അന്ന് ഓട്ടോക്കൂലി കടം പറഞ്ഞു; ഇന്ന് 100 ഇരട്ടിയായി മടക്കി നല്‍കി യാത്രക്കാരന്‍

വിശ്വാസം അതല്ലേ എല്ലാം’ എന്ന പരസ്യവാചകം എല്ലാവരും കേട്ടിട്ടുണ്ടാകും.ഈ വാചകം ശരിവെയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഓട്ടോക്കൂലിയായ 100 രൂപ കടം പറഞ്ഞു പോയ ആള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രൈവറെ തേടി പിടിച്ച് നല്‍കിയത് 10000 രൂപ.കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവര്‍ വല്യത്തുട്ടേല്‍ ബാബുവിനാണ് പണ്ട് കടം പറഞ്ഞ തുക 100 ഇരട്ടിയായി യാത്രക്കാരന്‍ എസ് ആര്‍ അജിത്ത് തിരിച്ച് കൊടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ബാബുവിനെത്തേടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് അജിത്ത് എത്തിയത്.എന്നാല്‍ തന്നെ തിരക്കി എത്തിയ അജിത്തിനെ ബാബുവിന് മനസ്സിലായില്ല.1993 ല്‍ മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യില്‍ പണമില്ലാത്തതിനാല്‍ പിന്നെ തരാമെന്ന് പറഞ്ഞതും ഓര്‍മയുണ്ടോ എന്ന് ബാബുവിനോട് അജിത്ത് ചോദിച്ചു.അപ്പോഴാണ് 30 വര്‍ഷം മുന്‍പ് നടന്ന ആ സംഭവം ബാബു ഓര്‍ത്ത് എടുത്തത്.അജിത്ത് ചങ്ങനാശ്ശേരിയില്‍ ബിഎഡിന് പഠിക്കുമ്പോഴാണ് സംഭവം നടന്നത്.മംഗലത്തുനടയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്ത്.രാത്രിയായതിനാല്‍ തിരികെ പോകാന്‍ ബസ് കിട്ടിയില്ല.അജിത്തിന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് ബസ് കൂലി മാത്രമായിരുന്നു.മറ്റ് വഴികളൊന്നും ഇല്ലാത്തതിനാലാണ് ഓട്ടോക്കൂലി കടം പറഞ്ഞത്.ഒരുപാട് നാളത്തെ അന്വേഷണത്തിന് ശേഷമാണ് അജിത്ത് ബാബുവിനെ കണ്ടെത്തിയത്.അജിത്ത് തിരികെ പോയ ശേഷം കവര്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് കവറില്‍ ഉണ്ടായിരുന്നത് 10000 രൂപയാണെന്ന് ബാബുവിന് മനസ്സിലായത്.