*പ്രഭാത വാർത്തകൾ*2023 ജൂൺ 02 വെള്ളി

◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ തീവച്ചതിനു ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. നേരത്തെ ട്രെയിനിനു മുന്നില്‍ ചവര്‍ കൂട്ടിയിട്ട് കത്തിച്ച കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഷര്‍ട്ട് ധരിക്കാതെ പ്രതി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ ഭാഗത്തുണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ട്രെയിനില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി.
https://chat.whatsapp.com/JVRBk9LwSQe0SOv0sUu0ls


◾എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍നിന്ന് 'ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍' അടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ഊര്‍ജ്ജ സ്രോതസുകള്‍ എന്നീ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണെന്നാണ് വിശദീകരണം. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഏതാനും മാസം മുമ്പ് ഒഴിവാക്കിയത് വിവാദമായിരുന്നു.

◾സംസ്ഥാനത്തു കടുത്ത വൈദ്യുതി ക്ഷാമം. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചെങ്കിലും വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്കു റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണെന്ന് കെഎസ്ഇബി സര്‍ക്കാരിനെ വീണ്ടും അറിയിച്ചു.

◾മണിപ്പൂരില്‍ പോലീസ് മേധാവിയെ മാറ്റി. കലാപത്തിനിടെ പക്ഷപാതപരമായ നടപടികളാണുണ്ടായതെന്നു ശക്തമായ ആരോപണം ഉയര്‍ന്നിരിക്കേയാണ് നടപടി. കലാപത്തെക്കുറിച്ചു വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഡുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഓരോ പ്രദേശത്തും സമാധാന സമിതികള്‍ രൂപീകരിച്ചു. അക്രമം വച്ചപൊറുപ്പിക്കില്ലെന്ന് അമിത് ഷാ അന്ത്യശാസനം നല്‍കി.

◾എംജി, മലയാളം സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ തള്ളി. സീനിയര്‍ തലത്തിലുള്ള മൂന്നു സീനിയര്‍ പ്രഫസര്‍മാരുടെ പാനല്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി കഴിഞ്ഞ ദിവസം വിരമിച്ച ഡോ. സാബു തോമസിനെത്തന്നെ നിയമിക്കാന്‍ മൂന്നു പേരുടെ പാനലാണു നല്‍കിയതെങ്കിലും രണ്ടു പേര്‍ വളരെ ജൂണിയറായതിനാലാണ് ഗവര്‍ണര്‍ ഉടക്കിയത്.

◾ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ല്‍നിന്ന് 58 വയസാക്കി വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ തീരുമാനം വരുന്നതുവരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി അംഗീകരിച്ചില്ല.

◾പഠനനിലവാരം ഉയര്‍ത്താന്‍ നാലാം ക്ലാസ് വരെ വിദ്യാര്‍ത്ഥികള്‍ക്കു സമഗ്ര ഗുണതാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍തല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുക. ഇതിനായി അധ്യാപകര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്.

◾കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'അനുഭവ് സദസ്' ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

◾സംസ്ഥാനത്തെ രണ്ടു ഡിജിപിമാരുടെ വിരമിക്കല്‍ ചടങ്ങില്‍ ആദരസൂചകമായി ആകാശത്തേക്കു വെടി ഉതിര്‍ക്കാന്‍ തോക്ക് ഉപയോഗിച്ചതില്‍ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ 35 വനിതാ പൊലീസുകാര്‍ക്കു ശിക്ഷ. ഒരാഴ്ച തൃശൂര്‍ പൊലീസ് അക്കാദമിയിലെ പരിശീലനത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. വിരമിക്കുന്ന ഡി.ജി.പിമാരായ ഡോ. ബി. സന്ധ്യക്കും എസ്. ആനന്ദകൃഷ്ണനും എസ്.എ.പി. ഗ്രൗണ്ടില്‍ നല്‍കിയ യാത്രയയപ്പ് പരേഡിലാണു വീഴ്ച.

◾ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ രാജിവച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാര്‍പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ചുള്ള കേസില്‍ കോടതി കുറ്റമുക്തനാക്കി വെറുതെ വിട്ടെങ്കിലും അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്.

