പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 19 ന് രാവിലെ 11 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂൺ 19 മുതൽ ജൂൺ 21 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം 2023 മേയ് 31 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.
വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ അടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.
സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ ജൂൺ 20, 21 തീയതികളിൽ ആയിരിക്കും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.