ഒഡീഷ ട്രെയിന്‍ ദുരന്തം:12 മൃതദേഹം കൂടി കണ്ടെടുത്തു, മരണം 300ലേക്ക്

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മുന്നൂറിലേക്ക്. ട്രെയിനുള്ളില്‍ കുടുങ്ങിയ 12 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ആയിരത്തിലേറെ പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം പൂർത്തിയായതായി എൻഡിആർഎഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ആയിരത്തിലേറെ തൊഴിലാളികളാണ് ഇതിനായി പരിശ്രമിക്കുന്നത്. ബുധനാഴ്ച രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് ശ്രമമെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

മറിഞ്ഞ 21 കോച്ചുകളും ഉയർത്തി. അപകടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. പാളം കൂട്ടിയോജിപ്പിക്കൽ ജോലി പുരോഗമിക്കുകയാണ്. തകരാറിലായ വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണിയും തുടരുന്നു.

സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ഒഡീഷയിലെത്തും. മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സംഘവും അപകടസ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപുള്ള ദിവസങ്ങളിൽ ട്രാക്കിലെ ഇന്റർ ലോക്കിങ് സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നതായും ഇതിലെ പിഴവ് അപകടത്തിന്റെ കാരണമാകാമെന്നും സൂചനയുണ്ട്.

ട്രെയിന്‍ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു. സമാനമായ അവസരത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ലാൽ ബഹദൂർ ശാസ്ത്രിയെപ്പോലെ രാജിവച്ച് മന്ത്രി മാതൃക കാണിക്കണം. രാഷ്ട്രീയക്കാർ ഈ ഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടിയാണ് ഇതെന്നും പവാർ പറഞ്ഞു.

ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. രക്ഷപെട്ട മലയാളികളും സംഘത്തിലുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കേരളത്തില്‍ നിന്നുള്ളവരെ നോര്‍ക്ക ഇടപെട്ട് ഉടന്‍ നാട്ടിലെത്തിക്കും.