◾യുഎസിലെ ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കാന്‍ സംഘാടക സമിതി 82 ലക്ഷം രൂപ പിരിച്ചെടുത്തെന്ന വാര്‍ത്തകള്‍ക്കു പിറകേ, വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടു സംസാരിക്കാനോ ഒപ്പമിരിക്കാനോ പണം വേണ്ടെന്നും ഇതെന്താ ജെയിംസ് കാമറുണിന്റെ 'അവതാര്‍' വല്ലതുമാണോ ചെയറിന് അനുസരിച്ച് റേറ്റ് വെക്കാനെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പരിഹാസം.

◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ ഒന്നാംപ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി.

◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കുറ്റം തെളിയിക്കാനായില്ലെന്ന് പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സസ്പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

◾തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.പി പുന്നൂസിനെ അറസ്റ്റു ചെയ്തു. ബിലിവേഴ്സ് സഭ അധ്യക്ഷന്‍ കെ പി യോഹന്നാന്റെ സഹോദരനാണ് കെ പി പുന്നൂസ്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് പരാതിക്കാരന്‍.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ടു കേസുകളില്‍ ഭാര്യയും മക്കളുമുള്ള യുവാവിനെ 15 വര്‍ഷം വീതം 30 വര്‍ഷം കഠിനതടവിനും 50,000 രൂപ വീതം ഒരു ലക്ഷം പിഴയടയ്ക്കാനും കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചു. വാടാനപ്പള്ളി ബീച്ച് വടക്കന്‍ വീട്ടില്‍ രഞ്ജിത്തി(29)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

◾ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍ ഗ്യാസ് സ്റ്റൗവിനു മുകളില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുന്നതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു.

◾ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം ഭാരതീപുരം ചരുവിള പുത്തന്‍വീട്ടില്‍ ബി.അനൂപ് (36) ആണു മരിച്ചത്.

◾കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെയാണ് അറസ്റ്റു ചെയ്തത്. എറണാകുളത്തുനിന്നു തൊടുപുഴയിലേക്കുള്ള ബസിലാണ് ലൈംഗികാതിക്രമം ഉണ്ടായത്.

◾തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വന്ന സ്ത്രീയോട് മോശമായി പെരുമാറിയ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.

◾ഗുസ്തി താരങ്ങളുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ഖാപ് പഞ്ചായത്തില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്. എല്ലാ ഖാപ് പഞ്ചായത്തുകളുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ചു മുന്നേറുമെന്നാണ് താക്കീത്.

◾മെയ് മാസത്തിലെ ജിഎസ്ടി കളക്ഷന്‍ കഴിഞ്ഞ വര്‍ഷത്തതിനേക്കാള്‍ 12 ശതമാനം ഉയര്‍ന്ന് 1,57,090 കോടി രൂപയായി. എന്നാല്‍ കഴിഞ്ഞ മാസം ഇത് 1.87 ലക്ഷം കോടിയായിരുന്നു.

◾കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തമിഴ്നാട്ടിലും നടപ്പാക്കിത്തുടങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ആദായ നികുതി വകുപ്പിനേയും സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്നു സ്റ്റാലിന്‍ പറഞ്ഞു.

◾കര്‍ണാടകയില്‍ ലോകായുക്ത റെയ്ഡുകളില്‍ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും സ്വര്‍ണവും ആഢംബര വസ്തുക്കളും. രണ്ടു ദിവസമായി 53 സ്ഥലങ്ങളിലാണ് ലോകായുക്ത റെയ്ഡു നടത്തിയത്. കര്‍ണാടകയിലെ 11 സ്റ്റേഷനുകളിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ട 15 അനധികൃത സ്വത്ത് സമ്പാദനക്കേസുകളിലായിരുന്നു റെയ്ഡ്.

◾വന്ധ്യംകരണ ശസ്ത്രക്രിയക്കു തൊട്ടുമുമ്പ് സര്‍ജനായ ഡോക്ടര്‍ മദ്യപിച്ച് ഓപ്പറേഷന്‍ തിയറ്ററില്‍ കുഴഞ്ഞുവീണു. അനസ്തേഷ്യ നല്‍കി ശസ്ത്രക്രിയ നടത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഡോക്ടറായ ബാലകൃഷ്ണ തിയറ്ററില്‍ കുഴഞ്ഞുവീണത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

◾മഹാകുംഭമേളയ്ക്കു 300 കോടി രൂപുടെ പദ്ധതികളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ് രാജിലെ സംഗം നഗരത്തില്‍ നടക്കുന്ന 'മഹാകുംഭ് 2023'-ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

◾അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന ആരോപണവുമായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ. പരിപാടിയില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ നിര്‍ത്തുകയും മൈക്ക് പരിശോധിക്കുകയാണെന്ന് അനൗണ്‍സ് ചെയ്യുകയും ചെയ്തെന്നാണ് ആരോപണം.

