട സര്‍വ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങള്‍ക്കൊപ്പം ഹൃദയത്തെ സ്പര്‍ശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുന്‍ ഡി ജി പിയുടെ ഓര്‍മ്മകള്‍. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങള്‍ക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരന്‍, ഗുണ്ട, വേശ്യ, ഇര, വേട്ടക്കാരന്‍ എന്നിങ്ങനെ ചില ലേബലുകളില്‍പെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓര്‍മ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തില്‍ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തില്‍ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങള്‍ നീതിനിര്‍വഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റര്‍ ഹേമചന്ദ്രന്‍ ഇതില്‍ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരില്‍നിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരന്‍ തുറന്നെഴുതുന്നു. 'നീതി എവിടെ?'. എ ഹേമചന്ദ്രന്‍ ഐപിഎസ്. ഡിസി ബുക്സ്. വില 468 രൂപ.
◾എന്നും വ്യായാമം ചെയ്യുന്നതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രയോജനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹൃദയത്തിന്റെ ആരോഗ്യം. ഏത് രീതിയിലുള്ള വ്യായാമം ചെയ്താലും തുടക്കത്തില്‍ ഒന്നും അമിതമായി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കാര്‍ഡിയോ അടിസ്ഥാനമാക്കിയുള്ള വര്‍ക്കൗട്ടുകള്‍ ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യമാണിത്. ദിവസവും 10-15 മിനിറ്റ് വീതം നടക്കുന്നതിലൂടെയാകാം തുടക്കം. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള മികച്ച മാര്‍ഗ്ഗമാണ് ഇടവിട്ടുള്ള വ്യായാമരീതി. ഇതിനൊപ്പം തന്നെ ആവശ്യമാണ് റെസിസ്റ്റന്‍സ് ട്രെയിനിങ്ങും. ഇത് നിങ്ങളുടെ ഹൃദയപേശികളെ ശക്തിപ്പെടുത്തും. ഒപ്പം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പ്രമേഹം പോലുള്ള മറ്റ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴുയും. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മറക്കരുതാത്ത ഒരു കാര്യമാണ് വെള്ളം കുടിക്കണം എന്നത്. ശരീരത്തില്‍ ജലാംശം ഉണ്ടെങ്കിലേ ഹൃദയം, കരള്‍, തലച്ചോര്‍ എന്നിവയടക്കമുള്ള ആന്തരികാവയവങ്ങളുടെ താപനില ക്രമീകരിക്കാന്‍ ശരീരത്തിനാകൂ. സ്ഥിരത വളരെ പ്രധാനമാണ്. സാവധാനത്തില്‍ തുടങ്ങി ആഴ്ച്ചയില്‍ മൂന്ന് ദിവസം 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരാഴ്ച്ച പൂര്‍ണ്ണമായും വ്യായാമം ഒഴിവാക്കി മുന്നോട്ടുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. സ്ഥിരമായി ഒരേ കാര്‍ഡിയോ വര്‍ക്കൗട്ട് തന്നെ തുടര്‍ന്നുപോരുന്നതിന് പകരം വ്യത്യസ്തമായവ കണ്ടുപിടിക്കണം. സൈക്കിള്‍ ചവിട്ടുന്നതും നൃത്തം ചെയ്യുന്നതും നീന്തലുമെല്ലാം ഇത്തരത്തില്‍ ചെയ്യാവുന്ന വ്യായാമങ്ങളാണ്. വര്‍ക്കൗട്ടിന് മുമ്പും ശേഷവും മറക്കാതെ ചെയ്യേണ്ട ഒരു കാര്യമാണ് സ്‌ട്രെച്ചിങ്. ഇത് വ്യായാമത്തിനിടെ സംഭവിക്കുന്ന പരിക്കുകള്‍ ഒഴിവാക്കാനും നിങ്ങളെ കുടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കാനും സഹായിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ എന്നും നന്നായി ഉറങ്ങാനും ശ്രദ്ധിക്കണം. ഉറക്കക്കുറവ് മൂലം ക്ഷീണം അനുഭവപ്പെട്ടേക്കാം, ഇതുമൂലം വ്യായാമം ശരിയായി ചെയ്യാന്‍ കഴിയാതെയും വരും.
*ശുഭദിനം*
*കവിത കണ്ണന്‍*
പേഴ്‌സി സ്‌പെന്‍സര്‍ എന്ന അമേരിക്കന്‍ എന്‍ഞ്ചിനീയര്‍ ഒരു ദിവസം തന്റെ പോക്കറ്റില്‍ ഒരു പീ നട്ട് ബട്ടര്‍ കാന്‍ഡിയുമായാണ് ജോലിക്കെത്തിയത്. മാഗ്നട്രോണ്‍ ടെസ്റ്റ് ചെയ്യുന്ന ലാബിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികാവശ്യങ്ങള്‍ക്കുള്ള റഡാറിനുള്ളില്‍ മൈക്രോവേവ് തരംഗങ്ങള്‍ ഉണ്ടാക്കാനാണ് മാഗ്നട്രോണ്‍ ഉപേയോഗിച്ചിരുന്നത്. ഈ മാഗ്നട്രോണിന് സമീപം ജോലിചെയ്തുകൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന ചോക്കലേറ്റ് ചെറുതായി ചൂടാകുന്നുണ്ടോ എന്നൊരു സംശയമുണ്ടായി. പോക്കറ്റില്‍ നിന്നെടുത്തുനോക്കിയപ്പോള്‍ അത് ഉരുകിയിരിക്കുന്നു. എന്താണ് ചോക്ലേറ്റിനെ ഉരുക്കിയതെന്ന് അദ്ദേഹം കുറെ ആലോചിച്ചു.അടുത്ത ദിവസം കുറച്ച് പോപ്‌കോണുമായാണ് അയാള്‍ എത്തിയത്. പോപ്‌കോണിലേക്ക് മൈക്രോവേവ് പതിപ്പിച്ചപ്പോള്‍ എല്ലാവശവും നന്നായി മൊരിഞ്ഞു വന്നിരിക്കുന്നു. ഇതായിരുന്നു മൈക്രോവേവിന്റെ ആദ്യരൂപം. അങ്ങനെ 1945 ല്‍ ഒരു ലോഹപ്പെട്ടിക്കുള്ളില്‍ മൈക്രോവേവ് ഉപയോഗിച്ച് ഭക്ഷണ സാധനങ്ങള്‍ വേവിക്കാനുള്ള സംവിധാനം അദ്ദേഹം നിര്‍മ്മിച്ചു. 1947 ല്‍ ഇദ്ദേഹം ഇത് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിച്ചു തുടങ്ങി. യാദൃശ്ചികതകള്‍ എപ്പോള്‍ വേണമെങ്കിലും നമ്മെ തേടിവരാം. അതിനെ നമുക്കനുകൂലമാക്കിതീര്‍ക്കുക എന്നതാണ് പ്രധാനം. - ശുഭദിനം.