സ്റ്റാലിന്‍ വാക്കുപാലിച്ചു; തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കിത്തുടങ്ങുക സെപ്തംബര്‍ 15 മുതല്‍

തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്കുള്ള മാസശമ്പളം സെപ്തംബര്‍ 15 മുതല്‍ നല്‍കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വരുമാനമില്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള സ്ത്രീകള്‍ക്കാണ് പ്രതിമാസം 1000 രൂപ വീതം ലഭിക്കുക. റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ലാത്ത വീട്ടമ്മമാര്‍ക്കാണ് പ്രതിമാസം 1000 രൂപ വീതം ലഭിക്കുക. ധനകാര്യ, റവന്യൂ, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനം.ഡിഎംകെ പ്രകടന പത്രികയില്‍ തന്നെ അധികാരത്തിലേറിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലേറി നാളിത്ര കഴിഞ്ഞിട്ടും പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണമായ ഈ പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു എന്ന് മുറുമുറുപ്പുകള്‍ ഉയര്‍ന്ന് കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഔദ്യോഗിക പ്രഖ്യാപനവുമായി സ്റ്റാലിന്‍ രംഗത്തെത്തിയത്.