◾വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഇരുമ്പു പൈപ്പുകൊണ്ടു മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ഹോംഗാര്‍ഡ് ആശുപത്രിയില്‍. ബിഹാറിലെ സരണില്‍ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറായ പ്രിയങ്ക റാണിയാണ് വീട്ടില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഗാര്‍ഡ് അശോക് കുമാര്‍ സാഹിനെ പുറത്തുള്ള ചില ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ മര്‍ദ്ദിച്ചത്.

◾ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിന്റെ അടിത്തറ ഇളകിയിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം കുറയുകയാണ്. വെറുപ്പും വിദ്വേഷവും വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. അമേരിക്കയിലെ സന്ദര്‍ശന പരിപാടിയില്‍ രാഹുല്‍ വിമര്‍ശിച്ചു.

◾എണ്ണ പര്യവേഷണത്തിനായി ചൈന ഭൂമിക്കടിയിലേക്ക് 32,802 അടി കുഴിക്കുന്നു. എണ്ണ സമ്പന്നമായ സിന്‍ജിയാങ് മേഖലയിലാണ് പര്യവേക്ഷണം ആരംഭിച്ചത്.

◾ഐപിഎല്‍ ആരവങ്ങള്‍ക്ക് പിന്നാലെ പ്രശസ്ത ക്രിക്കറ്റ് താരം എം.എസ് ധോണിക്ക് കാല്‍മുട്ട് ശസ്ത്രക്രിയ. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താരം പൂര്‍ണ ആരോഗ്യവാനാണെന്നും രണ്ടു ദിവസം കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്നും ചെന്നൈസ് സൂപ്പര്‍ കിങ്സ് മനേജ്മെന്റും ആശുപത്രി അധികൃതരും വ്യക്തമാക്കി. താരം പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതിന് എത്രനാള്‍ വേണ്ടിവരുമെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ നടക്കാന്‍ സാധിക്കുമെന്നാണ് വിവരം.

◾ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യക്കായി മൂന്ന് പുത്തന്‍ ജേഴ്‌സികള്‍ പുറത്തിറക്കി അഡിഡാസ്. ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികളാണ് അഡിഡാസ് അണിയിച്ചൊരുക്കിയത്. ഓസ്‌ട്രേലിയക്കെതിരെ ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജേഴ്‌സിയിലാകും ഇറങ്ങുക.

◾ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യ 6.8 ശതമാനം വളരുമെന്നായിരുന്നു റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ ഏഴ് ശതമാനമായിരുന്നു. എസ്.ബി.ഐ., റോയിട്ടേഴ്‌സ്, ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയവയെല്ലാം ശരാശരി 7 ശതമാനം വളര്‍ച്ചയാണ് വിലയിരുത്തിയിരുന്നത്. അതേസമയം, 2021-22 ലെ 9.1 ശതമാനത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷത്തെ ജി.ഡി.പി വളര്‍ച്ച കുറഞ്ഞു. 2021-22ല്‍ ജി.ഡി.പി മൂല്യം 149.26 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം 7.2 ശതമാനം ഉയര്‍ന്ന് 160.06 ലക്ഷം കോടി രൂപയായത്. പ്രവചനങ്ങളെ കവച്ചുവച്ച നേട്ടമാണ് കഴിഞ്ഞവര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ചിലും ഇന്ത്യ നേടിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 4 ശതമാനത്തില്‍ നിന്ന് 6.1 ശതമാനത്തിലേക്ക് ജി.ഡി.പി വളര്‍ച്ച മുന്നേറി. നാലാംപാദ ജി.ഡി.പി മൂല്യം 41.12 ലക്ഷം കോടി രൂപയില്‍ നിന്ന് 43.62 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഇതോടെ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യ 6.1 ശതമാനം വളര്‍ന്നപ്പോള്‍ ഈ രംഗത്തെ മുഖ്യ എതിരാളിയായ ചൈനയുടെ വളര്‍ച്ച 4.5 ശതമാനം മാത്രം. അമേരിക്ക (1.3 ശതമാനം), യു.കെ (0.1 ശതമാനം), ഫ്രാന്‍സ് (0.2 ശതമാനം), ജപ്പാന്‍ (1.6 ശതമാനം), ബ്രസീല്‍ (2.4 ശതമാനം), ഇന്‍ഡോനേഷ്യ (5.03 ശതമാനം), സൗദി അറേബ്യ (3.9 ശതമാനം) എന്നിവയും ഇന്ത്യയെക്കാള്‍ പിന്നിലാണ്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ശക്തിയായ ജര്‍മ്മനി കഴിഞ്ഞപാദത്തില്‍ കുറിച്ചത് നെഗറ്റീവ് 0.3 ശതമാനം വളര്‍ച്ചയാണ്.

