പകര്‍ച്ചവ്യാധി ആശങ്കയില്‍ കേരളം; ഇന്നലെ ചികിത്സ തേടിയത് 13,409 പേര്‍

തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്, ഇന്നലെ ചികിത്സ തേടിയെത്തിയത് 13,409 പേര്‍. 53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 282 പേര്‍ക്ക് ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നു. ഏഴ് പേര്‍ക്ക് എലിപ്പിനി ബാധയും സ്ഥിരീകരിച്ചു. കൊട്ടാരക്കരയില്‍ ഡെങ്കിപനി ബാധിച്ച് 72കാരന്‍ മരിച്ചു. കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ കൊല്ലത്ത് മാത്രം സ്ഥിരീകരിക്കുന്ന നാലാമത്തെ ഡെങ്കി മരണമാണിത്.പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജൂലൈയില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.