മൂന്നുമക്കളുടെ മാതാവായ യുവതിയും കാമുകനായ 19-കാരനും അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മർദിച്ചെന്ന് പരാതി

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച യുവതിയും കാമുകനും പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), ഇവരുടെ കാമുകനായ ജോനകപ്പുറം, തോണ്ടലില്‍ പുരയിടംവീട്ടില്‍ റസൂല്‍ (19) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. മറ്റൊരുബന്ധം ചോദ്യംചെയ്തതിനെ തുടർന്നാണ് മർദിച്ചതെന്നാണ് റിപ്പോർട്ട്.

മൂന്നു മക്കളുടെ മാതാവായ യുവതി ദിവസങ്ങള്‍ക്കുമുമ്പ് ഇവരെ ഉപേക്ഷിച്ച് റസൂലിനൊപ്പം ഒളിച്ചോടി. ഇവരുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഇവര്‍ പിടിയിലായപ്പോള്‍, യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്നു കാട്ടി നിഷിത കോടതിയില്‍നിന്ന് ജാമ്യം നേടി. പുറത്തിറങ്ങിയശേഷം റസൂലുമായി ബന്ധം തുടരുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് അവശനാക്കിയത്.

പള്ളിത്തോട്ടം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍പ്രകാരം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.