◾എസ് ഷങ്കറിന്റ സംവിധാനത്തില്‍ 2010 ല്‍ രജനികാന്ത് നായകനായി എത്തി തരംഗമായ ചിത്രം 'യെന്തിരന്‍' വീണ്ടും റിലീസിന് ഒരുങ്ങുന്നു. വസീഗരന്‍ എന്ന ശാസ്ത്രജ്ഞനും ചിട്ടി എന്ന റോബോട്ടുമായി രജനികാന്ത് എത്തിയ ചിത്രത്തില്‍ ഐശ്വറായ് ആണ് നായികയായി എത്തിയത്. ഫോര്‍ കെ, ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി വിഷന്‍ ദൃശ്യമികവില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് വെര്‍ഷന്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ദൃശ്യമാഹാത്മ്യത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറാകൂ എന്നാണ് വിവരം പങ്കുവച്ച് സണ്‍ പിക്‌ചേഴ്‌സ് കുറിച്ചത്. ചിത്രം ജൂണ്‍ 9ന് ഓടിടി ആയി റിലീസിന് എത്തും. ഏതാനും നാളുകള്‍ക്ക് മുന്‍പ് രജികാന്തിന്റെ ബാബ എന്ന ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിന് ശേഷം റിലീസ് ചെയ്തിരുന്നു.

◾സംവിധായകന്‍ ആഷിഖ് അബു ഛായാഗ്രാഹകനാവുന്നു. ദിലീഷ് കരുണാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലൗലി' എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആഷിഖ് ആണ്. മാത്യു തോമസ്, മനോജ് കെ ജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. അപ്പന്‍ ഫെയിം രാധിക, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഫെയിം അശ്വതി മനോഹരന്‍, ആഷ്‌ലി, അരുണ്‍, പ്രശാന്ത് മുരളി, ഗംഗ മീര, കെ പി എ സി ലീല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നേനി എന്റര്‍ടെയ്ന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരണ്യ സി നായര്‍, ഡോ. അമര്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.

◾ടാറ്റയുടെ മൈക്രോ എസ്യുവി കാറായ പഞ്ചിന്റെ ഇലക്ട്രിക്ക് പതിപ്പിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. പഞ്ച് ഇലക്ട്രിക് കാര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുതിയ റോട്ടറി ഡയലും ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും ലഭിക്കും. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനും ഓട്ടോ എസിയും ടാറ്റ പഞ്ച് ഇവിക്ക് ലഭിക്കും. പഞ്ച് ഇവിക്ക് രണ്ട് ബാറ്ററി പായ്ക്കുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഡിസംബറിന് മുമ്പ് ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ പ്രാരംഭ വില 12 ലക്ഷം രൂപ എക്‌സ്‌ഷോറൂം ആയി നിലനിര്‍ത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഐസിഇ പഞ്ചിന് സമാനമായ ഫ്രണ്ട് ഫാസിയ പഞ്ച് ഇവിക്ക് ലഭിക്കും. ഇതിന്റെ പിന്‍ഭാഗത്ത് നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി എന്നിവയ്ക്ക് സമാനമായ ചാര്‍ജിംഗ് പോര്‍ട്ട് ലഭിക്കും. ഇതിന്റെ ഫ്രണ്ട് ഗ്രില്ലില്‍ ചില വ്യത്യസ്ത ബാഡ്ജിംഗ് ലഭിക്കാന്‍ സാധ്യതയുണ്ട്.

