2 ലക്ഷം രൂപയുടെ 2000 നോട്ടുകള്‍ ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് ; ഭഗവാന് കാണിക്കയായി 2000 രൂപയുടെ ഒഴുക്ക്

 2000 രൂപ കറൻസി നോട്ടുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയില്‍ 2000 രൂപ നോട്ടുകളുടെ ഒഴുക്ക് തുടരുന്നു.
ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ തുറക്കുമ്പോള്‍ ഭൂരിഭാഗവും 2000 രൂപയുടെ നോട്ടുകളാണ് .

കഴിഞ്ഞ ദിവസം തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തില്‍ അധികൃതര്‍ ഭണ്ഡാരം തുറന്നപ്പോള്‍ രണ്ട് ലക്ഷം രൂപയുടെ 2000 നോട്ടുകളാണ് ലഭിച്ചത്. നോട്ട് നിരോധനത്തിനു മുൻപ് 2000 രൂപയുടെ ഒന്നോ രണ്ടോ നോട്ടുകള്‍ ലഭിച്ച സ്ഥാനത്താണ് ഇത്തവണ ലക്ഷങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ക്ഷേത്രാധികാരികള്‍ക്ക് ഭക്തരില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കണമെന്ന് ഇതിനോടകം തന്നെ എൻഡോവ്‌മെന്റ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍, ഭൂരിഭാഗം ക്ഷേത്രങ്ങളിലും സേവാ ടിക്കറ്റ്, പൂജാ സാമഗ്രികള്‍, പ്രസാദം എന്നിവ വാങ്ങുന്നതിനായി ക്ഷേത്ര കൗണ്ടറുകളില്‍ 2000 രൂപയുടെ നോട്ടുകളാണ് ഉപയോഗിക്കുന്നത്.

ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാൻ സമയം നല്‍കിയതിനാല്‍ ക്ഷേത്രങ്ങളും 2000 രൂപ സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. പ്രതിദിനം നിരവധി ഭക്തന്മാര്‍ എത്തുന്ന ഭദ്രാചലം സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം, വെമുലവാട ശ്രീരാജ രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഹുണ്ടികപ്പണം ഇനിയും എണ്ണാൻ ആരംഭിച്ചിട്ടില്ല. ഈ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ക്ഷേത്രങ്ങളിലെ 2000 രൂപാ നോട്ടുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യതായേറെയുള്ളത്.