മഴ, ബാറ്റിംഗ് കൊടുങ്കാറ്റ്
സിഎസ്കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഹമ്മദ് ഷമിയുടെ മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഈസമയം നാല് റണ്‍സുമായി റുതുരാജ് ഗെയ്‌ക്‌വാദും അക്കൗണ്ട് തുറക്കാതെ ദേവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. ഔട്ട്ഫീൽഡ് പലയിടവും മഴയില്‍ മുങ്ങിയതിനാല്‍ മത്സരം പുനരാരംഭിക്കാന്‍ വൈകി. ഇതോടെ ഏറെ നേരം നഷ്ടമായതിനാല്‍ മത്സരം 15 ഓവറായി ചുരുക്കി. വിജയലക്ഷ്യം 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ടു.
ടൈറ്റന്‍സ് ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ടൈറ്റന്‍സ് 214 എന്ന ഹിമാലയന്‍ സ്കോലെത്തി. ഓപ്പണർമാരായ ശുഭ്‌മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സും വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സുമെടുത്ത് മടങ്ങി. റാഷിദ് ഖാന്‍ അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21* റണ്‍സുമായി പുറത്താവാതെ നിന്നു. സിഎസ്‌കെയ്‌ക്കായി മതീഷ പതിരാന രണ്ടും രവീന്ദ്ര ജഡേജയും ദീപക് ചാഹറും ഓരോ വിക്കറ്റും സ്വന്തമാക്കി.