◾സംഭവങ്ങളെ വായനാക്ഷമവും രസനീയവുമാക്കണമെങ്കില്‍ സംഭവങ്ങള്‍ക്ക് കൗതുകകരമായ പരിണാമഗുപ്തികളും എഴുതുന്നയാള്‍ക്ക് സരസ്സമായി നര്‍മ്മഭാസുരമായി അതു പറയാനുള്ള കഴിവും വേണം. ഇവ രണ്ടും ചേര്‍ന്നതാണ് ഈ കഥകളെന്ന് സമാന്യമായി പറയാം. 'എന്‍ 'ചിരി'യറിങ് കഥകള്‍'. വിനോദ് എസ്. ലോഗോസ് ബുക്സ്. വില 161 രൂപ.

◾വ്യായാമം ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ജിമ്മില്‍ പോകണോ വീട്ടില്‍ ചെയ്യണോ എന്ന ആലോചന വന്നേക്കാം. രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും ഒന്നറിഞ്ഞിരിക്കാം. ജിമ്മില്‍ വ്യായാമം ചെയ്യുന്നത് കുറച്ചുകൂടി സ്ഥരതയോടെയും കൂടുതല്‍ ഉപകരണങ്ങളുടെ സഹായത്തോടെയും ചെയ്യാന്‍ സഹായിക്കും. എന്നാല്‍, വീട്ടില്‍ വ്യായാമം ചെയ്യുന്നതിന്റെ സൗകര്യവും സ്വകാര്യതയും ഒന്നുവേറെതന്നെയാണ്. ജിമ്മില്‍ പോകുന്നതിന്റെ ഏറ്റവും വലിയ പ്രയോജനങ്ങളിലൊന്ന് ധാരാളം ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യാം എന്നതാണ്. ഏതുതരം വ്യായാമ രീതിക്കും ആവശ്യമായ ഉപകരണങ്ങള്‍ ജിമ്മില്‍ ലഭിക്കും. ഒരുപാട് ചോയിസുകള്‍ ഉണ്ടാകുമ്പോള്‍ വ്യയാമം എളുപ്പവും രവസകരവുമായി അനുഭവപ്പെടുകയും ചെയ്യും. വീട്ടില്‍ വ്യായാമം ചെയ്യുന്നത് ഉറപ്പായും സൗകര്യപ്രദമാണ്. ജിമ്മിലേക്ക് ഒരുങ്ങിയിറങ്ങാതെ, സമയം നഷ്ടപ്പെടുത്താതെയൊക്കെ വ്യായാമം ചെയ്യാന്‍ അനുവദിക്കുന്ന ഇടമാണ് വീട്. ജിമ്മിലെത്തിയാലും ഉപകരണങ്ങള്‍ക്കും മറ്റുമായി കാത്തുനില്‍ക്കണമെന്നതും മറ്റൊരുകാര്യം. തിരക്കേറിയ ജീവിതമാണ് നിങ്ങളുടേതെങ്കില്‍ ജിം ഒഴിവാക്കി വീട്ടില്‍ വ്യായാമം ചെയ്യുന്നതാണ് നല്ലത്. ജിമ്മിലെ അന്തരീക്ഷം ആരെയും വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. ചുറ്റും ധാരാളം ആളുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കാണുമ്പോള്‍ തന്നെ പ്രചോദനം ലഭിക്കും. മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ ജോലിത്തിരക്കുകളും വീട്ടിലെ ഉത്തരവാദിത്വങ്ങളുമൊക്കെ മാറ്റിവച്ചുള്ള കുറച്ചു സമയം ജിമ്മില്‍ കിട്ടും. ഇപ്പോള്‍ എല്ലാ ജിമ്മുകളും വ്യക്തിഗത പരിശീലനത്തിനുള്ള അവസരമൊരുക്കുന്നുണ്ട്. അതായത് വിദഗ്ധനായ ഒരാളുടെ മേല്‍നോട്ടത്തില്‍ നിങ്ങള്‍ക്ക് വ്യായാമം ചെയ്യാനാകും. ഇത് ഉറപ്പായും കൂടുതല്‍ ഫലം നല്‍കുന്നതും വ്യായാമം ചെയ്യുന്നതിലെ അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതുമാണ്. പുതിയ ആളുകളെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും അവസരം നല്‍കുന്ന ഇടമാണ് ജിം. വര്‍ക്കൗട്ടിനിടയിലെ വിശ്രമസമയങ്ങളില്‍ ഇത്തരം സൗഹൃദസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നത് സന്തോഷം നല്‍കുമെന്നുറപ്പ്.